“ക്വബ്ർ കുഴിക്കൽ.”
സഅദ് ബ്നു അബീ വക്വാസ് (رضي الله عنه) നെ കുറിച്ച് ഉദ്ധരിക്കപ്പെട്ടു. അദ്ദേഹം മരണപ്പെട്ട രോഗശയ്യയിൽ പറഞ്ഞു :
“എനിക്കു വേണ്ടി നിങ്ങൾ ‘ലഹ്ദ് ’¹ (തുരന്നുണ്ടാക്കുന്ന ക്വബ്ർകുഴി) തയ്യാറാക്കുവീൻ, നബിﷺ തങ്ങൾക്കു വേണ്ടി ചെയ്തതു പോലെ എനിക്ക് വേണ്ടിയും നിങ്ങൾ ചതുരക്കല്ലുകൾ നാട്ടി വെക്കുവീൻ.”
(ബുഖാരി)
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:
“ലഹ്ദ് ’ നമുക്ക് വേണ്ടിയും ‘ശിക്ക്വ് ’ മറ്റുള്ളവർക്ക് വേണ്ടിയുമാണ്.”
(അബൂ ദാവൂദ്, ഇബ്നു മാജഃ, തിർമുദി)
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു.
“നബിﷺ തങ്ങൾക്കു വേണ്ടി ക്വബ്ർ നിർമ്മിക്കാനായി മക്കക്കാരെ പോലെ ക്വബ്ർ നിർമ്മിക്കുന്ന അബൂഉബൈദഃ (رضي الله عنه) വിനെയും മദീനഃ ക്കാരെ പോലെ ലഹ്ദ് നിർമ്മിക്കുന്ന അബൂത്വൽഹ (رضي الله عنه) വിനെയും കൂട്ടിക്കൊണ്ടു വരാൻ ആളുകളെ അയച്ചു. അല്ലാഹുവാണേ, അബൂത്വൽഹയെ മാത്രമേ കിട്ടിയുള്ളൂ. അബൂഉബൈദഃയെ കണ്ടതേയില്ല. അങ്ങനെ നബിﷺ തങ്ങൾക്ക് വേണ്ടി അദ്ദേഹം ലഹ്ദ് നിർമ്മിച്ചു.”
(ഇബ്നു മാജഃ)
★ ★ ★
“ക്വബ്റിലേക്കെടുക്കുന്നു..”
അംറ് ബ്നു മുർറഃ (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു :
“മയ്യിത്ത് ലഹ്ദിലേക്ക് എടുക്കുമ്പോൾ,. . ”اللهم أعذه من الشيطان الرجيم.“
(അല്ലാഹുവേ, ഇവന്ന് നീ പിശാചിൽ നിന്ന് കാവൽ നൽകേണമേ) എന്ന് പറയൽ അവർക്ക് (മദീനക്കാർക്ക്) പ്രിയപ്പെട്ട ചര്യയായിരുന്നു.
സുഫ് യാൻ അഥ്ഥൗറി (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു :
“മയ്യിത്തിനോട് (ക്വബ്റിൽ വെച്ച്) ‘നിന്റെ റബ്ബ് ആര്? ’ എന്ന് ചോദിക്കപ്പെടുമ്പോൾ പിശാച് അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടും. അങ്ങനെ അവൻ ‘ഞാനാണ് നിന്റെ റബ്ബ് ’ എന്ന് സ്വയം ചൂണ്ടിക്കാണിക്കും.”
(ഹകീം തിർമുദി ‘നവാദിറുൽ ഉസ്വൂലി’ൽ ഉദ്ധരിച്ചത്)
★ ★ ★
അത് പോലെ, അബ്ദുല്ലാഹ് ബ്നു ഉമർ (رضي الله عنه) മയ്യിത്ത് മറവ് ചെയ്ത്, മണ്ണിട്ട് മൂടുമ്പോൾ ‘മയ്യിത്തിന് വേണ്ടി പിശാചിൽ നിന്നും ക്വബ്ർ ശിക്ഷയിൽ നിന്നും കാവൽ തേടി’യതായി തിർമുദിയും, ഇബ്നുമാജഃ യും ഉദ്ധരിക്കുന്നുണ്ട്. ഈ ചെയ്തത്, താങ്കളുടെ സ്വന്തം അഭിപ്രായം അനുസരിച്ചാണോ, അതോ നബിﷺ തങ്ങൾ ചെയ്തത് അനുസരിച്ചാണോ, എന്ന് ചോദിച്ചവരോട് അദ്ദേഹം മറുപടി പറഞ്ഞു:
“എന്റെ അഭിപ്രായമനുസരിച്ച് തന്നെ അങ്ങനെ ചെയ്യാം. പക്ഷേ ഇപ്പോൾ ഞാൻ പറഞ്ഞത് നബിﷺ തങ്ങളിൽ നിന്ന് കേട്ടതാണ്.”
‘മണ്ണറയിൽ പിശാച് വരുന്നത് ഗൗരവമുള്ള ഫിത്നഃ തന്നെയാണ്,' എന്ന് അബൂ അബ്ദുല്ലാഹ് (തിർമുദി) അഭിപ്രായപ്പെടുന്നു. അതു കൊണ്ടു തന്നെയാണ് നബിﷺ തങ്ങൾ, മറവ് ചെയ്ത ശേഷം അവന്ന് സ്ഥൈര്യം (تثبيت) ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ചത്. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. ” اللهم ثبّت عِند أحدهما منطقه ، وافْتَح أبوَاب السَّماءِ لِرُوحهِ .“
(അല്ലാഹുവേ, അവരുടെ (മുൻകർ, നകീർ) മുമ്പിൽ ഇവന്റെ സംസാരത്തിന് സ്ഥൈര്യം നൽകേണമേ, ഇവന്റെ ആത്മാവിന് വേണ്ടി വാനകവാടങ്ങൾ തുറന്ന് നൽകേണമേ.)
★ ★ ★
ക്വബ്റിൽ പിശാചിന്റെ ശല്യം ഇല്ലായിരുന്നുവെങ്കിൽ നബിﷺ തങ്ങൾ അങ്ങനെ പ്രാർത്ഥിക്കുമായിരുന്നില്ല എന്ന് സുഫ് യാനുഥ്ഥൗരി (رضي الله عنه) നെ ഉദ്ധരിച്ചു കൊണ്ട് ഇമാം തങ്ങൾ സമർത്ഥിക്കുന്നു.
(റബ്ബേ, മരണസമയത്തും ക്വബ്റിലുമെല്ലാം ഉള്ള ഫിത്നഃകളിൽ നിന്നും പിശാചിൽ നിന്നും നീ ഞങ്ങൾക്ക് അഭയം നൽകേണമേ..!)
★ ★ ★
____________________________________
¹ ക്വബ്ർ കുഴി രണ്ട് തരത്തിലുണ്ട്.
ഒന്ന്, വലിയൊരു കുഴി കുഴിച്ച്, അതിന്റെ തറയിൽ ചെറിയ കിടങ്ങ് പോലെ ക്വബ്ർ നിർമ്മിക്കുക. ശിക്ക്വ് (الشق) എന്ന പേരുള്ള ഈ രീതി ഉതിർന്ന് വീഴുന്ന മണ്ണുള്ള നാടുകളിൽ നടപ്പുള്ളതാണ്. നമ്മുടെ നാട്ടിലും മക്കയിലുമെല്ലാം ഇതനുവർത്തിച്ചു വരുന്നു.
രണ്ട്, മദീനഃയിലും ഉറച്ച മണ്ണുള്ള നാടുകളിലും അനുവർത്തിക്കുന്ന ‘ലഹ്ദ്' (اللحد) രീതി. വലിയൊരു കുഴിയുടെ ഒരു വശത്ത് മണ്ണ് തുരന്ന് ക്വബ്ർ നിർമ്മിക്കുന്ന രീതിയാണിത്. ഒരേ കുഴിയിൽ തന്നെ ചുവരലമാര പോലെ തട്ടുകളായി ഒന്നിലധികം ക്വബ്റുകൾ നിർമ്മിക്കാൻ ഈ രീതിയിൽ കഴിയും. തുറന്ന വശത്ത് ചതുരക്കല്ലുകൾ (വെട്ടുകല്ലുകൾ) കുത്തനെ വെച്ചാണ് ക്വബ്ർ മൂടുക.
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment