“മണ്ണറയുടെ ഗാഢാലിംഗനം.”
.
.
സത്യവിശ്വാസികളുടെ മാതാവായ ആഇശഃ ബീവി (رضي الله عنها) യിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അവർ പറഞ്ഞു :
“നിശ്ചയം ക്വബ്റിനൊരു ഇറുക്കിപ്പുണർച്ചയുണ്ട്. അതിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ തീർച്ചയായും സഅദ് ബ്നു മുആദ് (رضي الله عنه) രക്ഷപ്പെട്ടേനെ.!"
(അഹ് മദ്, ബൈഹക്വി, ത്വഹാവി)
.
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞതായി മഹാനവർകൾ ഉദ്ധരിക്കുന്നു :
“ഇദ്ദേഹത്തിനായി, അല്ലാഹുവിന്റെ അർശ് പോലും പ്രകമ്പനം കൊണ്ടു. ഇദ്ദേഹത്തിന് വേണ്ടി എഴുപതിനായിരം മലക്കുകൾ സാക്ഷിയായി. (എന്നിട്ടും) ക്വബ്ർ ഇദ്ദേഹത്തെ ഇടുക്കിപ്പിടിക്കുകയും പിന്നെ വിശാലമാക്കുകയും ചെയ്തിട്ടുണ്ട്.”
(ഇത് സഅദ് ബ്നു മുആദ് (رضي الله عنه) വിനെ കുറിച്ചാണെന്ന് ഇമാം നസാഈ (رحمه الله) പറയുന്നു)
(നസാഈ, ഹാകിം)
.
ഇബ്നു അബീ മലീകഃ (رضي الله عنه) യിൽ നിന്ന് ഹന്നാദ് ബ്നു സ്സറിയ്യ് (رحمه الله) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു.
“മണ്ണറയുടെ ഇറുക്കി പ്പിടുത്തത്തിൽ നിന്നും ഒരാളും രക്ഷപ്പെടുകയില്ല. തന്റെ പക്കലുള്ള തൂവാലകളിൽ നിന്ന് ഒന്ന്, ഈ പ്രപഞ്ചവും അതിലുള്ള സകലതിനേക്കാളും ഉത്തമമാണ് എന്ന് പ്രവചിക്കപ്പെട്ട സഅദ് ബ്നു മുആദ് (رضي الله عنه) പോലും ഇതിൽ നിന്നൊഴിവല്ല.”
നാഫിഅ് (رضي الله عنه) പറയുന്നു.
“അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) ന്റെ ഭാര്യ സ്വഫിയ്യഃ ബിൻത് അബീ ഉബൈദ് (رضي الله عنها) ഭയത്തോടെ വന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു.
“എന്താണ് നിങ്ങളുടെ അവസ്ഥ?”
അവർ പറഞ്ഞു: “ഞാൻ വരുന്നത് നബിﷺ തങ്ങളുടെ ചില ഭാര്യമാരുടെ അടുത്തു നിന്നാണ്. അപ്പോൾ അവർ നബിﷺ തങ്ങൾ പറഞ്ഞ ഹദീഥ് എന്നെ അറിയിച്ചു.
“മണ്ണറയിലെ ശിക്ഷയിൽ നിന്ന് ഇളവ് ചെയ്യപ്പെടുന്ന ഒരാളെയും ഞാൻ കാണുന്നില്ല. അങ്ങനെ ഉണ്ടായിരുന്നലെങ്കിൽ തീർച്ചയായും സഅദ് ബ്നു മുആദ് (رضي الله عنه) അതിൽ പെട്ടേനെ. അദ്ദേഹത്തേയും മണ്ണറ ഗാഢാലിംഗനം ചെയ്തു.”
ഈ ക്വബ്റിന്റെ ആശ്ലേഷം സച്ചരിതർക്കും ഉണ്ടാവുമെന്നാണ് മേൽ ഹദീഥുകൾ ഉദ്ധരിച്ചു കൊണ്ട് ഇമാം തങ്ങൾ സമർത്ഥിക്കുന്നത്. തീർച്ചയായും, നമ്മെയെല്ലാം ആശങ്കയിലാക്കുന്ന കാര്യമാണിത്. അല്ലാഹു അവന്റെ പരീക്ഷണങ്ങൾ നേരിടാനുള്ള മനക്കരുത്തും ക്ഷമയും നമുക്ക് നൽകട്ടെ.
(ആമീൻ)
സാദാൻ (رضي الله عنه) വിൽ നിന്ന് നിവേദനം. അബൂ അംറ് (رضي الله عنه) പറഞ്ഞു :
“നബിﷺ തങ്ങളുടെ പുത്രി സൈനബ് (رضي الله عنها) വഫാത്തായപ്പോൾ അവിടുന്ന് ആ ക്വബ്റിങ്ങൽ ഇരുന്നു. അപ്പോൾ ആ പൂമുഖം ഗ്ലാനീഭവിച്ചിരുന്നു. പിന്നെ അത് തെളിഞ്ഞു. അപ്പോൾ അവിടുത്തെ അനുചരവൃന്ദം ചോദിച്ചു :
“അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളുടെ തിരുവദനം ആദ്യം ഇരുണ്ടതായും പിന്നീട് തെളിഞ്ഞും ഞങ്ങൾ കണ്ടുവല്ലോ...?”
അപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു :
“ഞാൻ എന്റെ മകളുടെ അവസ്ഥ ഓർത്തു. അവൾ ദുർബ്ബലയാണ്. മണ്ണറയുടെ ശിക്ഷയും സ്മരിച്ചു. അങ്ങനെ ഞാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു. അപ്പോൾ അത് വീതിയേറിയതായി. അല്ലാഹുവാണ് സത്യം, അത് (മണ്ണറ) വല്ലാത്തൊരു ഇടുക്കൽ ഇടുക്കിയിരുന്നു. ആ ഘോര ശബ്ദം ഉദയാസ്തമയ ദിക്കുകൾക്ക് ഇടയിലുള്ളവ എല്ലാം കേൾക്കും വിധമായിരുന്നു.”
(അത്ത്വാആതു വൽ മഅ്സ്വിയഃ, ഇബ്നുൽ ജൗസി)
അത്തരം ശബ്ദങ്ങൾ മനുഷ്യരും ജിന്നുകളും ഒഴികെയുള്ള മറ്റെല്ലാം കേൾക്കുമെന്നാണല്ലോ. അല്ലാഹു തൗഫീക്വ് നൽകിയ പ്രത്യേകക്കാർ ചിലപ്പോൾ അത് കേൾക്കാം. അതു കൊണ്ട് നബിﷺ തങ്ങൾ കേട്ടു. മറ്റാരും അത് കേട്ടില്ല.
ചെറിയ കുട്ടികൾ പോലും മണ്ണറയുടെ ഇറുക്കിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുകയില്ലെന്ന് നബിﷺ തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
.
★ ★ ★
.
ഇബ്റാഹീം അൽ ഗ്വൻവീ എന്നവർ ആഇശഃ ബീവി (رضي الله عنها) യിൽ നിന്ന് ഉദ്ധരിക്കുന്നു. ഒരാൾ പറഞ്ഞു.
“ഞാൻ ബീവിയുടെ അടുത്ത് ഉള്ളപ്പോൾ ഒരു കുഞ്ഞിന്റെ ജനാസഃ (പരിസരത്തു കൂടി) കൊണ്ടു പോയി. ഇതു കണ്ട ആഇശഃ ബീവി (رضي الله عنها) കരഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു.
“സത്യവിശ്വാസികളുടെ മാതാവേ, എന്തിനാണ് കരയുന്നത്.?”
അവർ പറഞ്ഞു :
“ക്വബ്റിടുക്കലിന്റെ കാര്യത്തിൽ ആ കുഞ്ഞിനോടുള്ള അനുകമ്പ കാരണമാണ് ഞാൻ കരഞ്ഞത്..
നബിﷺ തങ്ങൾ പറഞ്ഞു :
“ഫാത്വിമഃ ബിൻത് അസദ് ഒഴികെയുള്ള ആരും ക്വബ്റിടുക്കലിൽ നിന്നും ഒഴിവായിട്ടില്ല.”
അപ്പോൾ ആരോ ചോദിച്ചു :
“താങ്കളുടെ പുത്രൻ ക്വാസിമും ഇല്ലേ.”
“അതിലും ചെറിയ പുത്രൻ ഇബ്റാഹീം വരെ ഒഴിവായിട്ടില്ല.”
(അബൂനഈം)
.
★ ★ ★
.
“നബിﷺ തങ്ങളുടെ പോറ്റുമ്മ.”
.
അനസ് (رضي الله عنه) വിൽ നിന്ന് നിവേദനം. അലിയ്യു ബ്നു അബീ ത്വാലിബ് (رضي الله عنه) വിന്റെ മാതാവ് ഫാത്വിമഃ ബിൻത് അസദ് (رضي الله عنها) വഫാത്തായപ്പോൾ നബിﷺ തങ്ങൾ അങ്ങോട്ട് കടന്നു ചെന്നു. അവരുടെ തലഭാഗത്ത് ഇരുന്നിട്ട് പറഞ്ഞു :
“എന്റെ ഉമ്മാ, അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ. നിങ്ങൾ എന്റെ മാതാവിന് ശേഷം എന്റെ ഉമ്മയായി. നിങ്ങൾ സ്വയം വിശന്ന് കൊണ്ട് എന്റെ വിശപ്പകറ്റി. സ്വയം (നല്ലത്) ഉടുക്കാനില്ലാതെയും എന്നെ ഉടുപ്പിച്ചു. രുചികരമായ ഭക്ഷണങ്ങൾ സ്വയം ഒഴിവാക്കി, എന്നെ കഴിപ്പിച്ചു. ഇതു കൊണ്ട് നിങ്ങൾ അല്ലാഹുവിനെയും പരലോകത്തെയുമാണ് കാംക്ഷിച്ചത്.”
പിന്നെയവരെ (മൂന്ന് വട്ടം) കുളിപ്പിക്കാൻ കൽപ്പിച്ചു. അങ്ങനെ കർപ്പൂരം കലർത്തിയ വെള്ളത്തിന്റെ ഊഴം എത്തിയപ്പോൾ അവിടുന്ന് സ്വന്തം കൈകളാലത് ഒഴിച്ചു കൊടുത്തു. പിന്നെ നബിﷺ തങ്ങൾ അവിടുത്തെ ‘ക്വമീസ്’ ഊരി അവരെ ധരിപ്പിച്ചു. അതിനു മുകളിൽ കഫൻ ചെയ്തു.
പിന്നെ അവിടുന്ന് ഉസാമത് ബ്നു സൈദ്, അബൂ അയ്യൂബുൽ അൻസ്വാരി, ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنهم) എന്നിവരേയും ഒരു കറുത്ത അടിമയേയും ക്വബ്ർ കുഴിക്കാനേൽപ്പിച്ചു.
അവർ ‘ലഹ്ദ്' (ക്വബ്റിന്റെ തുരന്നുണ്ടാക്കുന്ന ചെറിയ അറ) എത്തിയപ്പോൾ നബിﷺ തങ്ങൾ വന്ന് കുഴിച്ചു. തന്റെ തിരുകരങ്ങൾ കൊണ്ട് മണ്ണ് പുറത്തെടുത്തു. പൂർത്തിയായ ശേഷം നബിﷺ തങ്ങൾ അതിൽ ചെരിഞ്ഞു കിടന്നു. പിന്നീട് അവിടുന്ന് പ്രാർത്ഥിച്ചു.
“ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിനാണ് സ്തുതികളഖിലവും. അവൻ (എന്നെന്നും) സ്വയം ജീവിക്കുന്നവനും മരിക്കാത്തവനുമാകുന്നു. (അല്ലാഹുവേ,) എന്റെ ഉമ്മ ഫാത്വിമഃ ബിൻത് അസദിന് നീ പൊറുത്തു നൽകേണമേ. നിന്റെ പ്രവാചകന്റെയും എനിക്കു മുമ്പുള്ള പ്രവാചകന്മാരുടേയും ഹക്വ് കൊണ്ട്, അവർക്ക് (അനുകൂലമായ) വാദങ്ങൾ നീ ഓർമ്മിപ്പിക്കണേ, അവരുടെ പ്രവേശനസ്ഥാനം (ക്വബ്ർ) നീ വിശാലമാക്കണേ. നിശ്ചയം, നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കാരുണ്യവാനാണ്.”
(അബൂ നഈം)
അംറു ബ്നു ശബ്ബഃ തന്റെ ‘കിതാബുൽമദീന’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു.
“...നബിﷺ തങ്ങളുടെ ക്വമീസ് ധരിപ്പിച്ചതും ക്വബ്റിൽ കിടന്നതും എന്തിനായിരുന്നുവെന്ന് ഞങ്ങൾ തങ്ങളോട് ചോദിച്ചു.
അപ്പോൾ അവിടുന്ന് പറഞ്ഞു.
“ഇൻശാ അല്ലാഹ്, അവരെ ഒരിക്കലും നരകാഗ്നി സ്പർശിക്കരുതെന്നും അവരുടെ മണ്ണറ അല്ലാഹു വിശാലമാക്കണമെന്നും ഞാൻ ഇച്ഛിച്ചു." അവിടുന്ന് തുടർന്നു :
“ഫാത്വിമഃ ബിൻത് അസദ് അല്ലാത്ത ഒരാളും മണ്ണറയുടെ ഗാഢാലിംഗനത്തിൽ നിന്ന് മാപ്പ് നൽകപ്പെട്ടിട്ടില്ല.”
(അബൂ ത്വാലിബിന്റെ സംരക്ഷണതയിൽ ആയിരുന്നല്ലോ എട്ട് വയസ്സ് മുതൽ നബിﷺ തങ്ങൾ വളർന്നത്. അക്കാലത്ത് സ്വാഭാവികമായും നബിﷺ തങ്ങൾക്ക് മാതാവായത് അദ്ദേഹത്തിന്റെ വീട്ടുകാരിയായ ഫാത്വിമഃ ബിൻത് അസദ് (رضي الله عنها) ആയിരുന്നു.)
.
★ ★ ★
അബൂ നഈം (رحمه الله), അബുൽ അലാഅ് (رضي الله عنه) വിൽ നിന്ന് ഹദീഥ് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. നബിﷺ തങ്ങൾ അരുളിയതായി തന്റെ പിതാവ് പറഞ്ഞിട്ടുണ്ട്.
“ആരെങ്കിലും തന്റെ മരണകാരണമായ രോഗ ശയ്യയിൽ വെച്ച്, ക്വുൽ ഹുവള്ളാഹു സൂറത് ഓതിയാൽ അവൻ ക്വബ്റിൽ വെച്ച് ഫിത്നയിലകപ്പെടുകയില്ല. അവൻ മണ്ണറയിടുക്കലിൽ നിന്നും നിർഭയനാകുന്നതാണ്. അന്ത്യനാളിൽ അവൻ സ്വിറാത്വ് പാലം കടന്ന് സ്വർഗ്ഗത്തിൽ എത്തിച്ചേരും വരെ മലക്കുകൾ ഉള്ളം കയ്യിൽ അവനെ വഹിക്കുന്നതുമാണ് .”
(അബൂ നഈം, ഹൈഥമി, ത്വബ്റാനി)
ഈ ഹദീഥ് ഒറ്റപ്പെട്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. കാരണം നസ്റു ബ്നു ഹമ്മാദിലൂടെ മാത്രമാണ് ഇത് ഉദ്ധരിക്കപ്പെട്ടത്.
ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം.
“നബിﷺ തങ്ങൾ വേദന വന്നാൽ തനിക്കു വേണ്ടി ‘മുഅവ്വിദാത്ത്’ (നാസ്, ഫലക്വ് സൂറതുകൾ) സ്വയം ഓതി ഊതി (തടവി)യിരുന്നു. (മരണശയ്യയിൽ) വേദന ശക്തിയായപ്പോൾ ഞാൻ അവ ഓതി, അവിടുത്തെ ബറകത് പ്രതീക്ഷിച്ച്, (ആ കൈകളിൽ ഊതി) അതു കൊണ്ട് തടവാറുണ്ടായിരുന്നു.”
(ബുഖാരി, മുസ് ലിം)
★ ★ ★
.
മരണത്തിന്റെ രോഗശയ്യയിൽ വെച്ച് ഇഖ്ലാസ് സൂറഃ ഓതൽ ഉത്തമമാണ്. ഓതാൻ വളരെ എളുപ്പമുള്ള ഇഖ്ലാസ്, മരണാസന്നന് ഓതാൻ കഴിയില്ലെങ്കിൽ മറ്റുള്ളവർക്ക് ഓതിക്കൊടുക്കുകയും ചെയ്യാം. ഇഖ്ലാസ് സൂറതിനെ കുറിച്ച് വന്ന മുകളിലെ ഹദീഥ് ദുർബലമാണെന്ന് വാദിച്ചാലും അതിനെ സ്നേഹിച്ച് ഓതിയാൽ സ്വർഗ്ഗത്തിൽ കടക്കുമെന്ന് വേറെ ഹദീഥുകളിലുണ്ടല്ലോ.
ഇമാമത് നിന്നപ്പോൾ സാധാരണ സൂറത്ത് ഓതുന്നതിന് പുറമേ സൂറത്തുൽ ഇഖ്ലാസ് കൂടി ഓതിയ സ്വഹാബിയോട് നബിﷺ, ‘ആ സൂറത്തിനോടുള്ള സ്നേഹം നിന്നെ സ്വർഗ്ഗത്തിൽ എത്തിക്കും’ എന്ന് പറഞ്ഞ ഹദീഥ് ഇമാം ബുഖാരി യും മറ്റും ഉദ്ധരിക്കുന്നു.
അത് കൊണ്ട്, രോഗശയ്യയിലുള്ളവരും അവരുടെ ഉറ്റവരും ഇഖ്ലാസ്, മുഅവ്വിദാത് സൂറത്തുകൾ ഓതാനും ഓതിപ്പിക്കാനും ഓതിക്കൊടുക്കാനും ശ്രദ്ധിക്കുകയാണ് വേണ്ടത്. الله أعلم
.
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment