Tuesday, October 31, 2017

48 - “മരിച്ചവരുടെ കേൾവി”


           “മരിച്ചവരുടെ കേൾവി”

 

  

  

 

   

 

   

  

 

 

 

 

    അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

       “....അങ്ങനെ ഞങ്ങളോട് ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ബദ്റീങ്ങളെ കുറിച്ച് ഹദീഥ് പറയാൻ തുടങ്ങി. അങ്ങനെ അദ്ദേഹം പറഞ്ഞു :

      “നിശ്ചയം, നബിﷺ തങ്ങൾ യുദ്ധ തലേന്ന്,  ഓരോരുത്തരും (മരിച്ച്) വീഴുന്ന സ്ഥലം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു :

        “ഇവിടെയാണ് (ഇൻശാ അല്ലാഹ്) നാളെ, ഇന്നയാൾ മരണപ്പെടുന്ന സ്ഥലം.”

      ഉമർ (رضي الله عنه) തുടരുന്നു :

      “സത്യദൂതുമായി നബിﷺ തങ്ങളെ നിയോഗിച്ചവനായ റബ്ബ് തന്നെയാണ് സത്യം, റസൂലുള്ളാഹിﷺ വരച്ച അതിര് കടന്ന് ഒരാളും പോയിട്ടില്ല.”

     “അങ്ങനെ ഒരു കിണറിൽ അവരെ (സത്യനിഷേധികളെ) മേൽക്കുമേൽ കൂട്ടിയിട്ടു. പിന്നെ തിരുദൂതർ ﷺ അങ്ങോട്ട് ചെന്നു. എന്നിട്ട് പറഞ്ഞു :

      “ഇന്നവന്റെ പുത്രനായ ഇന്നവനേ, ഇന്നവന്റെ പുത്രനായ ഇന്നവനേ, അല്ലാഹുവും അവന്റെ ദൂതരും മുന്നറിയിപ്പ്  നൽകിയത് സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടോ ? നിശ്ചയം, എനിക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”

     ഉമർ (رضي الله عنه) ചോദിച്ചു :  

      “അല്ലാഹുവിന്റെ തിരുദൂതരേ, ആത്മാവ് ഇല്ലാത്ത ശവ ശരീരങ്ങളോട് എങ്ങനെയാണ് അങ്ങ് (കേൾപ്പിച്ച്) സംസാരിക്കുക?”

     അവിടുന്ന് പ്രതിവചിച്ചു :

       “ഞാൻ പറയുന്നത് അവരേക്കാൾ നിങ്ങൾ കേൾക്കുന്നവരല്ല. (നിങ്ങളേക്കാൾ നന്നായി അവർ കേൾക്കും.) എങ്കിലും അവർക്കെന്നോട് വല്ലതും മറുപടി തരാൻ കഴിയില്ല.”

(സ്വഹീഹ് മുസ് ലിം)

  
 

                       ★     ★     ★

                   

 
    അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

      “നിശ്ചയം, തിരുദൂതർﷺ ബദറിൽ കൊല്ലപ്പെട്ടവരെ (സത്യനിഷേധികളെ) മൂന്ന് ദിവസം അവിടെയിട്ടു. പിന്നെ അങ്ങോട്ട് ചെന്ന് (അഭിമുഖമായി) നിന്നു. അങ്ങനെ അവരെ (പേര്) വിളിച്ച് ചോദിച്ചു :

      “ഓ.. ഹിശാമിന്റെ പുത്രൻ അബൂ ജഹൽ,  ഓ.. ഉമയ്യഃ ബിൻ ഖലഫ്,  ഓ.. ഉത്ബഃ ബിൻ റബീഅഃ,  ഓ.. ശയ്ബഃ ബിൻ റബീഅഃ,  നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യമായി  നിങ്ങൾക്ക് ലഭിച്ചുവോ ? നിശ്ചയം, എനിക്ക് എന്റെ റബ്ബ് വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”

     അപ്പോൾ നബിﷺ തങ്ങളുടെ വാക്കുകൾ കേട്ട ഉമർ (رضي الله عنه) ചോദിച്ചു :

      “അല്ലാഹുവിന്റെ തിരുദൂതരേ, അവരെങ്ങനെ കേൾക്കും, എങ്ങനെ മറുപടി പറയും ? അവർ അഴുകിയ(ശവങ്ങളാണ)ല്ലോ.”

     അവിടുന്ന് പ്രതിവചിച്ചു :

       “എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ, അവൻ തന്നെ സത്യം, ഞാൻ പറയുന്നത് അവരേക്കാൾ (നന്നായി) നിങ്ങൾ കേൾക്കുന്നവരല്ല.  എങ്കിലും അവർക്ക് മറുപടി പറയാൻ കഴിയില്ല.”

       പിന്നെ നബിﷺ തങ്ങളുടെ കൽപ്പന പ്രകാരം, അവരെ വലിച്ചു കൊണ്ട് പോയി, ബദ്റിലെ കിണറിൽ നിക്ഷേപിക്കപ്പെട്ടു.

(സ്വഹീഹ് മുസ് ലിം)

          

                       ★     ★     ★

                   

        മരണപ്പെട്ടവർ കേൾക്കുമോ എന്നതിൽ ചിലർക്ക് ഭിന്നാഭിപ്രായമുണ്ട്.

فَإِنَّك لَا تُسْمِع الْمَوْتَى  (الروم : ٥٢)
.
“നിശ്ചയം, താങ്കൾ മരണപ്പെട്ടവരെ കേൾപ്പിക്കുകയില്ല..”   (റൂം : 52)
وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُور  (فاطر: ٢٢)
.
“...താങ്കൾ ക്വബ്റിലുള്ളവരെ കേൾപ്പിക്കുന്നവരല്ല.”    (ഫാത്വിർ : 22)
  എന്നീ ആയത്തുകളാണ് അവർ ഉദ്ധരിക്കുന്നത്.

      ഇമാം ക്വുർത്വുബി അഭിപ്രായപ്പെടുന്നത്, ‘ചില സമയങ്ങളിൽ കേൾക്കുന്നത് ഈ ആയത്തിന് വിരുദ്ധമല്ല,’എന്നാണ്.
‘ആയത്തിൽ പറഞ്ഞ പൊതുവായ കാര്യത്തെ പ്രത്യേകസന്ദർഭം വെച്ച് പ്രത്യേകമായി പരിഗണിക്കണം.’
         ” إنه ليسمع قرع نعالهم....“
.
    “നിശ്ചയമായും (ക്വബ്റിൽ മറവ് ചെയ്യപ്പെട്ടവൻ) ജനങ്ങളുടെ പാദുക പതനശബ്ദം കേൾക്കവേ....” എന്ന, മുൻകർ-നകീറുമാർ വരുന്ന സന്ദർഭം വിവരിക്കുന്ന ഹദീഥിൽ, ക്വബ്റിലുള്ളവർ കേൾക്കുന്ന കാര്യം വ്യക്തമാണെന്ന് നാം മുമ്പ് വിവരിച്ചിട്ടുമുണ്ട്.

     ഇബ്നു അബ്ദുൽ ബർറ് (رحمه الله) തന്റെ ‘കിതാബുത്തംഹീദി’ൽ ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥ് ഉദ്ധരിക്കുന്നു :

       നബിﷺ തങ്ങൾ അരുളി : 
     “ഇഹലോകത്ത് പരിചയമുള്ള തന്റെ സത്യവിശ്വാസിയായ സഹോദരന്റെ ക്വബ്റിനരികിലൂടെ കടന്നു പോവുകയും സലാം ചൊല്ലുകയും ചെയ്യുന്ന ഏതൊരാൾക്കും (സത്യവിശ്വാസിക്കും) അയാൾ (ക്വബ്റിലുള്ള മയ്യിത്ത്) സലാം മടക്കാതിരിക്കില്ല.”

     മാത്രമല്ല മുകളിലുദ്ധരിച്ച ആയത്തിലെ ‘കേൾവി’യുടെ വിവക്ഷ, ‘അനുസരണത്തിന്റെ കേൾവി’ എന്നാണെന്ന് ഈ പ്രമാണങ്ങൾ സംയോജിപ്പിച്ചു ഇമാം ഇബ്നു ഹജറുൽ അസ്ക്വലാനി (റ)യും, എന്തിനേറെ, ഇബ്നു ക്വയ്യിം പോലും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

    

  

                       ★     ★     ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

Monday, October 30, 2017

47 -“ക്വബ്ർശിക്ഷയും മൃഗങ്ങളും”

 
      “ക്വബ്ർശിക്ഷയും മൃഗങ്ങളും” 

 

 

 
  

 

  

 


  
  

 

  

        സൈദ് ബ്നു ഥാബിത് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു:

          “നബിﷺ തങ്ങൾ ബനൂ നജ്ജാർ ഗോത്രക്കാരുടെ സ്ഥലത്തു കൂടെ തന്റെ കോവർകഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. അപ്പോൾ ആ മൃഗം, നബിﷺ തങ്ങളെ നിലത്തിടുമോ എന്ന് തോന്നിപ്പിക്കും വിധം വിറളി പിടിക്കാൻ തുടങ്ങി. അപ്പോൾ അവിടെ, (നിവേദകൻമാരിൽപെട്ട ജുറൈരി പറയുന്നതനുസരിച്ച് ആറ്, അല്ലെങ്കിൽ അഞ്ച്, അല്ലെങ്കിൽ നാല്) ക്വബ്റുകളുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു :

       “ഈ ക്വബ്റുകൾ ആരുടേതാണെന്ന് ആർക്കെങ്കിലും അറിയുമോ?”

     അപ്പോൾ ഒരാൾ പറഞ്ഞു :  

    “എനിക്കറിയാം.”

    “എന്നാൽ ഇവർ എന്നാണ് മരണപ്പെട്ടത് ?”

     “അവർ ശിർക്ക് (കാലഘട്ടത്തിൽ) ആണ് മരണപ്പെട്ടത്.”

      “നിശ്ചയം, ഈ സമുദായം ക്വബ്റിൽ വെച്ച് പരീക്ഷിക്കപ്പെടും. നിങ്ങൾ മറവ് ചെയ്യാതിരിക്കും എന്ന് (ഭയന്നിട്ട്)ഇല്ലെങ്കിൽ, ഞാൻ കേൾക്കുന്ന ക്വബ്ർശിക്ഷയെ നിങ്ങളെയും കേൾപ്പിക്കാനായി അല്ലാഹുവിനോട് തേടാമായിരുന്നു.”¹

     പിന്നെ, അവിടുന്ന് ഞങ്ങളുടെ നേർക്ക് (പിറകിലേക്ക്) തിരിഞ്ഞു. എന്നിട്ട് പറഞ്ഞു :

      “നരകശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”

       അവർ പറഞ്ഞു :

      “നരകശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”

      “ക്വബ്ർശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”

      “ക്വബ്ർശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”

      “വെളിവായതും മറഞ്ഞതുമായ ഫിത്നഃകളിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”

      “വെളിവായതും മറഞ്ഞതുമായ ഫിത്നഃകളിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”

      “ദജ്ജാലിന്റെ ഫിത്നഃയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”

      “ദജ്ജാലിന്റെ ഫിത്നഃയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”

(സ്വഹീഹ് മുസ് ലിം)

  

                       ★     ★     ★

                   

        ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു :

      “മദീനഃയിലെ ജൂതവിഭാഗത്തിൽ പെട്ട രണ്ട് വൃദ്ധകൾ എന്റെ അടുക്കൽ വന്നു. ‘നിശ്ചയം, മണ്ണറവാസികൾ അവരുടെ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടു’മെന്ന് അവർ പറഞ്ഞു.”

        “ഞാൻ അവരെ അവിശ്വസിച്ചു. അവരെ വാസ്തവമാക്കാൻ തക്ക കാരണമൊന്നും എനിക്കില്ലായിരുന്നു. അങ്ങനെ അവർ പോയി. പിന്നെ, നബിﷺ തങ്ങൾ വന്നു. അപ്പോൾ ഞാൻ ചോദിച്ചു :

         “അല്ലാഹുവിന്റെ തിരുദൂതരേ, മദീനഃയിലെ രണ്ട് ജൂതവൃദ്ധകൾ എന്റെ അടുക്കൽ വന്നിരുന്നു. അപ്പോൾ, ‘മണ്ണറവാസികൾ അവരുടെ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടു’മെന്ന് അവർ വാദിച്ചു.”

       അപ്പോൾ അവിടുന്ന് പറഞ്ഞു :

       “അവരിരുവരും പറഞ്ഞത് ശരിയാണ്. നിശ്ചയം, അവർ ശിക്ഷിക്കപ്പെടുന്നു. അത് മൃഗങ്ങൾ കേൾക്കുന്നതുമാണ്.”

        അവർ തുടരുന്നു :

      “അതിനു ശേഷം, അവിടുന്ന് നിസ്കാരത്തിൽ ക്വബ്ർ ശിക്ഷയിൽ നിന്നും കാവൽ തേടാതിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.”

   (ഇമാം ബുഖാരി ഉദ്ധരിച്ച വചനങ്ങളിൽ ‘എല്ലാ മൃഗങ്ങളും അത് കേൾക്കും' എന്നാണ് ഉള്ളത്.)

(ബുഖാരി, മുസ് ലിം)

          

                       ★     ★     ★

                   

       ഇപ്രകാരം ഹന്നാദ് ബ്നു സ്സിർറി (رحمه الله) തന്റെ ‘കിതാബുസ്സുഹ്ദി’ൽ (كتاب الزهد) രേഖപ്പെടുത്തിയ ഹദീഥ് ഇമാം ക്വുർത്വുബി ഉദ്ധരിക്കുന്നു.

        ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു :

         “എന്റെ അടുക്കൽ ഒരു ജൂതസ്ത്രീ വന്നു. അവൾ ക്വബ്ർ ശിക്ഷയെ സംബന്ധിച്ച് സംസാരിച്ചു. ഞാൻ അവൾ കളവ് പറയുകയാണെന്ന് കരുതി. പിന്നെ, നബിﷺ തങ്ങൾ കടന്നു വന്നു. അപ്പോൾ ഞാൻ അതിനെ കുറിച്ച് അവിടുത്തോട് സംസാരിച്ചു. അപ്പോൾ പ്രവാചകർﷺ പറഞ്ഞു:

        “എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം, നിശ്ചയം അവർ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടും. എത്രത്തോളമെന്നാൽ, മൃഗങ്ങൾ അവരുടെ ശബ്ദം കേൾക്കും !”

    

                       ★     ★     ★

                   

 
     ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.

     “യാതൊരു ശിക്ഷയുമില്ലാത്ത സാധാരണ ക്വബ്ർചോദ്യം പോലും ഭീകരമാണെന്നിരിക്കേ, ശിക്ഷയും അടിയും ഒക്കെയുള്ള ക്വബ്റിന്റെ അവസ്ഥ അതിഭയാനകം തന്നെ. അത് കൊണ്ട് നമുക്ക് അല്ലാഹുവിനോട് അതിൽ നിന്ന് അവന്റെ മാപ്പ് ചെയ്യൽ, പൊറുക്കൽ, വിട്ടുവീഴ്ച്ച, എന്നിവ തേടാം. അവന്റെ കാരുണ്യം, അനുഗ്രഹം, ഔദാര്യം തുടങ്ങിയവയാൽ നമുക്ക് രക്ഷ നൽകട്ടെ..”

      അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്.

     “പ്രമുഖ ഫക്വീഹും അറിയപ്പെട്ട പണ്ഡിതനും സച്ചരിതനുമായ അബുൽ ഹകം ഇബ്നു ബുർജാൻ എന്നോട് പറഞ്ഞതാണ് ഇക്കാര്യം. കിഴക്കൻ ഇശ്ബീലിയഃ (East Seville) യിലുള്ള അവരുടെ ഗ്രാമത്തിൽ ഒരു മയ്യിത്ത് മറവ് ചെയ്തു. അത് കഴിഞ്ഞ ശേഷം, അവർ സമീപ സ്ഥലത്ത് കൂട്ടം കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. അടുത്തായി ഒരു മൃഗം മേയുന്നുണ്ട്. അപ്പോൾ അത് ആ ക്വബ്റിന്നു നേരെ ഓടി വന്നു. എന്നിട്ട് എന്തോ കേൾക്കാനെന്നവണ്ണം ക്വബ്റിൻമേൽ ചെവി ചേർത്തു വെച്ചു. പിന്നെ ആ മൃഗം ഭയന്ന പോലെ പിന്നാക്കം ഓടി. ഇപ്രകാരം പലവട്ടം ആവർത്തിച്ചു.”

      അബുൽ ഹകം (رحمه الله) പറയുന്നു:  “ആ കാഴ്ച കണ്ടപ്പോൾ നബിﷺ തങ്ങളുടെ ക്വബ്ർശിക്ഷയെ കുറിച്ചുള്ള വാക്കുകൾ ഞാൻ ഓർത്തു പോയി.

      “നിശ്ചയം അവർ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടും. അത് മൃഗങ്ങൾക്ക് കേൾക്കാം.”
  

                       ★     ★     ★
                   

_____________________________________

      ¹ ചില ജ്ഞാനികൾ പറയുന്നു : ക്വബ്റിലെ ശിക്ഷയുടെ തീക്ഷ്ണത നമുക്ക് അനുഭവവേദ്യം ആയിരുന്നെങ്കിൽ അങ്ങോട്ട് അടുക്കാൻ പോലും കഴിയില്ല. അത് താങ്ങാനാവാതെ മരണപ്പെട്ടു പോകും. അതിന്റെ ചെറിയ ശബ്ദം പോലും നമുക്ക് അസഹനീയം യിരിക്കും. ഇടിനാദം പോലും തൊട്ടടുത്തു നിന്ന് കേൾക്കാനാകാത്ത നമുക്കത് താങ്ങാൻ കഴിയില്ല. സകല മനുഷ്യ-ജിന്നുകളും ചേർന്നാലും അനക്കാൻ പോലുമാകാത്ത, കൂറ്റൻ ഇരുമ്പ് തൂൺ (ദണ്ഡ്) കൊണ്ടുള്ള മലക്കുകളുടെ അടി ! അതാണ് മറ്റൊരു ഹദീഥിൽ പറയുന്നത്, “വല്ല മനുഷ്യനും അത് കേട്ടാൽ അവൻ വാവിട്ട്, മരിച്ചു വീഴുമായിരുന്നു.” അപ്പോഴാരും മയ്യിത്ത് മറവ് ചെയ്യാൻ ധൈര്യപ്പെടില്ലല്ലോ.

                            معاذ الله !

  

                       ★     ★     ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

46 - “ഫിത്നയും, വിശ്വാസിയുടെ സംരക്ഷണവും.”


   “സത്യവിശ്വാസിക്ക് സുവിശേഷം”

 

 

 

 

 

  

 

 
  

 

 

      കഅ്ബുൽ അഹ്ബാർ (رضي الله عنه) പറഞ്ഞു :

      “സ്വാലിഹായ അടിമയെ ക്വബ്റിൽ വെക്കപ്പെട്ടാൽ, സ്വന്തം സത്കർമ്മങ്ങൾ അവന്ന് ചുറ്റും അണി നിരക്കുന്നതാണ്. അങ്ങനെ ശിക്ഷയുടെ മലക്കുകൾ അവന്റെ പാദഭാഗത്തു കൂടി വരുന്നതാണ്. അപ്പോൾ  നിസ്കാരം പറയും :

       “ഇവനെ നിങ്ങളിലേക്ക് (ഏൽപ്പിക്കുകയോ)?”

      അപ്പോൾ അവർ അവന്റെ ശിരോഭാഗത്തു കൂടി വരും. അന്നേരം, വ്രതം പറയും :

       “ഇവനെ നിങ്ങൾക്ക് വിട്ടു തരാൻ ഒരു മാർഗ്ഗവുമില്ല. അവൻ അല്ലാഹുവിന് വേണ്ടി ഇഹലോകത്ത് ദീർഘനേരം ദാഹം സഹിച്ചിട്ടുണ്ട്.”

    അപ്പോൾ അവർ അവന്റെ ശരീരപാർശ്വത്തിലൂടെ വന്ന് നോക്കും. അപ്പോൾ ഹജ്ജും ജിഹാദും പറയും :

      “ഇവനെ നിങ്ങൾക്ക് വിട്ടു തരികയോ ? ഇവൻ സ്വന്തം മനസ്സിനെ നിയന്ത്രിക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്തവനാണ്.  അല്ലാഹുവിന്ന് വേണ്ടി ഇവൻ ഹജ്ജും ധർമ്മ യുദ്ധവും ചെയ്തിട്ടുണ്ട്.”

     അങ്ങനെ അവർ അവന്റെ കരങ്ങളിലൂടെ കടന്നു വരാൻ ശ്രമിക്കും. അപ്പോൾ ദാനധർമ്മം പറയും :

       “എന്റെ കൂട്ടുകാരനെ വിട്ടേക്കൂ.. ഈ രണ്ട് കരതലങ്ങളിലൂടെ എത്ര ദാനധർമ്മങ്ങളാണ് അവൻ നൽകിയത് ? അല്ലാഹുവിന്റെ മാത്രം തൃപ്തി കാംക്ഷിച്ചതിനാൽ ഇത് അല്ലാഹുവിന്റെ സംരക്ഷണത്തിലായി. അത് കൊണ്ട് ഇവന്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു വഴിയുമില്ല.”

       അങ്ങനെ അവനോട് പറയപ്പെടും :  “സുഖനിദ്രയിൽ കഴിയൂ.. നീ നല്ലവനായി ജീവിച്ചു. ഇനി നല്ല മരണപ്പെട്ടവനായി കഴിയൂ..”

     
    

                       ★    ★    ★

                   

         ഇതെല്ലാം, ഇഖ്ലാസ്വോട് കൂടി കർമ്മങ്ങളനുഷ്ടിച്ചവനാണ്. വചന-കർമ്മ മേഖലകളിൽ അല്ലാഹുവിനെ സത്യമായി അനുസരിക്കുകയും, രഹസ്യമായും പരസ്യമായും ഉദ്ദേശശുദ്ധി ഉത്തമമാക്കുകയും ചെയ്തവനുള്ളതാണ്. അപ്പോഴാണ് അവന്റെ സുകൃതങ്ങൾ അവന്ന് ലക്ഷ്യമേകുന്നതും അവനെ പ്രതിരോധിക്കുന്നതും. ഇത് മുമ്പുള്ള ഹദീഥുകളോട് എതിരല്ല. മനുഷ്യരുടെ കർമ്മങ്ങളും ആത്മാർത്ഥതയും വ്യത്യസ്ഥങ്ങളാകുമ്പോൾ അവരുടെ അനുഭവങ്ങളും വ്യതിരിക്തമാകുന്നത് സ്വാഭാവികം മാത്രം.           الله أعلم

  

                       ★    ★    ★

                   

“ക്വബ്ർഫിത്നഃയിൽ നിന്ന് കാവൽ.”

 

   

 

     ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറയുന്നു :

      “നബിﷺ തങ്ങൾ വീട്ടിലേക്ക് വരുമ്പോൾ എന്റെ സമീപം ഒരു ജൂതപ്പെണ്ണ് ഇരിക്കുന്നുണ്ട്. അവൾ പറയുന്നുണ്ടായിരുന്നു :   “നിശ്ചയം, നിങ്ങൾ ക്വബ്റുകളിൽ വെച്ച് ഫിത്നഃ യിലകപ്പെടുന്നതാണ്.”

      അപ്പോൾ നബിﷺ തങ്ങൾ ഉത്കണ്ഠാകുലനായി. അവിടുന്ന് പറഞ്ഞു : 

     “ജൂതൻമാർ മാത്രമാണ് ഫിത്നഃയിലകപ്പെടുക.”

      ആഇശഃ ബീവി (رضي الله عنها) തുടരുന്നു :     “അങ്ങനെ രണ്ട് മൂന്ന് ദിനങ്ങൾ കഴിഞ്ഞു. പിന്നെ അല്ലാഹുവിന്റെ തിരുദൂതർﷺ എന്നോട് പറഞ്ഞു :

        “നീ അറിഞ്ഞുവോ...? നിങ്ങൾ ക്വബ്റിൽ ഫിത്നഃയിലകപ്പെടുമെന്ന് എനിക്ക് ദിവ്യസന്ദേശം നൽകപ്പെട്ടിരിക്കുന്നു.”

      “നബിﷺ തങ്ങൾ ക്വബ്ർശിക്ഷയിൽ നിന്ന് കാവൽ തേടുന്നതായി അപ്പോൾ ഞാൻ കേട്ടു.”

(നസാഈ)

 

 

       അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ ദുആ ചെയ്യാറുള്ളതായി അദ്ദേഹം ഉദ്ധരിക്കുന്നു :

        “അല്ലാഹുവേ, ക്വബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും ഫിത്നഃയിൽ നിന്നും, മസ്വീഹ് ദജ്ജാലിന്റെ ഫിത്നഃയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.”

(ബുഖാരി)

           

                       ★    ★    ★

                   

     നബിﷺ തങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് കാവൽ തേടിയ ധാരാളം സ്വഹീഹായ ഹദീഥുകൾ വന്നിട്ടുണ്ട്. മേലുദ്ധരിച്ച, അത്തഹിയ്യാത്തിന്റെ ശേഷമുള്ള ദുആ അതിൽപ്പെട്ട ഒന്ന് മാത്രമാണ്. ക്വബ്റിലെ മുൻകർ നകീറുമാരുടെ ഫിത്നഃകളെ സംബന്ധിച്ച ഹദീഥുകൾ മുമ്പ് ഉദ്ധരിച്ചതിനാൽ ആവർത്തിക്കുന്നില്ല.

  
  

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

Sunday, October 29, 2017

45 - “വിശ്വാസിക്കും ക്വബ്ർശിക്ഷ!”-3


“വിശ്വാസിക്കും ക്വബ്ർശിക്ഷ!”-3

 

 

 

  

 

 
 

 

”سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ،“
(الإسراء- ١)
.

        “തന്റെ അടിമയെ മസ്ജിദുൽ ഹറാമിൽ നിന്ന്, -നാം പരിസരം ബറകത് ചെയ്ത - മസ്ജിദുൽ അക്വ് സഃയിലേക്ക്, ഒരൊറ്റ രാവിൽ രാപ്രയാണം ചെയ്യിച്ചവൻ എത്ര പരിശുദ്ധൻ !”

(അൽ ഇസ്റാഅ്)

 

 
        അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. ഈ ആയത്തിന്റ വിശദീകരണമായി നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു തരുന്നു :

        “...ഒരു കുതിരയെ (ബുറാക്വ്) കൊണ്ടു വന്നിരുന്നു. അങ്ങനെ അതിൻ മേൽ നബിﷺ കയറി. അതിന്റെ ഓരോ കുളമ്പടിയും ദൃഷ്ടിയെത്തുന്നതിന്റെ  അറ്റത്തേക്ക് ആയിരുന്നു. അങ്ങനെ സഞ്ചരിച്ചു; കൂടെ ജിബ്റീലും. അങ്ങനെ അവർ, ഓരോ ദിവസവും വിതയ്ക്കുകയും അന്നു തന്നെ കൊയ്ത് എടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അടുക്കലെത്തി. അവർ കൊയ്ത് എടുക്കുമ്പോഴെല്ലാം അത് പൂർവ്വസ്ഥിതിയിൽ (വീണ്ടും കൊയ്യാൻ പാകത്തിൽ) എത്തിയിട്ടുണ്ടാകും. അപ്പോൾ അവിടുന്ന് (നബിﷺ) ചോദിച്ചു.

      “ജിബ്റീലേ, ആരാണിവർ?”

      “അത് മുഹാജിറുകൾ (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ  സർവ്വസ്വവും വെടിഞ്ഞവർ). അവർക്ക് നന്മകൾ എഴുന്നൂറ് മടങ്ങുകളായി ഇരട്ടിപ്പിച്ചു നൽകപ്പെടും.”

       {“നിങ്ങൾ യാതൊരു വസ്തു ചെലവഴിച്ചാലും, അവൻ അതിന്ന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ അത്യുത്തമനാകുന്നു.”}
(സബഅ് - 39)

     പിന്നെ, അവർ പാറ കൊണ്ട് തല തകർക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനതക്കടുത്തെത്തി. അവരുടെ തല പൊട്ടിച്ച് തകർക്കുമ്പോഴെല്ലാം അത് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ നിലയ്ക്കുന്നേയില്ല. അപ്പോൾ അവിടുന്ന്  ചോദിച്ചു.

     “ജിബ്റീലേ, ആരാണിക്കൂട്ടർ?”

     “നിസ്കാരത്തിന് വേണ്ടി തല കുനിയാത്തവരാണ് (അലസത കാണിക്കുന്നവർ) ഇക്കൂട്ടർ.”

      പിന്നെ അവർ മുമ്പിലും പിറകിലും കൈകാലുകൾ കുത്തി നടക്കുന്ന ഒരു കൂട്ടരുടെ അടുത്തെത്തി. അവർ മുൾച്ചെടികളും മുൾക്കായകളും നരകത്തിലെ ചുടുകല്ലുകളും മറ്റു കല്ലുകളും (ഭക്ഷിച്ചു കൊണ്ട്) മൃഗങ്ങൾ മേയുന്നത് പോലെ മേയുന്നു! അപ്പോൾ അവിടുന്ന് ചോദിച്ചു.

      “ജിബ്റീലേ, ആരാണീ കൂട്ടർ? ”

      “ഇവർ സമ്പത്തിന്റെ നിർബന്ധ ദാനങ്ങൾ കൊടുത്ത് വീട്ടാത്തവരാണ്. അല്ലാതെ അല്ലാഹു ഇവരെ ദ്രോഹിച്ചിട്ടില്ല. അല്ലാഹു ഒരിക്കലും തന്റെ അടിമകളെ അക്രമിക്കുന്നവനല്ല.”

       പിന്നെ അവർ ഒരു കൂട്ടരുടെ സമീപമെത്തി. അവരുടെ മുമ്പിൽ ഒരു പാത്രത്തിൽ ശുദ്ധമായ, നല്ല മാംസമുണ്ടായിരുന്നു; മറ്റൊന്നിൽ ചീഞ്ഞ് നാറുന്ന മാംസവും. അങ്ങനെ അവർ ചീഞ്ഞതെടുത്ത് ഭക്ഷിക്കാൻ തുടങ്ങി. നല്ല, ശുദ്ധമായ മാംസം ഒഴിവാക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ചോദിച്ചു :

      “ജിബ്റീലേ, ഇവർ ആരാണ് ?”

      “ഇവരുടെ കീഴിൽ ഹലാലായ, നല്ല ഭാര്യ ഉണ്ടായിരുന്നു. എന്നിട്ടും അവർ നീചയായ മറ്റൊരുത്തിയുടെ അടുക്കൽ പോയി, പുലരുവോളം അവിടെ രാപാർത്തിരുന്നു !”

       പിന്നെ അവരെത്തിയത് വഴിയിലുള്ള ഒരു മരത്തടിയുടെ അടുത്തായിരുന്നു. എന്തെങ്കിലും അതിലൂടെ കടന്നു പോയാൽ അത് (തടി) പൊടിഞ്ഞ് തകരാതിരിക്കില്ല. അവിടുന്ന് ചോദിച്ചു :

       “ഇതെന്താണ് ജിബ്റീലേ ?”

       “ഭീഷണമായി യാതൊരു മാർഗ്ഗങ്ങളിലും നിങ്ങൾ ഇരിക്കരുത്..” (അഅ്റാഫ് - 86) എന്നാണ് അല്ലാഹു പറയുന്നത്."

      പിന്നെ, ചുമക്കാനാകാത്ത വലിയ ഭാണ്ഡങ്ങൾ ശേഖരിച്ച ഒരാളുടെ അടുക്കലാണ് അവരെത്തിയത്. എന്നിട്ടും അയാൾ കൂടുതൽ ഭാണ്ഡങ്ങൾ ശേഖരിക്കാൻ നോക്കുന്നു ! അപ്പോൾ അവിടുന്ന് ചോദിച്ചു :

      “ജിബ്റീലേ, ഇതെന്താണ് ?”

      “ഇത് സമുദായത്തിൽ പെട്ട ഒരാളാണ്. അയാൾക്ക് പൂർത്തീകരിക്കാനാകാത്ത അമാനത്തുകൾ ഉണ്ട്. പിന്നെയും അയാൾ കൂടുതൽ ഏറ്റെടുക്കുന്നു !”

       പിന്നീട് അവരെത്തിയത്, ഇരുമ്പിന്റെ ആയുധം കൊണ്ട് ചുണ്ടുകൾ മുറിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ അടുക്കലാണ്. അവരുടെ ചുണ്ടുകൾ മുറിച്ചയുടൻ തന്നെ അത് പൂർവ്വസ്ഥിതി പ്രാപിക്കുന്നു. ഇത് ഒഴിയാതെ തുടർന്നു കൊണ്ടേയിരിക്കുന്നു. അവിടുന്ന് ചോദിച്ചു :

      “ഓ ജിബ്റീൽ, ഇക്കൂട്ടർ ആരാണ് ?”

      “ഇവർ ഫിത്നഃ പരത്തുന്ന പ്രഭാഷകൻമാരാകുന്നു.”

       അവർ പിന്നെയെത്തിയത് ഒരു ചെറിയ കല്ലിന്റെ അരികിലാണ്. അതിൽ നിന്ന് വലിയൊരു കാള പുറത്തു വരുന്നു. ആ കാള പുറത്ത് വന്നതിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുന്നു. പക്ഷേ, കഴിയുന്നില്ല. അവിടുന്ന് ചോദിച്ചു :

     “ഇയാൾ ഒരു വാക്ക് പറയും. പിന്നീടതിൽ ഖേദിക്കും. അത് തിരിച്ചെടുക്കാൻ ആഗ്രഹിക്കും. പക്ഷേ, കഴിയില്ല. ”

(ബൈഹക്വി)

 

 

                       ★    ★    ★

  

 

    അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം ഉദ്ധരിക്കുന്നു. സ്വഹാബികൾ നബിﷺ തങ്ങളോട് ചോദിച്ചു :

     “അല്ലാഹുവിന്റെ പ്രവാചകരേ, താങ്കളെ രാപ്രയാണം ചെയ്യിച്ച രാത്രിയെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തന്നാലും.”

        അവിടുന്ന് പറഞ്ഞു :

       “...അങ്ങനെ ഞാനും ജിബ്റീലും കയറി. അപ്പോൾ ‘ഇസ്മാഈൽ’ എന്ന മലക് ഉണ്ടായിരുന്നു. അവരാണ് ഒന്നാം ആകാശത്തിന്റെ ചുമതലക്കാരൻ. അദ്ദേഹത്തിന് മുന്നിൽ എഴുപതിനായിരം (സഹായികളായ) മലക്കുകൾ ഉണ്ട്. ആ ഓരോരുത്തർക്കും ഒരു ലക്ഷം പേരടങ്ങുന്ന സ്വന്തം സൈന്യവുമുണ്ട്.”

      (ഹദീഥ് നിവേദകൻ) പറഞ്ഞു. അല്ലാഹു തആല പറഞ്ഞല്ലോ. “...നിന്റെ റബ്ബിന്റെ സൈന്യങ്ങളെ കുറിച്ച് അവനല്ലാതെ അറിയില്ല."      
(അൽ മുദ്ദഥ്ഥിർ :31)

       “അങ്ങനെ ജിബ്റീൽ عليه السلام (വാനകവാടം) തുറക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അല്ലാഹു തആല തദ്സ്വരൂപത്തിൽ സൃഷ്ടിച്ച ദിനത്തിലേത് പോലെ, തനിരൂപത്തിലുള്ള ആദമിന്റെ മുന്നിൽ ഞാനെത്തി.

        അവിടെ (ആദമിന്ന്) തന്റെ സത്യവിശ്വാസിയായ സന്തതിയെ പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ പറയുന്നു.

        “നല്ല റൂഹ് ! പുണ്യാത്മാവ് !! അതിനെ ‘ഇല്ലിയ്യൂനി’ലാക്കൂ..”

       പിന്നെ, സത്യനിഷേധികളിൽ പെട്ട സന്തതിയെ പ്രദർശിപ്പിക്കപ്പെടുമ്പോൾ പറയുന്നു. “ദുരാത്മാവ് ! അതിനെ ‘സിജ്ജീനി’ലെത്തിക്കൂ..”

      അൽപ്പസമയം കഴിഞ്ഞപ്പോൾ ഞാൻ ഭക്ഷണപ്പലകകൾ കണ്ടു. അതിൽ പാകപ്പെടുത്തി മുറിച്ച, മാംസമുണ്ടായിരുന്നു. എന്നാൽ ഒരാളും അങ്ങോട്ട് അടുക്കുന്നില്ല. പിന്നെ, മറ്റു ചില ഭക്ഷ്യഫലകങ്ങൾ കണ്ടു. അവയിൽ ചീഞ്ഞ് നാറുന്ന മാംസമുണ്ടായിരുന്നു. ജനങ്ങൾ അത് കഴിക്കുന്നു! ഞാൻ ചോദിച്ചു :

      “ഓ ജിബ്റീൽ, ആരാണിവർ ?”

      “ഇവർ അനുവദനീയം ഉപേക്ഷിച്ച് നിഷിദ്ധം പുണരുന്ന, താങ്കളുടെ സമുദായക്കാരാണ്.”

       പിന്നെ, കുറച്ച് കഴിഞ്ഞ് ഗൃഹങ്ങൾ പോലെ ഭീമാകാരങ്ങളായ വയറുകളുള്ള ജനതയെ ഞാൻ കണ്ടു. അവർ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം വീഴുന്നു. അവർ പറയുന്നു : “അല്ലാഹുവേ, അന്ത്യനാൾ ആക്കല്ലേ..”

       (ജിബ്റീൽ عليه السلام) പറഞ്ഞു :    “അവർ ഫിർഔൻ കുടുംബത്തിലുള്ള, വഴിക്കൊള്ളക്കാരാണ്. വല്ല യാത്രികരും അതിലെ വന്നാൽ അവർ കടന്നാക്രമിക്കും.”

        അപ്പോൾ അല്ലാഹുവിലേക്ക് വാവിട്ട് കരയുന്നവരുടെ ദീനരോദനം കേട്ട്, ഞാൻ ചോദിച്ചു :

       “ജിബ്റീലേ, അതാരാ ?"

       “അവർ താങ്കളുടെ സമുദായത്തിൽ പെട്ടവരാണ്. {പലിശ വാങ്ങുന്നവർ, പിശാച് ബാധിച്ച് വീണവൻ എഴുന്നേറ്റ് വരുമ്പോലെ അല്ലാതെ എഴുന്നേൽക്കില്ല..}”
(അൽ ബക്വറഃ : 275)

       അൽപ്പ സമയം കഴിഞ്ഞപ്പോൾ, ഒരു ജനതയുണ്ട്.  അവരുടെ വായകളും ചുണ്ടുകളും ഒട്ടകത്തിന്റെ ചുണ്ടുകൾ പോലെ ! അങ്ങനെ അവരുടെ വായ തുറപ്പിച്ച് ആ തീക്കനലുകൾ വിഴുങ്ങിപ്പിക്കുന്നു. പിന്നെയത് അവരുടെ അടിയിലൂടെ പുറത്തു വരുന്നു ! അവർ ഉന്നതനായ അല്ലാഹുവിലേക്ക് ആർത്ത് കരയുന്ന രോദനം  കേട്ട്, ഞാൻ ചോദിച്ചു :

       “ഓ ജിബ്റീൽ, ആരാണ് അക്കൂട്ടർ ?”

      “ഇവർ താങ്കളുടെ സമുദായക്കാരാണ്.  “നിശ്ചയം, അനാഥരുടെ സ്വത്തുക്കൾ അന്യായമായി ഭക്ഷിക്കുന്നവർ, അവരുടെ വയറുകളിലേക്ക് അഗ്നി മാത്രമാണ് നിറക്കുന്നത്. പിന്നെയവർ നരകത്തിൽ ചേരുന്നതുമാണ്.”
(അന്നിസാഅ് : 10)

      അൽപ്പം കഴിഞ്ഞ്, ഞാൻ കണ്ടത്, സ്തനങ്ങൾ ബന്ധിതരായ ചില സ്ത്രീകളെയാണ്. അവർ അല്ലാഹുവിലേക്ക് നിലവിളിക്കുന്ന രോദനവും കേട്ട് ഞാൻ ചോദിച്ചു :

        “ഓ ജിബ്റീൽ, ആരാണ് ആ സ്ത്രീകൾ ?”

        “അവർ താങ്കളുടെ സമുദായത്തിലെ വേശ്യകളാണ്.”

        അൽപ്പം കഴിഞ്ഞപ്പോൾ കണ്ടത്, സ്വശരീരഭാഗങ്ങളിൽ നിന്ന് മാംസം മുറിച്ചെടുക്കുന്ന ഒരു കൂട്ടരെയാണ്. എന്നിട്ട് അവരത് വിഴുങ്ങുന്നു ! അപ്പോൾ അവരോട് പറയപ്പെടുന്നു : ‘ഇതെല്ലാം നീ നിന്റെ സഹോദരന്റെ മാംസം ഭക്ഷിച്ചതിനാലാണ്.’ ഞാൻ ചോദിച്ചു :

      “ഓ ജിബ്റീൽ, ആരാണ് അക്കൂട്ടർ ?”

      “ഇവർ താങ്കളുടെ സമുദായത്തിലെ ഏഷണിക്കാരും പരദൂഷകരുമാണ്.”

(ദലാഇലുന്നുബുവ്വഃ -ഇമാം ബൈഹക്വി)

  
 
 

                       ★    ★    ★

  
   

      ഇപ്രകാരം ഹദീഥുകൾ വേറെയും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

       ഇമാം അബൂ ദാവൂദ് (رحمه الله), അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ കാണാം.

      നബിﷺ തങ്ങൾ അരുളി : “എന്നെ വാനാരോഹണം ചെയ്യിച്ചപ്പോൾ, ചെമ്പിന്റെ നഖങ്ങളുള്ള ഒരു വിഭാഗത്തെ ഞാൻ കണ്ടു. അവർ അതുകൊണ്ട് സ്വന്തം മുഖവും നെഞ്ചും മാന്തിക്കീറുന്നു ! അപ്പോൾ ഞാൻ ചോദിച്ചു :

     “ഇവർ ആരാണ് ജിബ്റീലേ ?”

       “ജനങ്ങളുടെ മാംസം ഭക്ഷിക്കുന്നവരും അവരുടെ അഭിമാനം ഹനിക്കുന്നവരും.”

  

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...