Saturday, October 28, 2017

44 - “വിശ്വാസിക്കും ക്വബ്ർശിക്ഷ! ” - 2


  “വിശ്വാസിക്കും ക്വബ്ർശിക്ഷ! ” -2

 

 

 

 

 

  

 

 

 
  

 
        (ഇമാം ബുഖാരി ഉദ്ധരിക്കുന്ന  ഹദീഥ്.) സമുറഃ ബ്നു ജുൻദുബ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

    നബിﷺ തങ്ങൾ നിസ്കാരശേഷം ഞങ്ങളിലേക്ക് മുഖം തിരിഞ്ഞിരിക്കും. എന്നിട്ട് ചോദിക്കും.

    “കഴിഞ്ഞ രാത്രിയിൽ നിങ്ങളാരെങ്കിലും വല്ല സ്വപ്നവും കണ്ടുവോ ?”

       അദ്ദേഹം പറയുന്നു:
       ‘ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അവരത് വിവരിക്കും. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചത് അവിടുന്ന് നിർദ്ദേശിക്കും. അങ്ങനെ ഒരു ദിവസം അവിടുന്ന് ഞങ്ങളോട് ചോദിച്ചു.

     “നിങ്ങളിൽ വല്ലവരും വല്ല സ്വപ്നവും കണ്ടുവോ ?”

       ഞങ്ങൾ പറഞ്ഞു.

       “ഇല്ല.”

       “എന്നാൽ ഞാൻ കണ്ടു. കഴിഞ്ഞ രാത്രിയിൽ രണ്ടു പേർ എന്റെ അടുത്ത് വന്നു. അവർ എന്റെ കൈ പിടിച്ച്, വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടു. (അങ്ങനെ പോകുന്ന വഴിയിൽ) ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. ഒരാൾ ഇരുമ്പിന്റെ ശൂലവുമായി നിൽക്കുന്നു.”

     “അവൻ ആ കുന്തം ഇരിക്കുന്നവന്റെ കടവായിലേക്ക് കയറ്റുന്നു. അത് അവന്റെ പിൻകഴുത്ത് വരെ (തുളച്ച്) എത്തുന്നു. പിന്നെ, (അതെടുത്ത്) മറ്റൊരു കുന്തം കൊണ്ട് ഇപ്രകാരം കുത്തിക്കയറ്റുന്നു. അപ്പോഴേക്കും ഇവന്റെ വായ മുറിവ് കൂടിച്ചേർന്ന് ശരിയായിട്ടുണ്ടാകും. അങ്ങനെ വീണ്ടും വീണ്ടും ഇപ്രകാരം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു :

      “ഇതെന്താണ് ?”

       അവർ (എന്റെ കൂട്ടുകാർ) പറഞ്ഞു :

       “പോകാം.”

        അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. അപ്പോൾ മലർന്നു കിടക്കുന്ന ഒരാളുടെ സമീപം ഞങ്ങളെത്തി. അയാളുടെ ശിരോഭാഗത്ത് മറ്റൊരാൾ ഒരു അരവുകല്ലുമായി അല്ലെങ്കിൽ ഒരു പാറക്കല്ലുമായി നിൽക്കുന്നു. എന്നിട്ട് അവന്റെ തല തകർക്കുന്നു. അത് പ്രയോഗിച്ചാൽ കല്ല് ഉരുണ്ടു പോകുന്നു. അപ്പോൾ അവൻ അതെടുക്കാൻ പോകുന്നു. അവൻ കല്ലെടുത്ത് തിരികെ വരുമ്പോഴേക്കും അവന്റെ തല പൂർവ്വ സ്ഥിതിയിലായിരിക്കും. വീണ്ടും അവൻ ചെന്ന് കല്ല് പ്രയോഗിക്കും. അപ്പോൾ ഞാൻ ചോദിച്ചു :

      “ഇതാരാണ് ?”

      അവർ പറഞ്ഞു :

       “പോകാം.”

       അങ്ങനെ ഞങ്ങൾ എത്തിച്ചേർന്നത് അടുപ്പു പോലെയുള്ള ഒരു വലിയ കുഴിയുടെ അടുത്താണ്. അതിന്റെ മുകൾ ഭാഗം ഇടുങ്ങിയതും അടി വിശാലമായതും ആയിരുന്നു. അതിന്റെ ചുവട്ടിൽ നിന്ന് തീ കത്തുന്നുണ്ട്. തീ ആളുമ്പോൾ അതിലുള്ളവരും പുറത്തെത്തും വിധം ഉയർന്ന് വരുന്നു. തീ കുറയുമ്പോൾ അവർ അതിനുള്ളിലേക്കു തന്നെ താഴുന്നു. അതിൽ നഗ്നരായ സ്ത്രീ പുരുഷൻമാരാണ് ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ ചോദിച്ചു :

      “ഇവർ ആരാണ് ?”

       അവർ പറഞ്ഞു :

       “പോകാം.”

      അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. പിന്നെ ഞങ്ങൾ എത്തിയത് ഒരു രക്തനദിയുടെ അടുത്താണ്. അതിന്റെ മധ്യത്തിൽ ഒരാൾ, മുന്നിൽ കല്ലുകളുമായി (വെള്ളത്തിലല്ലാതെ) നിൽക്കുന്നു. നദിയിലെ ആൾ (നീന്തി) മുന്നേറുന്നു. അയാൾ നദിയിൽ നിന്ന് പുറത്ത് കടക്കാറാകുമ്പോൾ മറ്റേയാൾ അയാളുടെ വായിലേക്ക് കല്ലെറിയുന്നു. അങ്ങനെ അയാൾ നദിയിലേക്ക് തിരികെ വീഴുന്നു. അങ്ങനെ അവൻ നദിയിൽ നിന്ന് പുറത്ത് കടക്കാൻ വരുമ്പോഴൊക്കെ മറ്റവൻ അവന്റെ വായിലേക്ക് കല്ലെറിയാൻ തുടങ്ങും. വീണ്ടും അവൻ നദിയിലേക്ക് തിരികെ വീഴും. അപ്പോൾ ഞാൻ ചോദിച്ചു :

      “ഇതെന്താണ് ?”

      അവർ പറഞ്ഞു :

      “പോകാം.”

        അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. ഒടുവിൽ പച്ചയായ ഒരു പൂന്തോപ്പിലാണ് ഞങ്ങളെത്തിയത്. അവിടെ ഒരു മഹാവൃക്ഷം ഉണ്ടായിരുന്നു. അതിന്റെ ചുവടെ, ഒരു വൃദ്ധനും കുറേ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ആ മഹാവൃക്ഷത്തിന്റെ കുറച്ചപ്പുറത്തായി ഒരാൾ ഉണ്ടായിരുന്നു. തന്റെ മുമ്പിലെ തീ കത്തിച്ചു കൊണ്ടിരിക്കുകയാണ് അയാൾ. എന്റെ സഹചാരികൾ എന്നെയും കൊണ്ട് മരത്തിൽ കയറി. അങ്ങനെ (അതിലൂടെ) എന്നെ അതിമനോഹരമായ ഒരു ഭവനത്തിലേക്ക് കൊണ്ട് പോയി. അത്ര സുന്ദരമായ കൊട്ടാരം മുമ്പ് ഞാൻ കണ്ടിട്ടില്ല. അവിടെ യുവാക്കളും വൃദ്ധരുമടങ്ങിയ പുരുഷൻമാരും, സ്ത്രീകളും, കുട്ടികളുമുണ്ടായിരുന്നു. പിന്നെ, അവിടെ നിന്ന് എന്നെ പുറത്തേക്ക് കൊണ്ടു പോയി. പിന്നെയും മരത്തിലൂടെ കയറി അതിലും സുന്ദരമായ മറ്റൊരു കൊട്ടാരത്തിലെത്തി. അവിടെയും വൃദ്ധരും യുവാക്കളുമുണ്ട്.
      ഞാൻ ചോദിച്ചു.

      “ഈ രാത്രിയിൽ നിങ്ങൾ ഇരുവരും എന്നെയും കൂട്ടി (ധാരാളം) ചുറ്റിക്കറങ്ങിയല്ലോ. അത് കൊണ്ട്, ഞാൻ കണ്ട കാഴ്ചകൾ വിവരിച്ചു തരൂ.”
  
     അവർ പറഞ്ഞു :

    “അതെ, പറയാം.  കടവായ് കുത്തിക്കീറപ്പെടുന്നതായി താങ്കൾ കണ്ടവൻ, കളവ് സംസാരിക്കുന്ന പെരും നുണയനാണ്. അവന്റെ കളവുകൾ മറ്റുള്ളവർ ഏറ്റെടുത്ത് സർവ്വ ദിക്കുകളിലുമെത്തുന്നു. ക്വിയാമഃ ദിവസം വരെ, അവൻ ഇപ്രകാരം ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. തല തകർപ്പെടുന്നതായി താങ്കൾ കണ്ടവൻ അല്ലാഹു തആല ക്വുർആൻ പഠിപ്പിച്ചു നൽകിയവനാണ്. പക്ഷേ അത് പാരായണം ചെയ്ത് (നിസ്കരിക്കാതെ) അവൻ രാത്രി കിടന്നുറങ്ങുന്നു. പകലിൽ അത് പ്രകാരം അവൻ പ്രവർത്തിക്കുന്നുമില്ല. അവനെയും ക്വിയാമഃ ദിവസം വരെ ഇപ്രകാരം ചെയ്തു കൊണ്ടിരിക്കും. ദ്വാരത്തിൽ (കുഴിയിൽ) താങ്കൾ കണ്ടവർ വ്യഭിചാരികളാണ്. (രക്ത)നദിയിൽ കണ്ടവൻ പലിശക്കാരനാണ്. മരത്തിന്റെ ചുവടെ കണ്ട വൃദ്ധൻ ഇബ്റാഹീം നബി (عليه السلام)മും ചുറ്റുമുള്ള കുട്ടികൾ ജനങ്ങളുടെ ചെറിയ (പ്രായത്തിൽ മരണപ്പെട്ട) കുട്ടികളുമാണ്. തീ കത്തിക്കുന്നവൻ നരക സൂക്ഷിപ്പുകാരനായ മാലിക് (عليه السلام) ആണ്. താങ്കൾ ആദ്യം കണ്ട കൊട്ടാരം സത്യവിശ്വാസികളായ സാധാരണക്കാരുടെ പൊതുഭവനമാകുന്നു. ഈ കൊട്ടാരം രക്തസാക്ഷികളുടെ പ്രത്യേകഭവനമാകുന്നു. ഞാൻ ജിബ്റീലും ഇത് മീകാഈലുമാണ്. ഇനി മേലോട്ട് നോക്കൂ.”

     അപ്പോൾ ഞാൻ തല ഉയർത്തി നോക്കി. എന്റെ മുകളിലായി മേഘം പോലെ (എന്തോ) ഉണ്ടായിരുന്നു. അവർ പറഞ്ഞു :

     “അതാണ് താങ്കളുടെ ഭവനം.”

     “എന്നെ അനുവദിക്കൂ , ഞാൻ എന്റെ വീട്ടിൽ കയറട്ടെ.”

     “താങ്കൾക്ക് അവശേഷിക്കുന്ന ആയുസ്സ് ഇനിയും പൂർത്തിയായിട്ടില്ല, അത് പൂർണ്ണമായാൽ താങ്കൾക്ക് താങ്കളുടെ ഭവനത്തിൽ കയറാം.”

(ബുഖാരി)

 

                       ★    ★    ★

 
       ചിലർ അഭിപ്രായപ്പെടുന്നു. ഇമാം ബുഖാരി ഉദ്ധരിച്ച ഈ ഹദീഥിൽ ക്വബ്ർ ശിക്ഷയെ കുറിച്ച് പരാമർശമില്ല. മറിച്ച്, നബിﷺ തങ്ങളുടെ സ്വപ്നവിവരണം മാത്രമാണ്.
       എന്നാൽ ഇവിടെ ഇമാം ക്വുർത്വുബി (رحمه الله) പറയുന്നു.

       “അമ്പിയാക്കളുടെ സ്വപ്നങ്ങൾ തെളിവാണെന്ന് ക്വുർആൻ വ്യക്തമാക്കുന്നു.

”..قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ ...“
.
     “...ഇബ്റാഹീം നബി (عليه السلام) പറഞ്ഞു. എന്റെ പ്രിയ പുത്രാ, നിന്നെ ബലിയറുക്കാൻ, ഞാൻ സ്വപ്നേപി ദർശിച്ചു. അതു കൊണ്ട് നിന്റെ വീക്ഷണം എന്തെന്ന് (ചിന്തിച്ച്) നോക്കൂ. അവൻ (ഇസ്മാഈൽ عليه السلام) പറഞ്ഞു. പ്രിയപിതാവേ, താങ്കളോട്  കൽപ്പിക്കപ്പെട്ടത് പ്രകാരം പ്രവർത്തിക്കൂ...”

     “ഇവിടെ അമ്പിയാക്കളുടെ സ്വപ്നം തെളിവാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിയും. കാരണം ‘കൽപ്പിക്കപ്പെട്ടത്’ എന്നാണ് സ്വപ്നത്തെക്കുറിച്ച് പരാമർശിക്കുന്നത്.”

       “മുകളിലെ ഹദീഥിൽ, സ്വപ്നത്തിൽ കണ്ട കാഴ്ച്ചകളുടെ വ്യാഖ്യാനം പറയുമ്പോൾ ‘ക്വിയാമഃ ദിവസം വരെ’ എന്ന് പരാമർശിക്കുന്നത്, അത് ബർസഖീ ലോകത്തുള്ള (ക്വബ്റിലുള്ള) ശിക്ഷയെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാകുന്നു.”           الله أعلم

  

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 

 

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...