Wednesday, October 18, 2017

38 -  “ക്വബ്റിലെ ചോദ്യം”    -3


         “ക്വബ്റിലെ ചോദ്യം”    -3

 
  

   

 
 
  

      (അബൂ ദാവൂദ് അത്ത്വയാലിസീ (رحمه الله), ഇമാം അഹ് മദ് ബ്നു ഹൻബൽ (رحمه الله), അബ്ദുബ്നു ഹമീദ് (رحمه الله), അലിയ്യു ബ്നു മഅ്ബദ് (رحمه الله) ഹന്നാദ് ബ്നു സിർറി (رحمه الله) തുടങ്ങിയ ധാരാളം പേർ ഉദ്ധരിച്ച പ്രസിദ്ധവും സുദീർഘവുമായ ഹദീഥാണ് ഇവിടെ ഉദ്ധരിക്കുന്നത്.)

      ബറാഅ് ബ്നു ആസിബ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു . നബിﷺ തങ്ങളുടെ കൂടെ ഞങ്ങൾ ഒരു അൻസ്വാരിയുടെ ജനാസയെ അനുഗമിച്ചു. അങ്ങനെ ഞങ്ങൾ അദ്ദേഹത്തിന്റെ ക്വബ്റിന്റെ അടുക്കലെത്തിച്ചേർന്നു. അദ്ദേഹത്തെ ലഹ്ദിലേക്ക് വെക്കുമ്പോൾ നബിﷺ തങ്ങൾ അവിടെ ഇരുന്നു. അതിനു ചുറ്റും ഞങ്ങളും ഇരുന്നു. ഞങ്ങളുടെ തലകൾക്ക് മീതേ പക്ഷികൾ പറക്കുന്നതു പോലെ (നിശ്ചല ശിരസ്കരായാണ് ഇരുപ്പ്.) അപ്പോൾ അവിടുന്ന് തല ഉയർത്തി ആകാശത്തിലേക്ക് നോക്കി; പിന്നെ തല താഴ്ത്തി ഭൂമിയിലേക്കും. പിന്നെ പ്രാർത്ഥിച്ചു.

      “ക്വബ്ർശിക്ഷയിൽ നിന്നും അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു. ”

      ഇത് പല തവണ ആവർത്തിച്ചു. എന്നിട്ട് പറഞ്ഞു.

      “സത്യവിശ്വാസിയായ ഒരു അടിമ പരലോകത്തേക്ക് മുന്നിടുകയും ഇഹലോകം വെടിയുകയും ചെയ്യാൻ ഒരുങ്ങുന്ന അവസ്ഥയിൽ,  ഒരു മലക് അവന്റെ തലഭാഗത്ത് വന്നിരിക്കും. എന്നിട്ട് പറയും. “വിശുദ്ധമായ ആത്മാവേ, അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും തൃപ്തിയിലേക്കും പുറപ്പെടൂ..” അപ്പോൾ അവന്റെ ആത്മാവ് പുറപ്പെടുന്നതാണ്. ജലകുംഭത്തിൽ നിന്ന് ജലകണികകൾ ഒലിക്കുന്നത് പോലെ അവന്റെ ആത്മാവ് പുറത്തേക്കൊഴുകും.”

       “സൂര്യശോഭിതരായ് മുഖം വിളങ്ങുന്ന സ്വർഗ്ഗവാസികളായ മലക്കുകൾ ഇറങ്ങി വരും. അവരുടെ കൈകളിൽ സ്വർഗ്ഗീയപുടവകളും സ്വർഗ്ഗീയ സുഗന്ധങ്ങളുമുണ്ടാകും. അവർ കണ്ണെത്തും ദൂരത്ത് ഇരിപ്പുറപ്പിക്കും. (റൂഹ് പിടിക്കുന്ന) മലക്, റൂഹ് പിടിച്ചാൽ അവന്റെ കയ്യിൽ ഒരു ഇമയനങ്ങുന്ന സമയം പോലും അവർ അവശേഷിപ്പിക്കില്ല.” (അപ്പോഴേക്കും അവരത് ഏറ്റു വാങ്ങും.)

     അതാണ് അല്ലാഹു തആല പറഞ്ഞത്.
  ” توفته رسلنا و هم لا يفرطون “
.
  “യാതൊരു വീഴ്ച്ചയും വരുത്താത്ത സ്ഥിതിയിൽ നമ്മുടെ ദൂതൻമാർ (ആത്മാവിനെ) ഉയർത്തിക്കൊണ്ട് പോകുന്നതാണ്.”

      നബിﷺ തങ്ങൾ തുടരുന്നു.

     “ അങ്ങനെ, ഏറ്റവും നല്ല പരിമളത്തോടെ ആത്മാവ് പുറപ്പെടും. മലക്കുകൾ അവനെയും കൊണ്ട് വാനസോപാനങ്ങൾ ചവിട്ടിക്കയറും. വഴിയിലുള്ള ഓരോ ആകാശസേനാനിയും ചോദിക്കാതിരിക്കില്ല. “ഇതാരുടെ ആത്മാവാണ്?”

     അവന്റെ ഏറ്റവും നല്ല പേര് ചൊല്ലി, ഇന്നയാളാണെന്ന് അവർ പറയും. അങ്ങനെ ഒന്നാനാകാശത്തിന്റെ കവാടങ്ങളിലെത്തിയാൽ അത് അവന്ന് വേണ്ടി തുറക്കപ്പെടും. ഓരോ ആകാശത്തു നിന്നും അവിടെയുള്ള പ്രത്യേക മലക്കുകൾ അവനെ സ്വീകരിച്ചാനയിക്കുന്നതാണ്. ഒടുവിൽ ഏഴാം ആകാശത്ത് എത്തുമ്പോൾ പറയപ്പെടും.

     “അവന്റെ കർമ്മങ്ങൾ ‘ഇല്ലിയ്യൂനി’ൽ രേഖപ്പെടുത്തുക.!”

{ و ما أدراك ما عليون * كتاب مرقوم * يشهده المقربون }
.
(ഇല്ലിയ്യൂൻ എന്നാൽ എന്താണ് എന്നറിയുമോ..  എഴുതി ക്ലിപ്തമാക്കപ്പെട്ട രേഖകളാകുന്നു.. പ്രത്യേകക്കാരായ (മലക്കുകൾ) അതിന് സാക്ഷ്യം വഹിക്കും.)

     “അങ്ങനെ ഇല്ലിയ്യൂനിൽ അവന്റെ കർമ്മങ്ങൾ രേഖപ്പെടുത്തും. പിന്നെ പറയപ്പെടും. “അവനെ ഭൂമിയിലേക്ക് തിരിച്ചയക്കുക. നിശ്ചയം,  ഭൂമിയിൽ നിന്ന് അവരെ സൃഷ്ടിച്ചുഎന്നും, മണ്ണിലേക്കവരെ മടക്കുമെന്നും, മറ്റൊരു തവണകൂടി മണ്ണിൽ നിന്ന് പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.”

      അങ്ങനെ അവനെ ഭൂമിയിലേക്ക് മടക്കപ്പെടുന്നതാണ്. പിന്നെ ആ റൂഹിനെ (ക്വബ്റിൽ വെച്ച്) ശരീരത്തിലേക്കും മടക്കപ്പെടും. അപ്പോൾ അവന്റെ അടുക്കൽ അത്യധികം ഗൗരവ സ്വഭാവികളായ രണ്ട് മലക്കുകൾ വരുന്നതാണ്. അങ്ങനെ അവർ അവനെ ഭയപ്പെടുത്തി കൊണ്ട് എഴുന്നേൽപ്പിച്ച് ഇരുത്തും. അവർ ചോദിക്കും.

    “നിന്റെ റബ്ബ് ആര്? നിന്റെ ദീൻ ഏത്? നിന്റെ നബി ആര്?”.
    
അപ്പോൾ അവൻ പറയും.

    “എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ ദീൻ ഇസ് ലാം ആണ്.”

      അപ്പോൾ അവർ ചോദിക്കും.

       “നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഇദ്ദേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ എന്ത് പറയുന്നു? ”

      “അത് അല്ലാഹുവിന്റെ തിരുദൂതരാണ്.”

       “അത് നിനക്കെങ്ങനെ അറിയാം?.”

      “ഞങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളുമായി അവിടുന്ന് വന്നു. അപ്പോൾ ഞാൻ അവരിൽ വിശ്വസിക്കുകയും വാസ്തവമാക്കുകയും ചെയ്തു.”

        അവിടുന്ന് പറഞ്ഞു.

        “ഇതാണ് അല്ലാഹു തആല പറഞ്ഞത്.”

{ يثبت الله الذين آمنوا بالقول الثابت في الحياة الدنيا و في الآخرة }
.
   (“സത്യവിശ്വാസികളായ ആളുകളെ, അല്ലാഹു തആല ഇഹലോകത്തും പരലോകത്തും ‘സ്ഥിരവചനം’ കൊണ്ട് സ്ഥിരപ്പെടുത്തുന്നതാണ്.”)

        അവിടുന്ന് തുടരുന്നു.

      “അപ്പോൾ ഒരു വാനിൽ നിന്ന് ഒരു വിളിയാളം കേൾക്കും. ‘എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. അതു കൊണ്ട് സ്വർഗ്ഗീയവിരികൾ അവന്ന് വിരിക്കുക, സ്വർഗ്ഗീയ വസ്ത്രങ്ങൾ ധരിപ്പിക്കുക. സ്വർഗ്ഗവാസ സ്ഥലം അവനെ കാണിക്കുക. കണ്ണെത്തുന്ന അത്രയും വിശാലമാക്കി കൊടുക്കുക’.

     അവന്റെ സുകൃതങ്ങൾ സുമുഖനും സുന്ദര സുരഭില വേഷധാരിയുമായി രൂപം പ്രാപിച്ച് വരും. എന്നിട്ട് പറയും.

     “അല്ലാഹു നിനക്ക് ഒരുക്കി വെച്ചവയാൽ സന്തോഷിക്കുക. അല്ലാഹുവിന്റെ തൃപ്തിയിലും ശാശ്വത സുഖങ്ങൾ നിറഞ്ഞ അവന്റെ പറുദീസകളാലും ആനന്ദം കൊള്ളുക.”

     “അല്ലാഹു താങ്കളെ നന്മകളാൽ സന്തോഷിപ്പിക്കട്ടെ.! ആരാണ് താങ്കൾ? നന്മയുമായി എത്തിയ സുന്ദരമുഖമായ താങ്കളെ അയച്ചതാരാണ് ?”

      “ഇതാണ് നീ ഭയപ്പെട്ടിരുന്ന നിന്റെ ദിവസം. അല്ലെങ്കിൽ നീ ഭയപ്പെട്ടിരുന്ന നിന്റെ കാര്യം. ഞാൻ നിന്റെ സൽകർമ്മങ്ങൾ. അല്ലാഹുവാണ് സത്യം, അല്ലാഹുവിനെ അനുസരിക്കുന്നതിൽ നീയെന്നും ധൃതി കാണിക്കുന്നവനായും അനുസരണക്കെടിൽ അവധാനത കാണിക്കുന്നവനായും അല്ലാതെ ഞാൻ നിന്നെ അറിഞ്ഞിട്ടില്ല. അപ്പോൾ അല്ലാഹു നിനക്ക് നന്മ പ്രതിഫലം നൽകട്ടെ !". 

     അപ്പോൾ അവൻ പറയും.

       “റബ്ബേ, നീ അന്ത്യനാൾ നടപ്പാക്ക്.! ഞാൻ (ഈ സന്തോഷം അറിയിക്കാൻ) എന്റെ കുടുംബത്തിന്റെയും സ്വത്തുക്കളുടെയും അടുത്തേക്ക് ഒന്ന് മടങ്ങി ചെല്ലട്ടെ.”.....”

     
      “..ഒരു ദുർമാർഗ്ഗി പരലോകത്തേക്ക് തിരിക്കുമ്പോൾ,  ഇഹലോകത്ത് നിന്ന് പിരിയുമ്പോൾ, ഒരു മലക്, അവന്റെ ശിരോഭാഗത്ത് വന്നിരുന്ന് പറയും. 

      “ഓ, ദുരാത്മാവേ, പുറപ്പെടുക. അല്ലാഹുവിന്റെ കോപത്തിലും വെറുപ്പിലും സന്തോഷിക്കുക (ഭയപ്പെടുക)!”.

     അപ്പോൾ കറുത്ത മുഖങ്ങളുള്ള മലക്കുകൾ ഇറങ്ങി വരും. അവരുടെ കയ്യിൽ നാരകീയപുടവകളുണ്ടാകും. റൂഹ് പിടിക്കുന്ന മലക് റൂഹ് പിടിച്ചാലുടൻ ഇവർ എഴുന്നേൽക്കും. ഒരു നിമിഷം പോലും മലകുൽ മൗത്, റൂഹിനെ പിടിച്ചു വെക്കില്ല.”

     അവിടുന്ന് തുടരുന്നു.

     “അങ്ങനെ അത് ദേഹത്ത് നിന്നും പിരിയും. നനഞ്ഞ കമ്പിളിയിൽ നിന്ന് ധാരാളം ശിഖരങ്ങളുള്ള ശൂലം വലിച്ചെടുക്കും പ്രകാരം സിരകളും ധമനികളും മുറിച്ച് കൊണ്ടാണ് ആത്മാവ് വേർ പിരിക്കുക. മലകുൽ മൗതിൽ നിന്ന് ഈ മലക്കുകൾ ആത്മാവ് ഏറ്റു വാങ്ങി പുറപ്പെടുമ്പോൾ അസഹനീയമായ നാറ്റമായിരിക്കും. അത് കൊണ്ടു പോകുന്ന വഴിയിൽ, ആകാശ ഭൂമികളിലെ ഓരോ അല്ലാഹുവിന്റെ സൈനികരും (മലക്കുകളും) ചോദിക്കാതിരിക്കില്ല.

      “ഈ ദുരാത്മാവ് ആരുടേതാണ് ?”.

      അപ്പോൾ അവന്റെ ഏറ്റവും മോശമായ പേരു കൊണ്ട് ഇന്നയാളെന്ന് അവർ പറഞ്ഞു കൊടുക്കും. അങ്ങനെ ഒന്നാം ആകാശത്തിന്റെ കവാടത്തിലെത്തിയാൽ അവർക്ക് അവിടെ വാതിൽ തുറക്കപ്പെടില്ല. അവിടെ നിന്ന് പറയപ്പെടും.

    “അവനെ ഭൂമിയിലേക്ക് മടക്കുക. ഭൂമിയിൽ നിന്ന് അവരെ സൃഷ്ടിച്ചുവെന്നും, ഭൂമിയിലേക്ക് തന്നെ മടക്കുമെന്നും മറ്റൊരു തവണ കൂടി മണ്ണിൽ നിന്ന് അവരെ പുനർജ്ജനിപ്പിക്കുമെന്നും ഞാൻ അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.”

അപ്പോൾ ആ ദുരാത്മാവ് വാനലോകത്തു നിന്നും വലിച്ചെറിയപ്പെടും.”

     പിന്നെ നബിﷺ തങ്ങൾ ഓതി.
{ و من يشرك بالله فكأنما خر من السماء فتخطفه الطير أو تهوي به الريح في مكان سحيق }
.
    (“..ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്താൽ അവൻ വാനിൽ നിന്ന് വീണത് പോലെയാകുന്നു. അപ്പോൾ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ട് പോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് തളളിയിടുന്നു.”
(ഹജ്ജ്   -32)

      “അങ്ങനെ, ആ ആത്മാവ് ഭൂമിയിലേക്ക് മടക്കപ്പെടും. പിന്നീട്, റൂഹിനെ (ക്വബ്റിലെ) ശരീരത്തിലേക്കും മടക്കപ്പെടും. അപ്പോൾ അവന്റെ അടുക്കൽ കഠിന ഗൗരവക്കാരായ രണ്ട് മലക്കുകൾ വരും. അങ്ങനെ അവർ അവനെ ഭയപ്പെടുത്തി കൊണ്ട് ഇരിക്കാനാവശ്യപ്പെടും. എന്നിട്ട് ചോദിക്കും.

      “നിന്റെ റബ്ബ് ആര്?  നിന്റെ ദീൻ ഏത്?”

       “ഹാ, എനിക്കറിയില്ല.

        “നിങ്ങളിലേക്ക് നിയുക്തനായ ഇദ്ദേഹത്തെ കുറിച്ച് നീ എന്ത് പറയുന്നു? ”
    
ആ സമയത്ത് നബിﷺ തങ്ങളുടെ പേര് പോലും അവന്ന് പറയാൻ കഴിയില്ല. അപ്പോൾ അവർ പറയും.

       “മുഹമ്മദ്.”

       “എനിക്കറിയില്ല. ജനങ്ങൾ പറയുന്നത് കേട്ട് ഞാനും എന്തോ പറഞ്ഞു.”

     “നീ അറിഞ്ഞില്ല.”
    
       അപ്പോൾ അവന്റെ മേൽ ക്വബ്ർ ഇടുക്കപ്പെടും. എത്രത്തോളം, അവന്റെ വാരിയെല്ലുകൾ പരസ്പരം കോർക്കപ്പെടും. അപ്പോൾ അവന്റെ കർമ്മങ്ങൾ ഒരു വിരൂപനായ മനുഷ്യന്റെ രൂപം പ്രാപിച്ച് വരും. ദുർഗ്ഗന്ധം വമിക്കുന്ന, ദുഷിച്ച വസ്ത്രം ധരിച്ച ആ വിരൂപി പറയും.

      “അല്ലാഹുവിന്റെ ശിക്ഷയിലും കോപത്തിലും സന്തോഷിക്കുക.”

     “തിൻമയുടെ ദുർമ്മുഖവുമായി വന്ന നീ ആര് ?”

      “ഞാൻ നിന്റെ ദുഷ്കർമ്മങ്ങളാണ്. അല്ലാഹുവാണേ, റബ്ബിനെ അനുസരിക്കുന്നതിൽ നീ എന്നും പിന്നിലായിരുന്നു. അവനെ ധിക്കരിക്കുന്നതിൽ മുൻപന്തിയിലും.
(ചില റിപ്പോർട്ടുകളിൽ ഇപ്രകാരം കാണാം.)

      “..പിന്നെ അന്ധനും ബധിരനുമായ ഒരാൾ വന്ന് ഇരുമ്പിന്റെ ദണ്ഡ് കൊണ്ട് ഒരടി അടിക്കും. അപ്പോൾ അവൻ അടിമുടി പൊടിഞ്ഞു പോകും. പിന്നെയും പൂർവ്വാവസ്ഥയിലേക്ക് മടക്കി വീണ്ടും അടിക്കും. പിന്നെയും അടിമുടി പൊടിയും.. ആ അടികളുടെ ശബ്ദം മനുഷ്യരും ജിന്നുകളുമല്ലാത്ത സർവ്വവും കേൾക്കും. പിന്നെ പറയപ്പെടും.

      “നാരകീയമായ രണ്ട് ഫലകങ്ങൾ അവന്ന് വിരിക്കുക. നരകത്തിലേക്കുള്ള വാതിൽ തുറക്കുക.”

     അപ്പോൾ രണ്ട് അഗ്നിഫലകങ്ങൾ കൊണ്ട് അവന്ന് വിരിക്കപ്പെടും. നരകത്തിലെക്കുള്ള വാതിൽ തുറക്കപ്പെടുകയും ചെയ്യും..”
  
  

 
                      ★    ★    ★

                 
 
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

  

  
 

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

  

  
 

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

   
  

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...