“ക്വബ്റിലെ ചോദ്യം” - 2
(ഇമാം അബൂ ഹാമിദ് അൽ ഗസാലി (رحمه الله) തന്റെ കശ്ഫുൽ ഉലൂമുൽ ആഖിറഃ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്ന സുദീർഘമായ ഹദീഥ് ഇവിടെ ഇമാം ക്വുർത്വുബി (رحمه الله) ഉദ്ധരിക്കുന്നു.)
ഇബ്നു മസ്ഊദ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം നബിﷺ തങ്ങളോട് ചോദിച്ചു.
“അല്ലാഹുവിന്റെ തിരുദൂതരേ, ക്വബ്റിലെത്തിയാൽ മയ്യിത്തിനെ ആദ്യം കണ്ടു മുട്ടുന്നതാരാണ് ?”
അവിടുന്ന് പ്രതിവചിച്ചു :
“ഇബ്നു മസ്ഊദ്, നീയല്ലാത്ത ആരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടില്ല. ആദ്യം അവനെ വിളിക്കുന്നത് ‘റൗമാൻ’ എന്ന, മക്വ് ബറകളിൽ ചുറ്റി തിരിയുന്ന മലക് ആകുന്നു. എന്നിട്ട് അവനോട് പറയും:
“അല്ലാഹുവിന്റെ അടിയാനേ, നിന്റെ കർമ്മങ്ങൾ എഴുതിവെക്കുക.”
“അതിന് എന്റെ കയ്യിൽ മഷിയോ കടലാസോ ഒന്നുമില്ലല്ലോ.”
“എന്തിന് ? നിന്റെ കഫൻ പുടവ തന്നെ കടലാസ് ആകുന്നു. മഷി നിന്റെ ഉമിനീർ തന്നെ. പേന നിന്റെ കൈവിരൽ തന്നെ.”
അപ്പോൾ അവന്റെ കഫൻ പുടവയിൽ നിന്ന് ഒരു കഷ്ണം മുറിച്ച് നൽകും. പിന്നെ അവൻ എഴുതാൻ തുടങ്ങും. ഇഹലോകത്ത് എഴുത്ത് അറിയാത്തവനാണെങ്കിൽ പോലും അവൻ എഴുതുന്നതാണ്. അങ്ങനെ ജീവിതത്തിലെ സകല നന്മതിന്മകളും ഒരു ദിവസം പോലെ ഓർത്തെടുക്കുന്നതാണ്. (എന്നിട്ട് ആ നിമിഷം തന്നെ എഴുതി തീർക്കുന്നതാണ്.) പിന്നെ മലക് ആ കഷ്ണം അവന്റെ പിരടിയിൽ ബന്ധിക്കുന്നതാണ്.”
പിന്നെ അവിടുന്ന് ഓതി : “وكل إنسان ألزمناه طائره في عنقه”
(“എല്ലാ മനുഷ്യരുടേയും കർമ്മങ്ങൾ അവനവന്റെ കഴുത്തിൽ നാം നിർബന്ധമാക്കുന്നതാണ്.”)
അത് കഴിഞ്ഞാൽ ആണ് ക്വബ്റിലെ രണ്ട് ‘ഫിത്നക്കാർ’ (കുഴപ്പക്കാർ) കടന്നു വരുന്നത്.
ദൃംഷ്ട്രകൾ കൊണ്ട് ഭൂമി ഉഴുതു മറിച്ച്, വരുന്ന, രണ്ട് കറുത്ത മലക്കുകളാണ് അവർ. നിലത്ത് കൂടി വലിച്ചിഴക്കുന്ന ജഢമുടികൾ ഉണ്ടാകും. ഓരോരുത്തരുടേയും ശബ്ദം ഇടിനാദം പോലെ! ദൃഷ്ടികൾ മിന്നൽ പിണർ പോലെ ! കൊടുങ്കാററു സദൃശ്യമായ ശ്വാസോച്ഛാസവും! ഓരോരുത്തരുടേയും കയ്യിൽ ഇരുമ്പ് ദണ്ഡുകളുണ്ടാകും. മനുഷ്യരും ജിന്നുകളും ഒന്നിച്ച് ചേർന്നാൽ പോലും അത്തരത്തിലൊന്ന് ഉയർത്താൻ കഴിയില്ല. അത് കൊണ്ട് ഒരു മഹാപർവ്വതത്തിലടിച്ചാൽ അത് തവിടുപൊടിയാകും. അവരെ കണ്ടാൽ തന്നെ ആത്മാവ് ഭയന്ന് ഓടും!
അങ്ങനെ അത് മയ്യിത്തിന്റെ നാസികാദ്വാരത്തിലൂടെ പ്രവേശിക്കുന്നു. അങ്ങനെ മയ്യിത്തിന്റെ നെഞ്ച് മുതൽ വീണ്ടും ജീവനുണ്ടാകുന്നു. പക്ഷേ അത് അവന്റെ അവന്റെ അന്ത്യസമയത്തുള്ള അവസ്ഥ പോലെ മാത്രമായിരിക്കും. അനങ്ങാൻ കഴിയില്ല. എങ്കിലും കേൾക്കുകയും കാണുകയും ചെയ്യാം.”
(നബിﷺ തങ്ങൾ തുടരുന്നു:)
“അങ്ങനെ അവർ അവനെ എണീറ്റിരുത്തും. ഗൗരവത്തോടെ അവർ ആരംഭിക്കും. വെറുപ്പോടെ നിർദ്ദാക്ഷിണ്യം അവർ പെരുമാറും. അപ്പോൾ കബ്റിലെ മണ്ണ് അവന്ന് വെള്ളം പോലെ ആയിട്ടുണ്ടാകും. (അതായത് അവൻ അനങ്ങുന്ന ഭാഗത്ത് ചലനസ്വാതന്ത്ര്യം ലഭിക്കുകയും എന്നാൽ മറ്റെല്ലായിടത്തും മൂടുകയും ചെയ്യും.) അപ്പോൾ അവർ ചോദിക്കും:
“നിന്റെ റബ്ബ് ആര് ? നിന്റെ മതം ഏത് ? നിന്റെ നബി ആര് ? നിന്റെ ക്വിബ് ലഃ ഏത് ?”
അപ്പോൾ അല്ലാഹുവിൽ നിന്ന് സൗഭാഗ്യം ലഭിച്ചവരും, അവന്റെ സ്ഥിരവചനം (لا اله الا الله) കൊണ്ട് സ്ഥൈര്യം ലഭിച്ചവരും പറയും.
“ആരാണ് നിങ്ങളെ ഇതിന് ഏൽപ്പിച്ചത് ? ആരാണ് നിങ്ങളെ ഇങ്ങോട്ട് അയച്ചത് ? (അവൻ തന്നെയാണ് ഞങ്ങളുടെ റബ്ബ്.)”
ഏറ്റവും സച്ചരിതരായ ആത്മീയ പണ്ഡിതൻമാർക്ക് അല്ലാതെ ഇത്തരത്തിൽ മറുചോദ്യം ചോദിക്കാൻ കഴിയില്ല. അപ്പോൾ അവർ പരസ്പരം പറയും.
“അവൻ പറഞ്ഞത് ശരിയാണ്. മതി, നമുക്ക് പോകാം.”
അപ്പോൾ അവർ ആ മണ്ണറയിൽ ഒരടി അടിക്കും. അപ്പോൾ ആ ക്വബ്ർ വിശാലമായ ഗോപുരത്തിന്റെ (ഉൾഭാഗം) പോലെയാകും. അവന്റെ വലതു വശത്ത് സ്വർഗ്ഗത്തിലേക്ക് ഒരു വാതിൽ തുറന്നു നൽകും. പിന്നെ സ്വർഗ്ഗീയ പട്ടുപുടവകൾ കൊണ്ട് വിരിപ്പ് വിരിക്കുകയും സ്വർഗ്ഗീയ സുഗന്ധം പൂശുകയും ചെയ്യും. ആ മണ്ണറയിലേക്ക് സ്വർഗ്ഗീയ മന്ദമാരുതനും സുഗന്ധ സന്തോഷങ്ങളും വീശിയടിച്ചു കൊണ്ടേയിരിക്കും. മാത്രമല്ല അവന്റെ സൽകർമ്മങ്ങൾ ഇഷ്ടജനങ്ങളുടെ രൂപത്തിൽ വരുന്നതാണ്. അവ അവന്ന് രസം പകരുകയും അവനോട് സംസാരിക്കുകയും ചെയ്യും ! ഈ പ്രപഞ്ചം അവശേഷിക്കുവോളം, അന്ത്യനാൾ വരെ, അവൻ ഇപ്രകാരം സന്തോഷത്തിൽ തുടർന്ന് കൊണ്ടേയിരിക്കും. (ചിലപ്പോൾ) അവൻ ചോദിച്ചേക്കും :
“എപ്പോഴാണ് അന്ത്യനാൾ ?” അതിനേക്കാൾ വലിയ സന്തോഷം അവന്ന് മറ്റൊന്നുമില്ല !
അതിലും അൽപ്പം താഴ്ന്ന സ്ഥാനമുള്ള, ധാരാളം നന്മകൾ ചെയ്ത ഒരു സാധാരണ സത്യവിശ്വാസി. പക്ഷേ അവന്ന് വിജ്ഞാനം നേടാനോ, അല്ലാഹുവിന്റെ അസ്റാറുകൾ (അതീന്ദ്രിയജ്ഞാനം) ലഭിക്കാനോ ഭാഗ്യമുണ്ടായിട്ടില്ല. അവന്റെ അടുക്കൽ നിന്ന് റൗമാൻ മടങ്ങിയ ഉടൻ അവന്റെ സുകൃതങ്ങൾ, പുതുവസ്ത്രങ്ങളോടെ സുഗന്ധിതനായി സുന്ദര മനുഷ്യരൂപം പൂണ്ട് എത്തിച്ചേരും. എന്നിട്ട് അവനോട് ചോദിക്കും.
“നിനക്കെന്നെ അറിയുമോ..? ”
“എന്റെ ഈ അപരിചിതമായ ഏകാന്തതയിൽ അല്ലാഹു എനിക്ക് ഔദാര്യമായി ഇങ്ങോട്ടയച്ച, അങ്ങ് ആരാണ് ?.”
“ഞാൻ നിന്റെ സുകൃതങ്ങൾ. വിഷമിക്കേണ്ട, ഭയക്കേണ്ടതുമില്ല. അൽപ്പം കഴിഞ്ഞാൽ മുൻകറും നകീറും ചോദ്യങ്ങളുമായി വരും അപ്പോൾ നീ ബേജാറാവേണ്ട.”
പിന്നെ, അവന്ന് തന്റെ ലക്ഷ്യങ്ങൾ (ഉത്തരങ്ങൾ) പറഞ്ഞു കൊടുക്കും. ഈ സമയത്താണ് മുൻകറും നകീറും കടന്നു വരുന്നത്. അവർ അവനെ നിർദ്ദയം ഭയപ്പെടുത്തിക്കൊണ്ട് എണീറ്റിരുത്തും. അവൻ ചാരിയിരിക്കും. അങ്ങനെ അവർ ചോദിക്കും.
“നിന്റെ റബ്ബ് ആര് ?.നിന്റെ പ്രവാചകൻ....? ..നിന്റെ ........??”
ആദ്യആളോട് ചോദിച്ച അതേ ചോദ്യങ്ങൾ ! അവൻ പറയും.
“എന്റെ റബ്ബ്, അല്ലാഹു ആണ്. എന്റെ പ്രവാചകൻ മുഹമ്മദ് ﷺ . എന്റെ വഴികാട്ടി ക്വുർആൻ. എന്റെ ക്വിബ് ല കഅ്ബാശരീഫ്. എന്റെ പിതാവ് ഇബ്റാഹീം. എന്റെ സംസ്കാരം അദ്ദേഹത്തിന്റെ സംസ്കാരവും.”
(സംസാരശേഷി ഇല്ലാത്തവനായാലും ഇത് പറയും.)
“നീ സത്യം പറഞ്ഞു.”
അങ്ങനെ അവർ ആദ്യത്തെയാൾക്ക് ചെയ്തു കൊടുത്തതെല്ലാം ഇവന്നും ചെയ്തു കൊടുക്കും. എങ്കിലും ആദ്യം തുറന്നു കൊടുക്കുന്നത് നരകവാതിലായിരിക്കും! അങ്ങനെ അവൻ അതിലെ പാമ്പുകൾ, തേളുകൾ, കൊളുത്തുകൾ, ചങ്ങലകൾ, ചുട്ടുതിളക്കുന്ന വെള്ളം, നാറുന്ന ചീഞ്ചലം, മുള്ള്കായ്കൾ തുടങ്ങിയ സർവ്വ വിഷമതകളും നേരിൽ കാണും. അവൻ ഭയപ്പെടുമ്പോൾ അവർ പറയും.
“ഇല്ല, നിനക്ക് മേൽ വിഷമതകളില്ല. ഇതിന് പകരം അല്ലാഹു തആല നിനക്ക് സ്വർഗ്ഗത്തിലെ ഈ ഇരിപ്പിടം നൽകിയിരിക്കുന്നു.” (അങ്ങനെ സ്വർഗ്ഗത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കും.) “നീ സന്തുഷ്ടിയോടെ ഉറങ്ങുക. ”
പിന്നെ അവർ ആ നരകവാതിൽ അടക്കും. പിന്നെ (ഉറങ്ങിയാൽ) മാസങ്ങളും വർഷങ്ങളും കാലഘട്ടങ്ങളും എത്ര കഴിഞ്ഞു എന്ന് അവർക്ക് അറിയുകയില്ല.
തന്റെ ചോദ്യസമയത്ത് വായ മൂടപ്പെടുന്നവർ ജനങ്ങളിലുണ്ട്. അവന്റെ വിശ്വാസം വ്യത്യസ്ഥമാണങ്കിൽ ‘എന്റെ റബ്ബ് അല്ലാഹുവാണെ’ന്ന് പറയാൻ കഴിയില്ല. അവൻ മറ്റെന്തെങ്കിലും പറയും. അപ്പോൾ അവർ ഒരു അടി അടിക്കും. അത് അവന്റെ ക്വബ്ർ തീ പടർത്തും. അത് ദിവസങ്ങൾ കൊണ്ടേ അണയുകയുള്ളൂ. പിന്നെയും ദിവസങ്ങളോളം തീയെരിയും. അന്ത്യനാൾ വരെ അങ്ങനെ തുടർന്ന് കൊണ്ടിരിക്കും.
‘ഇസ് ലാം എന്റെ മതമാണ്’ എന്ന് പറയാൻ കഴിയാത്തവർ ജനങ്ങളിലുണ്ട്. ദീനിലുള്ള അവന്റെ സംശയമാകാം. അല്ലെങ്കിൽ മരണസമയത്തുള്ള ഫിത്നഃയാകാം. അപ്പോഴും അവർ (മേൽ പറഞ്ഞ അടി) അടിക്കും. ആദ്യയാളെ പോലെ തന്നെ അത് ക്വബ്റിൽ തീ ആളിക്കും.
‘ക്വുർആൻ എന്റെ മാർഗ്ഗദർശിയാണെ’ന്ന് പറയാൻ കഴിയാത്തവരുമുണ്ടാകും. കാരണം, ക്വുർആനിൽ നിന്ന് അയാൾ പാഠമുൾക്കൊണ്ടില്ല. അതിന്റെ കൽപ്പനകളും നിരോധനങ്ങളും പ്രവൃത്തി പഥത്തിൽ കൊണ്ട് വന്നില്ല. അയാൾക്കും അതുപോലെയുള്ള അടി കിട്ടും.
തന്റെ കർമ്മങ്ങൾ ചെന്നായക്കുട്ടിയായി രൂപം പ്രാപിച്ച് വന്ന്, പാപത്തിന്റെ തോതനുസരിച്ച് അന്ത്യനാൾ വരെ ശിക്ഷിക്കപ്പെടുന്നവരുമുണ്ട്.
‘എന്റെ പ്രവാചകർ മുഹമ്മദ് ﷺ തങ്ങളാണ്.’ എന്ന് പറയാൻ കഴിയാത്തവരും അക്കൂട്ടത്തിലുണ്ടാകും. കാരണം അവൻ നബിﷺ തങ്ങളുടെ തിരുചര്യ വിസ്മരിച്ചവനായിരുന്നു.
‘തന്റെ ക്വിബ് ലഃ, കഅ്ബ ആണ്.’ എന്നു പറയാൻ കഴിയാത്തവർ അവരിലുണ്ടാകും. നിസ്കാരം ശരിയായി നിർവ്വഹിക്കാത്തവർ, വുളൂഇൽ വീഴ്ച്ച വരുത്തിയവർ, നിസ്കാരത്തിൽ തിരിഞ്ഞു നോട്ടം പതിവാക്കിയവർ, റുകൂഉം സുജൂദും പൂർത്തിയാക്കാത്തവർ, തുടങ്ങിയവരാണ്. (‘നിസ്കാരം ബാധ്യതയുള്ളവന്റെയും ഹറാമായ വസ്ത്രം ധരിച്ചവന്റേയും നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല’ എന്ന ഹദീഥ് ഇവിടെ നാം പരിഗണിക്കുക)
‘ഇബ്റാഹീം നബി (عليه السلام) എന്റെ (ആദർശ)പിതാവാണ്.’ എന്ന് പറയാൻ കഴിയാത്ത ആളുകളുമുണ്ട്. കാരണം ഇബ്റാഹീം നബി (عليه السلام) ജൂതനാണ് കൃസ്ത്യാനിയാണ് തുടങ്ങിയ വാക്കുകൾ കേട്ട് അവൻ സംശയാലു ആയിത്തീർന്നു. അതിനാൽ മറ്റുള്ളവർക്കു കിട്ടിയ ശിക്ഷകൾക്ക് അവനും അർഹനായി.
ഇനി മഹാപാപികളുടെ (തെമ്മാടികളുടെ) കാര്യം. അവനോട് ആദ്യ ചോദ്യം ചോദിക്കുമ്പോൾ തന്നെ അവൻ പറയും.
“എനിക്കറിയില്ല.”
അപ്പോൾ അവർ പറയും.
“നീ പഠിച്ചില്ല, നീ അറിഞ്ഞതുമില്ല.”
പിന്നെ ആ ദണ്ഡ് കൊണ്ട് അവനെ ഒരടി അടിക്കും. അപ്പോൾ അവൻ ഭൂമിയുടെ ഏഴാം മടക്കിനടിയിലേക്ക് ആപതിക്കും. പിന്നെ ഭൂമി മണ്ണറയിൽ അവന്ന് എതിരാകും. പിന്നെ ഇത് പോലുള്ള ഏഴ് അടികൾ അവർ അടിക്കും. പിന്നെ അവന്റെ അവസ്ഥ (ശിക്ഷകളിൽ നിന്ന് ശിക്ഷകളിലേക്ക്) മാറിക്കൊണ്ടേയിരിക്കും.”
★ ★ ★
തന്റെ കർമ്മങ്ങൾ നായയുടെ രൂപം പ്രാപിച്ച്, അന്ത്യനാൾ വരെ കടിയേറ്റു കൊണ്ടിരിക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. അവർ (ആദ്യത്തെ പുത്തൻവാദികളായ) ഖവാരിജുകളാണ്. തന്റെ കർമ്മങ്ങൾ പന്നിയുടെ രൂപം പ്രാപിച്ച് വന്ന് ശിക്ഷിക്കപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടാകും. അവർ സംശയാലുക്കളാണ്. അങ്ങനെ പലതരക്കാറുണ്ട്.
(അവിടെ മാനദണ്ഡമാക്കപ്പെടുന്നത് അവന്റെ ഭയമാകുന്നു. ഒരു മനുഷ്യൻ ഏറ്റവും ഭയക്കുന്ന ജന്തുവായി അവന്റെ കർമ്മങ്ങൾ ക്വബ്റിൽ വന്ന് അവനെ അക്രമിക്കുന്നതാണ്.)
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment