Thursday, November 9, 2017

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

 

 

 

 

         സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:

       “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു. അയാളുടെ ആസ്ഥാന  ജാലവിദ്യക്കാരൻ (മാരണക്കാരൻ) വൃദ്ധനായപ്പോൾ രാജാവിനോട് പറഞ്ഞു.

      “എനിക്ക് പ്രായമായി. (അനുയോജ്യനായ) ഒരു കുട്ടിയെ അയക്കൂ.  എന്റെ എല്ലാ മാന്ത്രികവിദ്യകളും ഞാൻ അവനെ പഠിപ്പിക്കാം.”

     അത് പ്രകാരം രാജാവ് പഠിപ്പിക്കാൻ പറ്റിയ ഒരു കുട്ടിയെ അയച്ചു. അവൻ പോകുന്ന വഴിയിൽ ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അവൻ അയാളുടെ അടുത്ത് ചെന്ന് ഇരുന്നു. അയാളുടെ സംസാരം കേട്ടു. അതവനെ ആകർഷിച്ചു.......”

(മുസ് ലിം)
  

                       ★     ★     ★

 
      ഇത് ഇമാം മുസ് ലിം ഉദ്ധരിക്കുന്നതാണ്. മറ്റു വ്യത്യസ്ഥ റിപ്പോർട്ടുകളിൽ അവരുടേയും നാടിന്റെയും പേരുകൾ വ്യക്തമാക്കുന്നുണ്ട്. അനുസരിച്ച് ‘നജ്റാൻ’ എന്ന നാട്ടിലാണ് സംഭവം. നജ്റാനിന്റെ സമീപത്തുള്ള കുഗ്രാമത്തിലാണ് ജാലവിദ്യക്കാരൻ (ജ്യോത്സ്യൻ എന്നും റിപ്പോർട്ട് ഉണ്ട്) താമസിച്ചിരുന്നത്. അവരെല്ലാം ബഹുദൈവ ആരാധകരായിരുന്നു.

       നജ്റാനിന്റേയും ഗ്രാമത്തിന്റേയും ഇടയിലുള്ള വനപ്രദേശത്താണ് ‘ഫൈമൂൻ’ എന്ന ആ പുരോഹിതൻ കുടിൽ കെട്ടി ആരാധനയിൽ കഴിഞ്ഞിരുന്നത്. നജ്റാൻകാർ തങ്ങളുടെ സന്തതികളെ ജാലവിദ്യക്കാരന്റെ അടുത്തേക്ക് അയക്കാറുണ്ടായിരുന്നു. രാജസേവകനായിരുന്ന ഥാമിറിന്റെ മകൻ അബ്ദുല്ലയാണ് ജാലവിദ്യക്കാരന്റെ പിൻഗാമിയാക്കാൻ തെരെഞ്ഞടുക്കപ്പെട്ടിരുന്നത്. പുരോഹിതന്റെ കുടിലിൽ നിന്നുള്ള വശ്യമനോഹരമായ ഇൻജീൽ പാരായണശബ്ദം കേട്ടാണ്, മറ്റു കുട്ടികളെ പോലെ അബ്ദുല്ലാഹി ബ്നു ഥാമിറും അങ്ങോട്ട് ചെന്നത്. അയാളുടെ ആരാധനാ കർമ്മങ്ങളും ഉപദേശങ്ങളും ആ ബാലനെ ആകർഷിച്ചു. അങ്ങനെ അവൻ എന്നും വഴിയിൽ പുരോഹിതന്റെ കുടിലിൽ ഇരിക്കുന്നത് പതിവാക്കി. വൈകാതെ ഇസ്ലാം (ഈസാ നബി عليه السلام ന്റെ മതം) സ്വീകരിക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്തു.

    മതനിയമങ്ങളെല്ലാം സ്വായത്തമാക്കി. പിന്നെ ആത്മീയ വഴികളിൽ മുന്നേറി. മറ്റാരും ഇതൊന്നും അറിഞ്ഞിരുന്നില്ല. ആയിടക്കാണ് ജനങ്ങൾക്ക് ഭീഷണിയായി ഒരു മൃഗം (സിംഹമാണെന്ന് പറയപ്പെടുന്നു.) അന്നാട്ടിൽ വരുന്നത്. പുരോഹിതന്റെ പാഠങ്ങൾ ഇപ്പോൾ പരീക്ഷിക്കാം. അവൻ തീർച്ചപ്പെടുത്തി. ഒരു കല്ലെടുത്തു. ‘അല്ലാഹുവേ, ഈ പുരോഹിതന്റെ കാര്യം ജ്യോത്സ്യനേക്കാൾ ഉത്തമമാണെങ്കിൽ ഈ മൃഗത്തെ നീ നശിപ്പിക്കണേ’ എന്ന് പ്രാർത്ഥിച്ച ശേഷം ‘ബിസ്മി’ ചൊല്ലി അതിനെ എറിഞ്ഞു. തൽസമയം അത് ചത്തു വീണു. ജനങ്ങളെല്ലാം സന്തോഷിച്ചു. അവൻ ചെന്ന് പുരോഹിതനോട് വിവരമറിയിച്ചപ്പോൾ പുരോഹിതൻ പറഞ്ഞു.

    “മകനേ, ഇന്ന് നീ എന്നെക്കാൾ ഉത്തമനായിരിക്കുന്നു. ഇനി ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വരും.”

     പിന്നീട് അവശത അനുഭവിക്കുന്ന ജനങ്ങളെല്ലാം അവന്റെ അടുക്കൽ വരാൻ തുടങ്ങി. കുഷ്ടം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങൾ പോലും അവൻ ഭേദമാക്കാൻ തുടങ്ങി. രാജസദസ്സിലെ ഒരു പ്രമുഖൻ അന്ധനായിരുന്നു. അബ്ദുല്ലാഹി ബ്നു ഥാമിർ എന്ന കുമാരനെ കുറിച്ച് കേട്ടറിഞ്ഞ അയാൾ ധാരാളം സമ്മാനങ്ങളുമായി കാണാൻ ചെന്നു. അതൊന്നും ഗൗനിക്കാതെ അവൻ പറഞ്ഞു.

     “എനിക്ക് ആരെയും സുഖപ്പെടുത്താൻ കഴിയില്ല. ശിഫാഅ് നൽകുന്നവൻ അല്ലാഹു മാത്രം. താങ്കൾ അല്ലാഹുവിൽ വിശ്വസിച്ചാൽ, അവനോട് പ്രാർത്ഥിക്കാം. അല്ലാഹു കാഴ്ച നൽകിയേക്കും.”

      അങ്ങനെ അയാൾ വിശ്വസിക്കുകയും പ്രാർത്ഥനാഫലമായി കാഴ്ച ലഭിക്കുകയും ചെയ്തു.

      ഈ സംഭവത്തോടു കൂടി രാജാവ് വിവരമറിഞ്ഞ് അവനെ വിളിപ്പിച്ചു. അനുനയത്തിലും ഭീഷണിയിലും സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ ആ ബാലനെ വധിക്കാൻ ആഗ്രഹിച്ചു. പുരോഹിതനേയും, രാജസദസ്സിലെ അംഗത്തേയും ആദ്യമേ കൊന്നു കളഞ്ഞിരുന്നു.

    (ഇമാം മുസ് ലിം (റ) രേഖപ്പെടുത്തിയ, സുഹൈബ് (റ) നിവേദനം ചെയ്ത ഹദീഥ്, അവസാനഭാഗത്ത് നിന്ന് അൽപ്പം കൂടി ഇവിടെ ഉദ്ധരിക്കുന്നു...)
        
       “...... അങ്ങനെ അവൻ രാജാവിനോട് പറഞ്ഞു.

     “ഞാൻ പറയുന്നത് പോലെ ചെയ്യുന്നത് വരെ താങ്കൾക്കെന്നെ വധിക്കാൻ കഴിയില്ല.”

      “അതെന്താണ്.?”

      “ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. എന്നെ ഒരു കൽപ്പകവൃക്ഷത്തിൽ (പന) ബന്ധിക്കുക. പിന്നെ, എന്റെ ആവനാഴിയിൽ നിന്ന് ഒരു അസ്ത്രമെടുത്ത് വില്ല് കുലക്കുക. പിന്നെ ‘ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ..’ എന്ന് പറഞ്ഞ് എന്നെ അമ്പെയ്യുക. നിശ്ചയം, താങ്കൾ ഇപ്രകാരം പ്രവർത്തിച്ചാൽ എന്നെ വധിക്കാവുന്നതാണ്.”

      അപ്രകാരം അയാൾ ജനങ്ങളെ ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടി. അവനെ ഒരു കൽപ്പക വൃക്ഷത്തിൽ ബന്ധിച്ചു. പിന്നെ, അവന്റെ ആവനാഴിയിൽ നിന്ന് ഒരു അസ്ത്രമെടുത്ത് വില്ലിന്റെ മദ്ധ്യത്തിൽ വെച്ചു. പിന്നെ, ‘ഈ ബാലന്റെ നാഥനായ അല്ലാഹുവിന്റെ നാമത്തിൽ..’ എന്ന് പറഞ്ഞ് അസ്ത്രമയച്ചു. അമ്പ് അവന്റെ ചെന്നിയിൽ (കണ്ണിന്റെയും ചെവിയുടേയും മദ്ധ്യേ) തറച്ചു. അവൻ തന്റെ ചെന്നിയിൽ അമ്പേറ്റ സ്ഥലത്ത് കൈവെച്ചു. അങ്ങനെ മരണപ്പെട്ടു. അപ്പോൾ ജനങ്ങൾ (വിളിച്ചു) പറഞ്ഞു :

     “ഈ ബാലന്റെ നാഥനിൽ ഞങ്ങളിതാ വിശ്വസിച്ചു!  ഈ ബാലന്റെ നാഥനിൽ ഞങ്ങളിതാ വിശ്വസിച്ചു!  .......”

(മുസ് ലിം)

    

                       ★     ★     ★

 

 
       അതിനു മുമ്പ് രണ്ട് തവണ രാജാവ് ആ ബാലനെ വധിക്കാൻ ശ്രമിച്ചിരുന്നു.

     അതായത്, അയാൾ അവനെ തന്റെ ഒരു പറ്റം സൈനികരെ ഏൽപ്പിച്ചു. അവനെ അവിടെയുള്ള ഒരു മലമുകളിൽ കൊണ്ടു പോയി, താഴേക്ക് തള്ളിയിടാൻ ഏൽപ്പിച്ചു. അവർ മലമുകളിലെത്തും മുമ്പ് തന്നെ അവൻ പ്രാർത്ഥിച്ചു.

      “അല്ലാഹുവേ, ഇവരുടെ (ശല്യം) നീ മതിയാക്കണേ.”

       പെട്ടെന്ന് പർവ്വതം കുലുങ്ങി. അവരെല്ലാം തെറിച്ച് വീണൊടുങ്ങി. അവൻ മാത്രം സുരക്ഷിതനായി തിരിച്ചു വന്നു. അവൻ മരിക്കാതെ തിരിച്ചു വന്നതിൽ അമ്പരന്ന രാജാവ് ഒരു ശ്രമം കൂടി നടത്തി. ഇത്തവണ സൈനികരെ കൂട്ടി അയച്ചത് സമുദ്രത്തിന്റെ അഗാധതയിലേക്ക് എറിയാൻ ആയിരുന്നു. അവിടെയും പ്രാർത്ഥന അവന്ന് തുണയായി. സൈനികരെല്ലാം മുങ്ങി മരിച്ചു. അവൻ തിരിച്ചു വന്നു....

      അതു കഴിഞ്ഞാണ് തന്നെ വധിക്കാനുള്ള മാർഗ്ഗം അവൻ തന്നെ അറിയിച്ചു കൊടുക്കുന്നത്. അത് ജനങ്ങളെല്ലാം അല്ലാഹുവിൽ വിശ്വസിക്കാനുള്ള ആത്മസമർപ്പണമായിരുന്നു. ആ രാജാവ് അതോടു കൂടി സ്ഥാനഭ്രഷ്ടനായി എന്നും മറ്റും ചില റിപ്പോർട്ടുകളിൽ കാണുന്നു. പിന്നെ, വന്നത് ജൂതരാജാവ് യൂസുഫ് അബൂനുവാസ്. ഇമാം മുസ് ലിം ഉദ്ധരിച്ച ഹദീഥിന്റെ ബാഹ്യ അർത്ഥപ്രകാരം കിടങ്ങ് കീറി ജനങ്ങളെ കൂട്ടക്കൊല നടത്തിയത് ആദ്യത്തെ രാജാവ് തന്നെയാണ്. എന്നാൽ ഇബ്നു ഇസ്ഹാക്വ് (رحمه الله) രേഖപ്പെടുത്തുന്നു :

      “അബ്ദുല്ലാഹി ബ്നു ഥാമിർ എന്ന ആ ബാലൻ കാരണമായി ജനങ്ങൾ സത്യമതം പുൽകിയപ്പോൾ യൂസുഫ് എന്നറിയപ്പെടുന്ന ജൂതരാജാവ് ‘ദൂ നുവാസ്’ (കഅ്ബാ ശരീഫിന് കിസ് വ അണിയിച്ച തുബ്ബഅ് രാജാവിന്റെ പുത്രൻ) സൈന്യസമേതം അവിടെയെത്തി. കൂടെ മദീനയിലെ രണ്ട് ജൂതഗോത്രങ്ങളും ഉണ്ടായിരുന്നു. അവർ ആ ജനതയെ ജൂതമതത്തിലേക്ക് ക്ഷണിച്ചു. ഒന്നുകിൽ ജൂതനാവുക അല്ലെങ്കിൽ വധിക്കപ്പെടുക എന്നിവയിൽ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാൻ അയാൾ ആവശ്യപ്പെട്ടു. ജൂതായിസം സ്വീകരിക്കാത്തവരെ മുഴുവൻ തന്റെ, അഗ്നിക്കിടങ്ങിലിട്ട് വധിച്ചു. അങ്ങനെ ഇരുപതിനായിരത്തോളം പേരെയാണ് വധിച്ചത് !

   ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് അത്വാഅ് ഉദ്ധരിക്കുന്നു :

     “നബിﷺ തങ്ങളുടെ ജനനത്തിന് എഴുപത് വർഷം മുമ്പാണ് ഈ സംഭവം.”

      വഹബ് ബ്നു മുനബ്ബഹ് (رضي الله عنه) വിൽ നിന്ന് ഇബ്നു ഇസ്ഹാക്വ് ഉദ്ധരിക്കുന്നു.

     “അന്ന് അവരിൽ ഒരാൾ രക്ഷപ്പെട്ട്, തന്റെ കുതിരപ്പുറത്ത് പലായനം ചെയ്തു. ‘ദൗസ് ദൂ ഥഅ്ലബാൻ’ എന്ന അയാളെ അവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അയാൾ കൃസ്ത്യാനിയായ ശാം ഭരണാധികാരി സീസർ ചക്രവർത്തിയുടെ (ക്വൈസർ) അടുക്കലെത്തി. ചക്രവർത്തിയുടെ സന്ദേശമനുസരിച്ച് ഹബ്ശഃ (എത്യോപ്യ) രാജാവ് നജ്ജാശി, അർയാത്വ്, അബ്രഹത് തുടങ്ങിയവർ വമ്പൻ പടയുമായെത്തി. ദൂ നുവാസ് ഭയന്നോടി. ഒടുവിൽ അയാൾ കുതിരയോടൊപ്പം സമുദ്രത്തിൽ വീണ് മുങ്ങി മരിച്ചു.”

(ഇബ്നു ഇസ്ഹാക്വ്, കൽബീ)

 

 

 
 

 

 
 

അവലംബം: അത്തദ്കിറഃ (التذكرة ), തഫ്സീർ ക്വുർത്വുബി, തഫ്സീർ ബഗ്.വി, തഫ്സീർ ദുർറുൽ മൻഥൂർ, തഫ്സീർ ഇബ്നു കഥീർ

 

  

                       ★     ★     ★

 

 

               “ബർസഖീ പ്രപഞ്ചം ”

 

 
 

 

 

 

   “പുനർജ്ജനിക്കുന്ന നാൾ വരെ അവർക്ക് പിറകിൽ മറയുണ്ടായിരിക്കും.”
(മുഅ്മിനൂൻ : 100)

 

 
       ഹന്നാദ് ബ്നുസ്സിർറി (رحمه الله) ഉദ്ധരിക്കുന്നു. ഫത്വിർ (رضي الله عنه) വിൽ നിന്ന്. അദ്ദേഹം പറയുന്നു. ഞാൻ ...وَمِنْ وَرَائِهِمْ بَرْزَخٌ. എന്ന ആയത്തിനെ കുറിച്ച് മുജാഹിദ് (رضي الله عنه) വിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു :

      “മരണത്തിന്റേയും പുനർ ജൻമത്തിന്റേയും ഇടയിലുള്ള മറയാണത്.”
  
(കിതാബുസ്സുഹ്ദ് 1/195)

     
  

                       ★     ★     ★

 

       ക്വബ്ർ ജീവിതം യഥാർത്ഥത്തിൽ നമുക്ക് മുമ്പിൽ ഒരു സമസ്യയാണ്. അതിനെ കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമാണ് ലഭിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ നിഗൂഢത അത് വ്യക്തിനിഷ്ഠമാണ് എന്നതത്രേ. ഒരാളുടെ അനുഭവമാകില്ല മറ്റൊരാൾക്ക്. അവിടെ പരസ്പരം അനുഭവങ്ങൾ പങ്കിടാനാകുമോ...? അതോ പരിമിതമായ ആശയവിനിമയം മാത്രമായിരിക്കുമോ..? ഇതിനെക്കുറിച്ചെല്ലാം ഇനിയും ധാരാളം അറിയാനുണ്ട്.

 

    ഒരാൾ മരണപ്പെട്ട വിവരം ‘ശിഅ്ബി’ (رحمه الله) യോട് അറിയിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു :

    “അവൻ ഇപ്പോൾ ഇഹലോകത്ത് അല്ല. എന്നാൽ  പരലോകത്തുമല്ല. അവൻ ‘ബർസഖീ ലോക’ത്ത് ആണ്.”

 
  

                       ★     ★     ★

 

 
    രണ്ട് ‘വസ്തുക്കൾക്ക് ഇടയിലുള്ള മറ’ എന്നതാണ് ബർസഖ് എന്ന പദം കൊണ്ട് അറബീ ഭാഷയിൽ ഉദ്ദേശിക്കപ്പെടുന്നത്. ക്വുർആനിലും ഈ പദം ആ അർത്ഥത്തിൽ മറ്റ് സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

 
      നാം മനസ്സിലാക്കുക. അവിടെ നാം തനിച്ചാണ്. അവിടെ മാത്രമേ നാം തനിച്ചാവൂ. എന്നാൽ മഹ്ശറിലും സ്വർഗ്ഗത്തിലും, നരകത്തിൽ പോലും മറ്റുള്ളവരുമുണ്ടാകും. ഒരിക്കലും അവിടെയൊന്നും തനിച്ചാവില്ല.

 
    നമ്മുടെ ക്വബ്റിൽ സുകൃതങ്ങൾ മാത്രമേ നമുക്ക് കൂട്ടുണ്ടാവൂ. ഈ ഭൂമിയിൽ ജീവിച്ചതിനേക്കാൾ കൂടുതൽ ആ ഏകാന്തലോകത്ത് താമസിക്കാനുള്ള നാം അതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ശ്രമിക്കുക.

 
    അല്ലാഹു തൗഫീക്വ് ചെയ്യട്ടെ.   (ആമീൻ)

  

                       ★     ★     ★

 
 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 
  

Wednesday, November 8, 2017

55 - “മണ്ണ് തൊടാത്ത മഹാരഥൻമാർ”


   

”...بَلْ أَحْيَاءٌ عِنْدَ رَبِّهِمْ يُرْزَقُونَ.“
(آل عمران : ١٦٩)
.

  “... എങ്കിലും അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നവരാണ്; ഭക്ഷണവും നൽകപ്പെടുന്നു."
(ആലു ഇംറാൻ : 169)

 

     ഔസ് ബ്നു ഔസ് (رضي الله عنه) വിൽ നിന്ന്. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

       “നിശ്ചയം, ദിവസങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഉത്തമമായത് വെള്ളിയാഴ്ച്ച ദിവസമാകുന്നു.  ആദം (عليه السلام) മിനെ സൃഷ്ടിക്കപ്പെട്ടതും റൂഹ് പിടിക്കപ്പെട്ടതും അന്നാണ്. അന്ന് തന്നെയാണ് (ഇസ്രാഫീൽ عليه السلام കാഹളത്തിൽ) ഊതുന്നതും, (സൃഷ്ടികളുടെ) ആകസ്മിക അന്ത്യവും. അന്ന് നിങ്ങൾ, എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുവീൻ. നിശ്ചയമായും, നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും.”

      അപ്പോൾ അവർ (സ്വഹാബത്) ചോദിച്ചു :

      “അല്ലാഹുവിന്റെ തിരു ദൂതരേ, താങ്കൾ മണ്ണായ അവസ്ഥയിൽ എങ്ങനെയാണ് ഞങ്ങളുടെ സ്വലാത്തുകൾ താങ്കളെ കാണിക്കപ്പെടുക ?. താങ്കൾ ജീർണ്ണിക്കുമെന്ന് അവർ പറയുന്നു.”

     അപ്പോൾ അവിടുന്ന് പ്രത്യുത്തരം നൽകി.

         “നിശ്ചയം, അമ്പിയാക്കളുടെ ശരീരങ്ങൾ ഭക്ഷിക്കൽ, അല്ലാഹു തആല ഭൂമിക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു.”

(അബൂ ദാവൂദ്, ഇബ്നു മാജഃ)

       ഗണത്തിൽ അമ്പിയാക്കൾ മാത്രമല്ല, ശുഹദാക്കളും സ്വാലിഹീങ്ങളും ഉൾപ്പെടുമെന്നും പണ്ഡിതൻമാർ സമർത്ഥിക്കുന്നുണ്ട്. അങ്ങനെ അവരുടെ ശരീരങ്ങൾ മണ്ണിൽ ദ്രവിക്കാത്തതിന് ധാരാളം സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു.

 
  

            ★      ★      ★

 

      നബിﷺ തങ്ങൾ പറഞ്ഞു :

        “അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിക്കുന്ന ബാങ്ക് വിളിക്കാരൻ, തന്റെ രക്തത്തിൽ പിടഞ്ഞ് മരിക്കുന്ന രക്തസാക്ഷിയെ പോലെയാണ്. അവൻ മരണപ്പെട്ടാൽ തന്റെ മണ്ണറയിൽ കീടങ്ങൾ ഉണ്ടാവില്ല.”

(ത്വബ്റാനി)

      ഹദീഥ് ഉദ്ധരിച്ച് ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.  “ഇതിൽ നിന്ന് വ്യക്തമാകുന്നത്, അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിക്കുന്ന സത്യവിശ്വാസിയെ മണ്ണ് ഭക്ഷിക്കില്ല, എന്നാണ്.”

      വിഷയത്തിൽ പ്രവാചകാധ്യാപനങ്ങൾ കൂടാതെ, സ്വഹാബത്തിന്റേയും താബിഉകളുടേയും ധാരാളം അനുഭവ സാക്ഷ്യങ്ങൾ കൂടിയുണ്ട്.

 
            ★      ★      ★

  
     അബ്ദുറഹ്മാൻ ബ്നു അബീ സ്വഅ്സ്വഅഃ (رضي الله عنه) വിൽ നിന്ന് ഇമാം മാലിക് ബ്നു അനസ് (رضي الله عنهما) ഉദ്ധരിക്കുന്നു.

       “നിശ്ചയം, അൻസ്വാറുകളും ‘സലമി’കളുമായ അംറ് ബ്നുൽ ജമൂഹ്, അബ്ദുല്ലാഹി ബ്നു അംറ് (رضي الله عنهما) എന്നിവരുടെ ക്വബ്ർ വെള്ളപ്പൊക്കത്തിൽ തകർന്നു. അവരുടെ ക്വബ്ർ നീരൊഴുക്കിന് സമീപമായിരുന്നു. രണ്ട് പേരെയും ഒരേ ക്വബ്റിലായിരുന്നു മറവ് ചെയ്യപ്പെട്ടിരുന്നത്. ഉഹ്ദിലെ രക്ത സാക്ഷികളിൽ പെട്ടവരാണവർ. അപ്പോൾ അവരെ സ്ഥാനം മാറ്റി മറവ് ചെയ്യാൻ വേണ്ടി (ക്വബ്ർ) മാന്തി. അപ്പോൾ യാതൊരു മാറ്റവും കൂടാതെ കാണപ്പെട്ടു. ഇന്നലെ മരണപ്പെട്ട പോലെ! അതിലൊരാൾക്ക് (രക്തമൊലിച്ചു കൊണ്ടിരിക്കുന്ന) മുറിവേറ്റിരുന്നു. അങ്ങനെ അയാളുടെ കൈ മുറിവിൻ മേൽ വെച്ചിട്ടുണ്ടായിരുന്നു. അപ്രകാരം തന്നെ അവരെ മറവ് ചെയ്യപ്പെട്ടു. അപ്പോൾ (അവർ) കരം മുറിവിൽ നിന്ന് മാറ്റി നേരെയാക്കി. പിന്നെ (അവർ) കൈ വിട്ടപ്പോൾ, അത് ആദ്യത്തെ പോലെ (മുറിവിലേക്ക്) മടങ്ങി! ഈ ക്വബ്ർ തുറന്നത് ഉഹ്ദ് യുദ്ധം കഴിഞ്ഞ് നാൽപ്പത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ്.”

(മുവത്വഃ)

        

            ★      ★      ★

  

 
    പ്രമുഖ ഹദീഥ് ചരിത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്ന ഒരു സംഭവം.

   “മദീനഃയിലൂടെ ഉദ്ഭവിച്ച് ഒഴുകുന്ന നദി, ഉമവീ ഖലീഫ മുആവിയഃ (رضي الله عنه)ചില സൗകര്യങ്ങൾക്കായി ഉഹ്ദ് താഴ്വരയിലെ ക്വബ്ർസ്ഥാനിലൂടെ ദിശ മാറ്റിയൊഴുക്കി. അത് മുസ് ലിംകൾ വീണ്ടും ഒന്നിച്ച് അദ്ദേഹത്തിന്റെ ഖിലാഫത്തിന്റെ കീഴിലായ ശേഷമായിരുന്നു. ജനങ്ങളോട് തങ്ങളുടെ മരണപ്പെട്ടവരെ മാറ്റി മറവ് ചെയ്യാൻ അദ്ദേഹം കൽപ്പിച്ചു. അന്ന്, ഉഹ്ദ് യുദ്ധത്തിന്റെ ഏകദേശം അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും ആ മയ്യിത്തുകൾ അതേപടി നില കൊള്ളുന്നതായി അവർ കണ്ടു ! എത്രത്തോളം, ഹംസതുൽ കർറാർ (رضي الله عنه) വിന്റെ പുണ്യപാദങ്ങളിൽ മൺവെട്ടി തട്ടിയപ്പോൾ എല്ലാവരും കണ്ടു. അതിൽ നിന്ന് രുധിരമൊഴുകുന്നു! അത് പോലെ, ജാബിർ ബ്നു അബ്ദുല്ലാഹി ബ്നു ഹറാം (رضي الله عنهما), തന്റെ പിതാവ് അബ്ദുല്ലാഹി ബ്നു ഹറാം (رضي الله عنه) വിന്റെ ശരീരം പുറത്തെടുത്തു. അത് ഇന്നലെ മറവ് ചെയ്തത് പോലെയുണ്ടായിരുന്നു!.”

    ഈ സംഭവം, ഇബ്നു സഅദ് (ത്വബക്വാത്തുൽ കുബ്റാ 3/11), ഇബ്നു അബീ ശൈബഃ  (മുസ്വന്നഫ് 4/216) ഇബ്നുൽ മുബാറക് (കിതാബുൽ ജിഹാദ് 1/84) തുടങ്ങി പലരും ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശുഹദാക്കളുടെ കാര്യത്തിൽ കൂടുതൽ പറയേണ്ടതില്ലാത്ത വിധം പ്രസിദ്ധവുമാണ്.

 

 
            ★      ★      ★

  

 
”قُتِلَ أَصْحَابُ الْأُخْدُودِ (٤)
 النَّارِ ذَاتِ الْوَقُودِ (٥)
 إِذْ هُمْ عَلَيْهَا قُعُودٌ (٦)
 وَهُمْ عَلَى مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ (٧).“
( سورة البروج)
.
  
 
    “..കിടങ്ങിന്റെ ആളുകൾ (അഭിശപ്തരായി) നാശമടഞ്ഞു.(4) അതായത്, വിറക് നിറച്ച അഗ്നിയുടെ (കിടങ്ങ്).(5) അവർ അതിൻമേൽ ഇരുന്ന സന്ദർഭം.(6) സത്യവിശ്വാസികളിൽ  അതിക്രമം കാണിച്ചതിന്ന് അവർ ദൃസാക്ഷികളാണ്.(7)”
(സൂറതുൽ ബുറൂജ്)

     (ഈ ആയത്തുകളുടെ വ്യാഖ്യാനത്തിൽ ഇമാം തിർമുദി (رحمه الله)സംഭവത്തെ വിലയിരുത്തുന്നു.)

     ‘.....നിശ്ചയം, ആ കുട്ടിയെ മറവ് ചെയ്തു.’ അദ്ദേഹം തുടർന്നു.  ‘ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിന്റെ കാലത്ത് അവനെ ക്വബ്റിൽ നിന്ന് പുറത്തെടുത്തു. അപ്പോഴും അവന്റെ കൈവിരലുകൾ നെറ്റിയിൽ അമർത്തി വെച്ചിട്ടുണ്ടായിരുന്നു. കൊല്ലപ്പെട്ടപ്പോൾ വെച്ചിരുന്ന പ്രകാരം തന്നെ!’
(തിർമുദി)

 
          ★   ★   ★

 
    മദീനക്കാർ ഒന്നടങ്കം ഉദ്ധരിക്കുന്ന, പ്രസിദ്ധമായ ഒരു സംഭവമുണ്ട്.

      “ഉമവീ ഖലീഫ വലീദ് ബ്നു അബ്ദുൽ മലികിന്റെ ഭരണകാലം. മദീനഃ ഗവർണർ ഉമർ ബ്നു അബ്ദുൽ അസീസ് (رحمه الله)യും ആണ്. ‘ഹുജ്റതുശ്ശരീഫ’ യുടെ ചുവരുകൾ തകർന്നു വീണു. അതിന്റെ പുനർ നിർമ്മാണത്തിനായി കല്ലുകളും മറ്റും നീക്കിയപ്പോൾ ഒരു കാൽപാദം പ്രത്യക്ഷമായി. അത് കണ്ട ജനങ്ങൾ പരിഭ്രാന്തരായി. ‘അത് നബിﷺ തങ്ങളുടെ തിരുപാദമാകുമോ.?.’ എന്ന് അവർ ഭയന്നു. ഒടുവിൽ അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) വിന്റെ പുത്രനായ സാലിമുബ്നു അബ്ദുല്ലാഹ് (رضي الله عنهما) വന്ന് പരിശോധിക്കുകയും അത് തന്റെ പിതാമഹൻ ഉമർ (رضي الله عنه) വിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ശഹീദ് ആണല്ലോ.”

     (അൽബിദായതു വന്നിഹായഃ, സീറത്തുൽ ഹലബിയ്യഃ, താരീഖുൽ മദീനഃ തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളിലും, കൂടാതെ പ്രമുഖ മുഹദ്ദിഥുകളും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.)

        ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു : ഇപ്രകാരം തന്നെയാണ് നമ്മുടെ മുൻകഴിഞ്ഞ സമൂഹങ്ങളിലെ, രക്തസാക്ഷ്യം വഹിച്ചവരുടെ കാര്യവും. അതിന് اصحاب الأخدود (കിടങ്ങിന്റെ ആളുകൾ) കൊന്നു കളഞ്ഞവരുടെ കാര്യം അദ്ദേഹം ഉദാഹരണമായി ഉദ്ധരിക്കുന്നു.

     ഇബ്നു ഇസ്ഹാക്വ് (رحمه الله) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹ് ബ്നു അബീബക്ർ ബ്നു മുഹമ്മദ് ബ്നു അംറ് ബ്നു ഹസം (رضي الله عنهم) എന്നോട് അറിയിച്ചു :

    “ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിന്റെ കാലത്ത് നജ്റാനിൽ ഒരാൾ അവിടെയുള്ള ചില പുരാതന അവശിഷ്ടങ്ങൾ എന്തോ ആവശ്യങ്ങൾക്ക് വേണ്ടി കുഴിച്ചു. അപ്പോൾ അതിനടിയിൽ ‘അബ്ദുല്ലാഹി ബ്നു ഥാമിർ’ എന്ന മഹാന്റെ ജഢമുണ്ടായിരുന്നു. തന്റെ മുൻതലയിലെ മുറിവിൽ അമർത്തിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന നിലയിലായിരുന്നു! ആ കരം തലയിൽ നിന്ന് മാറ്റി പിടിച്ചു വെച്ചാൽ രക്തം ഒഴുകുന്നു. പിടിച്ചു വെച്ച കൈ വിട്ടാൽ അത് തലയിലേക്ക് മടങ്ങി അവിടെ രക്തം അമർത്തിപ്പിടിക്കുന്നു! ആ കയ്യിൽ റബ്ബിയല്ലാഹ് (رَبّيَ اللّٰه) എന്ന് എഴുതപ്പെട്ട ഒരു മോതിരമുണ്ടായിരുന്നു. ഉടനെ അവർ ഖലീഫ ഉമറുൽ ഫാറൂക്വ് (رضي الله عنه) തങ്ങളെ വിവരമറിയിച്ചു. അപ്പോൾ ഉമർ (رضي الله عنه) ആ മൃതശരീരം ആദ്യത്തെ അതേ അവസ്ഥയിൽ നിലനിറുത്താൻ എഴുതി അറിയിച്ചു. ‘എല്ലാം പഴയപടി തിരിച്ചു വെക്കുക.’ അവർ അപ്രകാരം ചെയ്തു.”

   (ഈ ഹദീഥിന്റെ ആദ്യഭാഗം ഒഴികെ, ഇമാം അഹ് മദ്, മുസ് ലിം, നസാഈ എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.)

 

  

  

 
   ‘അസ്ഹാബുൽ ഉഖ്ദൂദ്' (കിടങ്ങ് കാർ) ന്റെ ചരിത്രം അടുത്ത പോസ്റ്റിൽ.    (ഇൻശാ അല്ലാഹ്)

  

                       ★     ★     ★

 
 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 
  

Tuesday, November 7, 2017

54 - “മനുഷ്യാവക്ഷിപ്തം”


  “നശിക്കാത്ത നിസ്തുല ശിഷ്ടം!”

 

   

 

      അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:

      “ഒരു അസ്ഥിയൊഴികെ, മനുഷ്യനിൽ യാതൊന്നും ദ്രവിക്കാത്തതില്ല. അത് عَجْبُ الذَّنَب (നിസ്തുല ശിഷ്ടം) ആകുന്നു. അതിൽ നിന്നാണ് ക്വിയാമഃ ദിവസത്തിൽ അവന്റെ രൂപം പുനഃ സൃഷ്ടിക്കപ്പെടുന്നത്.”

(ബുഖാരി, മുസ് ലിം, ഇബ്നുമാജഃ )

   അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് വീണ്ടും. നിശ്ചയം, നബിﷺ തങ്ങൾ അരുളി :
    
    “നിസ്തുല ശിഷ്ടം (عَجْبُ الذَّنَب) ഒഴികെ, എല്ലാ മനുഷ്യരെയും മണ്ണ് ഭക്ഷിക്കും. അതിൽ നിന്നാണ് അവനെ സൃഷ്ടിക്കപ്പെട്ടതും, അതിൽ തന്നെയാണ് (പിന്നീട്) പുനഃ സൃഷ്ടിക്കപ്പെടുന്നതും.”

(മുസ് ലിം)

     നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം (അബൂഹുറയ്റഃ) പറഞ്ഞു :

     “നിശ്ചയം, ഒരിക്കലും ഭൂമി ഭക്ഷിക്കാത്ത ഒരു അസ്ഥി മനുഷ്യശരീരത്തിലുണ്ട്.”

     ‘അത് ഏത് അസ്ഥിയാണ് റസൂലരേ,’  എന്ന് അവർ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:

     “അത്  عَجْبُ الذَّنَب (നിസ്തുല ശിഷ്ടം) ആണ്.”

(മുസ് ലിം)

           

                       ★     ★     ★

 

       ഇത് മനുഷ്യന്റെ മുതുകെല്ലിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്ന് ചിലർ വിശദീകരിക്കുന്നുണ്ട്. അത് വളരെ മൃദുവായ കോശമാണെന്നും, അതിനെ പൊതിഞ്ഞ കവചമാണ് കഠിനമെന്നും പറയപ്പെടുന്നു. ഇതാണത്രെ മനുഷ്യനിൽ ആദ്യമായി സൃഷ്ടിക്കപ്പെട്ടതും നശിക്കാതെ നിലനിൽക്കുന്നതും. പക്ഷേ ആകെക്കൂടി കടുകുമണിയോളമേ കാണൂ.

      അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം.

       നബിﷺ തങ്ങളോട് ആരോ ചോദിച്ചു : “അല്ലാഹുവിന്റെ തിരു ദൂതരേ, അത് (അദ്ഭുത ശിഷ്ടം) എന്താണ് ?”

       അവിടുന്ന് പ്രതിവചിച്ചു :

      “ഒരു കടുകുമണി പോലെയാണ്. അതിൽ നിന്നാണ് നിങ്ങൾ രൂപം കൊള്ളുന്നത്.”

(അഹ് മദ്, അബൂ ദാവൂദ്, അബൂ യഅ്ലാ, ഇബ്നു ഹിബ്ബാൻ, ഹാകിം.)
 

                       ★     ★     ★

 

     ആദ്യം ഉദ്ധരിച്ച ഹദീഥിന്റെ ചില റിപ്പോർട്ടുകളിൽ നാൽപ്പത് വർഷം കൊണ്ടാണ് പുനസൃഷ്ടി പൂർണ്ണമാകുന്നത്, എന്നു കാണാം. എന്നാൽ രണ്ടാം ഹദീഥിൽ ആദ്യസൃഷ്ടിയും അതിൽ നിന്നാണെന്ന് വ്യക്തമാകുന്നു. അവിടെ ചിലർ സംശയം ഉന്നയിക്കുന്നത്, എന്തു കൊണ്ട് സമയവ്യത്യാസം എന്നാണ്. മാതൃ ഗർഭത്തിൽ വെച്ച് ഒരു വർഷം പോലും തികച്ചു വേണ്ട. ക്വിയാമഃ ദിവസത്തിൽ നാൽപ്പത് വർഷം ! (ചില അഭിപ്രായപ്രകാരം നാൽപ്പത് വ്യാഴവട്ടം). ഇങ്ങനെ എന്തു കൊണ്ടാണ്? മറ്റൊരു ചോദ്യം മനുഷ്യേതര ജീവികൾക്ക് ഇതൊന്നും ഇല്ലേ എന്നാണ്.

     വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ് പണ്ഡിതൻമാർ. നാൽപ്പത് ദിവസം കൊണ്ടാണ് രൂപം പ്രാപിക്കുന്നത് എന്ന അഭിപ്രായം പോലും ഉണ്ട്. പക്ഷേ, യുക്തമായ വീക്ഷണം അതൊന്നുമല്ല. ഇവിടെ ഇഹലോകത്ത് അറുപതോ എഴുപതോ, ഏറിയാൽ നൂറോ വർഷം മാത്രമാണ് നാം ജീവിക്കുന്നത്. അതിന് അനുയോജ്യമായ രീതിയിലുള്ള കരുത്തും ഉറപ്പും മാത്രമേ ആ ശരീരത്തിന് വേണ്ടതുള്ളൂ. അതിനനുസരിച്ച് രൂപപ്പെടുത്താൻ പത്ത് മാസത്തെ പാകം മതിയാകും. എന്നാൽ അനന്തമായ പരലോകജീവിതത്തിൽ കൂടുതൽ കരുത്തും കടുപ്പവും കൂടിയേ തീരൂ. സ്വർഗ്ഗവാസികൾക്ക് നമ്മിൽ നാൽപ്പത് പേരുടെ കരുത്തുണ്ടെന്ന് ഹദീഥിൽ വന്നിട്ടുണ്ടല്ലോ. നരകവാസികൾക്കും ദീർഘമായ ശിക്ഷകൾ അനുഭവിക്കാനുള്ള കടുപ്പം ശരീരത്തിന് വേണ്ടതാണ്. അനുസരിച്ച് ശരീരം കൂടുതൽ ബലവത്താകേണ്ടതുണ്ട്. അത് കൊണ്ടായിരിക്കണം പുനസൃഷ്ടികർമ്മം സാവധാനത്തിൽ ആയിത്തീരുന്നത്.            الله أعلم

    മനുഷ്യേതര ജീവികൾക്കും ഇത്തരം അവക്ഷിപ്തം ഉണ്ടാകുമെന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. ഇബ്റാഹീം നബി (അ) മിന്റെയും മറ്റും ചരിത്രങ്ങൾ ക്വുർആൻ വിവരിച്ചതാണ് അവർ തെളിവായി ഉദ്ധരിക്കുന്നത്. അതായത്  പക്ഷികളുടെ വ്യത്യസ്ത ഭാഗങ്ങൾ, നാല് പർവ്വതങ്ങളിൽ നിക്ഷേപിച്ച് അവയെ പിന്നീട് അല്ലാഹു തആല അദ്ദേഹത്തിന് വീണ്ടും പുനർജ്ജനിപ്പിച്ച് നൽകിയ ചരിത്രവും മറ്റ് അമ്പിയാക്കളുടേയും അസ്ഹാബുൽ കഹ്ഫിന്റേയും (നായ അടക്കം) മറ്റും ചരിത്രവും ഇവയെ സാധൂകരിക്കുന്നു.  الله أعلم

                       ★     ★     ★

 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 
  

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...