“അന്ത്യ നിമിഷങ്ങൾ”
.
.
നമ്മുടെ മരണം ആസന്നമാകുന്ന ഘട്ടത്തിലെ അവസ്ഥകളെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അബ്ദുല്ലാഹി ബ്നു ബുറൈദഃ തന്റെ പിതാവ് ബുറൈദഃ (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ അദ്ദേഹം പറയുന്നു: നബി (സ്വ) അരുളിയതായി ഞാൻ കേട്ടു:
“സത്യവിശ്വാസി മരണപ്പെടുന്നത് ചെന്നി (മുകൾ നെററി) വിയർത്തു കൊണ്ടായിരിക്കും.”
(തിർമുദി, ഹാകിം, ഇബ്നുമാജഃ, )
സൽമാനുൽ ഫാരിസി (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു, അദ്ദേഹം പറഞ്ഞു: നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു:
“മരണസമയത്ത് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക; ചെന്നി വിയർത്തിട്ടുണ്ടോ, കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ, നാസികാ ദ്വാരം വികസിച്ചിട്ടുണ്ടോ, എന്നാൽ അത് അല്ലാഹുവിന്റെ റഹ്മത് അവനിൽ വർഷിച്ചിരിക്കുന്നു, എന്നാകുന്നു. അതേ സമയം തൊണ്ടയിൽ (ശ്വാസം) കുടുങ്ങിയവൻ കൂർക്കം വലിക്കുന്ന തരത്തിൽ ശബ്ദമുണ്ടോ, നിറം കറുത്തിരുണ്ടിട്ടുണ്ടോ, വായിൽ നുര വരുന്നുണ്ടോ, എന്നാൽ അത് അല്ലാഹുവിന്റെ ശിക്ഷ അവനിൽ ഇറങ്ങിയിരിക്കുന്നു, എന്നാകുന്നു.”
- ഇമാം തിർമുദി (നവാദിറുൽ ഉസ്വൂൽ)
★ ★ ★
.
അതിന്റെ കാരണം, സത്യവിശ്വാസിയുടെ അവശേഷിക്കുന്ന (പൊറുക്കപ്പെടാത്ത) ചെറുദോഷങ്ങൾ മരണസമയത്ത് അവന്റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെടും.
അപ്പോൾ (ഭയം കൊണ്ട്) അവന്റെ നെററി വിയർക്കും.
എന്നാൽ ചില പണ്ഡിതൻമാർ പറയുന്നു, അല്ലാഹുവിനെ നേരിടാനുള്ള ലജ്ജ കൊണ്ടാണ് നെററി വിയർക്കുന്നത്. തെറ്റുകൾ വന്നു പോയി, ഇപ്പോൾ ശരീരത്തിന്റ കീഴ്ഭാഗം മരിച്ചിരിക്കുന്നു. മേൽ ഭാഗത്ത് മാത്രമേ ചലനശേഷി ഉള്ളൂ, അതു കൊണ്ട് തന്നെയാണ് കണ്ണുകൾ നിറയുന്നതും. അത് ലജ്ജിക്കേണ്ട സമയം തന്നെ. സത്യനിഷേധി ഇതൊന്നും നോക്കുന്നില്ല. അപ്പോൾ അവനിൽ ശിക്ഷ ഇറങ്ങുന്നു. പാപിയായ വിശ്വാസിക്കും അവന്റെ ശിക്ഷയാൽ മറ്റൊന്നിനും കഴിയുന്നില്ല.
അപ്പോൾ റഹ് മത് വർഷിക്കപ്പെട്ടവർക്ക് മാത്രമാണ് വിയർപ്പ് വെളിവാകുന്നത്. അമ്പിയാക്കളിലും ഔലിയാക്കളിലും പെടാത്ത സാധാരണക്കാരുടെ കാര്യമാണിത്.
എന്നാൽ ഈ അഭിപ്രായങ്ങളെല്ലാം നിരത്തിയ ശേഷം ഇമാം ഖുർത്വുബി സമർത്ഥിക്കുന്നു.
‘ഓരോരുത്തരുടെയും നന്മകളുടെ തോതനുസരിച്ച്, ഈ മൂന്ന് ശുഭലക്ഷണങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നുമെല്ലാം കാണപ്പെടാറുണ്ട്.’
★ ★ ★
“മരണ ലഹരി”
.
.
ആഇശ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) യുടെ (അന്ത്യ വേളയിൽ) മുന്നിലായി വെള്ളം നിറച്ച ഒരു പാത്രമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ തൃക്കരങ്ങൾ ആ ജലത്തിലേക്ക് പ്രവേശിപ്പിച്ച് അതു കൊണ്ട് തന്റെ മുഖം തടവാൻ തുടങ്ങി. തങ്ങൾ പറയുന്നുണ്ടായിരുന്നു:
“ലാ ഇലാഹ ഇല്ലള്ളാഹ്, നിശ്ചയം മരണത്തിന് ഉൻമാദലഹരി¹ ഉണ്ട്.” പിന്നീട് കൈ കുത്തനെ ഉയർത്തി പിടിച്ചു. അവിടുന്ന് പറയാൻ തുടങ്ങി:
“അത്യുന്നതമായ സൗഹൃദ²ത്തിലേക്ക് ....!” (ഞാൻ പുറപ്പെടുന്നു) അവിടുത്തെ ആത്മാവ് പിടിക്കപ്പെട്ട് കൈ താഴുന്നതു വരെ.
(ബുഖാരി)
.
ആഇശ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു. മഹതി പറഞ്ഞു:
“നബി (സ്വ) തങ്ങൾ വഫാത്തായത് എന്റെ ചങ്കിന്റെയും നെഞ്ചിന്റെയും ഇടയിൽ തലവെച്ചായിരുന്നു. നബി (സ്വ) തങ്ങൾക്കു ശേഷം ഒരിക്കലും ഒരാൾക്കു വേണ്ടിയും ഞാൻ മരണത്തിന്റെ കാഠിന്യത്തെ വെറുക്കുന്നില്ല."
★ ★ ★
.
“ഭ്രാന്തിക ലഹരി”
.
“....മരണത്തിന്റെ ഭ്രാന്തികലഹരി യാഥാർത്ഥ്യത്തെയും കൊണ്ട് വരുന്നതാണ്.”
( ഖാഫ് : 19 )
ആഇശ (റ) യിൽ നിന്ന് നിവേദനം. മഹതി പറഞ്ഞു:
“നബി (സ്വ) തങ്ങളുടെ മരണത്തിന്റെ കാഠിന്യം കണ്ട ശേഷം, ഒരാളെക്കുറിച്ചും മരണം നിസ്സാരമാകുമെന്ന് ഞാൻ വ്യാമോഹിക്കുന്നില്ല.”
(തിർമുദി)
.
നബി (സ്വ) തങ്ങളിൽ നിന്ന് ജാബിർ ബ്നു അബ്ദുല്ലാഹ് (റ) ഉദ്ധരിച്ചതായി അബൂബക്ർ ബ്നു അബൂശൈബഃ തന്റെ 'മുസ്നദ്'ൽ രേഖപ്പെടുത്തി.
നബി (സ്വ) പറഞ്ഞു:
“നിങ്ങൾ ബനൂ ഇസ്റാഈൽകാരെ കുറിച്ച് സംസാരിക്കൂ, കാരണം അവരിൽ പല അത്ഭുതങ്ങളും ഉണ്ടായിട്ടുണ്ട്.”
പിന്നെ നബി (സ്വ) തങ്ങൾ ഞങ്ങളോട് പറയാൻ തുടങ്ങി:
“അവരിൽ പെട്ട കുറച്ചാളുകൾ യാത്രാമദ്ധ്യേ ഒരു മഖ്ബറയിലെത്തി. അപ്പോൾ അവർ പറഞ്ഞു, നമുക്ക് ഇവിടെ രണ്ടു റക്അത് നിസ്കരിച്ച ശേഷം അല്ലാഹുവിനോട് പ്രാർത്ഥിക്കാം, മരണത്തെ കുറിച്ച് നമുക്ക് പറഞ്ഞു തരാൻ മരണപ്പെട്ടവരിലാരെങ്കിലും പുറത്തു വരികയാണെങ്കിലോ.”
അങ്ങനെ അതനുസരിച്ച് അവർ പ്രവർത്തിച്ചു. അവരങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കേ ഒരു മനുഷ്യൻ പ്രത്യക്ഷനായി. അയാളുടെ തല വെളുത്തതായിരുന്നു, അതൊഴിച്ചാൽ ശരീരമാസകലം കറുത്തിരുന്നു, നെററിത്തടത്തിൽ സുജൂദിന്റ തഴമ്പുണ്ടായിരുന്നു. അയാൾ ചോദിച്ചു:
“ഏയ് കൂട്ടരേ,,, നിങ്ങൾക്ക് എന്തു വേണം ? നൂറ് വർഷമായി ഞാൻ മരണപ്പെട്ടിട്ട്, എനിക്ക് ഇപ്പോഴും മരണത്തിന്റെ വേദന മാറിയിട്ടില്ല. അതു കൊണ്ട് നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുവീൻ, എന്റെ മുന്നവസ്ഥയിലേക്ക് (കബ്റിലേക്ക്) തന്നെ എന്നെ തിരികെ കൊണ്ട് പോകാൻ.”
(അഹ് മദ്, ഹൈഥമി, കൻസുൽ ഉമ്മാൽ)
★ ★ ★
മുഹാസിബീ തന്റെ 'അൽറിആയഃ' എന്ന തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു തആല ഇബ്രാഹീം നബി (അ) നോട് ചോദിച്ചു:
“സ്നേഹിതാ, (ഖലീൽ) മരണത്തിന്റെ അനുഭവം എങ്ങനെയാണ്.?”
ഇബ്രാഹീം നബി (അ) പറഞ്ഞു:
“ചൂടുള്ള ഇരുമ്പു കമ്പി ഈർപ്പമുള്ള കമ്പിളിയിലേക്ക് കയറ്റിയ ശേഷം പുറത്തേക്കു വലിച്ചടുക്കും പോലെയാണ്.”
അല്ലാഹു തആല പറഞ്ഞു:
“ഇബ്രാഹീം നബിയേ, നിശ്ചയം താങ്കൾക്ക് നാമത് നിസ്സാരമാക്കി തന്നിരുന്നു.”
നമ്മുടെ ചില പണ്ഡിതൻമാർ ( അല്ലാഹു തആല അവർക്ക് അനുഗ്രഹം ചൊരിയട്ടെ ) ചർച്ച ചെയ്യുന്നു : അമ്പിയാമുർസലുകൾ, ഔലിയാക്കൾ, സൻമാർഗ്ഗികൾ തുടങ്ങിയവർക്ക് പോലും ഇത്തരം മരണ വേദനകൾ നേരിട്ടിരുന്നു, എന്നാൽ അല്ലാഹുവിന്റെ ചിന്തയിൽ നിന്ന് അകന്ന, മരണത്തിന്റെ മുന്നൊരുക്കത്തിൽ പിന്നിലായ നമുക്ക് അങ്ങനെ ഇല്ലല്ലോ ?
((قل هو نبأ عظيم ⭕ أنتم عنه معرضون ))
"നബിയേ താങ്കൾ പറയുക, അത് ഗൗരവമുള്ള വിവരമാകുന്നു. നിങ്ങൾ അതിനെ അവഗണിക്കുന്നു.”
(സ്വാദ് : 67, 68)
അവർ അതിന് മറുപടി പറഞ്ഞു:
“അമ്പിയാമുർസലുകൾക്ക് (അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങൾ എല്ലാവരിലും വർഷിക്കപ്പെടട്ടെ.) സംഭവിച്ചതായി പറയപ്പെടുന്ന മരണകാഠിന്യത്തിൽ രണ്ട് സൂചനകളുണ്ട്.
ഒന്ന്: മനുഷ്യർക്ക് മരണ വേദനയുടെ പരിമാണം (അളവ്) മനസ്സിലാക്കി കൊടുക്കുക. കാരണം അത് മറഞ്ഞ അറിവുകളിൽ പെട്ടതാകുന്നു. ചിലപ്പോൾ ചിലരിൽ ചില കാര്യങ്ങൾ വെളിവായേക്കും. കാണുന്നവർക്ക് ചിലപ്പോൾ പ്രയാസമില്ലാതെ റൂഹ് പിടിക്കപ്പെട്ടതായി തോന്നും. പക്ഷേ മരിക്കുന്നവർ അനുഭവിക്കുന്ന വേദനയുടെ തീഷ്ണത അത് കാണുന്നവർക്ക് അറിയില്ല. എന്നാൽ സത്യസന്ധൻമാരായ അമ്പിയാമുർസലുകൾ അവരുടെ വേദനയുടെ തീഷ്ണത വിവരിക്കുമ്പോൾ സാധാരണക്കാർക്ക് അതിനെ ക്കുറിച്ചുള്ള കൃത്യമായ ലക്ഷ്യം ലഭിക്കുന്നു.
രണ്ട് : ചില ആളുകളുടെ മനസ്സിൽ തോന്നാം, അമ്പിയാമുർസലുകൾ അല്ലാഹുവിന്റെ ഇഷ്ടദാസൻമാരല്ലേ, പിന്നെങ്ങനെയാണ് അവർ ഇത്രയും കഠിനമായ വേദന അനുഭവിക്കേണ്ടി വരിക..? അല്ലാഹുവിന്ന് അത് അവർക്ക് ലഘൂകരിച്ചു നൽകാൻ കഴിയില്ലേ..?
ഉത്തരം: നബി സ്വ പറഞ്ഞു:
"ഇഹലോകത്ത് ഏറ്റവും അധികം പരീക്ഷിക്കപ്പെടുന്നവർ അമ്പിയാമുർസലുകളും പിന്നെ അവരെപ്പോലെ ജീവിക്കുന്നവരുമാണ്."
(തിർമുദി, ഇബ്നുമാജഃ, ദാരിമി, അഹ് മദ് )
അല്ലാഹു തആല അവരെ പരീക്ഷിക്കുന്നത് പരലോകത്ത് അവരുടെ ശ്രേഷ്ഠത പരിപൂർണ്ണമാക്കാൻ വേണ്ടിയാണ്, അവരുടെ സ്ഥാനം ഉയർത്താൻ വേണ്ടിയാണ്. അത് അവർക്ക് ന്യൂനതയോ ശിക്ഷയോ അല്ല. മറിച്ച് ജീവിതത്തിലുടനീളം അവർ അനുഭവിച്ചിട്ടുള്ള പരീക്ഷണങ്ങളുടെ പര്യവസാനമാകുന്നു. അതിലൂടെ അവരുടെ പ്രതിഫലം പൂർത്തിയാക്കപ്പെടുകയാണ്.
__________________________________
¹ സാമാന്യബുദ്ധി ഇല്ലാതാക്കുന്ന കാഠിന്യം; ഭ്രാന്ത് പിടിപ്പിക്കുന്ന ഭീകരാവസ്ഥ.
² റഫീഖ് ( الرفيق ) = കൂട്ടുകാരൻ. അതു കൊണ്ട് ഉദ്ദേശിക്കുന്നത് മുൻ കഴിഞ്ഞ അമ്പിയാക്കളാണെന്ന് ഇമാം നവവി (റ) തന്റെ ശറഹു മുസ് ലിം എന്ന ഹദീഥ് വ്യാഖ്യാന ഗ്രന്ഥത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബഹുവചനമായും ആ പദം പ്രയോഗിക്കുമെന്നും ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഏകവചനത്തിന്റയും ബഹുവചനത്തിന്റെയും അർത്ഥങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് 'സൗഹൃദം' എന്ന വിവർത്തനം.
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment