“ക്വബ്ർശിക്ഷയും മൃഗങ്ങളും”
സൈദ് ബ്നു ഥാബിത് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു:
“നബിﷺ തങ്ങൾ ബനൂ നജ്ജാർ ഗോത്രക്കാരുടെ സ്ഥലത്തു കൂടെ തന്റെ കോവർകഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ഞങ്ങളും അവിടുത്തോടൊപ്പം ഉണ്ടായിരുന്നു. അപ്പോൾ ആ മൃഗം, നബിﷺ തങ്ങളെ നിലത്തിടുമോ എന്ന് തോന്നിപ്പിക്കും വിധം വിറളി പിടിക്കാൻ തുടങ്ങി. അപ്പോൾ അവിടെ, (നിവേദകൻമാരിൽപെട്ട ജുറൈരി പറയുന്നതനുസരിച്ച് ആറ്, അല്ലെങ്കിൽ അഞ്ച്, അല്ലെങ്കിൽ നാല്) ക്വബ്റുകളുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു :
“ഈ ക്വബ്റുകൾ ആരുടേതാണെന്ന് ആർക്കെങ്കിലും അറിയുമോ?”
അപ്പോൾ ഒരാൾ പറഞ്ഞു :
“എനിക്കറിയാം.”
“എന്നാൽ ഇവർ എന്നാണ് മരണപ്പെട്ടത് ?”
“അവർ ശിർക്ക് (കാലഘട്ടത്തിൽ) ആണ് മരണപ്പെട്ടത്.”
“നിശ്ചയം, ഈ സമുദായം ക്വബ്റിൽ വെച്ച് പരീക്ഷിക്കപ്പെടും. നിങ്ങൾ മറവ് ചെയ്യാതിരിക്കും എന്ന് (ഭയന്നിട്ട്)ഇല്ലെങ്കിൽ, ഞാൻ കേൾക്കുന്ന ക്വബ്ർശിക്ഷയെ നിങ്ങളെയും കേൾപ്പിക്കാനായി അല്ലാഹുവിനോട് തേടാമായിരുന്നു.”¹
പിന്നെ, അവിടുന്ന് ഞങ്ങളുടെ നേർക്ക് (പിറകിലേക്ക്) തിരിഞ്ഞു. എന്നിട്ട് പറഞ്ഞു :
“നരകശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”
അവർ പറഞ്ഞു :
“നരകശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”
“ക്വബ്ർശിക്ഷയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”
“ക്വബ്ർശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”
“വെളിവായതും മറഞ്ഞതുമായ ഫിത്നഃകളിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”
“വെളിവായതും മറഞ്ഞതുമായ ഫിത്നഃകളിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”
“ദജ്ജാലിന്റെ ഫിത്നഃയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുവീൻ..”
“ദജ്ജാലിന്റെ ഫിത്നഃയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”
(സ്വഹീഹ് മുസ് ലിം)
★ ★ ★
ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു :
“മദീനഃയിലെ ജൂതവിഭാഗത്തിൽ പെട്ട രണ്ട് വൃദ്ധകൾ എന്റെ അടുക്കൽ വന്നു. ‘നിശ്ചയം, മണ്ണറവാസികൾ അവരുടെ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടു’മെന്ന് അവർ പറഞ്ഞു.”
“ഞാൻ അവരെ അവിശ്വസിച്ചു. അവരെ വാസ്തവമാക്കാൻ തക്ക കാരണമൊന്നും എനിക്കില്ലായിരുന്നു. അങ്ങനെ അവർ പോയി. പിന്നെ, നബിﷺ തങ്ങൾ വന്നു. അപ്പോൾ ഞാൻ ചോദിച്ചു :
“അല്ലാഹുവിന്റെ തിരുദൂതരേ, മദീനഃയിലെ രണ്ട് ജൂതവൃദ്ധകൾ എന്റെ അടുക്കൽ വന്നിരുന്നു. അപ്പോൾ, ‘മണ്ണറവാസികൾ അവരുടെ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടു’മെന്ന് അവർ വാദിച്ചു.”
അപ്പോൾ അവിടുന്ന് പറഞ്ഞു :
“അവരിരുവരും പറഞ്ഞത് ശരിയാണ്. നിശ്ചയം, അവർ ശിക്ഷിക്കപ്പെടുന്നു. അത് മൃഗങ്ങൾ കേൾക്കുന്നതുമാണ്.”
അവർ തുടരുന്നു :
“അതിനു ശേഷം, അവിടുന്ന് നിസ്കാരത്തിൽ ക്വബ്ർ ശിക്ഷയിൽ നിന്നും കാവൽ തേടാതിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല.”
(ഇമാം ബുഖാരി ഉദ്ധരിച്ച വചനങ്ങളിൽ ‘എല്ലാ മൃഗങ്ങളും അത് കേൾക്കും' എന്നാണ് ഉള്ളത്.)
(ബുഖാരി, മുസ് ലിം)
★ ★ ★
ഇപ്രകാരം ഹന്നാദ് ബ്നു സ്സിർറി (رحمه الله) തന്റെ ‘കിതാബുസ്സുഹ്ദി’ൽ (كتاب الزهد) രേഖപ്പെടുത്തിയ ഹദീഥ് ഇമാം ക്വുർത്വുബി ഉദ്ധരിക്കുന്നു.
ആഇശഃ (رضي الله عنها) യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു :
“എന്റെ അടുക്കൽ ഒരു ജൂതസ്ത്രീ വന്നു. അവൾ ക്വബ്ർ ശിക്ഷയെ സംബന്ധിച്ച് സംസാരിച്ചു. ഞാൻ അവൾ കളവ് പറയുകയാണെന്ന് കരുതി. പിന്നെ, നബിﷺ തങ്ങൾ കടന്നു വന്നു. അപ്പോൾ ഞാൻ അതിനെ കുറിച്ച് അവിടുത്തോട് സംസാരിച്ചു. അപ്പോൾ പ്രവാചകർﷺ പറഞ്ഞു:
“എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം, നിശ്ചയം അവർ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടും. എത്രത്തോളമെന്നാൽ, മൃഗങ്ങൾ അവരുടെ ശബ്ദം കേൾക്കും !”
★ ★ ★
ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.
“യാതൊരു ശിക്ഷയുമില്ലാത്ത സാധാരണ ക്വബ്ർചോദ്യം പോലും ഭീകരമാണെന്നിരിക്കേ, ശിക്ഷയും അടിയും ഒക്കെയുള്ള ക്വബ്റിന്റെ അവസ്ഥ അതിഭയാനകം തന്നെ. അത് കൊണ്ട് നമുക്ക് അല്ലാഹുവിനോട് അതിൽ നിന്ന് അവന്റെ മാപ്പ് ചെയ്യൽ, പൊറുക്കൽ, വിട്ടുവീഴ്ച്ച, എന്നിവ തേടാം. അവന്റെ കാരുണ്യം, അനുഗ്രഹം, ഔദാര്യം തുടങ്ങിയവയാൽ നമുക്ക് രക്ഷ നൽകട്ടെ..”
അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്.
“പ്രമുഖ ഫക്വീഹും അറിയപ്പെട്ട പണ്ഡിതനും സച്ചരിതനുമായ അബുൽ ഹകം ഇബ്നു ബുർജാൻ എന്നോട് പറഞ്ഞതാണ് ഇക്കാര്യം. കിഴക്കൻ ഇശ്ബീലിയഃ (East Seville) യിലുള്ള അവരുടെ ഗ്രാമത്തിൽ ഒരു മയ്യിത്ത് മറവ് ചെയ്തു. അത് കഴിഞ്ഞ ശേഷം, അവർ സമീപ സ്ഥലത്ത് കൂട്ടം കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. അടുത്തായി ഒരു മൃഗം മേയുന്നുണ്ട്. അപ്പോൾ അത് ആ ക്വബ്റിന്നു നേരെ ഓടി വന്നു. എന്നിട്ട് എന്തോ കേൾക്കാനെന്നവണ്ണം ക്വബ്റിൻമേൽ ചെവി ചേർത്തു വെച്ചു. പിന്നെ ആ മൃഗം ഭയന്ന പോലെ പിന്നാക്കം ഓടി. ഇപ്രകാരം പലവട്ടം ആവർത്തിച്ചു.”
അബുൽ ഹകം (رحمه الله) പറയുന്നു: “ആ കാഴ്ച കണ്ടപ്പോൾ നബിﷺ തങ്ങളുടെ ക്വബ്ർശിക്ഷയെ കുറിച്ചുള്ള വാക്കുകൾ ഞാൻ ഓർത്തു പോയി.
“നിശ്ചയം അവർ ക്വബ്റുകളിൽ വെച്ച് ശിക്ഷിക്കപ്പെടും. അത് മൃഗങ്ങൾക്ക് കേൾക്കാം.”
★ ★ ★
_____________________________________
¹ ചില ജ്ഞാനികൾ പറയുന്നു : ക്വബ്റിലെ ശിക്ഷയുടെ തീക്ഷ്ണത നമുക്ക് അനുഭവവേദ്യം ആയിരുന്നെങ്കിൽ അങ്ങോട്ട് അടുക്കാൻ പോലും കഴിയില്ല. അത് താങ്ങാനാവാതെ മരണപ്പെട്ടു പോകും. അതിന്റെ ചെറിയ ശബ്ദം പോലും നമുക്ക് അസഹനീയം ആയിരിക്കും. ഇടിനാദം പോലും തൊട്ടടുത്തു നിന്ന് കേൾക്കാനാകാത്ത നമുക്കത് താങ്ങാൻ കഴിയില്ല. സകല മനുഷ്യ-ജിന്നുകളും ചേർന്നാലും അനക്കാൻ പോലുമാകാത്ത, കൂറ്റൻ ഇരുമ്പ് തൂൺ (ദണ്ഡ്) കൊണ്ടുള്ള മലക്കുകളുടെ അടി ! അതാണ് മറ്റൊരു ഹദീഥിൽ പറയുന്നത്, “വല്ല മനുഷ്യനും അത് കേട്ടാൽ അവൻ വാവിട്ട്, മരിച്ചു വീഴുമായിരുന്നു.” അപ്പോഴാരും മയ്യിത്ത് മറവ് ചെയ്യാൻ ധൈര്യപ്പെടില്ലല്ലോ.
معاذ الله !
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment