Wednesday, October 11, 2017

34 - “കലിമ ക്വബ്റിലേക്കും”


“സത്യവചനം ചൊല്ലിക്കൊടുക്കൂ..”

 

 

  
 
 
 

       അബൂ ഉമാമതുൽ ബാഹിലി (رضي الله عنه) വിൽ നിന്ന് അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഉദ്ധരിക്കുന്നു : നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു :

     “നിങ്ങളിലാരെങ്കിലും മരണപ്പെട്ട്, (ക്വബ്റടക്കി, മുകളിൽ) മണ്ണിട്ട് നിരപ്പാക്കിയാൽ, ഒരാൾ ക്വബ്റിന്റെ തലഭാഗത്ത് നിന്ന് കൊള്ളട്ടെ.

     പിന്നെ അവൻ പറയട്ടെ :

      “ഇന്നവളുടെ  മകനായ ഇന്നവനേ,¹” നിശ്ചയമായും അവനത് കേൾക്കുന്നുണ്ടാകും, മറുപടി പറയില്ല.
      പിന്നെ രണ്ടാമതും ‘ഇന്നവളുടെ മകനായ ഇന്നവനേ,’  എന്ന് പറയുക. അപ്പോൾ അവൻ എണീറ്റ് ഇരിക്കുന്നുണ്ടാകും. പിന്നെ മൂന്നാമതും  ‘ഇന്നവളുടെ ¹ മകനായ ഇന്നവനേ,’ എന്ന് പറയുക. തീർച്ചയായും, അപ്പോൾ അവൻ ഇങ്ങനെ പറയുന്നുണ്ടാകും,
      ‘മാർഗ്ഗദർശനം നൽകൂ, അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ.’ പക്ഷേ നിങ്ങൾക്കത് കേൾക്കാനാവില്ല.

     അപ്പോൾ പറയുക :
     ‘ഇഹലോകത്തിൽ നിന്ന് നീ പുറപ്പെടുമ്പോഴുള്ളവ നീ ഓർക്കുക: നിശ്ചയം, അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, തീർച്ചയായും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതരാണെന്നുമുള്ള സത്യസാക്ഷ്യം (ഓർക്കുക). നിശ്ചയം, നീ അല്ലാഹുവിനെ രക്ഷിതാവായും, ഇസ് ലാമിനെ ജീവിതനിയമമായും മുഹമ്മദ്ﷺ നെ പ്രവാചകനായും ക്വുർആനിനെ മാർഗ്ഗദർശിയായും തൃപ്തിപ്പെട്ടിരുന്നതും (ഓർക്കുക.)'

      നിശ്ചയം, അപ്പോൾ (കടന്നു വരുന്ന) മുൻകറും നകീറും പരസ്പരം പിന്നാക്കം വലിക്കും. അവർ പറയും :

      ‘നമുക്ക് പോകാം, ഇവന്റെ അടുക്കൽ പോയിരുന്നിട്ടെന്താണ് ? ഇവന്റെ ലക്ഷ്യം (ഉത്തരം) പറഞ്ഞു കൊടുക്കപ്പെട്ടല്ലോ.'

      (നബിﷺ തങ്ങൾ തുടരുന്നു.)         “അല്ലാഹു അവന്ന് പകരം അവർക്ക് ലക്ഷ്യം നൽകുന്നവനാകും.”
   
      അപ്പോൾ ഒരു മനുഷ്യൻ ചോദിച്ചു :

   “അല്ലാഹുവിന്റെ പ്രവാചകരേ, അവന്റെ ഉമ്മയുടെ പേരറിയില്ലെങ്കിലോ.? ”

      അവിടുന്ന് പ്രതിവചിച്ചു :

      “അവന്റെ ആദിമാതാവ് ഹവ്വായിലേക്ക് ചേർത്ത് പറയുക.”

{കിതാബുൽ ആക്വിബഃ -(അബൂ മുഹമ്മദ് അബ്ദുൽ ഹക്വ്), ത്വബ്റാനി, ഹൈഥമി}

.

                   ★       ★        ★

 

     ഹദീഥ്, ഇമാം ‘ഗസാലി’യെന്ന അബൂ ഹാമിദ് (رحمه الله) തന്റെ ‘ഇഹ് യാ’ ഇലും ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ ‘ഥക്വ് ഫി’ തന്റെ ‘അർബഈന’ യിലും മറ്റൊരു സനദിലൂടെ ഇതേ ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ അപൂർവ്വമായ (غريب) ഹദീഥ് എന്ന് വിശേഷിപ്പിച്ചു. എങ്കിലും സമാനമായ ഹദീഥുകൾ ഉദ്ധരിച്ച്, സ്വീകാര്യയോഗ്യമാണെന്ന് അഭിപ്രായപ്പെടുന്നു.

 

                   ★       ★        ★

 
 
      ശൈബത് ബ്നു അബീ ശൈബഃ (رحمه الله) യിൽ അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു :

     “മരിക്കുമ്പോൾ എന്റെ ഉമ്മ എന്നോട് വസ്വിയ്യത് ചെയ്തു. അങ്ങനെ അവർ പറഞ്ഞു :

     “എന്റെ മകനേ, എന്നെ മറമാടിയാൽ എന്റെ ക്വബ്റിങ്ങൽ നീ വന്ന് നിൽക്കണം. പിന്നെ നീ പറയണം, ‘എന്റെ ഉമ്മാ, ‘ലാ ഇലാഹ ഇല്ലള്ളാഹ്’ എന്നത് പറയൂ, എന്ന്. പിന്നെ തിരിച്ചു പോകാം.”

       “രാത്രി ഞാൻ അവരെ സ്വപ്നത്തിൽ ദർശിച്ചു. അവരെന്നോട് പറയുന്നു :

   “എന്റെ പ്രിയപുത്രാ, ഞാൻ നാശത്തിന്റെ വക്കിലായിരുന്നു. നീ എനിക്ക് ‘ലാ ഇലാഹ ഇല്ലള്ളാഹ്’ എന്ന വചനം വീണ്ടെടുത്ത് തന്നില്ലെങ്കിൽ, (ഞാൻ നശിച്ചേനെ.) എന്റെ പൊന്നുമോനേ, നീയെന്റെ വസ്വിയ്യത് സൂക്ഷിച്ച് നിറവേറ്റിയിരിക്കുന്നു.”

(കിതാബുൽ ആക്വിബഃ)

     

                   ★       ★        ★

 
 
      ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ പറയുന്നു: ഞങ്ങളുടെ ഉസ്താദ്  അബുൽ അബ്ബാസ് അഹ് മദ് ബ്നു ഉമർ അൽ ക്വുർത്വുബി (رحمه الله) പറഞ്ഞു :

      “മയ്യിത്തിനെ ക്വബ്റിൽ വെച്ച ഉടൻ തന്നെ, മലക്കുകളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മാർഗ്ഗദർശനം വ്യക്തമായി നൽകേണ്ടതുണ്ട്. അപ്പോൾ
”..فقُلْ اللهُ ربّي ، والإسلامُ دِيني ، ومُحمّد رَسولي...“
(നീ പറയുക, അല്ലാഹുവാണ് എന്റെ റബ്ബ് എന്നും, ഇസ് ലാം എന്റെ മതമാണ് എന്നും, മുഹമ്മദ് ﷺ എന്റെ തിരുദൂതരാണ് എന്നും....)
എന്നിങ്ങനെ പറഞ്ഞു കൊടുക്കണം. ഇപ്രകാരമായിരിക്കും മലക്കുകളുടെ ചോദ്യങ്ങൾ എന്ന് സ്വഹീഹായ ഹദീഥുകൾ വന്നിട്ടുണ്ട്. ഇന്ന് നമ്മുടെ നാട്ടിൽ നടപ്പിലുള്ള ആചാരങ്ങൾ ² ഇപ്രകാരം ആകുന്നു..”

     ഇമാം തങ്ങൾ തുടരുന്നു.  “മരണപ്പെട്ടവർ നാം പറഞ്ഞത് കേൾക്കും എന്നു തന്നെയാണ്, ليسمع قرع نعالهم (നിശ്ചയം, അവരുടെ പാദുക പതനങ്ങൾ കേട്ടു കൊണ്ടിരിക്കേ മലക്കുകൾ വരും) എന്ന് ഹദീഥിൽ പറഞ്ഞതിന്റെ വിവക്ഷ. പിന്നെ, إنك لاتسمع الموتى എന്നത് പോലെയുള്ള ആയത്തുകൾ പഠിപ്പിച്ച നബിﷺ തങ്ങൾ തന്നെ അതിന്റെ ഉദ്ദേശ്യം വിവരിക്കുന്നത് വിശദമായി അതിന്റെ അധ്യായത്തിൽ നമുക്ക് ചർച്ച ചെയ്യാം.              (إن شاء الله)

 
____________________________________

 
      ¹ ‘ഇന്ന’ എന്ന വാക്കിന്റെ സ്ഥാനത്ത് പേര് ചേർക്കണം. ‘അല്ലാഹുവിന്റെ അടിയാനായവനേ’ (يا عبد الله) എന്നും പേരിന് പകരം പറയാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

    ² ഹിജ്റ അഞ്ഞൂറാം നൂറ്റാണ്ടിൽ മുസ് ലിം നാടായ അന്തലൂഷ്യൻ പ്രദേശങ്ങളിൽ നില നിന്നിരുന്ന ഇസ് ലാമിക ആചാരങ്ങളെ ക്കുറിച്ചാണ് ഇമാം തങ്ങളുടെ ഉസ്താദിൽ നിന്ന് ഇവിടെ ഉദ്ധരിക്കുന്നത്.

  

 
 
                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...