Tuesday, October 10, 2017

33 - “മറവ് ചെയ്താൽ.”


              “മറവ് ചെയ്താൽ”

 
  
  

   

   

  

     ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

      “നബിﷺ തങ്ങൾ മയ്യിത്ത് മറവ് ചെയ്തു കഴിഞ്ഞാൽ അവിടെ തന്നെ നിൽക്കും. എന്നിട്ട് പറയും :

     “നിങ്ങളുടെ സഹോദരന് വേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കുവീൻ. അവന്ന് വേണ്ടി സ്ഥൈര്യം ചോദിക്കുവീൻ. നിശ്ചയം, ഇപ്പോൾ അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്..”

(അബൂ ദാവൂദ്)

  

        ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) വിൽ നിന്ന് തന്നെ നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം പറഞ്ഞു.

        ‘മയ്യിത്തിനെ മറവ് ചെയ്താൽ നബിﷺ തങ്ങൾ അവിടെ തന്നെ നിന്ന് കൊണ്ട് അവന്ന് വേണ്ടി സ്ഥൈര്യം (تثبيت) ചോദിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയാറുണ്ടായിരുന്നു :

       “ഒരു സത്യവിശ്വാസി പരലോക ഭീകരതകളിൽ യാതൊന്നിലേക്ക് നേരിടുമ്പോഴും, അവന്റെ ക്വബ്ർ അതിനേക്കാൾ മോശമാവാതിരിക്കില്ല.”

(തിർമുദി, നവാദിറുൽ ഉസ്വൂൽ)

    
   
                     ★    ★    ★
   
    
 

   

   
       ‘കിതാബ് അന്നസ്വീഹ’യിൽ അബൂബക്ർ മുഹമ്മദുൽ ആജിറീ (رحمه الله) രേഖപ്പെടുത്തുന്നു.:

     ‘മയ്യിത്ത് മറവ് ചെയ്ത ശേഷം അൽപ്പം അവിടെ നിൽക്കലും മയ്യിത്തിലേക്ക് മുന്നിട്ട് ദുആ ചെയ്യലും സുന്നത്താണ്. 

”اللهم فثبته بالقول الثابت في الآخرة كما ثبته في الحياة الدنيا، اللهم ارحمه..
      (അല്ലാഹുവേ, [ലാ ഇലാഹ ഇല്ലള്ളാഹ് എന്ന] സ്ഥിരമായ വചനം കൊണ്ട് ഇഹലോകത്ത് അവനെ സ്ഥിരപ്പെടുത്തിയതു പോലെ അവനെ പരലോകത്തും നീ സ്ഥിരപ്പെടുത്തേണമേ.. അവന്ന് നീ കാരുണ്യം ചൊരിയേണമേ....)
തുടങ്ങിയ വചനങ്ങൾ പ്രാർത്ഥനകളായി പറയപ്പെടാറുണ്ട്.

   

      ഇമാം അബ്ദുല്ലാഹി ത്തിർമുദി (ഹകീം) തന്റെ ‘നവാദിറുൽ ഉസ്വൂൽ’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:

     “മയ്യിത്ത് നിസ്കാരശേഷം, മരണപ്പെട്ടവന് ലഭിക്കുന്ന സഹായമാണ് മറമാടിക്കഴിഞ്ഞുള്ള തഥ്ബീത്-ദുആകൾ. കാരണം മയ്യിത്ത് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുന്നത്  അവന്ന് വേണ്ടിയുള്ള സത്യവിശ്വാസികളുടെ സന്നദ്ധസേനയെ പോലെയാകുന്നു. അവരെല്ലാം അല്ലാഹുവിന്റെ മുമ്പിൽ അവന്ന് വേണ്ടി ശിപാർശ തേടുകയാണ്. മയ്യിത്ത്, ഭയാനകമായ പരലോകജീവിതത്തിലേക്കും മലക്കുകളുടെ ചോദ്യത്തിലേക്കും ക്വബ്റിലെ ഫിത്നഃകളിലേക്കും മുന്നിടുന്ന ഘട്ടത്തിലുള്ള വലിയ സഹായമാണ് ആ സമയത്തുള്ള തഥ്ബീത്-ദുആകൾ.”

   

                     ★    ★    ★

   

   

       ഇബ്നു ശമാസതുൽ മഹ്റി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

      “ഞങ്ങൾ അംറ് ബ്നുൽ ആസ്വി (رضي الله عنه) വിന്റെ അടുക്കൽ ചെന്നു. അദ്ദേഹം മരണാസന്നനായിരുന്നു. ....... അങ്ങനെ അദ്ദേഹം വസ്വിയ്യത്ത് ചെയ്തു :

      “........ഞാൻ മരണപ്പെട്ടാൽ, എന്റെ (മയ്യിത്തിന്റെ) കൂടെ കരയുന്ന സ്ത്രീകളേയോ, അഗ്നിയോ കൊണ്ട് വരരുത്. എന്നെ മറവ് ചെയ്താൽ, നിങ്ങൾ മണ്ണിട്ട് മൂടുക. പിന്നെ നിങ്ങൾ, ഒരു മൃഗത്തെ ബലിയറുത്ത് മാംസം വീതിക്കാൻ വേണ്ടുന്ന സമയം, എന്റെ ക്വബ്റിന്റെ ചുറ്റും നിൽക്കുവീൻ. അത്രത്തോളം നിങ്ങളെ കൊണ്ട് ഞാൻ ആശ്വസിക്കട്ടെ. രക്ഷിതാവിന്റെ ദൂതൻമാരോട് ഞാനെന്ത് പറയും എന്ന് ഭീതിയോടെ കാത്തിരിക്കുമ്പോൾ.”

(മുസ് ലിം)
   

               ★      ★     ★

   
 

      (ദീർഘമായ ഹദീഥിന്റെ പ്രസക്തഭാഗം മാത്രമേ ഉദ്ധരിച്ചിട്ടുള്ളൂ.)  ഇവിടെ അംറ് ബ്നുൽ ആസ്വി (رضي الله عنه) തന്റെ മയ്യിത്തിന്റെ കൂടെ കരയുന്ന സ്ത്രീകളും അഗ്നിയും പാടില്ല, എന്ന് വസ്വിയ്യത് ചെയ്യുന്നു. നബിﷺ തങ്ങളുടെ കൽപ്പനക്കു വിരുദ്ധമായി ആരെങ്കിലും ജാഹിലിയ്യാ കാലത്തെ ആചാരങ്ങളുമായി വന്നാൽ അതിന് താൻ ഉത്തരവാദിയല്ല എന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്. അപ്പോൾ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകും. മാത്രമല്ല, നബിﷺ തങ്ങളും ഇത്തരത്തിലുള്ള സന്ദേശം നൽകിയിട്ടുണ്ട്.

       അവിടുന്ന് അരുളി.
     “സ്വയം കവിളത്തടിക്കുകയും, വസ്ത്രം വലിച്ചു കീറുകയും, ജാഹിലിയ്യത്തിന്റെ പ്രാർത്ഥനകൾ വിളിച്ചു പറയുകയും ചെയ്യുന്നവർ നമ്മിൽ പെട്ടതല്ല.”

(ബുഖാരി, മുസ് ലിം)

 

                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)




No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...