Sunday, September 10, 2017

9- “അന്തിമവിജയം”

                ‘അന്തിമവിജയം'

.

.

 
     ആഇശ (റ) യിൽ നിന്ന് നിവേദനം. നബി സ്വ തങ്ങൾ ‘ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനേ, നിന്റെ ദീനിലും ഭക്തിയിലുമായി എന്റെ മനസ്സിനെ ഉറപ്പിച്ചു നിർത്തേണമേ' എന്ന് ധാരാളം പറയാറുണ്ടായിരുന്നു. അപ്പോൾ ഞാൻ നബി (സ്വ) തങ്ങളോട് ചോദിച്ചു :

   “ഈ പ്രാർത്ഥന അവിടുന്ന് ധാരാളം പ്രാർത്ഥിക്കുന്നുവല്ലോ, (ഞങ്ങൾക്ക് എല്ലാം ദീൻ എത്തിച്ചു തന്ന) അങ്ങേക്കും ഈ ഭയമോ?" അവിടുന്ന് പ്രതിവചിച്ചു :

    “എന്റെ കാര്യത്തിലും നിർഭയത്വമില്ല, അടിമകളുടെ ഹൃദയങ്ങൾ അല്ലാഹു തആലായുടെ വിരലുകളിൽ (നിയന്ത്രണത്തിൽ) മാത്രമാണ്. ഒരാളുടെ മനസ്സിനെ മാറ്റി മറിക്കാൻ ഉദ്ദേശിച്ചാൽ അവൻ മറിക്കുക തന്നെ ചെയ്യും.”

(അഹ് മദ്, ഇബ്നു അബീശൈബഃ, ഇബ്നു അബീ ആസിം)

.

      തേ അർത്ഥത്തിലുള്ള വേറെയും ഹദീഥുകൾ, അനസ് (റ), ഉമ്മു സലമഃ (റ) തുടങ്ങിയ പ്രമുഖരിൽ നിന്ന്, പ്രമുഖ ഹദീഥ് സമ്പാദാക്കളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഈമാനും കർമ്മങ്ങളും യാതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന കാര്യമാണ് ഈ ഹദീഥുകളിൽ നിന്ന് നാം പഠിക്കേണ്ടത്.

     അതായത്, നമ്മുടെ ഹിദായത്, അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന്റെ 'ഇസ്തിക്വാമഃ' (നില നിൽപ്) അവന്റെ നിയന്ത്രണത്തിലാണ്. നമ്മുടെ 'ആക്വിബത് ' (അന്ത്യവിജയം) നമുക്ക് അറിയാൻ കഴിയില്ല. നമ്മുടെ 'അമലുകൾ' (കർമ്മങ്ങൾ) പോലും അല്ലാഹുവിന്റെ 'ഇറാദതും' 'ക്വുദ്റതും' (ഉദ്ദേശവും, കഴിവും) കൊണ്ട് മാത്രമാണ്. അതു കൊണ്ട് തന്നെ നമ്മുടെ ഈമാനിൽ നമുക്ക് സ്വയം അഭിമാനിക്കാൻ യാതൊരു വകയുമില്ല. നമ്മുടെ  സദ്കർമ്മങ്ങൾ നിസ്കാരമാകട്ടെ, വ്രതമാകട്ടെ മറ്റെന്തുമാകട്ടെ അവ നമ്മുടെ 'കസ്ബ്' (അധ്വാനം) ആണെങ്കിലും അതിന് വേണ്ട കഴിവും തൗഫീക്വും എല്ലാം അല്ലാഹു പടച്ചതാണ്. അതിൽ നീ സ്വയം അഭിമാനിക്കുന്നത് മറ്റൊരാളുടെ സ്വത്തിൽ അഭിമാനിക്കുന്നത് പോലെയാകുന്നു.  അതിനാൽ അതെല്ലാം അല്ലാഹു തആലാ യുടെ 'ഫള്ൽ' (ഔദാര്യം) ആയി മാത്രം കാണുക. അവൻ തന്റെ ഔദാര്യം നിഷേധിച്ചാൽ നമ്മുടെ ഹൃദയത്തിൽ നന്മ നശിക്കും. അല്ലാഹു കാത്തു രക്ഷിക്കട്ടെ. എത്രയെത്ര പൂങ്കാവനങ്ങളാണ്, പെട്ടെന്ന് വാടിക്കരിഞ്ഞു പോയത് ? അത് പോലെ തന്നെയാണ് മനുഷ്യരും.

     ഇന്നലെയോളം അല്ലാഹുവിനെ ഭക്തിയോടെ ആരാധിച്ചിരുന്നവൻ, ഇന്നേക്ക് പാപിയും ധിക്കാരിയുമായി മാറുന്നു.


      ഒരു അടിമസേവകന്റെ ചരിത്രമുണ്ട്. അയാൾ ക്വുർആൻ 'ഹാഫിള്' ആയ മുസ് ലിമായിരുന്നു. അയാളുടെ യജമാനൻമാരാകട്ടെ രണ്ട് കൃസ്തീയമെത്രാൻമാരും. അവൻ ധാരാളം ക്വുർആൻ പാരായണം ചെയ്യുമായിരുന്നു. അതിന്റെ ആധിക്യം കാരണം അവർ ധാരാളം ക്വുർആൻ വചനങ്ങൾ മനപാഠമാക്കി. ഒടുവിൽ അവർ രണ്ട് പേരും മുസ് ലിമായി മാറി. അപ്പോഴല്ലേ അത്ഭുതം ! ആ സമയം തന്നെ അവൻ കൃസ്തുമതത്തിൽ ചേർന്നിരുന്നു. അവർ അവനോട് മതത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. അവർ പറഞ്ഞു:

     “സ്വന്തം ദീൻ സംരക്ഷിക്കാത്തവനെ ഞങ്ങൾക്ക് വേണ്ട.

     എന്നാൽ അവൻ കൂട്ടാക്കിയില്ല.

     “ഞാൻ ഒരിക്കലും ഇനി മടങ്ങുകയില്ല.”

അങ്ങനെ അവനെ കൊന്നു കളഞ്ഞു. ഈ ചരിത്രം പല ഹദീഥ് പണ്ഡിതൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്.

     ഇതാണ് നമ്മുടെ ഈമാനിന്റെ അവസ്ഥ. അല്ലാഹു നമ്മുടെ ഈമാൻ നിലനിർത്തി, അന്തിമവിജയം നേടിയവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)

                      ★    ★    ★

                 
.

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...