Saturday, September 16, 2017

18 - “മൃത്യു ദൂതൻ.” - ഭാഗം 2


     “വ്യത്യസ്ത രൂപങ്ങളിൽ...!”

 
.

 
.

      ബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു.

    ഒരിക്കൽ ഖലീലുല്ലാഹി ഇബ്റാഹീം (عليه السلام), ‘സത്യവിശ്വാസിയുടെ റൂഹ് പിടിക്കുന്നത് എങ്ങനെയാണെ’ന്ന് കാണിച്ചു തരാൻ മലകുൽ മൗതിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു:

    “എന്നിൽ നിന്ന് മുഖം തിരിക്കൂ.”

     ഇബ്റാഹീം (عليه السلام) മുഖം തിരിച്ചു. പിന്നെ നോക്കിയപ്പോൾ കാണുന്നത്, സുന്ദരവേഷം ധരിച്ച് സുഗന്ധമോടെ സുവിശേഷവുമായി ഒരു സുമുഖയുവാവ് !  അപ്പോൾ ഇബ്റാഹീം (عليه السلام) പറഞ്ഞു.

     “അല്ലാഹുവാണേ, ഒരു സത്യവിശ്വാസി ജീവിതത്തിൽ യാതൊരു സന്തോഷവും അനുഭവിച്ചില്ലെങ്കിൽ പോലും, (മരണസമയത്ത്) താങ്കളുടെ മുഖം ദർശിക്കുകയാണെങ്കിൽ അവന്ന് (ആനന്ദിക്കാൻ) അതു മാത്രം മതി.” പിന്നെ പറഞ്ഞു.

      “സത്യനിഷേധിയുടെ റൂഹ് പിടിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തരാമോ?”

     “ താങ്കൾക്കത് (മനക്കരുത്തോടെ) കാണാൻ കഴിയില്ല.”

     “എന്നാലും കാണിച്ചു തരൂ,”

     “എങ്കിൽ, എന്നിൽ നിന്ന് മുഖം തിരിക്കൂ.”

     അങ്ങനെ ഇബ്റാഹീം (عليه السلام) മുഖം തിരിച്ചു. പിന്നെ വീണ്ടും നോക്കി. അതൊരു കറുത്ത മനുഷ്യരൂപമായിരുന്നു. കാലുകൾ ഭൂമിയിൽ തന്നെ. തലയാകട്ടെ ആകാശത്തോളം ഉയർന്നു നിൽക്കുന്നു. നീ കണ്ട രൂപങ്ങളിലേറ്റവും ബീഭത്സമായ രൂപം! ശരീരത്തിലെ ഓരോ രോമകൂപങ്ങളിൽ നിന്നും തീ ജ്വാലകൾ ! അപ്പോൾ ഇബ്റാഹീം (عليه السلام) പറഞ്ഞു:

    “അല്ലാഹുവാണേ, സത്യനിഷേധി താങ്കളുടെ ഈ രൂപത്തിന്റെ ദർശനമല്ലാതെ മറ്റൊരു പ്രയാസവും അനുഭവിച്ചിട്ടില്ലെങ്കിൽ പോലും അവന് ഇത് മതിയാകും.”

     ഇതേ അർത്ഥത്തിലുള്ള മറ്റൊരു ഹദീഥ് ‘മർഫൂഅ്’ ആയി നബിﷺ തങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വേറൊരു ഹദീഥ് ഇബ്നു അബ്ബാസിൽ നിന്ന് ഇബ്റാഹീം നബി (عليه السلام) നെക്കുറിച്ച് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഇബ്റാഹീം (عليه السلام) ഏകാന്തത ഇഷ്ടപ്പെടുന്നവരായിരുന്നു. അദ്ദേഹം തനിച്ച് ആരാധനാനിമഗ്നനായി കഴിയുന്ന ഒരു ഭവനമുണ്ടായിരുന്നു. പുറത്തു പോകുമ്പോൾ പൂട്ടിയിടുമായിരുന്നു.

    ഒരു ദിവസം തിരിച്ചു വന്ന് വാതിൽ തുറന്നപ്പോൾ വീട്ടിനുള്ളിൽ ഒരാൾ നിൽക്കുന്നു! ഇബ്റാഹീം നബി (عليه السلام) ചോദിച്ചു.

     “ആരാണ് എന്റെ വീട്ടിലേക്ക് നിന്നെ കടത്തി വിട്ടത് ?”  ആഗതൻ പറഞ്ഞു.

    “ഇതിന്റെ ഉടമസ്ഥൻ.”

     “ഞാനാണല്ലോ ഇതിന്റെ ഉടമസ്ഥൻ”

      “നിങ്ങളെക്കാളും ഇതിൽ ഉടമസ്ഥാവകാശമുള്ളവനാണ് എന്നെ കടത്തി വിട്ടത്. ”

      “അപ്പോൾ നീ... മലക്കുകളിൽ പെട്ട ആരെങ്കിലുമാണോ..?.”

     “ഞാൻ മരണത്തിന്റെ മലക് ആകുന്നു. ”

      “എങ്കിൽ സത്യവിശ്വാസിയുടെ റൂഹ് പിടിക്കാൻ വരുന്ന താങ്കളുടെ രൂപം എനിക്ക് പ്രദർശിപ്പിക്കാമോ?”

    “അതെ,”

     പിന്നെ ഇബ്റാഹീംനബി (عليه السلام) തിരിഞ്ഞു നോക്കിയപ്പോൾ സുന്ദര വേഷത്തിൽ സുഗന്ധത്തോടെ സുമുഖനായ ഒരു യുവാവ്! അപ്പോൾ ഇബ്റാഹീം നബി (عليه السلام) പറഞ്ഞു.

       “ഓ മലകുൽ മൗത്, സത്യവിശ്വാസി മരണസമയത്ത് താങ്കളുടെ ഈ രൂപമല്ലാതെ മറ്റൊന്നും കാണുന്നില്ലെങ്കിൽ അവന്ന് (ആനന്ദലബ്ദിക്ക്) അതു മാത്രം മതി.”

     അങ്ങനെ ഇബ്റാഹീം നബി (عليه السلام) ന്റെ റൂഹ് പിടിക്കപ്പെട്ടു.

    ഒരേ ആൾ തന്നെ അങ്ങേയറ്റം സുന്ദരനായും വിരൂപനായും കാണപ്പെടുമോ? പണ്ഡിതൻമാർ പറയുന്നു. ഒരേ മനുഷ്യൻ തന്നെ ആരോഗ്യം, രോഗം, ശൈശവം, വാർദ്ധക്യം, യൗവനം തുടങ്ങിയ അവസ്ഥകളിലും കുളിച്ചു വരിക, യാത്ര കഴിഞ്ഞു വരിക പോലെയുള്ള മാറ്റങ്ങളിലും രൂപവ്യത്യാസം വരുന്നുണ്ടല്ലോ. അപ്പോൾ പ്രകാശസൃഷ്ടികളായ മലക്കുകളിൽ ഈ രൂപമാറ്റം പൊടുന്നനെ സംഭവിക്കാം.     الله اعلم

                       ★    ★    ★

     “നബിയേ, താങ്കൾ പറയുക. നിങ്ങളുടെ (കാര്യം) ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക് നിങ്ങളെ മരിപ്പിക്കും. പിന്നീട് നിങ്ങളുടെ രക്ഷിതാവിന്റെ സമക്ഷത്തിലേക്ക് മടക്കപ്പെടുന്നതുമാണ്.”

(സജദഃ -11)

     നസ് ബ്നു മാലിക് (رضي الله عنه) യിൽ നിന്ന് നിവേദനം.   നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു.

      “ നിശ്ചയം, മലകുൽ മൗത് എല്ലാ ദിവസവും എഴുപത് വട്ടം സൃഷ്ടികളുടെ മുഖത്തേക്ക് നോക്കുന്നതാണ്. ആളെ അയച്ച¹ (നോക്കിയ) അടിമ ചിരിക്കുമ്പോൾ (മലകുൽ മൗത്) പറയും :

     “അത്ഭുതം തന്നെ, അവന്റെ ആത്മാവ് പിടിക്കാൻ ഞാൻ ആളെ അയക്കുമ്പോൾ അവൻ ചിരിക്കുകയാണ്.”

                       ★    ★    ★

       അബൂ ജഅ്ഫർ (رضي الله عنه) വിൽ നിന്ന് നിവേദനം.

     ഒരു ദിവസം അൻസ്വാറുകളിൽ പെട്ട ഒരാളുടെ തലയുടെ അടുക്കൽ നിൽക്കുന്ന മലകുൽ മൗത്തിനെ നബിﷺ തങ്ങൾ നോക്കി. അങ്ങനെ അവിടുന്ന് പറഞ്ഞു.

     “എന്റെ കൂട്ടുകാരനോട് മയം കാണിക്കൂ. നിശ്ചയം, അവൻ സത്യവിശ്വാസി ആകുന്നു.”

      അപ്പോൾ മലകുൽ മൗത് പറഞ്ഞു.

      “മുഹമ്മദ് നബിയേ, സന്തോഷിച്ചു കൊള്ളുക. കൺകുളിർ കൊള്ളുക. നിശ്ചയം, എല്ലാ സത്യവിശ്വാസികളോടും ഞാൻ അനുകമ്പയുള്ളവനാണ്. അറിയുക, കരയിലും കടലിലുമുള്ള സർവ്വ വീടുകളിലും തമ്പുകളിലും വസിക്കുന്ന സകല സത്യവിശ്വാസികളെയും ഒരു ദിവസം അഞ്ച് ²വട്ടം ഞാൻ നിരീക്ഷിക്കാതിരിക്കില്ല. എത്രത്തോളം, അവരിലെ മുതിർന്നവരെയും കുട്ടികളെയുമെല്ലാം അവർ സ്വയം അറിയുന്നതിനേക്കാൾ നന്നായി എനിക്കറിയാം. മുഹമ്മദ് നബിﷺ യേ, അല്ലാഹുവാണ് സത്യം, ഞാൻ (സ്വന്തം നിലയിൽ) ഒരു റൂഹ് പിടിക്കാൻ എത്ര ആഗ്രഹിച്ചാലും അല്ലാഹു കൽപ്പിച്ചാലല്ലാതെ എനിക്കതിനു സാധ്യമല്ല.”

____________________________________

    ¹ മലകുൽ മൗത് നോക്കിയാൽ ഉടൻ സഹായികളായ മലക്കുകൾ റൂഹ് പിടിക്കാൻ വരുമെന്നുള്ള ഹദീഥ് മുമ്പ് ഉദ്ധരിച്ചിട്ടുണ്ടല്ലോ. അത് ചിന്തിക്കുക.

     ² ഈ ഹദീഥ് റിപ്പോർട്ട് ചെയ്ത ജഅ്ഫർ ബ്നു മുഹമ്മദ് (റ) അഞ്ച് പ്രാവശ്യമെന്നത് അഞ്ച് ഫർള് നിസ്കാരസമയങ്ങളിലാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഇവിടെ, രണ്ട് ഹദീഥുകളും പറയുന്നത് പരസ്പര വിരുദ്ധമല്ല. കാരണം ആദ്യത്തെ ഹദീഥിലുള്ളത് സർവ്വ ജീവികളിലേക്കുമുള്ള, ഗൗരവത്തോടെയുള്ള, കടാക്ഷത്തെ കുറിച്ചാണ്. എന്നാൽ രണ്ടാമത്തെ ഹദീഥ് പറയുന്നത് സത്യവിശ്വാസികളോട് മാത്രമുള്ള കാരുണ്യത്തിന്റെ നോട്ടത്തെ കുറിച്ചാണ്. അവ രണ്ടും ഒരു പക്ഷേ വ്യത്യസ്തങ്ങളായ കണ്ണുകൾ കൊണ്ട് ആകാം. അസ്റാഈൽ (عليه السلام) ന്റെ കണ്ണുകളും ചിറകുകളും വിവരിക്കുന്ന ഭാഗം ഓർക്കുക.    الله اعلم

     
                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...