“മരിച്ചവരുടെ കേൾവി”
അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.
“....അങ്ങനെ ഞങ്ങളോട് ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ബദ്റീങ്ങളെ കുറിച്ച് ഹദീഥ് പറയാൻ തുടങ്ങി. അങ്ങനെ അദ്ദേഹം പറഞ്ഞു :
“നിശ്ചയം, നബിﷺ തങ്ങൾ യുദ്ധ തലേന്ന്, ഓരോരുത്തരും (മരിച്ച്) വീഴുന്ന സ്ഥലം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു :
“ഇവിടെയാണ് (ഇൻശാ അല്ലാഹ്) നാളെ, ഇന്നയാൾ മരണപ്പെടുന്ന സ്ഥലം.”
ഉമർ (رضي الله عنه) തുടരുന്നു :
“സത്യദൂതുമായി നബിﷺ തങ്ങളെ നിയോഗിച്ചവനായ റബ്ബ് തന്നെയാണ് സത്യം, റസൂലുള്ളാഹിﷺ വരച്ച അതിര് കടന്ന് ഒരാളും പോയിട്ടില്ല.”
“അങ്ങനെ ഒരു കിണറിൽ അവരെ (സത്യനിഷേധികളെ) മേൽക്കുമേൽ കൂട്ടിയിട്ടു. പിന്നെ തിരുദൂതർ ﷺ അങ്ങോട്ട് ചെന്നു. എന്നിട്ട് പറഞ്ഞു :
“ഇന്നവന്റെ പുത്രനായ ഇന്നവനേ, ഇന്നവന്റെ പുത്രനായ ഇന്നവനേ, അല്ലാഹുവും അവന്റെ ദൂതരും മുന്നറിയിപ്പ് നൽകിയത് സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടോ ? നിശ്ചയം, എനിക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”
ഉമർ (رضي الله عنه) ചോദിച്ചു :
“അല്ലാഹുവിന്റെ തിരുദൂതരേ, ആത്മാവ് ഇല്ലാത്ത ശവ ശരീരങ്ങളോട് എങ്ങനെയാണ് അങ്ങ് (കേൾപ്പിച്ച്) സംസാരിക്കുക?”
അവിടുന്ന് പ്രതിവചിച്ചു :
“ഞാൻ പറയുന്നത് അവരേക്കാൾ നിങ്ങൾ കേൾക്കുന്നവരല്ല. (നിങ്ങളേക്കാൾ നന്നായി അവർ കേൾക്കും.) എങ്കിലും അവർക്കെന്നോട് വല്ലതും മറുപടി തരാൻ കഴിയില്ല.”
(സ്വഹീഹ് മുസ് ലിം)
★ ★ ★
അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.
“നിശ്ചയം, തിരുദൂതർﷺ ബദറിൽ കൊല്ലപ്പെട്ടവരെ (സത്യനിഷേധികളെ) മൂന്ന് ദിവസം അവിടെയിട്ടു. പിന്നെ അങ്ങോട്ട് ചെന്ന് (അഭിമുഖമായി) നിന്നു. അങ്ങനെ അവരെ (പേര്) വിളിച്ച് ചോദിച്ചു :
“ഓ.. ഹിശാമിന്റെ പുത്രൻ അബൂ ജഹൽ, ഓ.. ഉമയ്യഃ ബിൻ ഖലഫ്, ഓ.. ഉത്ബഃ ബിൻ റബീഅഃ, ഓ.. ശയ്ബഃ ബിൻ റബീഅഃ, നിങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് സത്യമായി നിങ്ങൾക്ക് ലഭിച്ചുവോ ? നിശ്ചയം, എനിക്ക് എന്റെ റബ്ബ് വാഗ്ദാനം ചെയ്തത് സത്യമായി ലഭിച്ചിട്ടുണ്ട്.”
അപ്പോൾ നബിﷺ തങ്ങളുടെ വാക്കുകൾ കേട്ട ഉമർ (رضي الله عنه) ചോദിച്ചു :
“അല്ലാഹുവിന്റെ തിരുദൂതരേ, അവരെങ്ങനെ കേൾക്കും, എങ്ങനെ മറുപടി പറയും ? അവർ അഴുകിയ(ശവങ്ങളാണ)ല്ലോ.”
അവിടുന്ന് പ്രതിവചിച്ചു :
“എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ, അവൻ തന്നെ സത്യം, ഞാൻ പറയുന്നത് അവരേക്കാൾ (നന്നായി) നിങ്ങൾ കേൾക്കുന്നവരല്ല. എങ്കിലും അവർക്ക് മറുപടി പറയാൻ കഴിയില്ല.”
പിന്നെ നബിﷺ തങ്ങളുടെ കൽപ്പന പ്രകാരം, അവരെ വലിച്ചു കൊണ്ട് പോയി, ബദ്റിലെ കിണറിൽ നിക്ഷേപിക്കപ്പെട്ടു.
(സ്വഹീഹ് മുസ് ലിം)
★ ★ ★
മരണപ്പെട്ടവർ കേൾക്കുമോ എന്നതിൽ ചിലർക്ക് ഭിന്നാഭിപ്രായമുണ്ട്.
فَإِنَّك لَا تُسْمِع الْمَوْتَى (الروم : ٥٢)
.
“നിശ്ചയം, താങ്കൾ മരണപ്പെട്ടവരെ കേൾപ്പിക്കുകയില്ല..” (റൂം : 52)
وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُور (فاطر: ٢٢)
.
“...താങ്കൾ ക്വബ്റിലുള്ളവരെ കേൾപ്പിക്കുന്നവരല്ല.” (ഫാത്വിർ : 22)
എന്നീ ആയത്തുകളാണ് അവർ ഉദ്ധരിക്കുന്നത്.
ഇമാം ക്വുർത്വുബി അഭിപ്രായപ്പെടുന്നത്, ‘ചില സമയങ്ങളിൽ കേൾക്കുന്നത് ഈ ആയത്തിന് വിരുദ്ധമല്ല,’എന്നാണ്.
‘ആയത്തിൽ പറഞ്ഞ പൊതുവായ കാര്യത്തെ പ്രത്യേകസന്ദർഭം വെച്ച് പ്രത്യേകമായി പരിഗണിക്കണം.’
” إنه ليسمع قرع نعالهم....“
.
“നിശ്ചയമായും (ക്വബ്റിൽ മറവ് ചെയ്യപ്പെട്ടവൻ) ജനങ്ങളുടെ പാദുക പതനശബ്ദം കേൾക്കവേ....” എന്ന, മുൻകർ-നകീറുമാർ വരുന്ന സന്ദർഭം വിവരിക്കുന്ന ഹദീഥിൽ, ക്വബ്റിലുള്ളവർ കേൾക്കുന്ന കാര്യം വ്യക്തമാണെന്ന് നാം മുമ്പ് വിവരിച്ചിട്ടുമുണ്ട്.
ഇബ്നു അബ്ദുൽ ബർറ് (رحمه الله) തന്റെ ‘കിതാബുത്തംഹീദി’ൽ ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥ് ഉദ്ധരിക്കുന്നു :
നബിﷺ തങ്ങൾ അരുളി :
“ഇഹലോകത്ത് പരിചയമുള്ള തന്റെ സത്യവിശ്വാസിയായ സഹോദരന്റെ ക്വബ്റിനരികിലൂടെ കടന്നു പോവുകയും സലാം ചൊല്ലുകയും ചെയ്യുന്ന ഏതൊരാൾക്കും (സത്യവിശ്വാസിക്കും) അയാൾ (ക്വബ്റിലുള്ള മയ്യിത്ത്) സലാം മടക്കാതിരിക്കില്ല.”
മാത്രമല്ല മുകളിലുദ്ധരിച്ച ആയത്തിലെ ‘കേൾവി’യുടെ വിവക്ഷ, ‘അനുസരണത്തിന്റെ കേൾവി’ എന്നാണെന്ന് ഈ പ്രമാണങ്ങൾ സംയോജിപ്പിച്ചു ഇമാം ഇബ്നു ഹജറുൽ അസ്ക്വലാനി (റ)യും, എന്തിനേറെ, ഇബ്നു ക്വയ്യിം പോലും അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment