Sunday, November 5, 2017

52- കടബാധ്യത; ശഹീദിനും മറ്റുള്ളവർക്കും.

 

 
       അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

    “ഒരാൾ കടമോ നഷ്ടമോ അവശേഷിപ്പിച്ച് (മരിച്ചാൽ) അത് (ബാധ്യതയാകുന്നത്) അല്ലാഹുവിനും അവന്റെ ദൂതർക്കുമാകുന്നു. ഒരാൾ ധനം ഉപേക്ഷിച്ച് (മരണപ്പെട്ടാൽ) അത് (ലഭിക്കുന്നത്) അവന്റെ അനന്തരാവകാശികൾക്ക് ആകുന്നു.”  മറ്റൊരു നിവേദനപ്രകാരം   “അവന്ന് വേണ്ടി ഉത്തരവാദപ്പെട്ടവർ കടം വീട്ടിയില്ലെങ്കിൽ, തീർച്ചയായും അല്ലാഹു തആല അവന്റെ കടം വീട്ടും ;എതിരാളിയെ (കടം കിട്ടാനുള്ളവൻ) തൃപ്തിപ്പെടുത്തും.”

(ബുഖാരി, മുസ് ലിം, ഇബ്നു മാജഃ, തിർമുദി)

  
     (നബിﷺ തങ്ങളുടെ അടുക്കൽ ഒരു മയ്യിത്ത് കൊണ്ടു വന്നു. മയ്യിത്ത് നിസ്കാരത്തിന് മുമ്പ് അവിടുന്ന്, ഈ മയ്യിത്തിന് കടബാധ്യതയുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന വിവരം കിട്ടിയപ്പോൾ, “നിങ്ങൾ നിസ്കരിച്ചോളൂ,” എന്ന് സ്വഹാബാക്കൾക്ക് അനുമതി നൽകി അവിടുന്ന് വിട്ടു നിന്നു. മറ്റൊരു സംഭവത്തിൽ മയ്യിത്തിന്റെ മകൻ കടബാധ്യത ഏൽക്കുകയും നബിﷺ തങ്ങൾ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഭവം ഇസ് ലാമിന്റെ ആദ്യ കാലത്തായിരുന്നു. പിന്നീട്  ധനം ഉണ്ടായപ്പോൾ നബിﷺ തങ്ങൾ തന്നെ കടബാധ്യത ഏറ്റെടുത്തിരുന്നു. അതിനെ കുറിച്ചുളള ഹദീഥാണ് മേൽ ഉദ്ധരിച്ചത്.)
 
   

                       ★     ★     ★

 
  
  
     അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

       “ഒരാൾ കൊടുത്തു വീട്ടണമെന്ന് ഉദ്ദേശിച്ച് കൊണ്ട് ജനങ്ങളുടെ സ്വത്തുക്കൾ വാങ്ങിയാൽ അല്ലാഹു അവന്ന് വേണ്ടി അത് വീട്ടുന്നതാണ്. ഒരാൾ നശിപ്പിച്ചു കളയണമെന്ന് ഉദ്ദേശിച്ച് കൊണ്ട് ജനങ്ങളുടെ സ്വത്തുക്കൾ വാങ്ങിയാൽ അല്ലാഹു അത് നശിപ്പിക്കുന്നതാണ്.”

(ബുഖാരി)

       

     കടത്തെ സംബന്ധിച്ചുള്ള പൊതുവായ ഇസ് ലാമിക വീക്ഷണമാണ് മുകളിൽ ഉദ്ധരിച്ച ഹദീഥിൽ ഉള്ളത്.

     മറ്റുള്ളവരിൽ നിന്ന് ധനം സ്വരൂപിച്ച് വാണിഭങ്ങളിൽ ഏർപ്പെടുന്നവർ കർശനമായി പാലിക്കേണ്ടതാണ് ഉദ്ദേശ്യശുദ്ധി. അത് അവരുടെ കച്ചവടത്തിന്റെ ലാഭ-നഷ്ടങ്ങളെ ബാധിക്കും എന്ന് കൂടി ഇവിടെ സൂചിപ്പിക്കുന്നുണ്ട്. സദുദ്ദേശ്യത്തോടെ ഏറ്റെടുക്കുമ്പോൾ അതിൽ ലാഭമുണ്ടാകുന്നു. മാത്രമല്ല, പരലോകത്തു പോലും അല്ലാഹു അവനെ ഏറ്റെടുക്കുന്നു. മറിച്ച്, ദുരുദ്ദേശ്യമാണെങ്കിൽ അല്ലാഹു അതിന്റെ ബറകത് നീക്കി നാശകാരണങ്ങൾ ഉണ്ടാക്കുന്നു. പരലോകത്ത് അവൻ ശിക്ഷാപാത്രിതനാവുന്നു.

    അല്ലാഹു തആല കടം ഏറ്റെടുക്കുന്നത്, ധനം സൂക്ഷ്മത പാലിച്ച് വിനിയോഗിച്ചവരിലാണ്. മറിച്ച്, ആവശ്യത്തിന് ധനമുണ്ടായിട്ടും കടങ്ങൾ വീട്ടാൻ തുനിയുകയോ തന്റെ അനന്തരസ്വത്തിൽ വസ്വിയ്യത്താക്കുകയോ ചെയ്യാതെ മരണപ്പെട്ടവരിലല്ല.

 

                       ★     ★     ★

 

     ഇബ്നു മാജഃ (رحمه الله) തന്റെ ‘സുനനി’ൽ ഉദ്ധരിച്ച, ഇബ്നു ഉമർ (رضي الله عنه) നിവേദനം ചെയ്ത ഹദീഥ് ഇതിന്ന് ലക്ഷ്യമാകുന്നു. നബിﷺ തങ്ങൾ അരുളി :

    “കടബാധ്യതയോടെ മരണപ്പെട്ടാൽ, ക്വിയാമത് നാളിൽ അവനെ പ്രതികാര നടപടികൾക്ക് വിധേയനാക്കും. മൂന്ന് അവസ്ഥകളിൽ കടം വാങ്ങിയവർ ഒഴികെ: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾ ദുർബ്ബലനാവുകയും, അല്ലാഹുവിന്റെയും അവന്റെയും ശത്രുവിനെതിരിൽ ബലം സംഭരിക്കാനായി കടം വാങ്ങുകയും ചെയ്തവൻ. ഒരു മുസ് ലിം മരണപ്പെടുകയും കഫൻ ചെയ്യാനും മറവ് ചെയ്യാനും മറ്റും യാതൊന്നും ഇല്ലാത്ത അവസ്ഥയിൽ കടം വാങ്ങിയവൻ. തന്റെ കാര്യത്തിൽ വ്യഭിചാരം ഭയപ്പെടുകയും ദീൻ സംരക്ഷിക്കാൻ വേണ്ടി (കടം വാങ്ങി) വിവാഹം ചെയ്യുന്നവൻ. നിശ്ചയം, ഇക്കൂട്ടരുടെ കടങ്ങൾ അന്ത്യനാളിൽ അല്ലാഹു തആല വീട്ടുന്നതാണ്.”

(ഇബ്നു മാജഃ)

 

 
      സ്വന്തം വിഡ്ഢിത്തത്താൽ കടക്കെണിയിൽപ്പെട്ടവർക്കോ, ദുർവ്യയം ചെയ്ത് കടത്തിലകപ്പെട്ടവർക്കോ ഇത്തരത്തിൽ കടം അല്ലാഹു തആല ഏറ്റെടുക്കുകയില്ല എന്ന് ഉപരി ഹദീഥിൽ നിന്ന് വ്യക്തമാണല്ലോ. അവർക്ക്, കടക്കാരുടെ അവകാശങ്ങൾ വീട്ടിയ ശേഷമേ സ്വർഗ്ഗത്തിൽ കടക്കാനാകൂ. അപ്പോൾ കടൽ രക്തസാക്ഷിയുടെ കാര്യത്തിൽ വന്ന ഹദീഥ് പൊതുവായ കാര്യമായി പരിഗണിക്കണം. കടം വീട്ടാൻ പരിശ്രമിക്കുകയും, വീട്ടി പൂർത്തിയാക്കും മുമ്പ് യുദ്ധ കാരണത്താലോ മറ്റോ മരണമടയുകയും ചെയ്തവന്റെ കാര്യമാണത്. ആദ്യ ഹദീഥിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

     അബൂ ക്വതാദഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങളിൽ നിന്ന് കേട്ടതായി അദ്ദേഹം ഉദ്ധരിക്കുന്നു :

      “ഒരാൾ നബിﷺ തങ്ങളോട് ചോദിച്ചു :

     “അല്ലാഹുവിന്റെ പ്രവാചകരേ, താങ്കളുടെ അഭിപ്രായമെന്താണ് ?  ഞാൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടാൽ എന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടുമോ.?"   അവിടുന്ന് പ്രത്യുത്തരം നൽകി.

       “അതെ, നീ ക്ഷമ കൈക്കൊണ്ട് അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച്, പിന്തിരിഞ്ഞോടാതെ മുന്നേറുമ്പോൾ വധിക്കപ്പെട്ടാൽ (പൊറുക്കപ്പെടും).

     പിന്നെ നബിﷺ തങ്ങൾ ചോദിച്ചു:

       “നീ എന്താ ചോദിച്ചത്.?" അയാൾ ചോദ്യം ആവർത്തിച്ചു :

      “ഞാൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടാൽ എന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടുമോ?."

      അപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു :

       “അതെ, നീ ക്ഷമയോടെ, അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച്, പിന്തിരിഞ്ഞോടാതെ മുന്നേറുമ്പോൾ വധിക്കപ്പെട്ടാൽ, കടം ഒഴികെ ഉള്ളതെല്ലാം (പൊറുക്കപ്പെടും). നിശ്ചയം, ജിബ്റീൽ (عليه السلام) ഇക്കാര്യം എന്നോട് പറഞ്ഞു.”
(മുസ് ലിം)

 
   

                       ★     ★     ★

 

      അബ്ദുല്ലാഹ് ബ്നു അംറ് ബ്നുൽ ആസ്വി (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം നബിﷺ തങ്ങൾ പറഞ്ഞു:

      “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടൽ, കടബാധ്യത ഒഴികെ എല്ലാം പൊറുപ്പിക്കും.”
(മുസ് ലിം)

       

         ഇവിടെ ഇപ്പോൾ ഉദ്ധരിച്ച, അബ്ദുല്ലാഹ് ബ്നു അംറ് ബ്നുൽ ആസ്വി (رضي الله عنه) വിന്റെ ഹദീഥ്, മുമ്പ് ഉദ്ധരിച്ച അബൂ ഉമാമ (رضي الله عنه) വിൽ നിന്നുള്ള ഹദീഥിനേക്കാൾ പ്രബലമാകുന്നു. കാരണം ഇമാം മുസ് ലിം ഉദ്ധരിച്ചതാണ് ഇത്. ഇതിൽ കടൽ എന്നോ കരയെന്നോ, വേർതിരിച്ചിട്ടില്ല. അത് പോലെ, അബൂ ക്വതാദഃ നിവേദനം ചെയ്ത ഹദീഥും ഇപ്രകാരം തന്നെ.

    ഹാഫിള് അബൂ നഈം ഉദ്ധരിക്കുന്നു: അബൂബക്ർ സ്വിദ്ദീക്വ് (رضي الله عنه) വിന്റെ പുത്രനായ അബ്ദുറഹ് മാൻ (رضي الله عنه), നബിﷺ തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നബിﷺ തങ്ങൾ പറഞ്ഞു :

       “നിശ്ചയം, ക്വിയാമഃ ദിവസം അല്ലാഹു തആല കടക്കാരനെ വിളിച്ച് ചോദിക്കും. 

     “മനുഷ്യാ, നീ എന്തിനാണ് മറ്റ് മനുഷ്യരുടെ അവകാശങ്ങൾ നശിപ്പിച്ചത്? നീ എന്തിനാണ് അവരുടെ ധനം കളഞ്ഞത്?."

     അപ്പോൾ അവൻ പറയും. “നാഥാ, ഞാൻ അത് നശിപ്പിച്ചിട്ടില്ല. എങ്കിലും പ്രളയം വന്നു (നശിച്ചതാണ്). അല്ലെങ്കിൽ അഗ്നിബാധിച്ചതാണ്.”

      അപ്പോൾ അല്ലാഹു തആല പറയും : “ഇന്ന് നിന്റെ കടങ്ങൾ വീട്ടാൻ ഏറ്റവും അർഹൻ ഞാനാണ്.” അപ്പോൾ (അല്ലാഹു കടം വീട്ടിയ ശേഷം) അവന്റെ നന്മകൾ തിന്മകളേക്കാൾ മുൻതൂക്കമെത്തുന്നു. അങ്ങനെ അവനെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകാൻ കൽപ്പിക്കപ്പെടും.”

(ഹിൽയഃ)

      ‘കടത്തിന്റെ വിഷയത്തിൽ അപാകതകൾ സംഭവിക്കാത്തവരുടെ കടബാധ്യത അല്ലാഹു തആല ഏറ്റെടുക്കും എന്നതിന് സുവ്യക്തമായ തെളിവാണ് ഈ ഹദീഥ്’  എന്ന് ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.

 

                       ★     ★     ★

 

      ഇബ്നുൽ മുബാറക് (رحمه الله) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹ് ബ്നു അംറ് ബ്നുൽ ആസ്വി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

       “സത്യവിശ്വാസികളുടെ ആത്മാക്കൾ പരസ്പരപരിചിതരായ കുരുവികളെ പോലുള്ള പക്ഷികളിലായിരിക്കും. അവർക്ക് സ്വർഗ്ഗത്തിൽ നിന്ന് ഭക്ഷണം നൽകപ്പെടും.”
(ഇബ്നുൽ മുബാറക്)

      മൻസ്വൂർ ബ്നു അബീ മൻസ്വൂർ (رحمه الله) യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു : ഞാൻ അബ്ദുല്ലാഹ് ബ്നു അംറ് ബ്നുൽ ആസ്വി (رضي الله عنه) വിനോട് ചോദിച്ചു.

      “മുസ് ലിംകളുടെ ആത്മാക്കളെ കുറിച്ച് പറഞ്ഞു തരൂ, മരണപ്പെട്ടാൽ അവ എവിടെയായിരിക്കും?.”

      “ഇറാക്വ് കാരേ, (ഇക്കാര്യത്തിൽ) നിങ്ങൾ എന്ത് (അഭിപ്രായം) പറയുന്നു?.”

       “എനിക്ക് അറിയില്ല."

      “അവർ വെളുത്ത പക്ഷിരൂപങ്ങളാകും. അങ്ങനെ അർശിന്റെ തണലിൽ കഴിയും. സത്യനിഷേധികളുടെ ആത്മാക്കൾ ഏഴാം ഭൂമിയുടെ (അടിയിൽ) ആയിരിക്കും.”

(ഇബ്നുൽ മുബാറക്)

 
      
 
      ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.

     “സത്യവിശ്വാസികളുടെ ആത്മാക്കളെല്ലാം ‘ജന്നത്തുൽ മഅ് വ’യിൽ ആയിരിക്കും. ‘ജന്നത്തുൽ മഅ് വ’ (അഭയത്തിന്റെ സ്വർഗ്ഗം) എന്ന പേര് ലഭിക്കാൻ തന്നെ കാരണം സത്യവിശ്വാസികളുടെ ആത്മാക്കൾ അവിടേക്ക് അഭയം തേടി എത്തിച്ചേരുന്നത് കൊണ്ടാണ്. അത് അർശിന്റെ താഴ്ഭാഗത്താകുന്നു. അങ്ങനെ അവർ അതിലെ സുഖങ്ങൾ അനുഭവിക്കും. അവിടത്തെ സുരഭിലമായ ഇളം തെന്നൽ ആസ്വദിക്കും. ആ സ്വർഗ്ഗത്തിൽ മേഞ്ഞ് നടക്കും. എന്നിട്ട്, അർശിന്റെ താഴ്ഭാഗത്തുള്ള അലംകൃത ദീപങ്ങളിൽ ചെന്ന് വിശ്രമിക്കും.” മുകളിൽ ഉദ്ധരിച്ച ഹദീഥുകളും തത്തുല്യമായ മറ്റു വചനങ്ങളുമാണ് അവർ തെളിവായി ഉദ്ധരിക്കുന്നത്.

      എന്നാൽ ഇമാം ക്വുർത്വുബി (رحمه الله) ഈ അഭിപ്രായങ്ങളെ പാടേ നിരാകരിക്കുന്നു.

      “ഇതിനെ കുറിച്ച് നാം ആദ്യം പറഞ്ഞതാണ് ഏറ്റവും യുക്തവും വ്യക്തവുമായ വീക്ഷണം. കാരണം ശുഹദാക്കൾക്ക് മാത്രം പ്രത്യേകമായി സ്വർഗ്ഗീയ ഭക്ഷണം നൽകപ്പെടുമെന്നത് ക്വുർആൻ കൊണ്ടും സ്വഹീഹായ ഹദീഥുകൾ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ യാതൊരു തിരുത്തലും വരുത്തേണ്ടതില്ല. അതിന് എതിരായി ഉദ്ധരിക്കുന്ന ഹദീഥുകൾ അനുകൂലമായി വ്യാഖ്യാനിക്കുകയാണ് വേണ്ടത്. അതനുസരിച്ച്, മുകളിലുദ്ധരിച്ച ഹദീഥുകൾ ശുഹദാക്കളായ സത്യവിശ്വാസികളുടെ ആത്മാക്കൾ എന്ന് നിബന്ധന നൽകി വ്യാഖ്യാനിക്കപ്പെടുകയാണ് വേണ്ടത്.”                      الله أعلم

 

                       ★     ★     ★

 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 
  

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...