“പരസ്പരസന്ദർശനം”
.
ജാബിർ (رضي الله عنه) വിൽ നിന്ന് അബുസ്സുബൈർ (رضي الله عنه) ഉദ്ധരിക്കുന്നു. നിശചയം, നബിﷺ തങ്ങൾ പറഞ്ഞു:
“നിങ്ങളാരെങ്കിലും തന്റെ സഹോദരനെ ‘കഫൻ’ ചെയ്യുകയാണെങ്കിൽ, കഫൻ പുടവ നല്ലതാക്കിക്കൊള്ളട്ടെ.
(മുസ് ലിം)
ജാബിർ (رضي الله عنه) വിൽ നിന്ന് തന്നെ നിവേദനം.
(അബൂ സഈദ് അൽഖുദ്റി (رضي الله عنه) വിൽ നിന്നും ഇതേ വചനങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.) നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു.
“നിങ്ങളിൽ മരണപ്പെട്ടവരുടെ കഫൻ പുടവകൾ നന്നാക്കുക. നിശ്ചയം അവർ (അത് കൊണ്ട്) അഭിമാനം കൊള്ളുകയും പരസ്പര സന്ദർശനം നടത്തുകയും ചെയ്യും. ”
(തിർമുദി, ബൈഹക്വി, അബ്ദുർ റസാക്വ്, ഇബ്നു അബീശയ്ബഃ, ഇബാനഃ)
സത്യവിശ്വാസികളുടെ ആത്മാക്കൾ ഇല്ലിയ്യീനിൽ വെച്ച് പരസ്പരം വിശേഷങ്ങൾ പങ്കു വെക്കുന്നത് മുമ്പ് വിവരിച്ചിട്ടുണ്ട്. ഇവിടെ, അവർ അടുത്ത ക്വബ്റുകളിലുള്ളവരുമായി ആശയവിനിമയം നടത്തുന്ന കാര്യമാണ് മേൽ ഹദീഥുകൾ ഉദ്ധരിച്ച് ഇമാം തങ്ങൾ സൂചിപ്പിക്കുന്നത്.
★ ★ ★
“മണ്ണറയുടെ വാക്കുകൾ.”
.
അബ്ദുല്ലാഹ് ബ്നുൽ മുബാറക് (رضي الله عنه), അബ്ദുല്ലാഹ് ബ്നു ഉബൈദ് ബ്നു ഉമൈർ (رضي الله عنه) വിൽ നിന്ന് ഹദീഥ് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു :
“മയ്യിത്ത്, തന്റെ മണ്ണറയിൽ എഴുന്നേറ്റിരിക്കും. അപ്പോൾ അവൻ (ക്വബ്റടക്കിയ ശേഷം) തിരിച്ചു പോകുന്നവരുടെ പാദപതനശബ്ദങ്ങൾ കേൾക്കുന്നുണ്ടാകും. മണ്ണറയുടെ (സംസാരത്തിന്) മുമ്പ് യാതൊന്നും അവനോട് മിണ്ടില്ല. അങ്ങനെ അത് സംസാരിക്കും :
“മനുഷ്യാ, നിനക്ക് നാശം! എന്നെക്കുറിച്ച് നീ ഭയപ്പെട്ടിരുന്നില്ലേ, എന്റെ ഇറുക്കലും ഇരുട്ടും ദുർഗന്ധവും ഭയാനകതയും നീ ഭയന്നിരുന്നു. ഇവയെല്ലാമാണ് ഞാൻ നിനക്കായി ഒരുക്കിയിട്ടുള്ളത്. അപ്പോൾ നീയെന്താണ് എനിക്കായി (എന്നെ നേരിടാൻ വേണ്ടി) ഒരുക്കിയിട്ടുള്ളത് ?”
“നെട്ടോട്ടവും പരക്കം പാച്ചിലും (മാത്രമല്ലേ).”
സുഫ് യാനു ഥ്ഥൗറി (رضي الله عنه) പറഞ്ഞു.
“ഒരാൾ ക്വബ്റിനെ ധാരാളം അനുസ്മരിച്ചാൽ അവന്ന് മണ്ണറ, സ്വർഗ്ഗപ്പൂങ്കാവനം ആയിത്തീരും. ക്വബ്റിന്റെ സ്മരണയിൽ അശ്രദ്ധ പുലർത്തിയവന്ന് മണ്ണറ നരകഗർത്തം ആയിത്തീരും.”
അഹ് മദ് ബ്നു ഹർബ് (رضي الله عنه) പറഞ്ഞു. ഉറങ്ങാൻ വേണ്ടി തന്റെ കിടപ്പറയൊരുക്കുകയും വിരിപ്പ് ശരിയാക്കുകയും ചെയ്യുന്നവന്റെ കാര്യത്തിൽ ഭൂമി അത്ഭുതപ്പെട്ട് ചോദിക്കുന്നു.
“മനുഷ്യാ, എന്റെ ഉദരത്തിൽ നിന്റെ (വരാനിരിക്കുന്ന) അന്ത്യനിദ്രയുടെ ദൈർഘ്യം നീ ഓർക്കുന്നില്ലേ. നമുക്കിടയിൽ യാതൊരു ബന്ധവുമില്ലേ..?.”
ചില പരിത്യാഗികളോട് ചോദിക്കപ്പെട്ടു. ഗുണപാഠങ്ങളിൽ ഏറ്റവും അർത്ഥവത്തായതെന്താണ്.? അവർ പറഞ്ഞു.
“മരണപ്പെട്ടവരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കൽ.”
.
★ ★ ★
അബ്ദുല്ലാഹ് ബ്നു ഉബൈദ് ബ്നു ഉമൈർ (رضي الله عنه) വിൽ നിന്ന് നിവേദനം. അല്ലാഹു തആല ക്വബ്റിന്ന് സംസാരശേഷി നൽകും. അപ്പോൾ അത് പറയും :
“ആദം പുത്രാ, (മനുഷ്യാ,) നീ എങ്ങനെ എന്നെ വിസ്മരിക്കുന്നു.? നിനക്കറിയില്ലേ, ഞാൻ പുഴുക്കൾ നിറഞ്ഞ വാസസ്ഥലമാണെന്ന്, ഏകാന്തതയുെ ഗേഹമാണെന്ന്, ഏകാന്തഭീതിയുടെ ഭവനമാണന്ന് ?....”
അബ്ദുല്ലാഹ് ബ്നു ഉബൈദ് ബ്നു ഉമൈർ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, ക്വബ്ർ കരഞ്ഞു കൊണ്ടിരിക്കുന്നു. അത് പറഞ്ഞു കൊണ്ടാണ് കരയുന്നത് :
“ഞാൻ ഏകാന്തഭീതിയുടെ ഭവനമാകുന്നു. ഞാൻ വിജനതയുടെ വീടകമാകുന്നു. (ശവം തീനി) പുഴുക്കളുടെ വാസകേന്ദ്രമാകുന്നു..”
(ഹന്നാദ് ബ്നുസ്സിർറി (رحمه الله) തന്റെ ‘സുഹ്ദ്’ എന്ന കിതാബിൽ ഈ ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഈയും ‘ദാറു ക്വുത്വ് നി’യും ഈ ഹദീഥ് സ്വഹീഹ് ആണെന്ന് സമ്മതിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ വീണ്ടും ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.)
.
★ ★ ★
ഗ്വളീഫ് ബ്നുൽ ഹാരിഥ് (رضي الله عنه) പറയുന്നു. ഞാനും അബ്ദുല്ലാഹ് ബ്നു ഉബൈദ് ബ്നു ഉമൈർ (رضي الله عنه) വും കൂടി ബൈതുൽ മുക്വദ്ദസിൽ ചെന്നു. അങ്ങനെ ഞങ്ങൾ അബ്ദുല്ലാഹ് ബ്നു അംറുബ്നുൽ ആസ്വ് (رضي الله عنه) സദസ്സിൽ പോയി ഇരുന്നു. അപ്പോൾ അദ്ദേഹം പറയുന്നതായി കേട്ടു.
“നിശ്ചയം, ക്വബ്ർ അടിമയോട് സംസാരിക്കും. അങ്ങനെ ക്വബ്റിൽ വെച്ചാൽ അത് ചോദിക്കും.
“മനുഷ്യാ, എന്റെ വിഷയത്തിൽ നിന്നെ വഞ്ചിതനാക്കിയതെന്താണ്.?, ഞാൻ ഏകാന്തഭവനമാണെന്ന് നിനക്കറിയാമായിരുന്നില്ലേ?, ഞാൻ അന്ധകാരവസതിയാണെന്ന് നിനക്കറിയില്ലേ?, ഞാൻ സത്യമായ (സംശയമില്ലാത്ത) വീടാണെന്ന് നീ അറിഞ്ഞിരുന്നില്ലേ?, മനുഷ്യാ, എന്നിട്ടും നിന്നെ വഞ്ചിതനാക്കിയതെന്താണ്.?, നീ എന്റെ ചുറ്റു ഭാഗവും സാധാരണയായി നടന്നു പോകാറുണ്ടായിരുന്നില്ലേ ?.”
അങ്ങനെ ഗ്വളീഫ് (رضي الله عنه) തുടരുന്നു. അപ്പോൾ അബ്ദുല്ലാഹ് ബ്നു അംറിനോട് (സംശയം) ചോദിക്കാൻ ഞാനെന്റെ കൂട്ടുകാരനായ അബ്ദുല്ലാഹ് ബ്നു ഉബൈദിനോട് പറഞ്ഞു.
(അദ്ദേഹത്തിന് എന്നെക്കാളും പ്രായമുണ്ടായിരുന്നു.)
“അപ്പോൾ അവൻ സത്യവിശ്വാസിയാണെങ്കിൽ എങ്ങനെയാകും.?”
അദ്ദേഹം പറഞ്ഞു തന്നു.
“അവന്റെ മണ്ണറ വികാസം പ്രാപിക്കും. ഭവനം പച്ചയാകും. ആത്മാവിനെ വാനലോകത്തേക്ക് ഉയർത്തപ്പെടും.”
(കിതാബുത്തംഹീദ്)
.
★ ★ ★
ഹസൻ ബസ്വരി (رضي الله عنه) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. അദ്ദേഹം പറയുന്നു.
“ഞാനൊരു ജനാസയെ അനുഗമിക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ ക്വബ്റ്സ്ഥാനത്തിന് അടുത്തെത്തിയപ്പോൾ ഒരു പെണ്ണ് വിളിച്ചു പറഞ്ഞു.
“ഓ മണ്ണറവാസികളേ, നിങ്ങളുടെ അടുക്കലേക്ക് താമസിക്കാനെത്തുന്നത് ആരാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ അയാളെ സഹായിക്കുമോ?.”
അപ്പോൾ അവന്റെ കുഴിയിൽ നിന്ന് പറയുന്ന ശബ്ദം ഞാൻ കേട്ടു.
“അല്ലാഹുവാണേ, അവൻ ഇങ്ങോട്ട് താമസിക്കാനെത്തുന്നത് പർവ്വതസമാനങ്ങളായ പാപങ്ങളോടെയാണ്.അവൻ മൺതരി യായിത്തീരും വരെ അവനെ ഭക്ഷിക്കാൻ എനിക്ക് അനുമതിയുണ്ട്.”
അദ്ദേഹം തുടരുന്നു:
“അപ്പോൾ മയ്യിത്ത് തട്ടിന്റെ (കട്ടിലിന്റെ) മുകളിലുള്ള മയ്യിത്ത് ഇളകി മറിഞ്ഞു.”
(അതോടെ ഹസൻ (رضي الله عنه) ബോധരഹിതനായി.)
.
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
.
സയ്യിദ് അബ്ദുൽ ഖാദിർ തങ്ങൾ, (സൈനി, കാമിൽ സഖാഫി) പരപ്പനങ്ങാടി.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment