Thursday, October 26, 2017

42 - “ക്വബ്ർ ശിക്ഷ.” (2)


           “ക്വബ്റിലെ ശിക്ഷ.” (2)

 

 

 

  

 
   

  

        അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

      “മയ്യിത്ത് ക്വബ്റിൽ വെച്ച് കഴിഞ്ഞാൽ റബ്ബിന്റെ അടുക്കൽ നിന്നുള്ള ദൂതൻ വരും. അങ്ങനെ ചോദിക്കും.

      “നിന്റെ റബ്ബ് ആര് ?” അവൻ സ്ഥൈര്യം നൽകപ്പെട്ടവനാണെങ്കിൽ ഉറച്ചു നിന്ന് പറയും.

     “എന്റെ റബ്ബ് അല്ലാഹുവാണ്.”

      “നിന്റെ ദീൻ ഏത് ?”

      “എന്റെ ദീൻ ഇസ് ലാം ആണ് ”

     “നിന്റെ പ്രവാചകൻ ആര് ?”

      “എന്റെ പ്രവാചകൻ മുഹമ്മദ്ﷺ ആണ്. ”

     അപ്പോൾ തന്റെ സന്തോഷം അവൻ കാണും. സന്തോഷവാർത്ത അറിയിക്കപ്പെട്ടവനാകും. അപ്പോൾ അവൻ പറയും.

      “എന്നെ വിടൂ, ഞാൻ എന്റെ കുടുംബങ്ങളിലേക്ക് മടങ്ങിച്ചെന്ന്, അവരോട് സന്തോഷം അറിയിക്കട്ടെ.”

     “നീ കൺകുളിർത്തവനായി ഉറങ്ങൂ. നിന്റെ (മുമ്പ് മരണപ്പെട്ട) സഹോദരങ്ങൾ കുടുംബത്തിലേക്ക് മടങ്ങിച്ചെന്നിട്ടില്ല.”

       അവൻ സത്യവിശ്വാസത്തിന്റെയും സ്ഥൈര്യത്തിന്റെയും ആളുകളിൽ പെട്ടവനല്ലെങ്കിൽ,  “നിന്റെ റബ്ബ് ആര് ?” എന്ന് ചോദിക്കപ്പെടുമ്പോൾ “ഹാഹ്, ഹാഹ്” എന്ന് ബുദ്ധി ശൂന്യനെ പോലെ പറയും.  പിന്നെ, തടിച്ച ദണ്ഡ് കൊണ്ട് അവനെ അടിക്കപ്പെടും. അവന്റെ (നിലവിളി) ശബ്ദം മനുഷ്യരും ജിന്നുകളുമല്ലാത്ത സർവ്വ സൃഷ്ടികളും കേൾക്കുന്നതാണ്. എന്നിട്ട് അവനോട് പറയപ്പെടും.

    “നാഗ വിഷബാധ ഏറ്റവനെപ്പോലെ നീ മയങ്ങുക.”

(മുസ്നദ് റബീഅ് ബ്നു ഹബീബ്)

 

        
                     ★    ★    ★

 

        കൊടിയ വിഷമുള്ള സർപ്പദംശനമേറ്റാൽ ഉടൻ തന്നെ സപ്തനാഡികളും തളർന്നു പോകും. ഇമയനക്കാൻ പോലും കഴിയില്ല. അതേ സമയം, മരണപ്പെട്ടില്ലെങ്കിൽ വിഷബാധ കാരണമായി സ്വബോധം നശിക്കും. ബോധം തെളിഞ്ഞാൽ രോമകൂപങ്ങൾ പോലും വേദനിക്കും.  ശരീരമാസകലം വേദന ! അനങ്ങാൻ കഴിയാത്ത തളർച്ചയും ! ഇതാണ് കാഫിറിന്റെ ക്വബ്റിലെ അവസ്ഥ !

   സുബ്ഹാനല്ലാഹ്, എന്തൊരവസ്ഥയാണിത് ? അല്ലാഹു കാത്തു രക്ഷിക്കട്ടെ. (ആമീൻ)

 

                       ★    ★    ★

 
  
 
    അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.

       ഞാൻ ബദ്റിന്റെ സമീപപ്രദേശത്തു കൂടി കടന്നു പോവുകയായിരുന്നു. അപ്പോൾ ഭൂമിയിൽ നിന്ന് ഒരാൾ പുറത്തു വന്നു. അയാളുടെ കഴുത്തിൽ ചങ്ങല കുരുക്കിട്ട്, ഒരു കറുത്തവൻ അതിന്റെ അറ്റം പിടിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അയാൾ പറഞ്ഞു :

     “അബ്ദുല്ലാഹ്, എനിക്ക് കുടിവെള്ളം തരൂ..”

      ഇബ്നു ഉമർ (رضي الله عنه) തുടരുന്നു :

      “അയാൾക്കെന്റെ പേര് അറിയുമോ എന്ന് എനിക്കറിയില്ല. അതോ സാധാരണ മനുഷ്യർ വിളിക്കുന്നതു പോലെ അല്ലാഹുവിന്റെ അടിയാനേ എന്ന രീതിയിൽ ‘അബ്ദുല്ലാഹ്’ എന്ന് വിളിച്ചതാണോ.?      ഏതായാലും, അപ്പോൾ ആ കറുത്തവൻ എന്നോട് പറഞ്ഞു:

       “ഇവന്ന് കുടിവെള്ളം നൽകരുത്. കാരണം ഇവൻ കാഫിറാണ്.”

        പിന്നെ, അവനെ വലിച്ചിഴച്ച് ഭൂമിക്കടിയിലേക്ക് കൊണ്ടു പോയി.”
ഇബ്നു ഉമർ (رضي الله عنه) തുടർന്ന് പറയുന്നു.

      “അങ്ങനെ ഞാൻ റസൂലുള്ളാഹി ﷺ തങ്ങളുടെ അടുക്കൽ ചെന്ന് വിവരം അറിയിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു :

        “നീ അവനെ കണ്ടുവല്ലേ, അത് അല്ലാഹുവിന്റെ ശത്രുവായ ‘അബൂജഹ്ൽ ബ്നു ഹിശാം’ ആണ്. അന്ത്യനാൾ വരെയുള്ള അവന്റെ ശിക്ഷയാണത്.”

[ഹാഫിള് വാഇലീ (കിതാബുൽ ഇബാനഃ), ഇമാം ത്വബ്റാനി (ഔസത്വ്), ബൈഹക്വി (അദാബുൽ ക്വബ്ർ)]



                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي



സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...