Wednesday, October 11, 2017

35- “ക്വബ്റിലെത്തിയ ശേഷം..”

          
           “കാരുണ്യം ക്വബ്റിൽ”











         അത്വാഉൽ ഖുറാസാനി (رحمه الله) പറഞ്ഞു :

      “റബ്ബ് തന്റെ അടിമയോട് ഏറ്റവും കൂടുതൽ കാരുണ്യം ചൊരിയുന്നത്, അവൻ മണ്ണറയിൽ പ്രവേശിപ്പിക്കപ്പെട്ട്, ജനങ്ങളും കുടുംബങ്ങളുമെല്ലാം വിട്ടു പിരിഞ്ഞു പോകുന്ന സന്ദർഭത്തിലാണ്.”

       (ഇതേ വചനങ്ങൾ ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.)


     

                 ★       ★       ★



      അബൂഗാലിബ് (رحمه الله) പറഞ്ഞു:

     ‘ഞാൻ അബൂ ഉമാമതുൽ ബാഹിലി (رضي الله عنه) വിന്റെ അടുക്കൽ ശാമിൽ പലപ്പോഴും പോയി വരാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ അയൽവാസിയായ ചെറുപ്പക്കാരനെ രോഗസന്ദർശനം നടത്തി. അപ്പോൾ രോഗിയുടെ സമീപം അവന്റെ പിതൃവ്യനുണ്ടായിരുന്നു. അയാൾ പറയുന്നു:

      ‘ഹേ, അല്ലാഹുവിന്റെ ശത്രുവേ. നിനക്ക് ഞാൻ നന്മ കൽപ്പിച്ചിരുന്നില്ലേ.?. തിന്മ നിരോധിച്ചിരുന്നില്ലേ...?’

   രോഗി പറഞ്ഞു :

     “എന്റെ പിതൃസഹോദരാ... അല്ലാഹു തആല എന്റെ ഉമ്മക്ക് എന്നെ നൽകിയാൽ, അവരെങ്ങനെ എന്നെ പരിപാലിക്കും?.”

       “നിന്നെ സ്വർഗ്ഗത്തിലെത്തിക്കും.”

       “എങ്കിൽ, എന്റെ ഉമ്മയെക്കാൾ എന്നോട് കാരുണ്യമുള്ളവനാണ് അല്ലാഹു തആല. ”

     തൽക്ഷണം രോഗി മരിച്ചു. പിന്നീട് മറമാടുന്ന വേളയിലും ഞാൻ ആ പിതൃവ്യനോടൊപ്പം ഉണ്ടായിരുന്നു. മണ്ണിട്ട് മൂടിയപ്പോൾ അയാൾ ഭയന്ന് അട്ടഹസിച്ചു. ഞാൻ ചോദിച്ചു.

   “എന്തു പറ്റി ?.”

    “അവന്ന് ക്വബ്ർ വിശാലമായി ! പ്രഭാപൂരിതമായിരിക്കുന്നു.!”



                 ★       ★       ★


      സുലയ്മാനു ദ്ദാറാനീ (رضي الله عنه) ധാരാളം പ്രാർത്ഥിക്കാറുണ്ടായിരുന്നു.

   ”يَا مَن لا يَأنسُ بِشَيْءٍ أبْقاهُ وَلا يستوحِشُ مِن شيءٍ أفناهُ وَيَا أنيسَ كُلّ غَريبٍ إرْحمْ فِي القبرِ غَربتِي ويَا ثَانِيَ كُلّ وَحيدٍ آنِسْ فِي القَبرِ وَحدَتِي .“
     “ശാശ്വതമായ യാതൊന്നു കൊണ്ടും ഹരം നൽകാത്തവനേ, നശ്വരമായ യാതൊന്നും വിരസമാക്കാത്തവനേ, സർവ്വ അപരിചിതർക്കും ഹരം നൽകുന്നവനേ, ക്വബ്റിൽ എന്റെ അപരിചിതത്വത്തിൽ നീ കാരുണ്യം ചൊരിയേണമേ, ഒറ്റപ്പെട്ടവരുടെ രണ്ടാമനേ, (അടുത്ത കൂട്ടുകാരാ) ക്വബ്റിലെ എന്റെ ഒറ്റപ്പെടലിൽ നീ ഹരം നൽകണേ...”

                   ★       ★       ★

            “മറവിയും മോഹവും”





      അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു:

      “നിശ്ചയം, മയ്യിത്തിനെ ഒരുക്കുന്നവരുടെ കാര്യം ഒരു മലക്കിനെ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അവരാകട്ടെ വളരെ ഖിന്നരും, മ്ലാനരുമായിരിക്കൂം. അങ്ങനെ അവർ മയ്യിത്ത് കൊണ്ടു പോയി ക്വബ്റിൽ വെച്ച്, മടങ്ങവേ, ആ മലക് ഒരു പിടി മണ്ണെടുത്ത് എറിയും. അവൻ പറയുന്നുണ്ടാകും : “നിങ്ങൾ സ്വഭവനങ്ങളിലേക്ക് മടങ്ങുവീൻ, മൃതനെക്കുറിച്ചുള്ള നിങ്ങളുടെ സ്മരണകൾ അല്ലാഹു മായ്ക്കട്ടെ.!”  അങ്ങനെ അവർ മരിച്ചവനെ വിസ്മരിക്കുകയും സ്വന്തം ക്രയവിക്രയങ്ങളിൽ വ്യാപൃതരാവുകയും ചെയ്യും. അവർ അവന്റെ കൂടെ ഉണ്ടായിട്ടില്ലാത്തത് പോലെ,! അവൻ അവരുടെ കൂടെ ഉണ്ടായിട്ടില്ലാത്തത് പോലെ.!”

(ദൈലമി, തൻസീഹുശ്ശരീഅ)

                 ★       ★       ★

 
 

    ഇമാം അവർകൾ ഉദ്ധരിക്കുന്നു.
    അല്ലാഹു തആല ആദം (അ)മിനെ സൃഷ്ടിച്ച സന്ദർഭം. ഭാവിയിൽ വരാനിരിക്കുന്ന മുഴുവൻ സന്തതികളെയും അവൻ പ്രത്യക്ഷമാക്കി. അപ്പോൾ മലക്കുകൾ പറഞ്ഞു.

      “റബ്ബേ, ഭൂമി അവർക്ക് അനിയന്ത്രിത വിഹാരവേദിയാക്കരുതേ..”

       അപ്പോൾ അല്ലാഹു പറഞ്ഞു.
      “അതിനായി അവർക്ക് മരണം നിശ്ചയിച്ചു.”
        മലക്കുകൾ വീണ്ടും പറഞ്ഞു.

        “റബ്ബേ, ജീവിതമവർക്ക് ആസ്വാദനമാക്കരുതേ..”

         അവൻ പറഞ്ഞു.

        “അതിന് ഞാൻ അവർക്ക് മോഹങ്ങൾ നൽകി.”

    അതെ, ആശ അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. അത് കൊണ്ടാണ് മാനുഷിക ജീവീത ക്രമം ചിട്ടപ്പെടുത്തുന്നത്. എത്രത്തോളം, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതും ആരാധനകളർപ്പിക്കുന്നതു പോലും മോഹം (പ്രതീക്ഷ) എന്ന മാനുഷിക സ്വഭാവം മൂലമാണ്.  എന്നാൽ അത് അമിതമായ ആസക്തിയായി മാറുമ്പോൾ, അതുമൂലം അവന്റെ പര്യവസാനം (عاقبة) പോലും വിസ്മരിക്കുമ്പോൾ, സൽകർമ്മങ്ങളിൽ തടസ്സമാകുമ്പോൾ നിന്ദ്യമായിത്തീരും.

                 ★       ★       ★

    ഹസൻ ബസ്വരി (رضي الله عنه) പറയുന്നു:
    “മനുഷ്യന് അല്ലാഹു ചെയ്ത മഹത്തായ രണ്ട് അനുഗ്രഹങ്ങളാണ് വിസ്മൃതിയും മോഹവും. അതില്ലെങ്കിൽ മുസ് ലിംകൾ ആഗ്രഹങ്ങളോടെ പാതകളിലൂടെ  നടക്കുമായിരുന്നില്ല. മുസ് ലിംകൾ മരണത്തെ ഭയന്നു കൊണ്ട് ആഗ്രഹങ്ങളെ അടക്കി ജാഗ്രത്തരായാൽ, അവരുടെ ജീവിതം അവർ ശ്രദ്ധിക്കില്ല. അവരുടെ ജീവിതമാർഗ്ഗം പരിഗണിക്കില്ല. അവരുടെ ആത്മനാശത്തിനാണ് അത് കാരണമാവുക.”

    മുത്വ് റഫ് ബ്നു അബ്ദുല്ലാഹ് (رحمه الله) പറയുന്നത് നോക്കൂ.

       “എന്റെ അന്ത്യം എപ്പോഴാണ് എന്ന് ഞാൻ അറിഞ്ഞാൽ എന്റെ ബുദ്ധി നഷ്ടപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. പക്ഷേ, അല്ലാഹു തആല തന്റെ അടിമകൾക്ക് മരണത്തിന്റെ കാര്യത്തിൽ മറവി നൽകി. അതില്ലെങ്കിൽ അവർ ജീവിതമാസ്വദിക്കുകയോ ചന്തകളിൽ പോവുകയോ ചെയ്യില്ല.”

                 ★       ★       ★



            

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

  

  

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...