“ദേഹം പിരിഞ്ഞ ആത്മാവ്.”
.
.
وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا
( الاسراء : ٨٥ )
.
“അവർ താങ്കളോട് 'റൂഹി'നെ കുറിച്ച് ചോദിക്കും. പറയുക, 'റൂഹ്' എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു. നിങ്ങൾക്ക് അറിവിൽ അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല.”
(ഇസ്റാഅ് : 85 )
.
അംറു ബ്നു ദീനാറിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു :
“ഏതൊരാൾ മരണപ്പെട്ടാലും അയാളുടെ റൂഹ് ഒരു മലകിന്റെ കയ്യിലായിരിക്കും. പ്രസ്തുത റൂഹ് അതിന്റെ ശരീരത്തിലേക്ക് നോക്കിക്കാണും. അതിനെ കുളിപ്പിക്കുന്നത്, 'കഫൻ' ചെയ്യുന്നത്, കബ്റിടത്തിലേക്ക് കൊണ്ടു പോകുന്നത് എല്ലാം എങ്ങനെയെന്ന് നോക്കിക്കൊണ്ടിരിക്കും. പിന്നീട് കബ്റിങ്കൽ ചെന്നിരിക്കും.”
( അബൂ നഈം )
★ ★ ★
ഈ വിഷയത്തിൽ മൗനമവലംബിക്കുകയാണ് പല പണ്ഡിതൻമാരും. 'നിങ്ങൾക്ക് അറിവിൽ അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല' എന്ന ക്വുർആൻ വചനം ഉൾക്കൊണ്ട് മൗനം പാലിച്ചു. എന്നാൽ മറ്റു പല പ്രമുഖരും ഈ വിഷയത്തിൽ ശ്രദ്ധേയമായ അഭിപ്രായങ്ങൾ നടത്തിയിട്ടുണ്ട്. ഇമാം ക്വുർത്വുബി (റ) ഇക്കാര്യത്തിൽ പലരെയും ഉദ്ധരിച്ച് ധാരാളം ചർച്ച ചെയ്യുന്നുണ്ട്. ആ മഹാനവർകൾ പറഞ്ഞതിൽ ചിലത് താഴെ ചേർക്കുന്നു.
അബുൽ ഹസനുൽ ക്വാബിസീ എന്നവർ പറയുന്നു : ഏറ്റവും പ്രബലമായ അഭിപ്രായമനുസരിച്ച്, മലക്കുകൾ ആദ്യം തന്നെ റൂഹിനെ അല്ലാഹുവിന്റെ സന്നിധിയിലേക്ക് കൊണ്ടു പോകും. ചോദ്യം ചെയ്യലിൽ അത് വിജയിച്ചാൽ അല്ലാഹുവിന്റെ കൽപനപ്രകാരം സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി അവിടെയുള്ള വാസസ്ഥലം കാണിച്ചു കൊടുക്കും. പിന്നീട് ജഢത്തിനരികിലേക്ക് തന്നെ റൂഹിനെ തിരികെ കൊണ്ടു വരും. അങ്ങനെയാണ് കുളിപ്പിക്കുന്നതും മറ്റുമെല്ലാം കണ്ടു കൊണ്ടിരിക്കുന്നത്. ജനങ്ങൾ അയാളെ കുറിച്ച് പറയുന്ന നല്ലതും ചീത്തയുമെല്ലാം റൂഹ് കേൾക്കും. പിന്നീട് കബ്റിൽ ചോദ്യം ചെയ്യാനായി മലക്കുകൾ എത്തുമ്പോൾ റൂഹിനെ ശരീരത്തിലേക്ക് മടക്കപ്പെടുന്നതാണ്.
എന്നാൽ അവിശ്വാസിയുടെ ആത്മാവിനെ നിർദ്ദയം വലിച്ചെടുക്കപ്പെടും. അത് അട്ടഹസിച്ചു കൊണ്ടിരിക്കും. അതിനെ വലിച്ചിഴച്ച് ഒന്നാനാകാശത്തെത്തിയാൽ അവിടെയുള്ള കാവൽ മലക്കുകൾ ആട്ടിയോടിക്കും.
لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ (الأعراف:٤٠)
.
“അവർക്ക് വേണ്ടി വാനകവാടങ്ങൾ തുറക്കില്ല"
റൂഹിനെ കൊണ്ട് വന്ന മലക്കുകൾ അതിനെ വലിച്ചെറിയും.
“അങ്ങനെ കാറ്റ് അതിനെ വിദൂര സ്ഥലത്തേക്ക് പറത്തി കൊണ്ട് പോകും.” (അൽഹജ്ജ്:31) പിന്നീട് ശിക്ഷയുടെ മലക്കുകൾ (സബാനിയാക്കൾ) അതിനെ 'സിജ്ജീൻ' എന്ന വമ്പൻ പാറക്കെട്ടിലേക്ക് കൊണ്ട് പോകും. അവിടെ നിന്ന് പിന്നീട് ഭൂമിയിലേക്കൊരു മടക്കമില്ല. അതു കൊണ്ടു തന്നെ അവരുടെ ശരീരത്തിന്റെ അന്ത്യ കർമ്മങ്ങൾ കാണാനും കഴിയില്ല. മുശ്റികുകളും കപടവിശ്വാസികളും ഇപ്രകാരം തന്നെയാണ്.
എന്നാൽ കുറ്റം ചെയ്ത സത്യവിശ്വാസികളുടെ ആത്മാവിനെ അല്ലാഹുവിന്റെ സന്നിധിയിലെത്തും മുമ്പ് തന്നെ ആട്ടിയോടിക്കപ്പെടും. നിസ്കാരം ശരിയായ വിധത്തിൽ നിർവ്വഹിക്കാത്തവർ, അവരുടെ നിസ്കാരം മുഖത്തേക്ക് ചുരുട്ടിയെറിയപ്പെടും. അവരേയും ഓടിക്കപ്പെടും. ഇപ്രകാരം സകാത് ശരിയായ വിധത്തിൽ നൽകാത്തവർ, റമളാൻ വ്രതത്തിൽ വീഴ്ച്ച വരുത്തിയവർ, ഹജ്ജിൽ കാപട്യം കാണിച്ചവർ തുടങ്ങിയവരെയെല്ലാം ഓടിക്കപ്പെടും. പിന്നീട് അവർ മയ്യിതിന്റെ പരിപാലനസ്ഥലത്തെത്തി, അത് നോക്കിക്കൊണ്ടിരിക്കും. പിന്നീട് കബ്റിൽ ചോദ്യം ചെയ്യാൻ റൂഹിനെ ശരീരത്തിലേക്ക് മടക്കപ്പെടും. ചോദ്യത്തിൽ പരാജയപ്പെട്ടാൽ കബ്ർ ശിക്ഷ ആരംഭിക്കപ്പെടുന്നതാണ്.
★ ★ ★
നാം പലപ്പോഴും നിദ്രാവേളയിൽ സ്വപ്നം കാണാറുണ്ടല്ലോ. ഉറക്കമെന്നത് അല്ലാഹു നമ്മുടെ റൂഹിനെ താൽക്കാലികമായി പിടിച്ചു വെക്കുന്നതാണ്. ശരീരത്തിലേക്ക് റൂഹിനെ മടക്കപ്പെടുന്നതിന്റെ (ഉണരുന്നതിന്റെ) തൊട്ട് മുമ്പുള്ള അവസ്ഥയാണത്രെ സ്വപ്നം. ഇത് ഏതാനും സെക്കന്റുകളോ മിനിറ്റുകളോ മാത്രം നീണ്ടു നിൽക്കുന്നതാണത്രെ. എന്നാൽ സ്വപ്നം കാണുന്നവർക്ക് മണിക്കൂറുകളോളം കണ്ടതായി അനുഭവപ്പെടുന്നു. ഇപ്രകാരം തന്നെ റൂഹിന്റെ ആകാശസഞ്ചാരവും വിചാരണയുമെല്ലാം വളരെ വേഗത്തിൽ കഴിഞ്ഞാലും ദീർഘമായി അനുഭവപ്പെടാം.
(അല്ലാഹു അഅ്ലം).
.
★ ★ ★
“റൂഹ് റബ്ബിന്റെ സവിധത്തിൽ.”
ക്വാളീ യഹ് യ ബ്നു അക്ഥം എന്നവരെ തൊട്ട് ഉദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം സ്നേഹിതൻമാരിലൊരാൾക്ക് അദ്ദേഹത്തെ സ്വപ്നദർശനം ലഭിച്ചു. അപ്പോൾ സ്വപ്നം കണ്ടയാൾ ചോദിച്ചു:
“അല്ലാഹു താങ്കളെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?" അദ്ദേഹം പറഞ്ഞു:
“റബ്ബിന്റെ സവിധത്തിൽ എന്നെ കൊണ്ടുവന്നു നിർത്തി. എന്നോട് അല്ലാഹു ചോദിച്ചു :
“ദുഷിച്ച വൃദ്ധാ, നീ ഇന്നയിന്ന പാപങ്ങളെല്ലാം ചെയ്തില്ലേ.?”
“എന്റെ രക്ഷിതാവേ, ഇതൊന്നും നിന്നെ കുറിച്ച് ഞാൻ ഹദീഥ് പറഞ്ഞ രീതിയിൽ ഉള്ളതല്ല.”
“എന്നെ കുറിച്ച് നീ എന്താണ് ഹദീഥ് പറഞ്ഞത് ?”
ഞാൻ പറഞ്ഞു:
“മഅ്മർ സുഹ്റിയിൽ നിന്ന് എന്നോട് ഹദീഥ് പറഞ്ഞു. സുഹ്റി ഉർവയിൽ നിന്നും ഉർവ ( رضي الله عنهم ) ആഇശ رضي الله عنها യിൽ നിന്നും ആഇശ رضي الله عنها നിന്റെ പ്രവാചകർ صلى الله عليه وسلم തങ്ങളിൽ നിന്നും നബി തങ്ങൾ ജിബ്രീൽ عليه السلام ൽ നിന്നും ജിബ്രീൽ ഉന്നത രക്ഷിതാവായ നിന്നിൽ നിന്നുമാണ് ഹദീഥ് ഉദ്ധരിച്ചത്. നിശ്ചയം, നീ പറഞ്ഞു:
“ഇസ്ലാമിലായി നര ബാധിച്ച ഒരാളെ ശിക്ഷിക്കാൻ ഞാൻ ലജ്ജിക്കുന്നു.”
അപ്പോൾ അല്ലാഹു പറഞ്ഞു :
“ഓ യഹ് യാ, നീ സത്യം പറഞ്ഞു, സുഹ്റി സത്യം പറഞ്ഞു, മഅ്മർ സത്യം പറഞ്ഞു, ഉർവ സത്യം പറഞ്ഞു, ആഇശ സത്യം പറഞ്ഞു, പ്രവാചകൻ സത്യം പറഞ്ഞു, ജിബ്രീലും സത്യം പറഞ്ഞു, ഞാൻ പറഞ്ഞതും സത്യമാകുന്നു. അതു കൊണ്ട് നിനക്ക് പോകാം, ഞാൻ നിനക്ക് പൊറുത്തു തന്നിട്ടുണ്ട്.”
(ദുർറതുൽ ഫാഖിറഃ -ഇമാം ഗസാലി )
.
★ ★ ★
.
ഇത്തരം ധാരാളം സംഭവങ്ങൾ പല മഹാൻമാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. റൂഹ് പിടിക്കപ്പെട്ട ഉടനെ സത്യവിശ്വാസിയാണെങ്കിൽ റബ്ബിന്റെ സവിധത്തിൽ ഹാജറാക്കപ്പെടുമെന്നും അവിടെ വെച്ച് ആദ്യം റൂഹിനെ ചെറിയ വിചാരണക്ക് വിധേയനാക്കുമെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. അത് അറിയുമ്പോഴാണ് നമ്മുടെ കർമ്മങ്ങളുടെ ദൗർബല്യവും റബ്ബിന്റെ ഔദാര്യത്തിന്റെ വിശാലതയും നമുക്ക് ബോധ്യപ്പെടുന്നത്. ഉദാഹരണത്തിനായി ഒരു സംഭവം കൂടി ഉദ്ധരിക്കാം.
.
മൻസ്വൂർ ബ്നു അമ്മാറിനെ തൊട്ട് ഉദ്ധരിക്കപ്പെട്ടു. മരണശേഷം അദ്ദേഹത്തെ സ്വപ്നദർശനം നടത്തിയ സ്നേഹിതൻ ചോദിച്ചു:
“മൻസ്വൂർ, അല്ലാഹു താങ്കളെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?" അദ്ദേഹം പറഞ്ഞു: “അല്ലാഹു എന്നെ അവന്റെ മുമ്പിൽ ഹാജറാക്കിയ ശേഷം ചോദിച്ചു:
“മൻസ്വൂർ, എന്തുമായിട്ടാണ് നീയെന്റെ മുമ്പിൽ വന്നിരിക്കുന്നത് ?”
ഞാൻ പറഞ്ഞു:
“മുപ്പത്തിയാറ് ഹജ്ജുമായി."
“അതിലൊന്നു പോലും എനിക്ക് സ്വീകാര്യമായതല്ല. മൻസ്വൂർ, മറ്റെന്തുമായിട്ടാണ് നീ വന്നിട്ടുള്ളത് ?”
“മുന്നൂറ്റിയറുപത് തവണ ക്വുർആൻ 'ഖത്മു'കളുമായി ഞാൻ വന്നതാണ് റബ്ബേ."
“അതിലൊന്നു പോലും എനിക്ക് സ്വീകാര്യമായതല്ല. മൻസ്വൂർ, മറ്റെന്തുമായിട്ടാണ് നീ വന്നിരിക്കുന്നത് ?."
“ഞാൻ വന്നിട്ടുള്ളത് നിന്നെ മാത്രം, (നിന്റെ ഔദാര്യം മാത്രം) ലക്ഷ്യമാക്കിയാണ്."
അപ്പോൾ അല്ലാഹു തആല എന്നോട് പറഞ്ഞു :
“ഇപ്പോൾ നീ എന്റെ സവിധത്തിൽ (എന്റെ ഔദാര്യം തേടി മാത്രം) വന്നിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു, ഇനി നിനക്ക് പോകാം.”
.
ഇപ്രകാരം റബ്ബിന്റെ സവിധത്തിൽ വിജയിച്ചവർ, പരാജയപ്പെട്ടവർ, റബ്ബിന്റെ സവിധത്തിലെത്തും മുമ്പേ മടക്കപ്പെട്ടവർ, മറയിടപ്പെട്ടവർ മുമ്പിൽ ഹാജറാക്കിയതിന് ശേഷം മടക്കപ്പെട്ടവർ ഇങ്ങനെ പല തരത്തിലും പെട്ട ജനങ്ങൾ ഉണ്ട്. അല്ലാഹുവിനെ അറിഞ്ഞവർ (ആരിഫുകൾ) മാത്രമാണ് അവന്റെ സവിധത്തിലെത്തുക. നമുക്കും അതിന് സൗഭാഗ്യം ലഭിക്കട്ടെ, (ആമീൻ)
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
കബ്റിൽ ചോദ്യം ചെയ്യാൻ റൂഹിനെ ശരീരത്തിലേക്ക്
ReplyDeleteമടക്കപ്പെടും. ചോദ്യത്തിൽ പരാജയപ്പെട്ടാൽ കബ്ർ ശിക്ഷ ആരംഭിക്കപ്പെടുന്നതാണ്.