Thursday, November 2, 2017

49 - “ക്വബ്റിൽ രക്ഷ നേടാൻ”


 

      ക്വബ്ർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കാൻ ചില കാര്യങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ ചേർക്കുന്നു.

   1. ഇസ് ലാമിക സന്നദ്ധ സൈനിക സേവനം.   (الرباط)

 

 

      സൽമാൻ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങളിൽ നിന്ന് കേട്ടതായി അദ്ദേഹം പറയുന്നു :

    “ഒരു രാപ്പകൽ സന്നദ്ധ സൈനിക സേവനം അനുഷ്ടിക്കുന്നത്, ഒരു മാസക്കാലം (സുന്നത്ത്) നോമ്പും നിസ്കാരവും നിർവ്വഹിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു. അവൻ (സന്നദ്ധ സേവനത്തിനിടെ) മരണപ്പെട്ടാൽ അവൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി തുടരുന്നതായി (കണക്കാക്കപ്പെട്ട്,) പ്രതിഫലം തുടർച്ചയായി (വർദ്ധിച്ച്) ലഭിച്ചു കൊണ്ടിരിക്കും. അവൻ (ക്വബ്റിലെ) ഫിത്നഃക്കാരിൽ നിന്ന് നിർഭയനാവുകയും ചെയ്യും.”

(സ്വഹീഹ് മുസ് ലിം)

 
 

                       ★     ★     ★

                   

     ഫളാലത് ബ്നു ഉബൈദ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു :

       “എല്ലാ മയ്യിത്തിന്നും തന്റെ കർമ്മങ്ങൾ (മരണത്തോടെ) പൂർത്തിയാക്കപ്പെടും. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സന്നദ്ധ സൈനിക സേവനം അനുഷ്ടിക്കുന്നവനായി മരണപ്പെട്ടവനൊഴികെ. അവന്ന് അന്ത്യനാൾ വരെ അവന്റെ കർമ്മം വളർന്നു കൊണ്ടേയിരിക്കും. ക്വബ്ർ ഫിത്നഃയിൽ നിന്ന് അവന്ന് നിർഭയത്വം ലഭിക്കുകയും ചെയ്യും.”

(തിർമുദി, അബൂ ദാവൂദ്)

     
 

                       ★     ★     ★

                   

      മുകളിലെ പ്രമാണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്, അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സൈനിക സേവനം ‘ജാരിയ്യായ സ്വദക്വഃ ’ പോലെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കുന്ന കർമ്മങ്ങളിൽ പെട്ടു എന്നാകുന്നു. അതിലുപരി ‘രിബാത്വ്’ അന്ത്യനാൾ വരെ പ്രതിഫലം വളരുന്ന കർമ്മമാകുന്നു. വളരുക എന്നതു കൊണ്ടുള്ള വിവക്ഷ, അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് പ്രതിഫലം ഇരട്ടിപ്പിച്ചു കൊണ്ടേയിരിക്കലാണെന്ന് പണ്ഡിതൻമാർ പറയുന്നു. അത് യാതൊരു പ്രവൃത്തിയോടും ബന്ധിക്കുന്നില്ല. അല്ലാഹുവിന്റെ അപാരമായ ഔദാര്യം മാത്രം !

   എന്നാൽ, വക്വഫ് സ്വത്തുക്കൾ നശിക്കുകയോ ഉപയോഗശൂന്യമാവുകയോ ചെയ്താൽ അതിന്റെ പ്രതിഫലം നിലച്ചേക്കാം. കാരണം അത് മറ്റുള്ളവർ ഉപകാരമെടുക്കുമ്പോൾ മാത്രമാണ് വാക്വിഫിന്ന് പ്രതിഫലം ലഭിക്കുക. അതു പോലെ, സൽക്കർമ്മങ്ങൾ ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സ്വാലിഹായ സന്താനങ്ങളും മറ്റും അത് ചെയ്തു കൊണ്ടിരിക്കുമ്പോൾ മാത്രമാണ് മയ്യിത്തിന് പ്രതിഫലം ലഭിക്കുക. അവർ മരണപ്പെടുകയോ കർമ്മവിമുഖരാവുകയോ ചെയ്താലും പ്രതിഫലം നിലയ്ക്കുന്നതാണ്. അറിവിന്റെ കാര്യവും അങ്ങനെ തന്നെ.

      മറ്റു മുസ് ലിംകൾക്ക് അവരുടെ ദീനീകർമ്മങ്ങൾ യഥാവിധി ചെയ്യാൻ നിർഭയത്വം ഒരുക്കുകയാണ് ‘മുറാബിത്വുകൾ’ ചെയ്തു കൊണ്ടിരിക്കുന്നത്. ഇസ് ലാം നിലനിൽക്കുന്ന കാലത്തോളവും അതിലുപരിയും അതിന് അല്ലാഹു പ്രതിഫലം നൽകിയേക്കും. മാത്രമല്ല ക്വബ്ർശിക്ഷയിൽ നിന്നുള്ള നിർഭയത്വവും !

 

                       ★     ★     ★

                   

    2. അല്ലാഹുവിന്റെ മാർഗ്ഗത്തിലെ രക്തസാക്ഷ്യം
(الشهادة في سبيل الله)
.
 

   

     റാശിദ് ബ്നു സഅദ് (رضي الله عنه) നബിﷺ തങ്ങളുടെ ഒരു സ്വഹാബിയിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു :

    “അല്ലാഹുവിന്റെ പ്രവാചകരേ, ശഹീദ് അല്ലാത്ത സത്യവിശ്വാസികൾ അവരുടെ ക്വബ്റുകളിൽ വെച്ച് കുഴപ്പത്തിൽ അകപ്പെടുന്നതിന്റെ സാംഗത്യമെന്താണ്.?”

     അവിടുന്ന് പ്രത്യുത്തരം നൽകി :

     “തലക്ക് മുകളിൽ വാളുകളുടെ മിന്നൽ പിണർ തന്നെ (ശഹീദിന്ന്) മതിയായ ഫിത്നഃയായി.”

(നസാഈ)

 

                       ★     ★     ★

                   

 
     മിക്വ്.ദാമുബ്നു മഅ്ദീ കരിബഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:

      “ആറ് കാര്യങ്ങൾ ശഹീദിന്ന് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കും. ¹ആദ്യഘട്ടത്തിൽ തന്നെ അവന്ന് പൊറുത്തു നൽകപ്പെടും. ²സ്വർഗ്ഗത്തിലെ സ്ഥാനം അവന്ന് കാണാം. ³ക്വബ്ർ ശിക്ഷയിൽ നിന്ന് അഭയം ലഭിക്കും. ⁴വലിയ ഭയപ്പാടിൽ നിന്ന് നിർഭയത്വം കിട്ടും. °ഒരു ഗംഭീര സ്ഥാനകിരീടം അവന്റെ ശിരസ്സിലണിയിക്കും. അതിൽ പതിക്കപ്പെട്ട ഒരു മാണിക്യം പോലും, ഇഹലോകവും അതിലുള്ള സകലതും ചേർന്നതിനേക്കാളും ഉത്തമമാകുന്നു.  °എഴുപത്തിരണ്ട് സ്വർഗ്ഗീയ ഹൂറികളെ അവന്ന് വിവാഹം ചെയ്ത് നൽകപ്പെടും. °എഴുപത് വേണ്ടപ്പെട്ടവരെ ശിപാർശ ചെയ്യാൻ അധികാരം ലഭിക്കും.”

(ഇബ്നുമാജഃ, തിർമുദി)

       

                       ★     ★     ★

                   

     ഇമാം ക്വുർത്വുബി (رحمه الله) രേഖപ്പെടുത്തുന്നു. ‘ഇവിടെ ആറു കാര്യങ്ങൾ എന്നാണ് പറയുന്നതെങ്കിലും എണ്ണി വരുമ്പോൾ ഏഴ് കാര്യങ്ങൾ ഉണ്ട്. മാത്രമല്ല, ഇബ്നു മാജഃ ഉദ്ധരിച്ചതിൽ രണ്ടാമതായി,     ”ويحلى بحلة الإيمان،“     ‘ഈമാനിന്റെ സ്ഥാനവസ്ത്രം ധരിപ്പിക്കപ്പെടും’ എന്നു കൂടി കാണുന്നു. അപ്പോൾ എട്ട് കാര്യങ്ങൾ ആയി.
     ഈ ഹദീഥ് തന്നെ അബൂബക്ർ അഹ് മദ് ബ്നു സുലയ്മാൻ അന്നജാദ് എന്നവർ തന്റെ ഗ്രന്ഥത്തിൽ മിക്വ്.ദാമുബ്നു മഅ്ദീ കരിബഃ (رضي الله عنه) വരെ ബന്ധിപ്പിക്കപ്പെടുന്ന പൂർണ്ണ സനദോടു കൂടി ഉദ്ധരിക്കുന്നുണ്ട്. അതിൽ ഈ ഹദീഥ് ഇങ്ങനയാണ് കാണുന്നത് :

         “എട്ട് കാര്യങ്ങൾ ശഹീദിന്ന് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കും......”   الله أعلم

 

                       ★     ★     ★

                   

   3.  (രക്ഷയേകുന്ന) ചില വചനങ്ങൾ.      ( اقوال )

 

  

      ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു :

      “നബിﷺ തങ്ങളുടെ അനുയായികളിൽ ഒരാൾ (യാത്രക്കിടെ) ക്വബ്റിനു മുകളിൽ - അത് ക്വബ്റാണെന്നറിയാതെ - ഒരു (വിശ്രമ) കൂടാരം കെട്ടി. അപ്പോൾ, ആ മനുഷ്യമണ്ണറയിൽ നിന്ന്  സൂറതുൽ മുൽക് (‘തബാറക’) അന്ത്യത്തോളം പാരായണം ചെയ്യുന്ന ശബ്ദം കേട്ടു. അങ്ങനെ ആ സ്വഹാബി നബിﷺ തങ്ങളുടെ അടുക്കൽ എത്തി. എന്നിട്ട് പറഞ്ഞു :

     “അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ ക്വബ്റാണെന്ന് അറിയാതെ, ഒരു ക്വബ്റിനു മുകളിൽ തമ്പ് നിർമ്മിച്ചു. അപ്പോൾ ക്വബ്റിനുള്ളിൽ നിന്ന് ഒരു മനുഷ്യൻ സൂറതുൽ മുൽക് അവസാനം വരെ പാരായണം ചെയ്യുന്നതായി കേട്ടു.”

      അപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു:

       “അത് സംരക്ഷണം നൽകുന്നതും ക്വബ്ർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്നതുമാണ്.”

(തിർമുദി)

 

                       ★     ★     ★

                   

 

     നബിﷺ തങ്ങൾ പറഞ്ഞു :

       “എല്ലാ രാത്രിയിലും ഒരാൾ അത് (മുൽക്) പാരായണം ചെയ്താൽ അവന്ന് വേണ്ടി അത് തർക്കിക്കുന്നതായി (വാദിച്ചു കൊണ്ട്) വരുന്നതാണ്. ”

(ദാരിമി, ഹാകിം)

      

      എല്ലാ രാത്രിയിലും അത് (തബാറക സൂറത്) ഓതിയാൽൽ ക്വബ്റിലെ കുഴപ്പക്കാർ അവനെ ബുദ്ധിമുട്ടാക്കുകയില്ല.”  എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

                       ★     ★     ★

                   

     ഇമാം ക്വുർത്വുബി (رحمه الله) രേഖപ്പെടുത്തുന്നു :

      “ഇബ്നു അബ്ബാസ് (رضي الله عنه) വിലെത്തുന്ന വിശ്വസനീയമായ സനദോടുകൂടി എന്റെ ഉസ്താദ് ആയ അബുൽ അബ്ബാസ് അഹ് മദ് ബ്നു ഉമറുൽ അൻസ്വാരി അൽക്വുർത്വുബി  (رحمه الله) എനിക്ക് ഹദീഥ് പറഞ്ഞ് തന്നിട്ടുണ്ട്. ഇബ്നു അബ്ബാസ് (رضي الله عنه) ഒരാളോട് ചോദിച്ചു :

       “താങ്കൾക്ക് സന്തോഷമേകുന്ന ഒരു ഹദീഥ്, ഞാൻ ഉപഹാരമായി നൽകട്ടെ.?”

       “അതെ, ഇബ്നു അബ്ബാസ്. നൽകിയാലും.  അല്ലാഹു താങ്കളോട് കാരുണ്യം ചെയ്യട്ടെ !”

        “തബാറക.....’ (എന്നു തുടങ്ങുന്ന അധ്യായം) മനഃപാഠമാക്കുക. നിന്റെ വീട്ടുകാർക്കും, മുഴുവൻ സന്താനങ്ങൾക്കും, വീട്ടിലുള്ള കുട്ടികൾക്കും, അയൽവാസികൾക്കും പഠിപ്പിക്കുക. നിശ്ചയം, അത് ജയമേകുന്നവളും, ക്വിയാമഃ ദിവസത്തിൽ റബ്ബിന്റെ സവിധത്തിൽ, അത് ഓതുന്നവർക്ക് വേണ്ടി,  തർക്കിക്കുകയോ വാദിക്കുകയോ ചെയ്യുന്ന ‘തർക്കക്കാരി’യുമാണ്. അവൻ നരകത്തിലകപ്പെട്ടാലും നരകശിക്ഷയിൽ നിന്ന് രക്ഷിക്കാൻ റബ്ബിനോട് ചോദിക്കും. ക്വബ്ർ ശിക്ഷയിൽ നിന്ന് അതിന്റെ കൂട്ടുകാരന് അല്ലാഹു സംരക്ഷണം നൽകും.”

        അതാണ് നബിﷺ തങ്ങൾ പറഞ്ഞത് :

       “എന്റെ സമുദായത്തിൽ പെട്ട എല്ലാ മനുഷ്യന്റെയും ഹൃദയത്തിൽ അത് (സൂറതുൽ മുൽക്) ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ”
(ബൈഹക്വി, ത്വബ്റാനി)

 

                       ★     ★     ★

                   

    സൂറതുൽ ഇഖ്ലാസ്വ് ഓതിയാലുള്ള ശ്രേഷ്ഠതകൾ മുമ്പ് ഉദ്ധരിച്ചത് ഇവിടെ ആവർത്തിക്കുന്നു.

       “അബുൽ അലാഅ് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ തങ്ങൾ അരുളിയതായി തന്റെ പിതാവ് പറഞ്ഞിട്ടുണ്ട് :

    “ആരെങ്കിലും തന്റെ മരണകാരണമായ രോഗ ശയ്യയിൽ വെച്ച്, ക്വുൽ ഹുവള്ളാഹു സൂറത് ഓതിയാൽ അവൻ ക്വബ്റിൽ വെച്ച് ഫിത്നയിലകപ്പെടുകയില്ല. അവൻ മണ്ണറയിടുക്കലിൽ നിന്നും നിർഭയനാകുന്നതാണ്. അന്ത്യനാളിൽ അവൻ സ്വിറാത്വ് പാലം കടന്ന് സ്വർഗ്ഗത്തിൽ എത്തിച്ചേരും വരെ മലക്കുകൾ ഉള്ളം കയ്യിൽ അവനെ വഹിക്കുന്നതുമാണ് .”

(അബൂ നഈം, ത്വബ്റാനി)

  
    (മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ട്. അവ അടുത്ത പോസ്റ്റിൽ. ഇൻശാ അല്ലാഹ്.)
                       ★     ★     ★

 
  

    
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...