Saturday, November 4, 2017

51 - “ശുഹദാക്കളുടെ ആത്മാക്കൾ.”


 

    

”وَلاَ تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ.“
(آل عمران : ١٦٩)
.
    “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവരെ മൃതരായി ഗണിക്കരുത്. എന്നാൽ, അവർ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്.  (അവർക്ക്) ഭക്ഷണവും നൽകപ്പെടുന്നു."

(ആലു ഇംറാൻ : 169)

 

     മസ്റൂക്വ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു :

    “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവരെ നിങ്ങൾ മരിച്ചവരായി കണക്കാക്കരുത്. ......." (ആലു ഇംറാൻ : 169) എന്ന ആയത്തിനെ കുറിച്ച് ഞങ്ങൾ അബ്ദുല്ലാഹി ബ്നു മസ്ഊദ് (رضي الله عنه) വിനോട് ചോദിച്ചു.

    അപ്പോൾ അദ്ദേഹം പറഞ്ഞു. 

    “നിങ്ങൾക്ക് അറിയുമോ, നിശ്ചയമായും, ഞങ്ങളും അതിനെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു തന്നു’:

      “അവരുടെ ആത്മാക്കൾ, ഹരിതവർണ്ണമാർന്ന പറവകൾക്ക് ഉള്ളിലായിരിക്കും. അവയ്ക്ക് വേണ്ടി ‘അർശി ’ നോട് ബന്ധിപ്പിക്കപ്പെട്ട അലംകൃത ദീപജാലങ്ങൾ ഉണ്ടാകും. സ്വർഗ്ഗത്തിൽ ഉദ്ദേശിച്ചിടത്തെല്ലാം അവ മദിച്ചുല്ലസിച്ച്, ചുറ്റിപ്പറക്കും. പിന്നീടവ ആ അലംകൃത ദീപ ശിഖരങ്ങളിലേക്ക് (കൂട്)അണയും. അപ്പോൾ അവരിലേക്ക് രക്ഷിതാവ് പൊടുന്നനെ പ്രത്യക്ഷനാകും. എന്നിട്ട് അവരോട് ചോദിക്കും :

      “നിങ്ങൾക്ക് വല്ലതും അത്യാശയുണ്ടോ..?”

      “ഞങ്ങൾ സ്വർഗ്ഗത്തിൽ ഉദ്ദേശിച്ചിടത്തെല്ലാം മദിച്ച് രസിച്ച് ചുറ്റിപ്പറക്കുന്നു. (ഇനിയിതിൽ കൂടുതലായി) ഞങ്ങളെന്ത് ആശിക്കാനാണ്.”

     ഇപ്രകാരം മൂന്ന് തവണ അവൻ ചെയ്യും (അവരോട് ചോദിക്കും). ഈ ചോദ്യം ചോദിക്കാതെ ഒഴിവാക്കുന്നില്ലെന്ന് കാണുമ്പോൾ അവർ പറയും.

      “നാഥാ, ഞങ്ങളുടെ ആത്മാക്കളെ ശരീരത്തിലേക്ക് മടക്കി കിട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എത്രത്തോളമെന്നാൽ, നിന്റെ മാർഗ്ഗത്തിൽ ഒരു വട്ടം കൂടി ഞങ്ങൾ രക്തസാക്ഷികളാകട്ടെ.!”

      അങ്ങനെ അവർക്ക് (സ്വർഗ്ഗത്തിൽ) യാതൊരു ആഗ്രഹവും ഇല്ലെന്ന് അറിയുമ്പോൾ അവൻ അവരെ പാട്ടിന് വിട്ടേക്കും.”

(സ്വഹീഹ് മുസ് ലിം)

       

 

                       ★     ★     ★

 

  
      ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ കേൾക്കാറുണ്ട്.

      1, ഒരു സത്യവിശ്വാസിയായ സഹോദരന്റെ ക്വബ്റിനരികിലൂടെ കടന്നു പോകുന്ന ദുൻയാവിലെ ഒരു പരിചയക്കാരൻ, അവന്ന് സലാം ചൊല്ലിയാൽ, അവൻ ആളെ തിരിച്ചറിഞ്ഞ് സലാം മടക്കാതിരിക്കില്ല.” എന്ന ഹദീഥിനെ കുറിച്ച് എന്ത് പറയുന്നു? (റൂഹ് സ്വർഗ്ഗത്തിൽ ആണെങ്കിൽ, ക്വബ്റിന്നു സമീപം സലാം ചൊല്ലിയ ആളെ തിരിച്ചറിയുകയും സലാം മടക്കുകയും ചെയ്യുന്നതെങ്ങിനെ ?)

      ഉത്തരം. ഇത് പൊതുവായ കാര്യമാകുന്നു. ശുഹദാക്കളുടെ വിഷയം അവരുടെ മാത്രം പ്രത്യേകതയായി കണക്കാക്കണം. അപ്പോൾ ഈ ഹദീഥിൽ പറഞ്ഞത് രക്തസാക്ഷികൾ അല്ലാത്തവരുടെ കാര്യമായി കരുതാം.

 

                       ★     ★     ★

 

  
      2, ഇമാം മാലിക് ബ്നു അനസ് (رضي الله عنه) തന്റെ കിതാബുൽ മുവത്വഃയിൽ (സ്വഹീഹായ സനദോടെ) ഉദ്ധരിക്കുന്നു :

     തീർച്ചയായും, നബിﷺ തങ്ങൾ അരുളി :
        “നിശ്ചയം, സത്യവിശ്വാസിയുടെ ആത്മാവ്, സ്വർഗ്ഗീയതരുക്കളിൽ നിന്ന് അന്നം തേടുന്ന പക്ഷിയാകുന്നു. പുനർജ്ജനിയുടെ നാളിൽ അല്ലാഹു അതിനെ ദേഹത്തിലേക്ക് മടക്കും വരെ.”
(കിതാബുൽ മുവത്വഃ)

      ചോദ്യം“മുകളിലുദ്ധരിച്ച ഹദീഥ് അനുസരിച്ച് എല്ലാ സത്യവിശ്വാസികളും ഇപ്രകാരം തന്നെയാണ്. പിന്നെ, എന്ത് പ്രത്യേകതയാണ് രക്തസാക്ഷികൾക്കുള്ളത്.?

      ഉത്തരം.   ഇമാം ക്വുർത്വുബി (رحمه الله) പറയുന്നു :   “ഭാഷാ പണ്ഡിതൻമാരുടെ വ്യാഖ്യാനങ്ങൾ അനുസരിച്ച്, ഇവിടെ ഹദീഥിൽ പറഞ്ഞ വചനങ്ങളുടെ അർത്ഥം പരിശോധിക്കാം. ഒന്ന്,
عَلَقَ يَعْلُقُ (بضم اللام) أي يأكل ഭക്ഷിക്കുക
(അന്നം നേടുക) മറ്റൊരു ‘രിവായത്’ (നിവേദനം) പ്രകാരം, يعلَقُ (بفتح اللام) أي يسرح ‘മേഞ്ഞ് നടക്കുക (അന്നം തേടുക) എന്നാകുന്നു. ഏത് അർത്ഥത്തിലും ഇവിടെ ശുഹദാക്കളുടെ മാത്രം കാര്യമാണ് പറഞ്ഞത് എന്ന് കരുതേണ്ടി വരും. കാരണം, ക്വുർആനിൽ അല്ലാഹു തആല, രക്തസാക്ഷികളെ കുറിച്ച്  ജീവിച്ചിരിക്കുന്നവരാണെന്ന് വ്യക്തമാക്കുന്നുണ്ട്. അവർക്കല്ലേ ഭക്ഷണം കഴിക്കേണ്ടതുള്ളൂ..? അവർക്കല്ലേ മേഞ്ഞ് നടക്കേണ്ടതുള്ളൂ..? അതു കൊണ്ട് ഇവിടെ ഹദീഥിൽ വിവരിച്ചത് ശുഹദാക്കളെ കുറിച്ച് മാത്രമാണെന്ന് നാം മനസ്സിലാക്കുക. ‘ക്വാളീ അബൂബക്ർ ബ്നുൽ അറബി’ തന്റെ ‘സിറാജുൽ മുരീദീൻ’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.

     അതു കൊണ്ട് സത്യവിശ്വാസിയുടെ ആത്മാവ് എന്നത്, ശഹീദായ സത്യവിശ്വാസിയുടേത് എന്ന് നിബന്ധനയോടെയാണെന്ന് കരുതേണ്ടതുണ്ട്. കാരണം, “..പുനർജ്ജനിയുടെ നാളിൽ അല്ലാഹു അതിനെ ദേഹത്തിലേക്ക് മടക്കും വരെ” എന്ന വചനങ്ങൾ അത് ശഹീദിന്റെ കാര്യം മാത്രമാണെന്ന് അടിവരയിടുന്നു.'

 

                       ★     ★     ★

 

     3,  ഹദീഥ് നോക്കുക.  നബിﷺ തങ്ങൾ അരുളി.
     “റമളാൻ മാസം സമാഗതമായാൽ, വാന വാതിലുകൾ തുറന്ന് വെക്കപ്പെടും....”  മറ്റൊരു റിപ്പോർട്ട് പ്രകാരം “സ്വർഗ്ഗീയ കവാടങ്ങൾ തുറക്കപ്പെടും...”
(ബുഖാരി, മുസ് ലിം)

     ചോദ്യം :  വാനലോകത്ത് വെച്ച്, ആത്മാക്കൾ പരസ്പരം കണ്ടു മുട്ടുമെന്ന് ഹദീഥുകളിൽ ഉണ്ടല്ലോ. സ്വർഗ്ഗം വാന ലോകത്താണെന്നും മുകളിൽ ഉദ്ധരിച്ച, റമളാൻ സംബന്ധിയായ ഹദീഥുകളിൽ നിന്ന് വ്യക്തമാകുന്നു. അപ്പോൾ ശുഹദാക്കളുടെയും അല്ലാത്തവരുടേയും ആത്മാക്കൾ അതിലുണ്ടാകുമല്ലോ..?

    ഉത്തരം :  വാന ലോകത്ത് വെച്ച് ആത്മാക്കൾ സംഗമിക്കുമെന്ന് പറഞ്ഞതിൽ നിന്ന് ‘സ്വർഗ്ഗത്തിൽ ശുഹദാക്കളല്ലാത്തവർ സംഗമിക്കും’ എന്ന ആശയം ലഭിക്കില്ല. മാത്രമല്ല, ശുഹദാക്കളല്ലാത്തവരുടെ അർവാഹ്, ചില സമയങ്ങളിൽ ഭൂമിയിൽ അവരുടെ ക്വബ്റിന്റെ ചാരത്തായിരിക്കും. മറ്റു ചിലപ്പോൾ വാന ലോകത്തായിരിക്കും, സ്വർഗ്ഗത്തിലല്ല. സ്ഥിരമായി എല്ലാ വെള്ളിയാഴ്ച്ചകളിലും അവർ തങ്ങളുടെ മണ്ണറകൾ സന്ദർശിക്കുമെന്ന് പറയപ്പെട്ടിട്ടുണ്ടല്ലോ. ഇതു കൊണ്ടായിരിക്കാം വെള്ളിയാഴ്ച്ച രാവിലും പകലിലും ശനിയുടെ പുലർച്ച വരെ ക്വബ്ർ സിയാറത് പ്രത്യേകം സുന്നത്ത് ആണെന്ന് പണ്ഡിതൻമാർ പറയുന്നത്.  الله اعلم

    ക്വാളി അബൂബക്ർ ബ്നിൽ അറബി (رحمه الله) പറയുന്നു :

      “ഈത്തപ്പനയോല (ക്വബ്റിൻ മേൽ) വെച്ച ഹദീഥ്, ക്വബ്റിൽ വെച്ച് ആത്മാക്കൾ, ശിക്ഷിക്കപ്പെടുകയോ, സുഖിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്നതിന് ലക്ഷ്യമാകുന്നു. ഇത് ഇബ്നു ഉമർ (رضي الله عنه) നിവേദനം ചെയ്ത്, സ്വഹീഹൈൻ (ബുഖാരി, മുസ് ലിം) ഉദ്ധരിച്ച, ‘പ്രഭാതത്തിലും പ്രദോഷത്തിലും സ്ഥാനം പ്രദർശിപ്പിക്കപ്പെടും’  എന്ന ഹദീഥിനേക്കാൾ വ്യക്തമാണ്. കാരണം കേവലം കാഴ്ചയേക്കാൾ പ്രധാനമാണല്ലോ ശിക്ഷയും സുഖവും അനുഭവിക്കുക എന്നത്. അതു പോലെ ജൂതൻമാരുമായി ചർച്ച ചെയ്ത ഹദീഥിലും ഇക്കാര്യം വളരെ വ്യക്തമാണ്.”

    ഇമാം  ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.

    “ഇത് തന്നെയായിരിക്കാം നബിﷺ തങ്ങളുടെ വാക്കുകളിൽ വ്യക്തമാകുന്നത്.    “സത്യവിശ്വാസിയായ സഹോദരന്റെ ക്വബ്റിനരികിലൂടെ കടന്നു പോകുന്ന, ദുൻയാവിലെ ഏതൊരു പരിചയക്കാരനും, റൂഹ് ക്വബ്റിൽ ഉണ്ടായിരിക്കേ സലാം ചൊല്ലിയാൽ, അവൻ ആളെ തിരിച്ചറിഞ്ഞ് സലാം മടക്കാതിരിക്കില്ല. (അപ്പോൾ സാധാരണക്കാരുടെ ആത്മാക്കൾ അവരുടെ ക്വബ്റിലും അല്ലാതെയും ഉണ്ടാകാം.) ഇവയുടെ സന്ദർഭവും ഉദ്ദേശവും വ്യക്തമായാൽ വൈരുദ്ധ്യമില്ലെന്ന് നമുക്ക് മനസ്സിലാക്കാം.      الله أعلم

 
 

                       ★     ★     ★

 

    4,  ഈ ഹദീഥ് ശ്രദ്ധിക്കുക.

     നബിﷺ തങ്ങൾ പറഞ്ഞു :
     “എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം, ഒരാൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടുകയും, പിന്നെയും ജീവിപ്പിക്കപ്പെട്ട്, പിന്നെയും (അവന്റെ മാർഗ്ഗത്തിൽ) വധിക്കപ്പെട്ട്, ഋണ ബാധ്യതയോടെ പിന്നെയും പുനർ ജീവിപ്പിക്കപ്പെട്ടാലും, തന്റെ ഋണ ബാധ്യത വീട്ടാതെ അവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല. ”
(നസാഈ, ഹാകിം)

     ചോദ്യം :   മുകളിൽ ഉദ്ധരിച്ച ഹദീഥ് അനുസരിച്ച്, ചില ശുഹദാക്കൾ (കടബാധ്യതയുള്ളവർ) വധിക്കപ്പെട്ടത് മുതൽ സ്വർഗ്ഗത്തിൽ ആയിരിക്കില്ല എന്നല്ലേ വരുന്നത്.? അവരുടെ ആത്മാക്കൾ സ്വർഗ്ഗീയ പറവകളിലല്ല; ക്വബ്റിലുമല്ല. പിന്നെ എവിടെയാണുണ്ടാവുക ?

     ഉത്തരം:   താഴെ ഉദ്ധരിക്കുന്ന ഹദീഥ്  നോക്കുക.
    ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

     “ശുഹദാക്കൾ ‘ബാരിക്വി’ൽ ആയിരിക്കും. സ്വർഗ്ഗ കവാടത്തിനു സമീപം, ഹരിത ഗോപുരത്തിന് (കീഴിൽ) ഉത്ഭവിക്കുന്ന നദിയാണത്. അതിലൂടെ അവർക്കായ് പ്രഭാതത്തിലും പ്രദോഷത്തിലും സ്വർഗ്ഗത്തിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ബഹിർഗമിക്കും.”

(അഹ് മദ്, ത്വബ്റാനി, ഹാകിം)

      “ ഹദീഥിൽ പറയുന്ന സ്ഥലം സ്വർഗ്ഗത്തിന്റെ പുറത്താകുന്നു. മനുഷ്യരുമായുള്ള ബാധ്യതകൾ സ്വർഗ്ഗപ്രവേശനത്തിന് തടസ്സമാകുന്നവർ ഇവിടെയാകാം. കടം എന്നത് കേവലം സ്വത്തുക്കളിൽ മാത്രമല്ലല്ലോ. മറിച്ച്, ബാധ്യതകളെല്ലാം (അത് വാക്കിലും പ്രവർത്തിയിലും ഉള്ളതായാലും) വീട്ടപ്പെടേണ്ടത് തന്നെ.”

     ഇമാം ക്വുർത്വുബി (رحمه الله) തുടരുന്നു :

    “ഇതു കൊണ്ടാകാം പണ്ഡിതൻമാർ പറയുന്നത് : “ശുഹദാക്കൾക്ക് വ്യത്യസ്ഥ പദവികളും വിവിധ സ്ഥാനങ്ങളുമുണ്ട്. ‘ഭക്ഷിപ്പിക്കപ്പെടുക’ എന്നത് മാത്രമാണ് പൊതുവായിട്ടുള്ളത്.”

     “ഒരാൾ രോഗിയായി മരണപ്പെട്ടാൽ ശഹീദായി മരണപ്പെട്ടു. സ്വർഗ്ഗീയ ഭക്ഷ്യ പദാർത്ഥങ്ങൾ കൊണ്ട് അവന്ന് പ്രാതലും അത്താഴവും നൽകപ്പെടും.”  എന്ന ഹദീഥ് മുമ്പ് നാം ഉദ്ധരിച്ചിട്ടുണ്ടല്ലോ. ശുഹദാഇന്റെ അവസ്ഥ വിവിധങ്ങളാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.”

 

 

                       ★     ★     ★

 

      5, മറ്റൊരു ഹദീഥ് കാണാം. അബൂ ഉമാമഃ (رضي الله عنه) വിൽ നിന്ന്. അദ്ദേഹം പറഞ്ഞു: നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു.

    “കടലിൽ (യുദ്ധം ചെയ്ത്) ശഹീദായവൻ കരയിലെ രണ്ട് ശഹീദിന് തുല്യനാണ്. കടലിൽ ആടിയുലഞ്ഞവൻ കൊടും കരയുദ്ധത്തിൽ രക്തത്തിൽ പിടയുന്നവനെ പോലെയാണ്. അലയടിക്കുന്ന തിരമാലകൾക്കിടയിൽ (സഞ്ചരിക്കുന്നവൻ) അല്ലാഹുവിൽ സർവ്വ വണക്കവുമർപ്പിച്ച് ഇഹലോകം താണ്ടിയവനെ പോലെയാണ്. നിശ്ചയം, ശഹീദ് ഒഴികെയുള്ള എല്ലാവരുടേയും ആത്മാക്കളെ പിടിക്കാൻ (മാത്രം) അല്ലാഹു മലകുൽ മൗത്തിനെ ഏൽപ്പിച്ചിട്ടുണ്ട്. നിശ്ചയം, കരയിലെ ശഹീദിന്റെ കടബാധ്യത ഒഴികെയുള്ള പാപങ്ങൾ പൊറുത്തു കൊണ്ട് ആത്മാവ് പിടിക്കാനാണ് അവൻ ഏൽപ്പിച്ചിട്ടുള്ളത്. കടൽ രക്തസാക്ഷിയുടേത് ആകട്ടെ, കടബാധ്യത അടക്കമുള്ള എല്ലാം പൊറുത്ത് റൂഹ് പിടിക്കാനും.”

(ഇബ്നു മാജഃ)
      
   ചോദ്യം:   ഇവിടെ ഹദീഥിൽ ശുഹദാക്കളിൽ കടം ബാധ്യതയാകാത്തവരും ഉണ്ടെന്ന് കാണുന്നു. ഇതെങ്ങനെ ശരിയാകും.?

    ഉത്തരം :  ഇല്ലാത്തതു കൊണ്ടോ ഞെരുക്കമായത് കൊണ്ടോ നിർബന്ധിത സാഹചര്യത്തിൽ ഒരു സത്യവിശ്വാസിക്ക് കടം വാങ്ങേണ്ടി വന്നു. അത് കൊടുത്തു വീട്ടാൻ കഴിയാതെ അയാൾ മരണപ്പെട്ടു. അയാൾ ശഹീദ് ആകട്ടെ, അല്ലാത്തവനാകട്ടെ, അത് കാരണം അല്ലാഹു തആല അവനെ സ്വർഗ്ഗത്തെ തൊട്ട് തടയുകയില്ല. കാരണം, ആ പാവപ്പെട്ടവന്റെ കടം വീട്ടൽ ഭരണാധികാരിയുടെ കടമയാകുന്നു.

 
 

 

 
 

 

 

(കടബാധ്യത ഭരണാധികാരി ഏൽക്കേണ്ടത് എപ്പോൾ? അല്ലാഹു ഏറ്റെടുക്കുന്നത് ആരുടെ? അടുത്ത ബ്ലോഗ് പോസ്റ്റിൽ ചർച്ച ചെയ്യാം. ഇൻശാ അല്ലാഹ്.)
 

  
  
 

 

                       ★     ★     ★

 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...