Friday, October 20, 2017

39 - “ക്വബ്ർ അനുഭവങ്ങൾ .”


            “ക്വബ്ർ അനുഭവങ്ങൾ .”

  
  
  

 
 

 

 

 

          അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنه) തന്റെ പിതാവ് ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യുന്നു :

      ഒരു ദിവസം നബിﷺ തങ്ങൾ ക്വബ്റിലെ കുഴപ്പക്കാരായ രണ്ട് പേരെ (മുൻകർ, നകീർ) കുറിച്ച് അനുസ്മരിച്ചു. അപ്പോൾ ഉമർ (رضي الله عنه) ചോദിച്ചു :

      “അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾക്ക് ഞങ്ങളുടെ ബുദ്ധി തിരിച്ചു കിട്ടുമോ ?”

      “അതെ, ഇന്ന് നിങ്ങൾക്ക് ഉള്ളത് പോലെ.” (അപ്പോഴും ബുദ്ധിയുണ്ടാകും.)

      “എങ്കിൽ തടയാൻ വഴിയുണ്ട്.”

(നവാദിറുൽ ഉസ്വൂൽ എന്ന ഗ്രന്ഥത്തിൽ ഹകീം തിർമുദി)

 

    ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ ക്വബ്റിൽ വെച്ചുള്ള മയ്യിത്തിന്റെ ഫിത്നഃയെ കുറിച്ചും മുൻകർ, നകീർ എന്നീ രണ്ട് മലക്കുകളുടെ ചോദ്യത്തെ കുറിച്ചും വിവരിച്ചപ്പോൾ അദ്ദേഹം നബിതങ്ങളോട് ചോദിച്ചു :

     “അല്ലാഹുവിന്റെ തിരുദൂതരേ, അപ്പോൾ എനിക്ക് എന്റെ ബുദ്ധി തിരിച്ചു കിട്ടുമോ?”

      “അതേ,”

      “എങ്കിൽ അവർക്ക് രണ്ടു പേർക്കും ഞാൻ മതിയായത് കൊടുക്കും. അല്ലാഹുവാണ് സത്യം, അവരെന്നോട് ചോദ്യം ചോദിച്ചാൽ ഞാൻ അവരോട് തിരിച്ചും ചോദ്യം ചോദിക്കും. അങ്ങനെ ഞാൻ പറയും. എന്റെ റബ്ബ് അല്ലാഹുവാണ്. എന്നാൽ നിങ്ങളുടെ രണ്ട് പേരുടേയും റബ്ബ് ആര് ?”

(ബൈഹക്വി)
 
       

                      ★    ★    ★

   
  
     ഹദീഥ് നിവേദകൻമാരിൽ പെട്ട സഹ്ൽ ബ്നു അമ്മാർ തന്റെ ഗുരുവിനെ കുറിച്ച് പറയുന്നു.

      “ഞാൻ യസീദ് ബ്നു ഹാറൂൻ (رحمه الله)മരണപ്പെട്ട ശേഷം അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു:

      “അല്ലാഹു താങ്കളെ എന്ത് ചെയ്തു?”

      “എന്റെ ക്വബ്റിൽ ഗൗരവ സ്വഭാവികളായ രണ്ട് മലക്കുകൾ വന്നു. അവരെന്നോട് ചോദിച്ചു :
     “നിന്റെ മതമേത് ? റബ്ബ് ആര്? നബി ആര്?....... ” 

      ഞാൻ എന്റെ വെളുത്ത താടി പിടിച്ചു കൊണ്ട് ചോദിച്ചു.
     “എന്നെപ്പോലെയുള്ള ഒരാളോട് ചോദിക്കേണ്ടതാണോ ഇത് ? ഞാൻ എൺപത് വർഷത്തോളമായി നിങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ജനങ്ങളെ പഠിപ്പിച്ചു വരികയാണ്.”

അപ്പോൾ അവർ പോയി. (അതിനിടയിൽ) അവർ ചോദിച്ചു.

    “ഹരീസ് ¹ബ്നു ഉഥ്മാനിൽ നിന്ന് നീ ഹദീഥുകൾ എഴുതി വെച്ചിട്ടുണ്ടോ ?

     “അതെ. ഉണ്ട്.”

     “അയാൾ അലിയ്യ് (رضي الله عنه) വിനെ ദേഷ്യം പിടിപ്പിച്ചവനാണ്. അത് കൊണ്ട് അല്ലാഹുവും അവനോട് കോപിച്ചിട്ടുണ്ട്.”

(ഈ സ്വപ്നക്കഥ ഖത്വീബ് ബഗ്ദാദി തന്റെ ‘താരീഖ് ബഗ്ദാദി’ലും ഉദ്ധരിച്ചിട്ടുണ്ട്.)

                      ★    ★    ★

    “നിഷേധങ്ങൾ, മറുപടികൾ” 

 
  
  

      ചില ഇസ്ലാമിക യുക്തിവാദികളും തത്വചിന്തകരും പുത്തൻവാദികളും ക്വബ്ർ ശിക്ഷയെ നിരാകരിക്കുന്നുണ്ട്. ക്വബ്ർ തുറന്നു നോക്കിയാൽ ശിക്ഷയുടെ മലക്കുകളെയോ സർപ്പങ്ങളെയോ അഗ്നിയോ യാതൊന്നും കാണുന്നില്ല എന്നാണവർ വാദിക്കുന്നത്. മാത്രമല്ല, മൂട് കല്ല് വെച്ച് കഴിഞ്ഞാൽ എങ്ങനെയാണ് എഴുന്നേറ്റ് ഇരിക്കുക. മാത്രമല്ല, കബ്ർ ഇടുക്കമോ വിശാലതയോ ഒന്നും തുറന്നു നോക്കിയാൽ കാണുന്നില്ല. അത് കൊണ്ട് ക്വബ്ർ ശിക്ഷ എന്നത് റൂഹിനെ മാത്രം ബാധിക്കുന്ന സങ്കൽപ്പമാണ്, യഥാർത്ഥമല്ല എന്നും അവർ വാദിക്കുന്നു.

   ഈ നിഷേധവാദങ്ങൾ ഉദ്ധരിച്ച ശേഷം ഇമാം ക്വുർത്വുബി (رحمه الله) അതിന് മറുപടി പറയുന്നു:

    നാം അല്ലാഹു തആല പറഞ്ഞു തന്നതു പോലെ, അവന്റെ തിരുദൂതർﷺ പഠിപ്പിച്ചതു പോലെ വിശ്വസിക്കുന്നു. അല്ലാഹു തആല അവൻ ഉദ്ദേശിച്ച രൂപത്തിൽ ശിക്ഷയും സുഖങ്ങളും ക്വബ്റിൽ നൽകുന്നു. പക്ഷേ നമ്മുടെ കണ്ണുകൾക്ക് അവ അപ്രാപ്യമാക്കിയിരിക്കുന്നു. ഇതൊന്നും ഒരിക്കലും അസംഭവ്യമല്ല.

”إنما أمره إذا أراد شيئا أن يقول له كن فيكون“
.
  “അല്ലാഹുവിന്റെ കാര്യമെന്തെന്നാൽ, അവൻ ഒരു വസ്തു ഉദ്ദേശിച്ചാൽ ‘കുൻ’ (നീ ഉണ്ടാക്) എന്നു പറഞ്ഞാൽ മാത്രം മതി. അപ്പോൾ അത് ഉണ്ടാകും.”

      മാത്രമല്ല, മയ്യിത്ത് നമ്മുടെ മുമ്പിൽ കിടത്തിയ അവസ്ഥയിൽ പോലും മലക്കുകൾ അവന്റെ അടുത്ത് വന്ന് ചോദ്യം ചെയ്യലും, സമീപത്ത് നിൽക്കുന്ന നാം അത് അറിയാതിരിക്കലും സംഭവ്യമാണ്. ഉദാഹരണത്തിന് നമ്മോടൊപ്പം കിടക്കുന്ന രണ്ട് പേർ ഉറങ്ങുകയാണെന്ന് സങ്കൽപ്പിക്കുക. ഒരാൾ മധുര സ്വപ്നത്തിലാകും. സമീപസ്ഥനാകട്ടെ പേടി സ്വപ്നത്തിലും. ചുറ്റുഭാഗവും ഉണർന്നു കിടക്കുന്ന നാമാരും അതറിയുന്നുമില്ല. അവർ ഉണർന്ന ശേഷം കഥ പറയുമ്പോൾ മാത്രമാണ് നാമത് അറിയുന്നത്.

      ചില ജ്ഞാനികൾ പറയുന്നു:

    “ക്വബ്റിൽ മലക്കുകൾ വരുന്നത് പല രൂപത്തിലാകാം. മലക്കുകൾ ക്വബ്റിൽ പ്രവേശിക്കാതെ ക്വബ്റിലുള്ളയാൾക്ക് മുമ്പിൽ  കണ്ണാടിയിൽ കാണുന്നത് പോലെ പ്രത്യക്ഷമാകാം. അല്ലെങ്കിൽ ഭൂമിക്കടിയിലൂടെ മലക്കുകൾക്ക് മാത്രം പോകാൻ കഴിയുന്ന മാർഗ്ഗങ്ങളുണ്ടാകാം. ചുരുക്കത്തിൽ, മണ്ണറകളുടെയും മണ്ണറവാസികളുടേയും അവസ്ഥ, ഇഹലോകത്തെ അവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. പരലോകത്തേത് അതിലും മാറ്റമുള്ളതാണ്. സത്യസന്ധമായ ഹദീഥുകൾ ഈ വിഷയത്തിൽ ഉള്ളത് കൊണ്ട് മാത്രമാണ് അൽപ്പമെങ്കിലും കാര്യങ്ങൾ നാം അറിഞ്ഞത്.”

      മണ്ണറയിൽ മൂടപ്പെടാത്ത മയ്യിത്തുകളുടെ അവസ്ഥ എന്താണ്.? കടലിൽ മുങ്ങി മത്സ്യങ്ങൾ കഷ്ണങ്ങൾ ഭക്ഷിക്കപ്പെട്ടവൻ, കത്തിച്ചാമ്പലായവൻ, പക്ഷികളുടേയും വന്യ മൃഗങ്ങളുടെയും വയറ്റിലെത്തിയവൻ തുടങ്ങി ശരീരഭാഗങ്ങൾ പല ഭാഗങ്ങളിലേക്കും വിഘടിച്ചു പോയവരുടെ അവസ്ഥ എന്താണ്?. അവർക്ക് ചോദ്യവും ക്വബ്ർ ശിക്ഷയും ഇല്ലേ.... ?

പണ്ഡിതൻമാർ പറയുന്നു:

      “മറമാടപ്പെടാത്തവർക്ക് ഉണ്ടാകുന്ന ചോദ്യങ്ങളും, ശിക്ഷകളും, മറ്റും കാണുന്നതിൽ നിന്നും ഇഹലോകവാസികൾ മറയിടപ്പെട്ടതാകുന്നു. മലക്കുകളെ കാണാൻ സാധാരണ മനുഷ്യർക്ക് സാധ്യമല്ലല്ലോ. നന്മതിന്മകൾ എഴുതുന്നവരും മറ്റുമായി നമ്മുടെ കൂടെയുള്ള മലക്കുകളെ പോലും കാണാൻ സാധ്യമല്ല. എന്നാൽ അമ്പിയാമുർസലുകളെ പോലെയുള്ളവർക്ക് ചിലപ്പോൾ മലക്കുകളെ കാണാൻ സാധിക്കുമല്ലോ. ജിബ്റീൽ (عليه السلام) നെ നാം കാണാത്തത് കൊണ്ട് നിഷേധിക്കുകയാണെങ്കിൽ അമ്പിയാക്കളെ തന്നെ നിഷേധിക്കലാകും. എന്തിനധികം, നമ്മെ പോലെയുള്ള മറ്റൊരു വിഭാഗം മുകല്ലഫുകളായ ജിന്നുകളെ പോലും കാണാൻ നമുക്ക് സാധ്യമല്ല. അല്ലാഹു തആല പറയുന്നു :
” إنه يراكم هو و قبيله من حيث لا ترونهم
.
     “...നിശ്ചയം, അവനും അവന്റെ വർഗ്ഗക്കാരും നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് അവരെ കാണാൻ പറ്റാത്ത അവസ്ഥയിലും...”

        അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു :

        “നന്മകൾ തീരെ ചെയ്യാത്ത ഒരാൾ തന്റെ കുടുംബത്തോട് (വസ്വിയ്യത് ആയി) ‘അവൻ മരണപ്പെട്ടാൽ അവർ അവനെ കത്തിച്ചു കളയണ’മെന്നും ‘പിന്നെ പൊടിയാക്കി, പകുതി (ഭസ്മം) കടലിലും പകുതി കരയിലും വിതറണ’മെന്നും നിർദ്ദേശിച്ചു.

      ‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്ന് തന്നെ കിട്ടിയാൽ ലോകത്ത് ആരെയും ശിക്ഷിക്കാത്ത അത്രയും കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും’. (എന്നും അവൻ പറഞ്ഞു.)

      അയാൾ മരണപ്പെട്ടപ്പോൾ നിർദ്ദേശപ്രകാരം അവർ ചെയ്തു. അപ്പോൾ അല്ലാഹു തആല കരയോട് ആജ്ഞാപിച്ചു. അത് അവിടെയുള്ളതെല്ലാം കൂട്ടിച്ചേർത്തു. സമുദ്രത്തോട് ആജ്ഞാപിച്ചു. അത് കടലിലുള്ളതും ഒരുമിച്ചുകൂട്ടി. പിന്നെ അല്ലാഹു അവനോട് ചോദിച്ചു.

     “നീയെന്തിനാണ് ഇങ്ങനെ ചെയ്തത് ?” അവൻ പറഞ്ഞു.

     “റബ്ബേ, നിനക്കറിയാമല്ലോ, നിന്നെ ഭയന്നത് കൊണ്ട് മാത്രമാണ്.”

    അങ്ങനെ അല്ലാഹു തആല അയാൾക്ക് പൊറുത്തു നൽകി.”

(ബുഖാരി, മുസ് ലിം)

                      ★    ★    ★

      “നമുക്ക് മനസ്സിലാകാത്ത രൂപത്തിൽ മയ്യിത്തിന് ജീവൻ മടങ്ങി വരാം. ബോധരഹിതനായ മനുഷ്യനെ, മരിച്ചു എന്ന് ചിലപ്പോൾ നാം വിചാരിച്ചേക്കും. അതു അനങ്ങാൻ കഴിയാത്തവൻ (കോമാ അവസ്ഥയിലുള്ളവൻ) മരിച്ചു എന്ന് കരുതപ്പെടാം. കഷ്ണങ്ങളായി ശരീരം ചിതറപ്പെട്ട ഒരാളുടെ ഓരോ അംശത്തിനും ജീവൻ മടക്കി നൽകാൻ കഴിവുള്ളവനാണ് അല്ലാഹു തആല.”

(ഇമാം ക്വുർത്വുബി സ്വന്തം വീക്ഷണം അവതരിപ്പിക്കുന്നു.)

     “താൻ മരണപ്പെട്ടാൽ ശരീരം കത്തിച്ച് ചാമ്പലാക്കി, ഭസ്മം കാറ്റിലും കടലിലും വിതറാൻ നിർദ്ദേശിച്ചവന്റെ കാര്യത്തിൽ വന്ന ഹദീഥിൽ ഉള്ളത് പോലെ അവന്റെ റൂഹിനെ അല്ലാഹു തആല മടക്കുന്നതാണ്. അത് പോലെ നാല് പക്ഷികളെ കൊന്ന് ശരീരഭാഗങ്ങൾ വ്യത്യസ്ഥ പർവ്വതങ്ങളിൽ കൊണ്ട് പോയി ഇട്ട ശേഷം ജീവിപ്പിച്ച, ഇബ്റാഹീം നബി (عليه السلام) ന്റെ ചരിത്രം ക്വുർആൻ ഉദ്ധരിച്ചിട്ടുണ്ടല്ലോ.”

     അബുൽ മആലീ (رحمه الله) പറഞ്ഞു.
     ഹൃദയത്തിന്റെ ഭാഗങ്ങൾക്ക് മാത്രമോ, അല്ലാഹു ഉദ്ദേശിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങൾക്ക് കൂടിയോ അല്ലാഹു തആല ജീവൻ മടക്കി നൽകിയാണ് ചോദ്യവും മറ്റും ഉണ്ടാവുക.

       ചില പണ്ഡിതൻമാർ പറയുന്നു.
      “ആദമിൽ നിന്ന് മുഴുവൻ മനുഷ്യാത്മാക്കളെയും ‘ആലമുൽ അർവാഹി’ൽ ഒരുമിച്ചു കൂട്ടിയ അല്ലാഹു തആല ക്ക് ഇതെല്ലാം നിസ്സാരമല്ലേ.?”

        ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം.  അദ്ദേഹം പറഞ്ഞു : ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) പറയുന്നതായി ഞാൻ കേട്ടു.
      “ ഓ ജനങ്ങളേ, നിശ്ചയമായും കല്ലേറ്ശിക്ഷ² സത്യമാകുന്നു. നിങ്ങൾ അതിൽ (നിഷേധിച്ച്) വഞ്ചിതരാകരുത്. നിശ്ചയം, അതിന്റെ ദൃഷ്ടാന്തമാണ് നബിﷺ തങ്ങൾ എറിഞ്ഞത് ; അബൂബക്ർ (رضي الله عنه) എറിഞ്ഞത് ; ശേഷം നാം എറിയുന്നതും. ഇനി ഈ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ കല്ലേറ് ശിക്ഷയെ കളവാക്കും. ദജ്ജാലിനെ കളവാക്കും. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്ന കാര്യത്തെ കളവാക്കും. ക്വബ്ർ ശിക്ഷയെ കളവാക്കും. ശിപാർശയെ കളവാക്കും. നരകത്തിൽ തൊലി പൊള്ളിക്കപ്പെട്ട ശേഷം അവിടെ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന വിഭാഗത്തെ കളവാക്കും.”

(അഹ് മദ്, അബൂ അംറ്)

    

                      ★    ★    ★

      നമ്മുടെ പണ്ഡിതൻമാർ പറയുന്നു: ഇങ്ങനെ നിഷേധിച്ചവർ ഖവാരിജുകളും ക്വദ്റിയാക്കളും അവരുടെ മാർഗ്ഗം പിന്തുടർന്ന ‘മുഅ്തസിലത്’ പോലെയുള്ള മറ്റു കക്ഷികളുമാകുന്നു.
     ചില മുഅ്തസിലിയാക്കൾ ‘ക്വബ്ർ ശിക്ഷ കാഫിരീങ്ങൾക്കും തെമ്മാടികൾക്കും ഉണ്ടാകുമെങ്കിലും സത്യവിശ്വാസികൾക്ക് ഉണ്ടാകില്ല’ എന്ന് വാദിക്കുന്നു. മാത്രമല്ല, മുൻകർ, നകീർ എന്നീ പേരുകൾ അവരിൽ ഭൂരിപക്ഷവും നിഷേധിക്കുന്നു. അവരിൽ ചിലർ വാദിക്കുന്നത്, ‘ക്വബ്ർ ശിക്ഷ ഉണ്ടാകുന്നത്, റൂഹിനെ ശരീരത്തിലേക്ക് മടക്കാതെയാണ്. റൂഹ് കൂടാതെ തന്നെ ശരീരത്തിന് വേദന അനുഭവപ്പെടാം.’
    മറ്റു ചില മുഅ്തസിലിയാക്കൾ പറയുന്നു. “മരണപ്പെട്ടവരുടെ ശിക്ഷ ലഹരിയിലകപ്പെട്ടവന്റെയോ, ബോധരഹിതനായവന്റെയോ പോലെയാകുന്നു. അവർക്ക് ആ അവസ്ഥയിൽ വേദനിക്കില്ല. എന്നാൽ ബോധം തെളിഞ്ഞാൽ, ബുദ്ധി തിരിച്ചു കിട്ടിയാൽ വേദനിക്കുന്നതാണ്.”
    എന്നാൽ മുഅ്തസിലിയാക്കളിൽ പെട്ട മറ്റു ചിലർ ക്വബ്ർ ശിക്ഷയെ പൂർണ്ണമായും നിരാകരിക്കുന്നു. “ഒരാൾ മരണപ്പെട്ടാൽ മഹ്ശറിൽ പുനർജ്ജനിക്കപ്പെടും വരെ അവൻ യാതൊന്നും അറിയാത്ത മയ്യിത്ത് മാത്രമാണ് ” എന്നാണവർ വാദിക്കുന്നത്.
   
   ഇതെല്ലാം തികച്ചും തെറ്റായ ചില വാദങ്ങൾ മാത്രമാണ്. സ്ഥിരപ്പെട്ട ഹദീഥുകൾക്ക് വിരുദ്ധമാണ്. വിശുദ്ധ ക്വുർആൻ തന്നെ പറയുന്നു.
”النار يعرضون عليها غدوا و عشيا“
.
    “പ്രഭാതത്തിലും പ്രദോഷത്തിലും അവർക്ക് മുമ്പിൽ നരകം പ്രദർശിപ്പിക്കപ്പെടും..”
(ഗാഫിർ - 46)

     ഫിർഅൗനിന്റെയും കൂട്ടരുടേയും കാര്യത്തിൽ അവതരിച്ചതാണിത്. വിചാരണദിവസം വരെ അവർക്ക് കാണിക്കപ്പെടുമെന്നാണ് ഇവിടെ വ്യക്തമാക്കുന്നത്.

                      ★    ★    ★

____________________________________

 ¹ ഇയാൾ ശിയാ വിശ്വാസിയായിരുന്നു. ശിയാക്കളുടെ പതിവ് അലി (رضي الله عنه) അല്ലാത്ത എല്ലാ ഖലീഫമാരെയും ആക്ഷേപിക്കുക എന്നതാണല്ലോ. അത് അലി (رضي الله عنه) വിന് പോലും കഠിനമായ വെറുപ്പ് ഉണ്ടാക്കുന്നു, എന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.

² വ്യഭിചാരക്കുറ്റം സമ്മതിച്ച, വിവാഹിതരായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ.

                      ★    ★    ★

                   
 

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

 

 
 

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

 
  

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...