Saturday, September 16, 2017

17 - മൃത്യു ദൂതൻ - ഭാഗം 1

           “മലകുൽ മൗത്ത്  - 1”

.
 
 
.
 
 

    “നബിയേ, താങ്കൾ പറയുക. നിങ്ങളുടെ (കാര്യം) ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക് നിങ്ങളെ മരിപ്പിക്കും. പിന്നീട് നിങ്ങളുടെ രക്ഷിതാവിന്റെ സമക്ഷത്തിലേക്ക് മടക്കപ്പെടുന്നതുമാണ്.”
(സജദഃ -11)

.

    “നിങ്ങളിലാർക്കെങ്കിലും മരണമെത്തിയാൽ നമ്മുടെ ദൂതൻമാർ അവനെ പിടിക്കുന്നതാണ്, അവരൊരിക്കലും വീഴ്ച വരുത്തുകയില്ല.”

(അൻആം -61)

.

   “മരണസമയത്ത് ആത്മാവിനെ പിടികൂടുന്നവൻ അല്ലാഹുവാകുന്നു.”

(അസ്സുമർ - 42)

.
  
      ങ്ങനെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തങ്ങളായ ആളുകളുടെ റൂഹ് ഒരേ സമയത്ത് പിടികൂടുന്നത് ? പണ്ഡിതൻമാർ ഈ വിഷയത്തിൽ ദീർഘമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. മുകളിലെ ആയത്തുകൾ ശ്രദ്ധിക്കുക. ഈ ആയത്തുകളിൽ മരണദൂതൻ എന്നും ദൂതൻമാർ എന്നും ഏക-ബഹുവചനങ്ങളിൽ പ്രയോഗിച്ചിരിക്കുന്നു. മാത്രമല്ല അല്ലാഹുവിലേക്കും മരണത്തിന്റെ ഉത്തരവാദിത്തം അവൻ ചേർത്തിട്ടുണ്ട്. അവർ വിശദീകരിക്കുന്നത് മറ്റെല്ലാ കാര്യങ്ങളെയും പോലെ മരണവും അല്ലാഹുവിന്റെ മാത്രം തീരുമാനവും ഇഷ്ടവും അനുസരിച്ചായിരിക്കും. അത് നടപ്പിലാക്കാൻ അസ്റാഈൽ عليه السلام ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ കൽപ്പന അസ്റാഈൽ عليه السلام ന്ന് ലഭിക്കുന്നത് ഓരോ വർഷത്തേക്കുള്ളവ ശഅബാൻ പതിനഞ്ചിനാണെന്നും ലൈലത്തുൽ ക്വദ്റിലാണെന്നും രണ്ട് അഭിപ്രായമുണ്ട്. രണ്ടർത്ഥത്തിലും ക്വുർആൻ വചനങ്ങളുമുണ്ട്. ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നത് അല്ലാഹുവിന്റെ തീരുമാനം പ്രഖ്യാപിക്കുന്നത് ശഅബാൻ പതിനഞ്ചിനും അത്, ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവർക്ക് കൈമാറുന്നത് ക്വദ്റിന്റെ രാത്രിയിലുമാകുന്നു.

                       ★    ★    ★

     ലക്കുൽമൗത്തിനെ സഹായിക്കാൻ ധാരാളം മലക്കുകൾ വേറെയുമുണ്ട്. ചിലർ പറയുന്നത്, ആദ്യം ഒരു കൂട്ടം മലക്കുകൾ വന്ന് കാലിന്റെ ഭാഗത്തു നിന്നും ജീവൻ നീക്കം ചെയ്യൽ ആരംഭിക്കുന്നു. തുടർന്ന് മലകുൽ മൗത് വന്ന് ആ കർമ്മം പൂർത്തിയാക്കുന്നു. 

     ബറാഅ് رضي الله عنه വിന്റെ ഹദീഥ് പ്രകാരം മലക്കുൽമൗത്ത് പിടിച്ച റൂഹിനെ ഏറ്റു വാങ്ങാൻ ഉടൻ തന്നെ വേറെ മലക്കുകൾ വരും. മരിച്ചവൻ സത്യവിശ്വാസിയും സച്ചരിതനുമാണെങ്കിൽ കാരുണ്യത്തിന്റെ മാലാഖമാരും സത്യനിഷേധിയാണെങ്കിൽ ശിക്ഷയുടെ മാലാഖമാരുമായിരിക്കും ആത്മാവ് ഏറ്റെടുക്കാനെത്തുന്നത്. അബൂഹുറയ്റ رضي الله عنه ഉദ്ധരിച്ച തൗബയെകുറിച്ചുള്ള ഹദീഥിലും ഇപ്രകാരം കാണാം.

     ‘മലകുൽ മൗത്ത്, അർശിന്റെ താഴെ വെച്ച്, ഓരോ സമയത്തും മരിക്കേണ്ടവരുടെ വിവരങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുന്നതായി’ ചില ഹദീഥുകളിൽ കാണാം.  ഇബ്നു അബ്ബാസ് (رضي الله عنه) ഉദ്ധരിക്കുന്ന ഇസ്റാഇന്റെ ദീർഘമായ ഹദീഥ് ഉണ്ട്. ഇത് അബുശ്ശൈഖ് എന്നവർ തന്റെ  കിതാബുൽ ഫള്ൽ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.  അതിൽ ഇപ്രകാരം കാണാം :
     
     “......മിഅ്റാജ് രാത്രിയിൽ അർശിങ്കൽ വെച്ച് നബിﷺ മലക്കുൽ മൗത്തിനോട് ചോദിച്ചു. 

     “ഓ മലകുൽ മൗത്ത്, ഈ പ്രപഞ്ചത്തിലുടനീളമുള്ള മൂഴുവൻ ആത്മാക്കളെയും പിടിക്കാൻ താങ്കൾക്ക് കഴിയുന്നതെങ്ങനെയാണ് ? ”

   അസ്റാഈൽ പറഞ്ഞു :

    “നിങ്ങൾക്കറിയാമോ പ്രപഞ്ചം മുഴുവൻ എന്റെ കാൽ മുട്ടുകൾക്കിടയിലാണ്. എല്ലാ സൃഷ്ടികളും എന്റെ കൺമുന്നിലും. എന്റെ കിഴക്ക് തൊട്ട് പടിഞ്ഞാറ് വരെ കൈകളെത്തും. ഒരു അടിമയുടെ സമയമെത്തിയാൽ ഞാൻ അവനെ നോക്കും. ഞാൻ നോക്കിയാൽ എന്റെ സഹായികളായ മലക്കുകൾ അതിനനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങും. അവർ പാദം മുതൽ റൂഹ് പിടിക്കും. അങ്ങനെ തൊണ്ടക്കുഴിയിലെത്തിയാൽ ഞാൻ കൈ നീട്ടി അവന്റെ ആത്മാവിനെ ശരീരത്തിൽ നിന്നും ഊരിയെടുക്കും.”

                       ★    ★    ★

       ബൂ ഹാമിദ് (رحمه الله) എന്ന ഗസ്സാലി ഇമാം രേഖപ്പെടുത്തുന്നു.

  “..നാലു മലക്കുകളാണ് ആദ്യം വരിക. വലതു കാൽപാദം, ഇടതു കാൽപാദം, വലതു കരം, ഇടതു കരം എന്നിവയിൽ ഓരോരുത്തരും റൂഹ് പിടിക്കാനാരംഭിക്കും. മരണപ്പെടുന്നവന്ന് ചിലപ്പോൾ ‘സക്റതി’ന്ന് മുമ്പായി അതീന്ദ്രിയജ്ഞാനം മുഖേന അവർ വെളിപ്പെടും. അപ്പോൾ മലക്കുകളുടെ യഥാർത്ഥ കർത്തവ്യം അവൻ നേരിൽ കണ്ടേക്കാം. ആ സമയം അവന്റെ നാവ് സ്വതന്ത്രമാണെങ്കിൽ അവരുടെ സാന്നിദ്ധ്യം അവൻ പറയുന്നതാണ്. ചിലപ്പോൾ കണ്ട കാഴ്ചയെ കുറിച്ച് ആവർത്തിച്ചു പറഞ്ഞേക്കാം. അത് പൈശാചികമെന്നു തോന്നാം. അവന്റെ വിരൽതുമ്പുകൾ മുതൽ അവർ ആത്മാവ് പിടിക്കാൻ തുടങ്ങുമ്പോൾ അവൻ നിശബ്ദനാകും. ദ്രാവകത്തിലൂടെ തൂവൽ വലിക്കും പ്രകാരം അവന്റെ ആത്മാവ് ഒഴുക്കനെ വലിച്ചെടുക്കപ്പെടുന്നതാണ്.

     “മലക്കുകൾ നല്ലനിലയിൽ  ആത്മാക്കളെ പിടിക്കുന്നവരാണ് അവർ.”
(അന്നഹ്ൽ -32)

    എന്നാൽ ദുർമാർഗ്ഗിയുടെ റൂഹ് പിടിക്കുന്നത് നനഞ്ഞ കമ്പിളിയിൽ നിന്നും ശൂലം വലിച്ചെടുക്കപ്പെടും പ്രകാരമാണ്. ഇങ്ങനെ ഇബ്റാഹീം(عليه السلام)മിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മരണവേദനയിൽ വയറ് നിറയെ മുള്ളുകൾ ഉള്ളത് പോലെ അനുഭവപ്പെടും. ഓരോ രോമകൂപങ്ങളിലൂടെയും സൂചിക്കുഴയിലൂടെ കടന്നു പോകും പ്രകാരം അവന്റെ ആത്മാവ് നീങ്ങും. ആകാശം ഭൂമിക്കുമേൽ പതിക്കുകയും അവൻ അതിനിടയിൽ പെടുകയും ചെയ്യുന്ന അവസ്ഥ പോലെ അവന്ന് തോന്നും. ആത്മാവ് നെഞ്ചിലെത്തിക്കഴിഞ്ഞാൽ പിന്നെ സംസാരശേഷി നഷ്ടപ്പെടും. ഒന്നും ഉരിയാടാൻ കഴിയില്ല....”

   സാധാരണയായി നെഞ്ചിന് വലിയ അടിയോ പരിക്കോ ഏറ്റാൽ സംസാരശേഷി നഷ്ടപ്പെടുക സ്വാഭാവികമാണല്ലോ !

                       ★    ★    ★

    സുലയ്മാൻ ബ്നു മുഹൈർ അൽ കിലാബി എന്നവർ ഉദ്ധരിക്കുന്നു.

   “ഞാൻ മാലിക് ബ്നു അനസ് (رضي الله عنه) തങ്ങളുടെ അടുക്കൽ ചെന്നു. അപ്പോൾ അവിടെ ഒരാൾ വന്ന് ചോദിച്ചു. “അല്ലയോ അബൂ അബ്ദില്ലാഹ്, ഈ പ്രാണികൾ, അവയുടെ റൂഹ് പിടിക്കുന്നതും മലകുൽ മൗത് തന്നെ ആണോ.?” അദ്ദേഹം ദീർഘനേരം മൗനമവലംബിച്ചു. പിന്നെ ചോദിച്ചു:

   “അവകൾക്ക് റൂഹ് ഉണ്ടോ?”

    “അതെ,”

    “എങ്കിൽ അവയുടെ ആത്മാവെടുക്കുന്നതും മലകുൽ മൗത് തന്നെ.” പിന്നെയദ്ദേഹം ക്വുർആൻ ഉദ്ധരിച്ചു.

   “മരണസമയത്ത് ആത്മാവിനെ പിടികൂടുന്നവൻ അല്ലാഹുവാകുന്നു.”

  ഖത്വീബ് അബൂബക്ർ رحمه الله ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

                       ★    ★    ★

    ലക്കുൽ മൗത്തിനെ നേർക്ക് നേർ കാണലും ,അത് ഹൃദയത്തിൽ ജനിപ്പിക്കുന്ന ഭയവും ഭീതിയും എത്രയാണെന്നും വിവരണാതീതമാണ്. അതിന്റെ ഭീകരതയും കാഴ്ചയുടെ ഭയാനകതയും അത്രയും ഗൗരവമേറിയതാണ്.

     മരിക്കാൻ തുടങ്ങുകയും മലക്കുൽ മൗത്തിനെ നേർക്കുനേർ കാണുകയും ചെയ്തവർക്കല്ലാതെ അതിന്റെ നിജസ്ഥിതി അറിയില്ല. എങ്കിലും ചില ഉദാഹരണങ്ങളും ഉദ്ധരണികളും അതിന്റെ ചെറിയൊരു ചിത്രം മാത്രം നമുക്ക് നൽകും.

     ഇക്റിമ رضي الله عنه വിനെ തൊട്ട് നിവേദനം : അദ്ദേഹം പറഞ്ഞു. 

        “ശീഥ് നബി عليه السلام ന് ലഭിച്ച ഏടുകളിൽ ചിലത് ഞാൻ കണ്ടു. അവയിലൊന്നിൽ ആദം നബി عليه السلام അള്ളാഹുവിനോട് പ്രാർത്ഥിച്ചു.

    “റബ്ബേ എനിക്ക് മലക്കുൽ മൗത്തിനെ കാണിക്കൂ. ഞാനൊന്ന് കാണട്ടെ.”

    അപ്പോൾ അള്ളാഹു വഹ് യ് അറിയിച്ചു. 

      “ആദം, മലക്കുൽ മൗത്തിന്റെ വിശേഷണങ്ങൾ പ്രകാരം നിങ്ങളുടെ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. എങ്കിലും അമ്പിയാക്കൾക്കും പ്രത്യേകക്കാർക്കും പ്രത്യക്ഷപ്പെടുന്ന രൂപത്തിൽ ഞാൻ മലക്കുൽ മൗത്തിനെ താങ്കളുടെ അടുക്കലേക്ക് അയക്കാം.”

      അങ്ങനെ അള്ളാഹു (തആല) ജിബ്റീൽ, മീകാഈൽ എന്നിവരെ അയച്ചു. കൂടെ മലക്കുൽ മൗത്തിനെ ചാര നിറത്തിലുള്ള ആടിന്റെ രൂപത്തിൽ അയച്ചു.  അതിന്റെ നാലായിരം ചിറകുകൾ വിടർത്തിയിരുന്നു. ആകാശ ഭൂമികളുടെ വിശാലതയുള്ളവയും ഭൂമിയുടെ ഇരട്ടിയുള്ളതും കിഴക്ക് പടിഞ്ഞാറ് ദിക്കുകളോളം എത്തുന്നതുമായ ചിറകുകൾ അതിന് ഉണ്ടായിരുന്നു. ഭൂമിയിൽ ഉള്ള സകലതും - പർവ്വതങ്ങൾ, മലമ്പാതകൾ, ചതുപ്പ് നിലങ്ങൾ, ജിന്ന്, മനുഷ്യർ, മറ്റ് ജീവജാലങ്ങൾ, അന്തരീക്ഷത്തിലെ പറവകൾ, കടലിലെ മത്സ്യങ്ങൾ, എന്നിവയെല്ലാം - മലക്കുൽ മൗത്തിന്റെ കൈകൾ ക്കിടയിലാണ്. (തൊട്ട് മുമ്പിലായിരുന്നു.) മലക്കുൽ മൗത്തിന് അടഞ്ഞ് കിടക്കുന്ന ചില കണ്ണുകൾ ഉണ്ടായിരുന്നു. അത് പ്രത്യേക സ്ഥലങ്ങളിൽ വെച്ച് മാത്രമേ തുറക്കുകയുള്ളൂ. അത് പോലെ പ്രത്യേകം സ്ഥലങ്ങളിൽ വെച്ച് മാത്രം വിടർത്തുന്ന ചില ചിറകുകളും ഉണ്ട്. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർക്ക് മുമ്പിൽ മാത്രം വിടർത്തുന്ന ചിറകുകളുമുണ്ട് . സത്യനിഷേധികൾക്ക് മുമ്പിൽ മാത്രം വിടർത്തുന്ന ചിറകുകളും ഉണ്ട്. അവയിൽ ശൂലങ്ങളും മൂർച്ചയുള്ള കൊളുത്തുകളും, കത്രികകളുമെല്ലാം ഉണ്ടായിരുന്നു. ഇതൊക്കെ കണ്ട ആദം നബി عليه السلام അട്ടഹസിച്ചു ബോധരഹിതനായി. ഏഴാം ദിവസമാണ് ബോധം തെളിഞ്ഞത്.”

     (ഈ ഹദീഥ് അബൂ ഹാശിം എന്ന് വിളിപ്പേരുള്ള, വാഇള് ഇബ്നു ളിഫ്ർ (മുഹമ്മദ് ബ്നു മുഹമ്മദ് ബ്നു ളിഫ്ർ) തന്റെ ‘കിതാബ് അന്നസാഇഹ് ’എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.)


                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...