Saturday, October 7, 2017

31- “ഉറ്റവർ വിലപിക്കുമ്പോൾ...”

 
       “ഉറ്റവർ വിലപിക്കുമ്പോൾ...”

 
  

 
 
 

       അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

      “നിശ്ചയം, മരണപ്പെട്ട ഒരു അടിമ ക്വബ്റിൽ വെക്കപ്പെടുകയും എണീറ്റിരുത്തപ്പെടുകയും ചെയ്താൽ, അയാളുടെ അഹ് ലുകാർ അപ്പോൾ പറഞ്ഞ് കരയുന്നുണ്ടാകും,

    “ഹോ, കഷ്ടം! എന്റെ യജമാനരേ.. ഹോ, ഉൽകൃഷ്ടരേ..  ഹോ, നായകാ.. ”
 
    അപ്പോൾ മലക് അവനോട് ചോദിക്കും :

     “അവർ പറയുന്നത് നീ കേൾക്കുന്നുണ്ടോ..? നീ യജമാനനായിരുന്നുവോ..?  നീ ഉത്കൃഷ്ടനായിരുന്നോ ?  നീ നായകനായിരുന്നോ?..”

     അപ്പോൾ മരണപ്പെട്ടവൻ പറയും:  “അവരൊന്ന് മിണ്ടാതിരുന്നെങ്കിൽ..”

നബിﷺ തങ്ങൾ തുടരുന്നു :

      “അപ്പോൾ അവന്റെ വാരിയെല്ലുകൾ കോർത്തു പോകുന്ന തരത്തിൽ മണ്ണറ അവനെ ആശ്ലേഷിക്കും.”

(അബൂ ഹദ്ബഃ)

     വിഷയത്തിൽ ജ്ഞാനികൾ പറയുന്നു : ജീവിച്ചിരിക്കുന്നവരുടെ വിലാപം കൊണ്ട് മരണപ്പെട്ടവർ ശിക്ഷിക്കപ്പെടുന്നത്, അത് മരണപ്പെട്ടയാളുടെ സമ്പ്രദായം അനുസരിച്ചോ, ഇഷ്ടപ്രകാരമോ, വസ്വിയ്യത് പ്രകാരമോ ആകുമ്പോൾ മാത്രമാണ്. ഇതാണ് ഭൂരിപക്ഷത്തിന്റയും അഭിപ്രായം.

(എന്റെ മരണശേഷം എനിക്ക് അർഹമായ തരത്തിലുള്ള വിലാപ പ്രകടനങ്ങൾ കൊണ്ട് എന്റെ യശസ്സുയർത്തുക, എന്നു പാടിയ ആളുകളെ അജ്ഞതാകാല ചരിത്രത്തിൽ കാണാം.)

      എന്നാൽ ഇതൊന്നുമില്ലെങ്കിലും ജീവിച്ചിരിക്കുന്നവർ കരഞ്ഞതിനാൽ മരണപ്പെട്ടവർ ശിക്ഷിക്കപ്പെടുമെന്ന് ചിലർ പറയുന്നു. ആദ്യം ഉദ്ധരിച്ചത് കൂടാതെ ഇത് വ്യക്തമാക്കുന്ന ഹദീഥുകൾ വേറെയും വന്നിട്ടുണ്ട്.


      ക്വയ്ലഃ ബിൻത് മഖ്റമഃ (رضي الله عنها) എന്ന സ്വഹാബിയ്യഃ വനിത തന്റെ മരണപ്പെട്ടു പോയ സ്വഹാബീ പുത്രനെ ഓർത്ത് വിലപിച്ചപ്പോൾ നബിﷺ തങ്ങൾ ചോദിച്ചു :

     “ഇഹലോകത്ത് നന്മയിൽ കൂട്ടുകാരോട്  സഹകരിക്കുന്നതിൽ നിങ്ങളുടെ ഉറ്റവർ പരസ്പരം തോൽപ്പിക്കുമോ? എന്നിട്ട് അവരേക്കാൾ അടുത്തവനാൽ അവർക്കിടയിൽ മറയ്ക്കപ്പെട്ടാൽ (നന്മകൾ) മടക്കി ചോദിക്കുമോ.?”

   പിന്നെ അവിടുന്ന് തുടർന്നു.

   “അല്ലാഹുവേ, ഞാൻ കഴിഞ്ഞ കാലത്ത് ചെയ്ത നന്മകളിൽ ഉറപ്പിച്ച് നിർത്തേണമേ, ഇനി അവശേഷിക്കുന്നതിൽ നീ എന്നെ സഹായിക്കേണമേ, മുഹമ്മദിന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ, അവൻ തന്നെ സത്യം, നിങ്ങൾ ഉറ്റവർക്കു വേണ്ടി കരയുമ്പോൾ അതിൽ അവർ വിഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ അടിമകളേ, നിങ്ങളുടെ മരിച്ചവരെ നിങ്ങൾ ശിക്ഷയിൽ അകപ്പെടുത്തരുത്.”

(ഇബ്നു അബീ ഖൈഥമഃ, അബൂബക്ർ ബ്നു അബീ ശൈബഃ, ത്വബ്റാനി, ഇബ്നു സഅദ്)


    ഇവിടെ, തന്റെ സ്വഹാബിയായിരുന്നവരെ കുറിച്ചാണ് നബിﷺ തങ്ങൾ പറയുന്നത്. പ്രസ്തുത സ്വഹാബി കരയാനാവശ്യപ്പെടുകയോ താൽപര്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.         الله اعلم


                        ★    ★    ★

 

      നുഅ്മാൻ ബ്നു ബശീർ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.  അബ്ദുല്ലാഹ് ബ്നു റവാഹഃ (رضي الله عنه) ബോധരഹിതനായി. അപ്പോൾ അദ്ദേഹത്തിന്റെ സഹോദരി കരയാൻ തുടങ്ങി.

      “ഹോ, കഷ്ടമേ, പർവ്വതസമാനൻ ആയവരേ,     ഹോ, ....... ആയവരേ,..     ഹോ, ......... ആയവരേ,..”  എന്നിങ്ങനെ വിശേഷണങ്ങൾ എണ്ണിപ്പറഞ്ഞു. ബോധം തെളിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു.

    “നീ യാതൊന്ന് പറയുമ്പോഴും ‘നീ അങ്ങനെ തന്നെയാണോ’ എന്ന് എന്നോട് ചോദിക്കപ്പെടാതിരുന്നിട്ടില്ല.”

     പിന്നീട് അദ്ദേഹം വഫാത്തായപ്പോൾ അവൾ കരഞ്ഞിട്ടേയില്ല.

(സ്വഹീഹുൽ ബുഖാരി)



       അബൂ മൂസൽ അശ്അരി (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു.

      “ജീവിച്ചിരിക്കുന്നവരുടെ വിലാപം കൊണ്ട് മയ്യിത്ത് ശിക്ഷിക്കപ്പെടും. കരയുന്നവൾ ‘ഹാ.. തോൾബലമേ,.. ഹാ.. സംരക്ഷകാ,..    ഹാ.. പാനചഷകമേ,.. ’ എന്നിങ്ങനെ പറയുമ്പോഴെല്ലാം മയ്യിത്തിനെ (കഴുത്തിന് പിടിച്ച്) വലിക്കപ്പെടും.  ‘നീ അവളുടെ സംരക്ഷകനാണോ?.’  ‘നീ അവളുടെ പാനപാത്രമാണോ?’  എന്ന് അവനോട് ചോദിക്കപ്പെടും.”

(അബൂ അംറ് ബ്നു അബ്ദുൽ ബിർറ്, തന്റെ ‘കിതാബുൽ ഇസ്തീആബി’ൽ ഉദ്ധരിച്ചത്)



      ഇവിടെയും അബ്ദുല്ലാഹ് ബ്നു റവാഹഃ (رضي الله عنه) വിന്റെ പതിവോ, ഇഷ്ടമോ, സമ്മതമോ പ്രകാരമായിരുന്നില്ല കരഞ്ഞത്. എന്നിട്ടും ചോദ്യം നേരിടേണ്ടി വന്നെങ്കിൽ സമ്മതമോ വസ്വിയ്യത്തോ ഉള്ളവരുടെ കാര്യം..? 
(അല്ലാഹു കാക്കട്ടെ)


       ഇംറാൻ ബ്നു ഹുസ്വയ്ൻ (رضي الله عنه) വിനെ തൊട്ട് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞതായി അദ്ദേഹം ഉദ്ധരിച്ചു.

      “നിശ്ചയം, ബന്ധുക്കളുടെ വിലാപം കൊണ്ട് മയ്യിത്തിനെ അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും.”

ഇത് കേട്ട ഒരാൾ ചോദിച്ചു. ഖുറാസാനിൽ മരിച്ചവന് വേണ്ടി ഇവിടെ വെച്ച് വിലാപം നടത്തിയാലോ ? അത് കേട്ട ഇംറാൻ പറഞ്ഞു.

       ‘നബിﷺ തങ്ങൾ സത്യം പറഞ്ഞു. അവൾ കളവാക്കി.’

(അഹ് മദ്, നസാഈ, ത്വബ്റാനി)



   ഹസൻ ബസ്വരി (رضي الله عنه) പറഞ്ഞു.

    ‘ഒരു മയ്യിത്തിന്ന് ഏറ്റവും തിന്മയായവർ അവന്ന് വേണ്ടി കരയുകയും അവന്റെ കടം വീട്ടാതിരിക്കുകയും ചെയ്യുന്ന ബന്ധുക്കളാകുന്നു.’

     ഇമാം തങ്ങളും മറ്റു പ്രമുഖ ജ്ഞാനികളും അഭിപ്രായപ്പെടുന്നത് ഈ ഹദീഥുകളുടെ ബാഹ്യം ഇങ്ങനെയാണെങ്കിലും, അലമുറയിട്ടും മറ്റും വിലാപപ്രകടനം നടത്തുന്നതിലേ ഈ നിരോധനം വരികയുള്ളൂ. എന്നാൽ അല്ലാഹു നൽകിയ കരുണയുടെ ഭാഗമായി ഒരാൾ വിതുമ്പിയാൽ, കണ്ണീരൊലിച്ചാൽ, അതൊന്നും കുറ്റകരമല്ല.          الله اعلم

 
 
                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...