Monday, October 30, 2017

46 - “ഫിത്നയും, വിശ്വാസിയുടെ സംരക്ഷണവും.”


   “സത്യവിശ്വാസിക്ക് സുവിശേഷം”

 

 

 

 

 

  

 

 
  

 

 

      കഅ്ബുൽ അഹ്ബാർ (رضي الله عنه) പറഞ്ഞു :

      “സ്വാലിഹായ അടിമയെ ക്വബ്റിൽ വെക്കപ്പെട്ടാൽ, സ്വന്തം സത്കർമ്മങ്ങൾ അവന്ന് ചുറ്റും അണി നിരക്കുന്നതാണ്. അങ്ങനെ ശിക്ഷയുടെ മലക്കുകൾ അവന്റെ പാദഭാഗത്തു കൂടി വരുന്നതാണ്. അപ്പോൾ  നിസ്കാരം പറയും :

       “ഇവനെ നിങ്ങളിലേക്ക് (ഏൽപ്പിക്കുകയോ)?”

      അപ്പോൾ അവർ അവന്റെ ശിരോഭാഗത്തു കൂടി വരും. അന്നേരം, വ്രതം പറയും :

       “ഇവനെ നിങ്ങൾക്ക് വിട്ടു തരാൻ ഒരു മാർഗ്ഗവുമില്ല. അവൻ അല്ലാഹുവിന് വേണ്ടി ഇഹലോകത്ത് ദീർഘനേരം ദാഹം സഹിച്ചിട്ടുണ്ട്.”

    അപ്പോൾ അവർ അവന്റെ ശരീരപാർശ്വത്തിലൂടെ വന്ന് നോക്കും. അപ്പോൾ ഹജ്ജും ജിഹാദും പറയും :

      “ഇവനെ നിങ്ങൾക്ക് വിട്ടു തരികയോ ? ഇവൻ സ്വന്തം മനസ്സിനെ നിയന്ത്രിക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്തവനാണ്.  അല്ലാഹുവിന്ന് വേണ്ടി ഇവൻ ഹജ്ജും ധർമ്മ യുദ്ധവും ചെയ്തിട്ടുണ്ട്.”

     അങ്ങനെ അവർ അവന്റെ കരങ്ങളിലൂടെ കടന്നു വരാൻ ശ്രമിക്കും. അപ്പോൾ ദാനധർമ്മം പറയും :

       “എന്റെ കൂട്ടുകാരനെ വിട്ടേക്കൂ.. ഈ രണ്ട് കരതലങ്ങളിലൂടെ എത്ര ദാനധർമ്മങ്ങളാണ് അവൻ നൽകിയത് ? അല്ലാഹുവിന്റെ മാത്രം തൃപ്തി കാംക്ഷിച്ചതിനാൽ ഇത് അല്ലാഹുവിന്റെ സംരക്ഷണത്തിലായി. അത് കൊണ്ട് ഇവന്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു വഴിയുമില്ല.”

       അങ്ങനെ അവനോട് പറയപ്പെടും :  “സുഖനിദ്രയിൽ കഴിയൂ.. നീ നല്ലവനായി ജീവിച്ചു. ഇനി നല്ല മരണപ്പെട്ടവനായി കഴിയൂ..”

     
    

                       ★    ★    ★

                   

         ഇതെല്ലാം, ഇഖ്ലാസ്വോട് കൂടി കർമ്മങ്ങളനുഷ്ടിച്ചവനാണ്. വചന-കർമ്മ മേഖലകളിൽ അല്ലാഹുവിനെ സത്യമായി അനുസരിക്കുകയും, രഹസ്യമായും പരസ്യമായും ഉദ്ദേശശുദ്ധി ഉത്തമമാക്കുകയും ചെയ്തവനുള്ളതാണ്. അപ്പോഴാണ് അവന്റെ സുകൃതങ്ങൾ അവന്ന് ലക്ഷ്യമേകുന്നതും അവനെ പ്രതിരോധിക്കുന്നതും. ഇത് മുമ്പുള്ള ഹദീഥുകളോട് എതിരല്ല. മനുഷ്യരുടെ കർമ്മങ്ങളും ആത്മാർത്ഥതയും വ്യത്യസ്ഥങ്ങളാകുമ്പോൾ അവരുടെ അനുഭവങ്ങളും വ്യതിരിക്തമാകുന്നത് സ്വാഭാവികം മാത്രം.           الله أعلم

  

                       ★    ★    ★

                   

“ക്വബ്ർഫിത്നഃയിൽ നിന്ന് കാവൽ.”

 

   

 

     ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറയുന്നു :

      “നബിﷺ തങ്ങൾ വീട്ടിലേക്ക് വരുമ്പോൾ എന്റെ സമീപം ഒരു ജൂതപ്പെണ്ണ് ഇരിക്കുന്നുണ്ട്. അവൾ പറയുന്നുണ്ടായിരുന്നു :   “നിശ്ചയം, നിങ്ങൾ ക്വബ്റുകളിൽ വെച്ച് ഫിത്നഃ യിലകപ്പെടുന്നതാണ്.”

      അപ്പോൾ നബിﷺ തങ്ങൾ ഉത്കണ്ഠാകുലനായി. അവിടുന്ന് പറഞ്ഞു : 

     “ജൂതൻമാർ മാത്രമാണ് ഫിത്നഃയിലകപ്പെടുക.”

      ആഇശഃ ബീവി (رضي الله عنها) തുടരുന്നു :     “അങ്ങനെ രണ്ട് മൂന്ന് ദിനങ്ങൾ കഴിഞ്ഞു. പിന്നെ അല്ലാഹുവിന്റെ തിരുദൂതർﷺ എന്നോട് പറഞ്ഞു :

        “നീ അറിഞ്ഞുവോ...? നിങ്ങൾ ക്വബ്റിൽ ഫിത്നഃയിലകപ്പെടുമെന്ന് എനിക്ക് ദിവ്യസന്ദേശം നൽകപ്പെട്ടിരിക്കുന്നു.”

      “നബിﷺ തങ്ങൾ ക്വബ്ർശിക്ഷയിൽ നിന്ന് കാവൽ തേടുന്നതായി അപ്പോൾ ഞാൻ കേട്ടു.”

(നസാഈ)

 

 

       അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ ദുആ ചെയ്യാറുള്ളതായി അദ്ദേഹം ഉദ്ധരിക്കുന്നു :

        “അല്ലാഹുവേ, ക്വബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും ഫിത്നഃയിൽ നിന്നും, മസ്വീഹ് ദജ്ജാലിന്റെ ഫിത്നഃയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.”

(ബുഖാരി)

           

                       ★    ★    ★

                   

     നബിﷺ തങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് കാവൽ തേടിയ ധാരാളം സ്വഹീഹായ ഹദീഥുകൾ വന്നിട്ടുണ്ട്. മേലുദ്ധരിച്ച, അത്തഹിയ്യാത്തിന്റെ ശേഷമുള്ള ദുആ അതിൽപ്പെട്ട ഒന്ന് മാത്രമാണ്. ക്വബ്റിലെ മുൻകർ നകീറുമാരുടെ ഫിത്നഃകളെ സംബന്ധിച്ച ഹദീഥുകൾ മുമ്പ് ഉദ്ധരിച്ചതിനാൽ ആവർത്തിക്കുന്നില്ല.

  
  

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

    

    
  
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

   

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...