Saturday, September 30, 2017

27- “സച്ചരിതരുടെ ചാരേ...”

          “സച്ചരിതരുടെ ചാരേ...”



   
   

     അലി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു :

    “ഞങ്ങളിൽ മരണപ്പെട്ടവരെ സ്വാലിഹീങ്ങളായ ജനതക്കിടയിൽ മറവ് ചെയ്യാൻ, തിരുദൂതർﷺ തങ്ങൾ ഞങ്ങളോട് കൽപ്പിച്ചു. നിശ്ചയം, (ദുഷിച്ച) ജീവിച്ചിരിക്കുന്നവർ വിഷമിപ്പിക്കുന്നത് പോലെ തന്നെ, മരണപ്പെട്ടവർക്ക് ദുഷിച്ച അയൽ (മണ്ണറ) വാസികളെ കൊണ്ടും ബുദ്ധിമുട്ടുണ്ടാകും.”

(അബൂ സഈദ് അൽ മാലീനി, അബൂബക്ർ അൽഖറാത്വീ, ഇബ്നു ഹിബ്ബാൻ, ഇബ്നുൽ ജൗസി)

        ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന്, നബിﷺ തങ്ങളെ ക്കുറിച്ച് ഉദ്ധരിക്കുന്നു. അവിടുന്ന് അരുളി :

    “നിങ്ങളുടെയാരെങ്കിലും മരണപ്പെട്ടാൽ അവരുടെ കഫൻ പുടവ നന്നാക്കുക. അവരുടെ വസ്വിയ്യത്തുകൾ വേഗം നടപ്പാക്കുക. ക്വബ്ർ ആഴത്തിലാക്കുക. ദുഷിച്ചവരിൽ നിന്ന് (മണ്ണറയാൽ) അകറ്റുക.”

       അപ്പോൾ ചിലർ ചോദിച്ചു :

        “അല്ലാഹുവിന്റെ തിരു ദൂതരേ, പരലോകത്ത് സൻമാർഗ്ഗിയായ (മണ്ണറയിലെ) അയൽവാസിയാൽ ഉപകാരം ലഭിക്കുമോ?.”

       “ഇഹലോകത്ത് ഉപകാരം ലഭിക്കുമോ..?.”

       “ലഭിക്കും.”

      “ഇപ്രകാരം പരലോകത്തും ഉപകാരം ലഭിക്കും.”

(ഇമാം സമഖ്ശറി യുടെ ‘റബീഉൽ അബ്റാർ’)

    മാലിക് ബ്നു അനസ് (رضي الله عنه) തന്റെ പിതാമഹനിൽ നിന്ന് ഉദ്ധരിച്ചതായി ഹാഫിള് അബൂനഈം രേഖപ്പെടുത്തുന്നു :

    അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു :

   “നിങ്ങളിൽ മരണപ്പെട്ടവരെ, സച്ചരിതരായ ജനതക്കിടയിൽ മറവ് ചെയ്യുക. നിശ്ചയം, ദുഷിച്ച അയൽവാസിയെക്കൊണ്ട് മരണപ്പെട്ടവൻ വിഷമിക്കും.”

     നമ്മുടെ പണ്ഡിതൻമാർ ¹ പറയുന്നു. സ്വാലിഹീങ്ങളുടെ ക്വബ്റുകൾക്കരികിലും സച്ചരിതരുടെ മക്വ് ബറഃകളിലും അന്ത്യവിശ്രമസ്ഥലം തീരുമാനിക്കുന്നത് ഉത്തമമാകുന്നു. അവരുടെ കൂടെയും തൊട്ടടുത്ത ക്വബ്റിലും സമീപ പ്രദേശത്തും മറവ് ചെയ്യാം. അത് ബറകത് ആകുന്നു. അവരുടെ സാമീപ്യം അല്ലാഹുവിലേക്ക് ‘തവസ്സുൽ’ ആകുന്നു. സാമീപ്യത്താൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നവരിൽ നിന്ന് അകന്ന് നിൽക്കുക. ആ ദുർമ്മാർഗ്ഗികളുടെ ദീനരോദനങ്ങളും അവർക്കുള്ള ശിക്ഷകളും സമീപ മണ്ണറവാസികളെ അലോസരപ്പെടുത്തും.

   ക്വുർത്വുബഃയിൽ (Cordova) മറവ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ കുറിച്ച് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അല്ലാഹു കാക്കട്ടെ.) അവളുടെ സ്വന്തക്കാരുടെ സ്വപ്നത്തിൽ അവൾ വന്നു. അവൾ അവരെ ആക്ഷേപിക്കുകയും പരാതി പറയുകയും ചെയ്യുകയാണ്!

   “എന്നെ മറവ് ചെയ്യാൻ ആ ‘ചുണ്ണാമ്പ് കൽച്ചൂള’ ² അല്ലാതെ വേറൊന്നും കിട്ടിയില്ലേ..? ”

   നേരം പുലർന്ന ശേഷം അവർ അവളുടെ ക്വബ്റിങ്കൽ പോയി നോക്കി. പക്ഷേ അവിടെയെവിടെയും സമീപ പ്രദേശത്ത് പോലും ചുണ്ണാമ്പ് കൽച്ചൂള ഇല്ല ! അങ്ങനെ അവർ സൂക്ഷ്മാന്വേഷണം നടത്തി. അവളുടെ മുന്നിലെ ക്വബ്റിൽ മറവ് ചെയ്യപ്പെട്ടതാരാണെന്ന് ചോദിച്ചറിഞ്ഞു. അപ്പോൾ അത് ഇബ്നു ആമിർ ഗോത്രക്കാരിൽ പെട്ട ഒരു ‘ആരാച്ചാരു’ടേതാണ് ³ എന്ന വിവരം കിട്ടി. അയാളുടെ ക്വബ്ർ അവളുടേതിന്റെ തൊട്ടടുത്തായിരുന്നു. അങ്ങനെ അവർ അവളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റി മറവ് ചെയ്തു.

        ഇത് അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് തന്റെ ‘കിതാബുൽ ആക്വിബഃ’ യിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒരു ഗ്രാമീണ അറബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അയാൾ (സ്വപ്നത്തിൽ) തന്റെ പിതാവിനോട് ചോദിച്ചു.
   “അല്ലാഹു തആല താങ്കളെ എന്തു ചെയ്തു?.”
   “അല്ലാഹു യാതൊരു വിഷമവും (ക്വബ്റിൽ) എനിക്ക് വരുത്തിയിട്ടില്ല. എങ്കിലും എന്നെ മറവ് ചെയ്തിരിക്കുന്നത് തെമ്മാടിയായ ഒരുത്തന്റെ ചാരെയാണ്. അവനെ പലതരത്തിലുമുള്ള ശിക്ഷകളാൽ ശിക്ഷിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു.”

   
                     ★    ★    ★

  
      അബുൽ ക്വാസിം ഇസ്ഹാക്വ് ബ്നു ഇബ്റാഹീം അൽ ഖത് ലീ (رحمه الله) തന്റെ ഗ്രന്ഥമായ ‘അൽ ദീബാജ്’ ൽ രേഖപ്പെടുത്തുന്നു. അബുൽ വലീദ് (رحمه الله) വിശ്വസനീയമായ പരമ്പരയിലൂടെ ത്വാഊസ് ബ്നു ദക് വാൻ അൽ യമാനി (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്നു.

       അദ്ദേഹം (ത്വാഊസ്)  ഹജ്ജിന് പുറപ്പെട്ടു. കൂട്ടുകാരോടൊപ്പം ‘അബ്ത്വഹ്' ലെ മക്വ് ബറയുടെ അടുത്തെത്തി. അങ്ങനെ അദ്ദേഹം പറയുന്നു.

        “അർദ്ധരാത്രി ഞാൻ നിസ്കരിക്കുകയായിരുന്നു. യമനിൽ നിന്ന് എഴുപത് സ്വർണ്ണ നാണയം കൊടുത്ത് വാങ്ങിയ കട്ടി പുതപ്പ് ഞാൻ പുതച്ചിട്ടുണ്ട്. എന്റെ അടുത്ത സ്ഥലത്തായി ഒരു ക്വബ്ർ കുഴിച്ചിട്ടുണ്ട്.

      അപ്പോൾ അകലെ നിന്ന് ഒരു പന്തം കത്തിച്ച സംഘം മയ്യിത്തുമായി അടുത്തു വരുന്നത് ഞാൻ കണ്ടു. അപ്പോൾ കുഴിക്കപ്പെട്ട ക്വബ്റിന്റ തൊട്ടടുത്ത ക്വബ്റിൽ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു.

      “അല്ലാഹുവേ, ദുഷിച്ച അയൽവാസിയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.”

       അപ്പോൾ നിസ്കാരം വേഗം പൂർത്തിയാക്കി സലാം വീട്ടി,  മയ്യിത്തുമായി വരുന്നവരുടെ അടുത്തേക്ക് ഞാൻ പുറപ്പെട്ടു. അവരോട് സലാം ചൊല്ലിയ ശേഷം ഞാൻ പറഞ്ഞു.

     “അല്ലാഹു നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ, നിങ്ങൾ ഇങ്ങോട്ട് കൊണ്ടു വരേണ്ട. ദൂരെ കൊണ്ടു പോയി മറവ് ചെയ്യൂ.”

          “ഞങ്ങൾക്കതിന് കഴിയില്ല. ഞങ്ങളാണ് ഈ ക്വബ്ർ കുഴിച്ചത്. ഇനി മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ വയ്യ.”

       “ആരാണ് ഈ മയ്യിത്തിന്റെ അടുത്ത ബന്ധു?."

      “ഈ മകനാണ്.”

അപ്പോൾ ഞാൻ അവനോട് പറഞ്ഞു.

      “നിന്റെ ഈ വസ്ത്രം എനിക്ക് തന്ന്, ഞാൻ എഴുപത് ദീനാറിന്ന് യമനിൽ നിന്ന് വാങ്ങിയ എന്റെ പുതപ്പ് സ്വീകരിച്ച്, മയ്യിത്ത് മറ്റെവിടെയെങ്കിലും മറവ് ചെയ്തു കൂടേ.?  ഇതിന് ഇവിടെ അതിലും വില ലഭിക്കുമല്ലോ. നിന്റെ പിതാവിന് വല്ല കടവുമുണ്ടെങ്കിൽ ഇത് കൊണ്ട് അത് വീട്ടാം. കടമില്ലെങ്കിൽ അനന്തരാവകാശികളായ  നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുമല്ലോ. ഇത് സ്വീകരിച്ച്, ഞങ്ങൾക്ക് വെറുപ്പുള്ളത് ഒഴിവാക്കൂ.”

     അപ്പോൾ ആ ജനങ്ങൾ എന്റെ വാക്കുകൾ തിരസ്കരിക്കുകയാണ്. തന്റെ പുതപ്പിന്റെ വില ഉയർത്തിപ്പറയുന്ന ഒരാളായിട്ടാണ് അവരെന്നെ ഗണിക്കുന്നത്. അപ്പോൾ ഞാൻ ആരാണെന്ന് വെളിപ്പെടുത്തൽ ആവശ്യമാണെന്ന് എനിക്ക് ബോധ്യം വന്നു. ഞാൻ ചോദിച്ചു.

      “നിങ്ങൾക്ക് ത്വാഊസുൽ യമാനിയെ അറിയുമോ.?”

     “അതെ.”

     “ഞാനാണ് ത്വാഊസുൽ യമാനി. പുതപ്പിന്റെ വിഷയത്തിൽ ഞാൻ സത്യമേ പറഞ്ഞിട്ടുള്ളൂ.”

      അപ്പോൾ അയാൾ വന്ന് അയാളുടെ ഉത്തരീയം എനിക്കു തന്ന്, എന്റേത് സ്വീകരിച്ച്, മയ്യിത്തുമായി തിരിച്ചു പോയി.പിന്നെ ഞാൻ ആ ക്വബ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു.

     “ഇനി നിങ്ങൾ ഇഷ്ടപ്പെടാത്ത ആ അയൽവാസി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. എനിക്ക് അയാളെ തടയാൻ കഴിഞ്ഞു."

    പിന്നെ ഞാൻ തിരിച്ചു പോയി നിസ്കാരം തുടർന്നു.”

 
     ദുഷിച്ച അയൽവാസിയിൽ നിന്ന് ദൂരം പാലിക്കുക മാത്രമല്ല. സ്വാലിഹീങ്ങളായ മണ്ണറക്കാരെ വിഷമിപ്പിക്കാനും പാടില്ല, എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. അപ്പോൾ സ്വാലിഹീങ്ങളായ ബന്ധുക്കളുടെ ചാരെ മറവ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.        الله اعلم


____________________________________

 
  ¹ ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ ‘നമ്മുടെ പണ്ഡിതൻമാർ’ എന്നു പറഞ്ഞാൽ സ്വഹാബിവര്യൻമാരിലും താബിഉകളിലും സലഫുസ്സ്വാലിഹുകളിലും ഉള്ള മഹാജ്ഞാനികൾ ആകുന്നു. മിക്കവരും ഏകദേശം ഹിജ്റ മുന്നൂറിന്ന് മുമ്പുള്ളവർ. പിൽക്കാല പണ്ഡിതരോ, ആധുനിക പണ്ഡിതരോ ആണെന്ന് ഒരിക്കലും ധരിക്കരുത്.

  ² ചുണ്ണാമ്പ് കല്ലുകളും വിറകുകളും, ഇഷ്ടികച്ചൂള പോലെ, പ്രത്യേകരീതിയിൽ അടുക്കി വെച്ച് കത്തിക്കുന്ന സ്ഥലം. ആഴ്ച്ചകളോളം പുകഞ്ഞ് കത്തിയാൽ കുമ്മായം ലഭിക്കും. കക്ക ചൂളയിലിടുന്നതിന് പകരം കൂടുതൽ കുമ്മായം ഉണ്ടാക്കാൻ ഈ രീതി അവലംബിക്കുന്നു.

  ³ ആരാച്ചാർ വധശിക്ഷ നടപ്പാക്കുന്നവനാണ്. തന്റെ ജോലിയിൽ സൂക്ഷ്മത പുലർത്താതിരിക്കുകയോ സ്വാർത്ഥത കാണിക്കുകയോ ചെയ്യുന്നവനാകാം. അതുമല്ലെങ്കിൽ ഭരണാധികാരിക്ക് വഴിപ്പെട്ട് നിരപരാധികളെ ശിക്ഷിക്കാറുണ്ടാകാം. അതിന്റെ തിക്തഫലമായി അയാളെ ക്വബ്റിൽ തന്നെ നരകാഗ്നിയിൽ കത്തിക്കുന്നതാകാം. അതിന്റെ ചൂട് തൊട്ടടുത്ത ക്വബ്റിൽ വരെ എത്തിയതിനാൽ ആയിരിക്കാം അവൾ ചൂള എന്ന് വിശേഷിപ്പിച്ചത്. ചൂളയിൽ വിറക് കത്തുന്നതിനനുസരിച്ച് തൊട്ടടുത്ത കല്ലും ചുട്ടു നീറുകയാണല്ലോ.



                     ★    ★    ★

 
.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

26 -  “വിശുദ്ധമണ്ണിൽ അന്ത്യവിശ്രമം”


  “വിശുദ്ധമണ്ണിൽ അന്ത്യവിശ്രമം”


.



       ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :

         “ആരെങ്കിലും എന്റെ ക്വബ്ർ സിയാറത് ചെയ്താൽ അല്ലെങ്കിൽ എന്നെ സന്ദർശിച്ചാൽ ഞാൻ അവന്ന് സാക്ഷിയോ ശിപാർശകനോ ആകുന്നതാണ്. ഒരാൾ ഇരു ഹറമുകളിൽ ഏതെങ്കിലും ഒന്നിൽ വെച്ച് മരണപ്പെട്ടാൽ, അന്ത്യനാളിൽ അല്ലാഹു തആല നിർഭയരുടെ കൂട്ടത്തിലായി അവനെ പുനരുദ്ധരിക്കുന്നതാണ്.”

(അബൂ ദാവൂദ് അത്ത്വയാലിസീ, ദാറു ക്വുത്വ് നി)

  

         അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. മൂസാ നബി (عليه السلام) ന്റെ അടുക്കലേക്ക് മലകുൽ മൗത്തിനെ നിയോഗിക്കപ്പെട്ടു. മലകുൽ മൗത് വന്നപ്പോൾ മൂസാ (عليه السلام) മുഖത്തടിച്ച് കണ്ണ് പൊട്ടിച്ചു. അപ്പോൾ മലകുൽ മൗത് റബ്ബിന്റെ അടുക്കലേക്ക് മടങ്ങിപ്പോയി. (മലകുൽ മൗത്) പറഞ്ഞു.

      “നീയെന്നെ അയച്ചത് മരണമാഗ്രഹിക്കാത്ത അടിമയുടെ അടുത്തേക്കാണ്.”

      അപ്പോൾ അല്ലാഹു തആല അവരുടെ കണ്ണ് (കാഴ്ച്ച) മടക്കി നൽകി. എന്നിട്ട് പറഞ്ഞു.

     “നീ മൂസായുടെ (عليه السلام) അടുത്തേക്ക് തിരിച്ചു പോകൂ, എന്നിട്ട് അദ്ദേഹത്തോട്, ഒരു കാളയുടെ മുതുകിൽ കൈ വെക്കാൻ പറയുക. തന്റെ കയ്യിലൊതുങ്ങുന്ന ഓരോ രോമത്തിനും ഓരോ വർഷം വീതം (ആയുസ്സ്) ലഭിക്കുമെന്നും (അറിയിക്കുക).”

      മൂസാ നബി (عليه السلام) ചോദിച്ചു.

       “എന്റെ റബ്ബേ, അതു കഴിഞ്ഞാലോ? ”

      “അതു കഴിഞ്ഞാൽ മരണം.”

      “എങ്കിൽ ഇപ്പോൾ തന്നെയാവട്ടെ.”

       അപ്പോൾ മൂസാ നബി (عليه السلام) (തന്റെ അന്ത്യവിശ്രമം) ‘വിശുദ്ധഭൂമിയോട് കല്ലെറിഞ്ഞാലെത്തുന്ന (വിധം) അടുത്തായിരിക്കണ’മെന്ന് അപേക്ഷിച്ചു.

     അങ്ങനെ നബിﷺ തങ്ങൾ പറഞ്ഞു.

      “നാം അവിടെയായിരുന്നു എങ്കിൽ വഴിയരികേ ചുവന്ന മണൽക്കുന്നിനു താഴെ അദ്ദേഹത്തിന്റെ ക്വബ്ർ നിങ്ങൾക്ക് ഞാൻ കാണിച്ചു തരുമായിരുന്നു.”

(ബുഖാരി, മുസ് ലിം)

  
  

    ഹദീഥുകൾ, പുണ്യഭൂമികൾ അന്ത്യവിശ്രമത്തിനായി തെരെഞ്ഞെടുക്കുന്നത് ഉത്തമമാണെന്ന് കാണിക്കുന്നു. ഈ മൂന്ന് പുണ്യസ്ഥലങ്ങളിലും ദജ്ജാൽ അടുക്കുകയില്ല, എന്നുള്ള തിരുവചനവും ഇതിന്ന് അടിവരയിടുന്നു.

 
                       ★   ★   ★

 
      ഇബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം.  നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു :

      “മദീനഃയിൽ വെച്ച് മരണപ്പെടാൻ കഴിയുമെങ്കിൽ അവിടെത്തന്നെ മരണപ്പെടണം.നിശ്ചയം, അവിടെ മരണപ്പെട്ടവർക്ക് വേണ്ടി ഞാൻ ശിപാർശ ചെയ്യുന്നതാണ്.”

(തിർമുദി, നസാഈ, ഇബ്നു ഹിബ്ബാൻ)
  

      ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

      “അല്ലാഹുവേ, എനിക്ക് നിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷ്യം നൽകേണമേ, നിന്റെ പ്രവാചകന്റെ നാട്ടിലായ് അന്ത്യം നൽകേണമേ. ”

(ബുഖാരി, മുവത്വ)

 
   സഅ്ദ് ബ്നു അബീവക്വാസ്, സഈദ് ബ്നു സൈദ് (رضي الله عنهما) തുടങ്ങിയവർ അവരുടെ തട്ടകമായ അക്വീക്വിൽ നിന്ന് മദീനഃയിലെ മക്വ് ബറഃയായ ബക്വീഇലേക്ക് കൊണ്ടു വന്ന് മറവ് ചെയ്യാൻ വസ്വിയ്യത് ചെയ്തിരുന്നു. അത് മദീനഃമണ്ണിന്റെ മഹത്വം അവർക്ക് അറിയാമായിരുന്നത് കൊണ്ടാണ്. അത് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന നബിﷺ തങ്ങളുടേയും സ്വഹാബികളുടേയും  ശുഹദാക്കളുടെയും സ്വാലിഹുകളുടേയും മറ്റു സച്ചരിതരുടേയും സാമീപ്യം കൊണ്ട് മാത്രമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

  

    നമ്മുടെ ചില പണ്ഡിതൻമാർ പറയുന്നു. അന്ത്യവിശ്രമസ്ഥലം ആരേയും മഹത്വരാക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യില്ല. ഒരാളെ മഹത്വപ്പെടുത്തുന്നത്  സൽകർമ്മത്തോടൊപ്പമുള്ള ഹൃദയ വിശുദ്ധിയാകുന്നു.

     എന്നാൽ ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നത്, ഇപ്രകാരം മഹത്വമുള്ള ഒരാൾ വിശുദ്ധഭൂമിയോട് ചേർന്നാൽ അയാളുടെ കർമ്മങ്ങൾ ഇരട്ടിക്കപ്പെട്ടേക്കാം. മാത്രമല്ല, തിൻമകൾ മായ്ക്കപ്പെടാനും നൻമ മുൻതൂക്കമാകാനും അത് കാണമായേക്കും. പക്ഷേ, അത് ഒരു നിർബന്ധമായ കാര്യമായിട്ടല്ല, മറിച്ച് അതിനെ തുടർന്ന് ഉണ്ടാകുന്ന അല്ലാഹുവിന്റെ ഔദാര്യം മാത്രമായി കാണുകയാണ് വേണ്ടത്.      الله أعلم

 

              “ നേത്ര ധ്വംസനം”

   
 

    (മൂസാ നബി (عليه السلام) മലകുൽ മൗത്തിന്റെ കണ്ണ് അടിച്ച് പൊട്ടിക്കുകയോ....?
    അതെങ്ങനെ സംഭവിക്കും ?
     ഈ വിഷയത്തിലുള്ള പണ്ഡിതൻമാരുടെ വീക്ഷണങ്ങളും, അവയ്ക്ക് ഇമാം തങ്ങളുടെ വിശദീകരണങ്ങളും താഴെ ചേർക്കുന്നു.)

     ★ ചിലർ അഭിപ്രായപ്പെടുന്നത് അത് യഥാർത്ഥ നേത്രങ്ങൾ ആയിരിക്കില്ല, എന്നാണ്. അല്ലെങ്കിൽ നേത്രമെന്നത് ആലങ്കാരിക പ്രയോഗമാകാം.

    ഇത് ബാത്വിൽ (തെറ്റ്) ആകുന്നു. കാരണം ഇത് ‘അമ്പിയാക്കൾ കാണുന്നത് യഥാർത്ഥമല്ല,’ എന്ന തെറ്റായ സന്ദേശം നൽകും. ആലങ്കാരികമാണ് എന്നതിന് സന്ദർഭലക്ഷണങ്ങളുമില്ല.

   ★ ആദ്യം മൂസാ നബി (عليه السلام) ന് ആളെയറിഞ്ഞില്ല. സമ്മതം കൂടാതെ തന്റെ വീട്ടിനുള്ളിൽ കയറിയ അപരിചിതനെ അദ്ദേഹം കഠിനമായി പ്രതിരോധിച്ചു. സർവ്വശക്തിയും പ്രയോഗിച്ചപ്പോൾ കണ്ണ് പൊട്ടിപ്പോയി.

   ഇമാം അബൂബക്ർ ബ്നു ഖുസൈമഃ (رحمه الله) യുടെ ഈ അഭിപ്രായം കുറച്ചു കൂടി മെച്ചമാണ്. പക്ഷേ, അങ്ങനെയെങ്കിൽ ‘മരിക്കാനാഗ്രഹിക്കാത്ത അടിമ’ എന്ന് മലകുൽ മൗത്, മൂസാ (عليه السلام) നെ വിശേഷിപ്പിക്കില്ലായിരുന്നു.

      ★ ഇബ്നു അറബീ (رحمه الله) യുടെ വീക്ഷണത്തിൽ, മൂസാ (عليه السلام) മുൻകോപത്താൽ ആദ്യം അടിച്ചതാണ്.

     ഇതും തെറ്റാകുന്നു. മഅ്സൂമുകളായ അമ്പിയാക്കളിൽ നിന്ന് ഇത്തരം ക്ഷിപ്രകോപം സ്വന്തം കാര്യത്തിൽ സംഭവിക്കില്ല.

    ★ ഇബ്നു മഹ്ദി (رحمه الله) യുടെ വീക്ഷണപ്രകാരം, വേഷപ്രച്ഛന്നനായ മരണദൂതന്റെ അയഥാർത്ഥമായ മിഴികളാണ് തകർത്തത്. അത് കൊണ്ടാണ് പിന്നീട് യഥാർത്ഥ നേത്രങ്ങളോടെ, മലകുൽ മൗത്തിനെ കണ്ടത്.

     ★ എന്നാൽ ഏറ്റവും പ്രസക്തമായ വീക്ഷണമിതാണ്. മൂസാ (عليه السلام) ന്, നമ്മുടെ നബിﷺക്ക് അറിയിക്കപ്പെട്ട പോലെ, ‘തന്റെ ഇഷ്ടമില്ലാതെ റൂഹ് പിടിക്കുകയില്ല’ എന്ന്  അറിയിക്കപ്പെട്ടിരുന്നു.(ഇമാം ബുഖാരിയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീഥുകൾ ഇതിനെ സാധൂകരിക്കുന്നുണ്ട്.) ഇതിനു വിരുദ്ധമായി മരണദൂതൻ വന്നപ്പോൾ മൂസാ നബി (عليه السلام) ഉടൻ തന്റെ ആത്മാഭിമാനവും ഇച്ഛാശക്തിയും കൊണ്ട് മലകുൽ മൗത്തിനെ മര്യാദ പഠിപ്പിച്ചു. അപ്പോൾ മലകുൽ മൗത്തിന് ഒരു പരീക്ഷണമെന്നോണം മിഴികൾ തകർന്നു. കാരണം, അപ്പോൾ മലക്, സ്വയം തെരെഞ്ഞെടുപ്പിന് അവസരം നൽകിയിരുന്നില്ല. രണ്ടാം തവണ വന്നപ്പോൾ ഇഷ്ടത്തിനുള്ള അവസരം നൽകിയത് ഇതിനെ സാധൂകരിക്കുന്നു. അപ്പോൾ മൂസാ (عليه السلام) മരണം തെരെഞ്ഞെടുക്കുകയും സ്വയം അതിന് കീഴ്പ്പെടുകയും ചെയ്തു. അല്ലാഹു തആല എല്ലാം അറിയുന്നവനും വിധിക്കുന്നവനുമാണല്ലോ.
   
      (ഇമാം ഹകീം തിർമുദി തന്റെ ‘നവാദിറുൽ ഉസ്വൂൽ’ എന്ന ഗ്രന്ഥത്തിൽ ഇവിടെ പ്രസക്തമായ ഹദീഥ് ഉദ്ധരിക്കുന്നുണ്ട്.)
  
     അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു :

     “മലകുൽ മൗത്, മൂസാ (عليه السلام) ന്റെ അടുത്തെത്തും വരെ, ജനങ്ങളുടെ അടുത്തേക്ക് (റൂഹ് പിടിക്കാൻ) നേരിൽ ദൃശ്യനായാണ് വന്നിരുന്നത്. അപ്പോൾ മൂസാ (عليه السلام) അദ്ദേഹത്തിന്റെ മുഖത്തടിച്ചു, അങ്ങനെ നേത്രം തകർന്നു .................................. അതിനു ശേഷം ജനങ്ങളുടെ അടുത്തേക്ക് അദൃശ്യനായിട്ടാണ്  വരാറുള്ളത്.”

(നവാദിറുൽ ഉസ്വൂൽ)

                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

Friday, September 29, 2017

25 - പ്രഥമ പാരത്രിക ഭവനം


           “പ്രഥമ പാരത്രിക ഭവനം”

 
 

 

  

 

 

 

      ഹാനിഅ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

        “ഉഥ്മാനു ബ്നു അഫ്ഫാൻ (رضي الله عنه) ക്വബ്റിന്നരികെ നിൽക്കുമ്പോഴെല്ലാം, താടിരോമങ്ങൾ നനഞ്ഞു കുതിരുന്ന രൂപത്തിൽ കരയാറുണ്ടായിരുന്നു. അപ്പോൾ ആരോ ചോദിച്ചു.

      “സ്വർഗ്ഗവും നരകവും ഓർക്കുമ്പോഴൊന്നും കരയാത്ത താങ്കൾ, ക്വബ്റിന്നു വേണ്ടി മാത്രം കരയുന്നു....? ”

     അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ പറഞ്ഞിട്ടുണ്ട്.
         “നിശ്ചയം, ക്വബ്ർ പാരത്രിക ഭവനങ്ങളിൽ ആദ്യത്തേതാകുന്നു. അതിൽ അതിജയിച്ചാൽ പിന്നീടുള്ളത് അതിലും എളുപ്പമായിരിക്കും. അതിൽ പരാജിതനായാൽ ശേഷമുള്ളവ അതിലും കഠിനമായിരിക്കും.”

  
  

     നബിﷺ തങ്ങൾ അരുളിയതായി ഉഥ്മാൻ (رضي الله عنه) വീണ്ടും (മറ്റൊരു റിപ്പോർട്ടിൽ) പറയുന്നു.

        “ക്വബ്റിനേക്കാൾ ഭീകരമായി ക്വബ്റല്ലാതെ മറ്റൊരു കാഴ്ചയും ഞാൻ കണ്ടിട്ടില്ല.”

(ഇബ്നു മാജഃ, തിർമുദി)

 

                     ★    ★    ★

   

 
         ഉഥ്മാൻ (رضي الله عنه) വിൽ നിന്ന്, ക്വബ്റിന്റെ ഭീകരതകളും വിഹ്വലതകളും വിവരിക്കുന്ന ഹദീഥുകൾ, ഇനിയുമുണ്ട്.  ആദ്യം ക്വബ്ർ കുഴിക്കൽ സംസ്കാരം ആരംഭിച്ചത് ആരാണ് എന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. ക്വാബീൽ ഹാബീലിനെ വധിച്ചപ്പോഴുള്ള കാക്കയാണ് എന്ന് ചിലർ പറയുന്നു.

      “തന്റെ സഹോദരന്റെ ശവശരീരം എങ്ങനെ മറവ് ചെയ്യണമെന്ന് അവന്ന് കാണിക്കാൻ വേണ്ടി, അപ്പോൾ അല്ലാഹു തആല,  ഭൂമിയിൽ കുഴിച്ചു കൊണ്ടിരിക്കുന്ന ഒരു കാക്കയെ നിയോഗിച്ചു. അവൻ പറഞ്ഞു : ‘എന്റെ നാശം! ഈ കാക്കയെപ്പോലെ ആകാൻ, അങ്ങനെ എന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യാൻ ഞാൻ അശക്തനായിരുന്നുവോ?.’ അങ്ങനെ അവൻ ഖേദിച്ചവനായിത്തീർന്നു.” (അൽമാഇദ : 31)
     
          അതായത് ക്വാബീൽ ഹാബീലിനെ അക്രമിച്ചു. ഹാബീൽ നിലത്തു വീണു. ക്വാബീൽ തന്റെ ഭ്രാതനെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.  അവൻ അനങ്ങുന്നില്ല! മരണപ്പെട്ടിരിക്കുന്നു. പിന്നെ അവനെ തോളിലേറ്റി നടന്നു. നീണ്ട ഒരു വർഷക്കാലം! ഇനിയെന്ത് ചെയ്യണമെന്നറിയില്ല. അപ്പോഴാണ് രണ്ട് കാക്കകൾ തന്റെ മുന്നിൽ! ക്വാബീൽ ശദ്ധിച്ചു. അവ പരസ്പരം പോരടിക്കുന്നു. ഒടുവിൽ അതിലൊന്നു ചത്തു വീഴുന്നു.
അവശേഷിച്ച കാകൻ തന്റെ നഖങ്ങൾ കൊണ്ടും മറ്റും ഭൂമിയിൽ മാന്തിക്കുഴിച്ചു. അത് ചലനമറ്റ കാക്കയെ കുഴിയിലേക്ക് വലിച്ചു കൊണ്ടു വന്നു. മണ്ണിട്ടു മൂടി. ഇത് കണ്ട ക്വാബീൽ തന്റെ സഹോദരന്റെ ശരീരം അപ്രകാരം ചെയ്തു. ആ സന്ദർഭമാണിവിടെ ക്വുർആൻ അനാവരണം ചെയ്യുന്നത്.

    പക്ഷേ ചില അഭിപ്രായവ്യത്യാസങ്ങൾ ഇവിടെയുണ്ട്. അതിനു മുമ്പ് തന്നെ മൃതശരീരം മറവ് ചെയ്യാറുണ്ടായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. പക്ഷേ സഹോദരനെ നിസ്സാരനായി കണ്ടാണ് മറവ് ചെയ്യാതിരുന്നതത്രേ. അപ്പോഴാണ് കാകൻമാരെ അള്ളാഹു ഇറക്കിയതത്രേ. അങ്ങനെ അല്ലാഹു തന്റെ സഹോദരനെ ആദരിച്ചതായി കണ്ടപ്പോഴാണത്രേ ക്വാബീൽ അങ്ങനെ പറഞ്ഞത് (നാശം, ഈ കാക്കയെപ്പോലെ  എന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യാൻ ഞാൻ  അശക്തനായിരുന്നുവോ)

  
                     ★    ★    ★

  
  ഖേദം തൗബയായിരുന്നില്ല. സഹോദരന്റെ അസാന്നിദ്ധ്യത്തിലുള്ള നിരാശയായിരുന്നു എന്നാണ് ഇബ്നു അബ്ബാസ് (رضي الله عنه) വ്യക്തമാക്കുന്നത്.
 
     അദ്ദേഹം പറഞ്ഞു. 

     “വധിച്ചതിലായിരുന്നു, ക്വാബീലിന് ഖേദമെങ്കിൽ, അതയാളുടെ തൗബയായി പരിഗണിക്കുമായിരുന്നു.”

     ചിലർ പറയുന്നു. വധിച്ച ശേഷം അവൻ ഹാബീലിന്റെ മൃതദേഹത്തിന് ശിരസ്സിനരകിൽ കരഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് രണ്ട് കാകൻമാർ പ്രത്യക്ഷരായത്. അവ പരസ്പരം പോരടിക്കുകയും അവയിലൊന്ന് ചത്തു വീഴുകയും ചെയ്തു. ചത്തു വീണതിനെ മറ്റേ കാകൻ മണ്ണിട്ടു മൂടി. ഇതു കണ്ട ഹാബീലിന്റെ കൊലയാളി ഇപ്രകാരം ചെയ്തു. (അത് ശരിയായ ക്വബ്ർ ആയിരുന്നില്ല, മണ്ണിൽ മൂടുക മാത്രമായിരുന്നു.) അങ്ങനെ ഒരു വർഷം കടന്നു പോയി. ക്വുർആൻ പറയട്ടെ :

     “പിന്നെ നാം അവനെ മരിപ്പിച്ചു. അങ്ങനെ മറവ് ചെയ്യിക്കുകയും ചെയ്തു.”

        അതായത് ഹാബീലിനോടുള്ള ആദരസൂചകമായി ശരിയായ ക്വബ്ർ കുഴിച്ചു മൂടാൻ കൽപ്പിച്ചു. ഭൂമിയിൽ പക്ഷികൾക്കും ജന്തുക്കൾക്കും ഭക്ഷണമായി ഉപേക്ഷിക്കപ്പെടാൻ അനുവദിച്ചില്ല. ഇമാം ഫർറാഅ് അഭിപ്രായപ്പെട്ടതാണിത്.

      അബൂ ഉബൈദഃ (رضي الله عنه) പറഞ്ഞു. فَأَقْبَرَه എന്നാൽ (അല്ലാഹു തആല) ക്വബ്ർ ഒരുക്കുകയും, അവനോട് മൂടാൻ കൽപ്പിക്കുകയും ചെയ്തു, എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

  

                     ★    ★    ★

  
 

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

  

  

  
  

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

  
  

  
  
 

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...