Monday, November 6, 2017

53 - “ശുഹദാ പദവികൾ.”

 

 

         

        അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു :

      “ശുഹദാക്കൾ അഞ്ച് തരമുണ്ട്:  ഉദരരോഗത്താൽ മരണമടഞ്ഞവൻ, പകർച്ചവ്യാധി ബാധിച്ച് മരിച്ചവൻ, (ജലത്തിൽ) മുങ്ങി മരിച്ചവൻ, തകർന്നടിയലിൽ അകപ്പെട്ടവൻ, അല്ലാഹുവിന്റെ മാർഗ്ഗത്തിലെ രക്തസാക്ഷി.”

(തിർമുദി)
  
 

     ജാബിർ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

      “അല്ലാഹുവിന്റെ മാർഗ്ഗത്തിലെ രക്തസാക്ഷ്യം കൂടാതെ ഏഴ് തരം ശുഹദാക്കളുണ്ട് :  പ്ലേഗ് (പകർച്ച വ്യാധി) ബാധിച്ചവൻ, ഉദരരോഗി, (വെള്ളത്തിൽ) മുങ്ങിപ്പോയവൻ, അഗ്നിബാധയിൽ അകപ്പെട്ടവൻ, പാർശ്വശൂല¹ ബാധിതൻ, തകർച്ചക്കടിയിൽ പെട്ട് മരിച്ചവൻ, ഗർഭപീഢ²യിൽ മരിക്കുന്നവൾ.”

(നസാഈ)
 
 
                       ★     ★     ★

 

        അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ ചോദിച്ചു:

      “നിങ്ങളിൽ ശഹീദായി  ഗണിക്കുന്നത് (മാനദണ്ഡം) എന്താണ്.”   അവർ പറഞ്ഞു :

     “അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾ വധിക്കപ്പെട്ടാൽ, അയാൾ ആണ് ശഹീദ്. ”

     “എങ്കിൽ, തീർച്ചയായും എന്റെ സമുദായത്തിലെ ശുഹദാക്കൾ വളരെ തുച്ഛമായിരിക്കും.”

     “അങ്ങനെയെങ്കിൽ, അവർ ആരെല്ലാമാണ് തിരു ദൂതരേ.?.”

      “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവൻ ശഹീദ് ആണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജീവിച്ച്) മരിച്ചവൻ ശഹീദ് ആണ്. (പ്ലേഗ് പോലുള്ള) മഹാമാരിയിൽ മരണമടഞ്ഞവനും ശഹീദ് ആണ്. ഉദരരോഗത്താൽ മരണപ്പെട്ടവനും ശഹീദ് ആണ്. ”

(സ്വഹീഹ് മുസ് ലിം)

 

 

    സഈദ് ബ്നു സൈദ് (رضي الله عنه) വിൽ നിന്ന്. അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :

      “തന്റെ സ്വത്ത് സംരക്ഷണത്തിൽ ഒരാൾ വധിക്കപ്പെട്ടാൽ അവൻ ശഹീദ് ആകുന്നു. തന്റെ രക്ത സംരക്ഷണത്തിൽ ഒരാൾ വധിക്കപ്പെട്ടാൽ അവനും ശഹീദ് ആകുന്നു. തന്റെ ദീൻ സംരക്ഷണത്തിൽ ഒരാൾ വധിക്കപ്പെട്ടാൽ അവനും ശഹീദ് ആകുന്നു. തന്റെ കുടുംബ സംരക്ഷണത്തിൽ ഒരാൾ വധിക്കപ്പെട്ടാൽ അവനും ശഹീദ് ആകുന്നു.”

(തിർമുദി, അബൂ ദാവൂദ്, നസാഈ)
 

 

    

      ഇമാം നസാഈ, സുവൈദ് ബ്നു മുഖ്റിനിൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ തങ്ങൾ പറഞ്ഞു :

       “ഒരാൾ തന്റെ  അവകാശ സംരക്ഷണത്തിനിടെ വധിക്കപ്പെട്ടാൽ അവൻ ശഹീദ് ആണ്. ”
       
ഇബ്നു മാജഃയും മറ്റും ഉദ്ധരിച്ച, “ഒരാൾ രോഗിയായി മരണപ്പെട്ടാൽ അവൻ ശഹീദ് ആയി മരണപ്പെട്ടു.. ” എന്ന ഹദീഥ് മുമ്പ് ഇവിടെ ഉദ്ധരിച്ചിട്ടുണ്ടല്ലോ. കൂടാതെ തന്റെ നാട്ടിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പട്ടു കഴിയുന്ന അവസ്ഥയിൽ മരണപ്പെട്ടാൽ രക്തസാക്ഷ്യം ആണെന്ന് പല ഹദീഥുകളിലും കാണാം.

                       ★     ★     ★

 

        ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന്. നബിﷺ തങ്ങൾ പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു :

     “ഏകാന്തമരണം രക്തസാക്ഷ്യമാണ്.”

(ഇബ്നു മാജഃ)

 
      ഇതേ അർത്ഥത്തിലുള്ള നബിവചനങ്ങൾ മുഹദ്ദിഥുകളായ ദാറു ക്വുത്വുനി, അബൂബക്ർ അൽ ഖറാഇത്വീ, ഇബ്നു സീറീൻ (رضي الله عنهم أجمعين) തുടങ്ങിയവർ ഉദ്ധരിച്ചിട്ടുണ്ട്.

    ഇതൊന്നും കൂടാതെ, ചില വചനങ്ങൾ ഉരുവിട്ടാൽ മാത്രം ശഹീദിന്റെ പദവിയോടെയുള്ള മരണം ലഭിക്കുമെന്ന് ഹദീഥുകളിൽ നമുക്ക് കണ്ടെത്താനാകും.

       സഹ്ൽ ബ്നു ഹുനയ്ഫ് (رضي الله عنه) വിൽ നിന്ന് നിവേദനം.  നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

      “ഒരാൾ സത്യസന്ധമായി അല്ലാഹുവിനോട് രക്തസാക്ഷ്യം തേടിയാൽ അല്ലാഹു തആല അവന്ന് ശുഹദാക്കളുടെ സ്ഥാനം എത്തിച്ചു നൽകുന്നതാണ്. അവൻ തന്റെ വിരിപ്പിൽ കിടന്ന് മരണപ്പെട്ടാലും ശരി.”

(സ്വഹീഹ് മുസ് ലിം)
 
 

    മഅ്ക്വിൽ ബ്നു യസാർ (رضي الله عنه) വിൽ നിന്ന്. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം ഉദ്ധരിക്കുന്നു.

     “ആരെങ്കിലും പ്രഭാതത്തിൽ മൂന്ന് തവണ                                  أعوذ بالله السميع العليم من الشيطان الرجيم       എന്ന് ചൊല്ലി, ഹശ്ർ സൂറത്തിന്റെ അവസാനത്തെ മൂന്ന് ആയത്തുകളും ഓതിയാൽ, അല്ലാഹു തആല അവന്ന് വേണ്ടി എഴുപതിനായിരം മലക്കുകളെ ഏൽപ്പിക്കുന്നതാണ്. അവർ വൈകുന്നേരം വരെ അവന് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. അന്ന് അവൻ മരണപ്പെട്ടാൽ ശഹീദ് ആയി അവൻ മരണപ്പെട്ടു. വൈകുന്നേരം ചൊല്ലിയാലും ഇപ്രകാരം തന്നെ.”

(തിർമുദി)

   

        അനസ് (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു :

       “ഒരാൾ സൂറതുൽ ഹശ്റി’ന്റെ അവസാന ഭാഗം,                               { لو أنزلنا هذا القرآن على جبل }       എന്നത് മുതൽ അവസാനം വരെ ഓതി, അങ്ങനെ ആ രാത്രിയിൽ അവൻ മരണപ്പെട്ടാൽ അവൻ ശഹീദായി മരണപ്പെട്ടു.”

(ഥഅ്ലബി)

                ★     ★     ★

    മുകളിൽ ഉദ്ധരിച്ച ഹദീഥുകളുടെ അടിസ്ഥാനത്തിലുള്ള ദിക്റുകളും മറ്റും ഉൾക്കൊള്ളുന്ന ‘വിർദുല്ലത്വീഫ്.’ പോലുള്ളവ പതിവാക്കുന്നത് വളരെ ഫലപ്രദമാണ്. ‘ഇജാസത്’ (ഗുരുവര്യൻമാരുടേയും മറ്റും സമ്മതം) പ്രകാരമാണെങ്കിൽ കൂടുതൽ നല്ലത്. അങ്ങനെ ശഹാദത്തിന്റെ പദവി എത്തിച്ചവരുടെ കൂടെ അല്ലാഹു തആല നമ്മെ ഉൾപ്പെടുത്തട്ടെ.

ശഹാദത്ത്, അല്ലെങ്കിൽ ശഹാദത്തിന്റെ പദവി ലഭിക്കാൻ സഹായകരമായ ഒരു പ്രാർത്ഥനയിതാ..
"اَللّهُمَّ أَحْيِنَا حَيَاةَ ٱلْعُلَمَاءِ ، وَأَمِتْنَا مَوْتَ ٱلشُّهَدَاءِ ، وٱحْشُرْنَا غَدًا فِي زُمْرَةِ ٱلْأَوْلِيَاء .“
.
(“അല്ലാഹുവേ, ജ്ഞാനികളുടെ ജീവിതം (പോലെ) നീ ഞങ്ങളെ ജീവിപ്പിക്കേണമേ, ശുഹദാക്കളുടെ മരണമായി നീ ഞങ്ങളെ മരിപ്പിക്കേണമേ, നിന്റെ ഔലിയാക്കളുടെ കൂട്ടത്തിൽ നീ ഞങ്ങളെ, നാളെ പുനരുദ്ധരിക്കേണമേ...”)

     ഇത് അർത്ഥം ഉൾക്കൊണ്ട് പതിവാക്കാൻ ശ്രമിക്കുക.

   

                       ★     ★     ★

 
  

     അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു:

      “ഒരാൾ ളുഹാ (പതിവായി) നിസ്കരിക്കുകയും, എല്ലാ മാസവും മൂന്ന് ദിവസം നോമ്പെടുക്കുകയും, നാട്ടിലും യാത്രയിലും വിത്റ്നിസ്കാരം മുടക്കാതെ പതിവാക്കുകയും ചെയ്താൽ അല്ലാഹു അവന്ന് ശഹീദിന്റെ പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.”

(അബൂനഈം)

 

      അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന്.  നബിﷺ തങ്ങൾ (തന്നോട്) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു :

       “അനസേ, എപ്പോഴും വുളൂഇൽ കഴിയാനാകുമെങ്കിൽ അങ്ങനെ ചെയ്യുക. നിശ്ചയം, വുളൂഅ് ഉള്ള ഒരു അടിമയുടെ റൂഹിനെ മലകുൽ മൗത് പിടിച്ചാൽ അവന്ന് ശഹാദത്ത് രേഖപ്പെടുന്നതാണ്.”

(ത്വബ്റാനി)

 

   
    അബൂഹുറയ്റഃ, അബൂദർറ് (رضي الله عنهما) എന്നിവരിൽ നിന്ന്. നബിﷺ തങ്ങൾ പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു:

      “മതവിദ്യ തേടി കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഒരു വിദ്യാർത്ഥിക്ക് മരണമെത്തിയാൽ, അവൻ ശഹീദ് ആയി മരണപ്പെട്ടു. ”   മറ്റു ചിലർ ഉദ്ധരിക്കുന്നു.   “അവന്റെയും അമ്പിയാക്കളുടേയും ഇടയിലുള്ള അന്തരം ഒരു പദവി മാത്രമാണ്. ”

(ഇബ്നു അബ്ദിൽ ബർറ്, അബൂ അംറ്.)

 

       അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

       “ഒരാൾ സത്യസന്ധമായി രക്തസാക്ഷ്യം തേടിയാൽ, (യഥാർത്ഥ) രക്തസാക്ഷി ആയില്ലെങ്കിൽ പോലും, അവന്ന് അത് (ശഹീദിന്റെ പദവി) ലഭിക്കുന്നതാണ്."

(മുസ് ലിം)
             

               

      മേൽ പറയപ്പെട്ട കാര്യങ്ങളിൽ ചിലതെങ്കിലും വളരെ നിസ്സാരമായി നമുക്ക് കഴിയുന്നതാണ്.
ഉദാഹരണത്തിന്, നിത്യമായ വുളൂഅ്. വല്ല കാരണവശാലും വുളൂഅ് മുറിഞ്ഞാൽ ഉടനെ അംഗശുദ്ധി വരുത്തുന്നത് പതിവാക്കുക. അത് പോലെ, എക്കാലവും മതവിദ്യ തേടിക്കൊണ്ടേയിരിക്കുക. അത്തരം സദസ്സുകൾ മുടക്കാതിരിക്കുക. ഒരു വിദ്യാർത്ഥിയുടെ അന്വേഷണ ത്വരയോടെ മതവിദ്യ തേടുക. മരിക്കുവോളം ആ അവസ്ഥ തുടരട്ടെ, ശഹാദത്തിന്റെ പദവി നമുക്ക് ഉറപ്പിക്കാം.

                       ★     ★     ★

 

        ഇർബാള് ബ്നു സാരിയഃ (رضي الله عنه) വിൽ നിന്ന്. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു :

        “ശുഹദാക്കളും (സാധാരണ) വിരിപ്പിൽ കിടന്ന് മൃതിയടഞ്ഞവരും ‘ത്വാഊനി’ൽ മരിച്ചവരുടെ കാര്യത്തിൽ നാഥനിലേക്ക് തർക്കമുന്നയിക്കും. അങ്ങനെ ശുഹദാക്കൾ പറയും :

       ‘ഞങ്ങൾ വധിക്കപ്പെട്ടത് പോലെ (യുദ്ധത്തിൽ) വധിക്കപ്പെട്ടതാണോ അവർ.?’  വിരിപ്പിൽ കിടന്ന് (സാധാരണ) മരണം വരിച്ചവർ പറയും.

     ‘ഞങ്ങളുടെ സഹോദരങ്ങൾ, ഞങ്ങളെ പോലെ തന്നെ, വിരിപ്പിൽ കിടന്ന് മരണം വരിച്ചവരല്ലേ..?’  അപ്പോൾ ഉന്നതനായ നാഥൻ പറയും.

     “അവരുടെ മുറിവുകളിലേക്ക് നോക്കൂ..അത് (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ) വധിക്കപ്പെട്ടവരുടെ മുറിവുകൾ പോലെയുണ്ടെങ്കിൽ അവരും ഇവരിൽപ്പെട്ടവരാണ്.”

    അങ്ങനെ (അവർ പരിശോധിക്കുമ്പോൾ) അവരുടെ മുറിവുകൾ സദൃശമായിരിക്കും.”

(നസാഈ)

 
 

      ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അവർ പറഞ്ഞു :

      “നിശ്ചയം, എന്റെ സമുദായത്തിന്റെ നാശം ‘ത്വഅ്ൻ’ (ആയുധത്താലുള്ള കുത്ത്) കൊണ്ടും ‘ത്വാഊൻ’ കൊണ്ടുമാണ്.”

     അവർ (ആഇശഃ رضي الله عنها) ചോദിച്ചു.

     “ത്വഅ്ൻ (കുത്ത്), അത് ഞങ്ങൾക്കറിയാം. എന്നാൽ ‘ത്വാഊൻ’ എന്താണ് ? അവിടുന്ന് പ്രത്യുത്തരം നൽകി :

    “ഒട്ടകത്തിന്റെ മുഴ (രോഗം) പോലുള്ള മുഴ ആകുന്നു. വയർ, കക്ഷം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അത് ഉൽഭവിക്കുക. ആരെങ്കിലും അത് കാരണം മരണപ്പെട്ടാൽ, അവൻ ശഹീദ് ആയി മരണപ്പെട്ടു.”

(അബൂ അംറ്)

                ★     ★     ★

       ശഹീദിന്റെ പദവി ലഭിച്ചവർക്കും, അവർക്കുള്ള എല്ലാ പ്രതിഫലവും സ്ഥാന മഹിമയും ലഭിക്കുമെന്ന് ആദ്യ ഹദീഥിൽ നിന്നും മനസ്സിലാകുന്നു. ശഹീദ് അല്ലാത്തവർക്കും ആ ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴാണല്ലോ മറ്റുള്ളവർ തർക്കം ഉന്നയിക്കുന്നത്. അത് പോലെ അടിസ്ഥാനപരമായി ത്വാഊൻ എന്താണെന്ന് രണ്ടാം ഹദീഥ് വ്യക്തമാക്കുന്നു. അതടിസ്ഥാനത്തിൽ പ്ലേഗ് രോഗം മാത്രമല്ല,  വസൂരി പോലുള്ള, മുഴകളും പരുക്കളും വരുന്ന രോഗങ്ങളെല്ലാം, ഈ ഗണത്തിൽ പെട്ടതാണെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. الله أعلم

                       ★     ★     ★

 

____________________________________
   
   
    ¹ പാർശ്വഭാഗങ്ങളിൽ (sides) ആന്തരിക വൃണങ്ങൾ (Thorns) ഉണ്ടാകുന്ന അവസ്ഥ.

    ² ചിലർ പറയുന്നത്, (جُمع) എന്നാൽ, ഗർഭം മനുഷ്യരൂപം പ്രാപിച്ച ശേഷം, പ്രസവത്തിൽ മരണപ്പെടുന്നവർ എന്നാണ്. ഗർഭധാരണത്താൽ രോഗം വന്ന് മരിക്കുന്നവരെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് മറ്റു ചിലർക്ക് അഭിപ്രായമുണ്ട്. അതിൽ പ്രസവിക്കണമെന്ന നിബന്ധനയില്ല.  മറ്റു ചിലർ പറയുന്നത്, പുരുഷൻ സ്പർശിക്കാത്ത കന്യകയായി മരണപ്പെട്ടവളാണ് അത്, എന്നാകുന്നു. രജസ്വലയാകും മുമ്പ് മരണപ്പെട്ടവൾ എന്നും ചിലർ പറയുന്നുണ്ട്.    الله اعلم

 

                       ★     ★     ★

 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 
  

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...