“മുൻകറും നകീറും”
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് ഇസ്റാഅ്നെ കുറിച്ചുള്ള ഹദീഥ് ഉദ്ധരിക്കുന്നു. നിശ്ചയം, നബിﷺ തങ്ങൾ അരുളി :
“...അങ്ങനെ ഞാൻ ജിബ്റീൽ (عليه السلام) നോട് ചോദിച്ചു.
“അതെന്താണ്?”.
ജിബ്റീൽ (عليه السلام) പറഞ്ഞു :
“ക്വബ്റിൽ വെക്കപ്പെട്ട് തനിച്ചാകുമ്പോൾ ഓരോ മനുഷ്യന്റെ അടുക്കലേക്കും മുൻകറും നകീറും വരുന്നതാണ്.”
“ജിബ്റീൽ, അവരെ കുറിച്ച് ഒന്ന് വിവരിച്ച് തരൂ.”
“അതെ, അവരുടെ ഉയരവും വണ്ണവും പറയാതെ തന്നെ, അതിനേക്കാൾ ഗൗരവമുള്ള ചിലത് പറയാം. അവരുടെ ശബ്ദം ഞെട്ടിപ്പിക്കുന്ന ഇടിനാദം പോലെ ആയിരിക്കും. അവരുടെ കണ്ണുകൾ തീഷ്ണമായ മിന്നൽ പിണരുകൾ പോലെയാകും. കൊമ്പുകൾ പോലുള്ള ദൃംഷ്ടകൾ ! വായിൽ നിന്നും മൂക്ക്, ചെവികളിൽ നിന്നും തീജ്വാലകൾ വമിക്കുന്നുണ്ടാകും. അവരുടെ തലമുടി ഭൂമിയിലൂടെ വലിച്ചിഴക്കുന്നുണ്ടാകും. നഖങ്ങളാൽ ഭൂമി തുരക്കുന്നുണ്ടാകും.
ഓരോരുത്തരുടേയും കയ്യിൽ ഓരോ ഇരുമ്പ് തൂണുകളുണ്ടാകും. ഭൂ നിവാസികളെല്ലാം ഒത്തൊരുമിച്ചാലും അതിലൊന്ന് അനക്കാൻ പോലും കഴിയില്ല. ഒരു മനുഷ്യൻ ക്വബ്റിൽ പ്രവേശിപ്പിക്കപ്പെട്ട്, എല്ലാവരും പിരിഞ്ഞ്, തനിച്ചായ ഉടൻ അവർ വരും. അല്ലാഹുവിന്റെ അനുമതി പ്രകാരം അവന്റെ ശരീരത്തിലേക്ക് ആത്മാവിനെ പ്രവേശിപ്പിക്കും.
പിന്നെ, അവർ അവനെ ക്വബ്റിൽ എഴുന്നേറ്റ് ഇരുത്തും. എന്നിട്ട് അവർ ഭയപ്പെടുത്തി കൊണ്ട് അട്ടഹസിക്കും. അപ്പോൾ അവന്റെ അസ്ഥികൾ പോലും വിറ കൊള്ളും. അവയവങ്ങൾ സന്ധികളിൽ നിന്ന് വേർപെടും. അങ്ങനെ അവൻ ബോധരഹിതനാകും.
അവർ വീണ്ടും അവനെ എഴുന്നേൽപ്പിക്കും. എന്നിട്ട് പറയും:
“നീ ഇപ്പോൾ ബർസഖിൽ (برزخ) ആണ്. അത് കൊണ്ട് നിന്റെ അവസ്ഥയിൽ ബോധവാനാവുക; നിന്റെ സ്ഥാനം അറിയുക.”
പിന്നെയും അവർ അട്ടഹസിക്കും. എന്നിട്ട് പറയും.
“എടോ, ഇഹലോകം നീങ്ങിയിരിക്കുന്നു. നീ നിന്റെ മടക്കസ്ഥലത്ത് എത്തിയിരിക്കുന്നു. അത് കൊണ്ട് നീ പറയുക. നിന്റെ റബ്ബ് ആര് ? നിന്റെ ദീൻ ഏത് ? നിന്റെ നബി ആര് ?”
അവൻ യഥാർത്ഥ സത്യവിശ്വാസി ആണെങ്കിൽ അല്ലാഹു തആല അവന്റെ ഉത്തരങ്ങൾ അവന്ന് അറിയിച്ചു കൊടുക്കും. അങ്ങനെ അവൻ പറയും.
“എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ നബി മുഹമ്മദ് ﷺ ആണ്. എന്റെ ദീൻ ഇസ് ലാം ആണ്. ”
അപ്പോഴും അവർ അട്ടഹസിക്കും. ആ അട്ടഹാസത്താൽ അവന്റെ രൂപം മാറി, ഞരമ്പുകൾ വേർ പെട്ടതായി കാണപ്പെടും. അവർ അവനോട് പറയും.
“എടോ, നീ എന്താണ് പറയുന്നതെന്ന് ചിന്തിക്ക്.!”
അപ്പോൾ, ഐഹിക ജീവിതത്തിലെയും പരലോകത്തെയും സ്ഥിരവചനം (لا اله الا الله) കൊണ്ട് അല്ലാഹു തആല അവനെ സ്ഥൈര്യപ്പെടുത്തും. അവന്ന് നിർഭയത്വം നൽകും; ഭയം നീക്കിക്കളയും. പിന്നെ അവൻ അവരെ ഭയക്കില്ല. അല്ലാഹു തന്റെ സത്യവിശ്വാസിയായ അടിമയിൽ ഇപ്രകാരം ചെയ്താൽ പിന്നെ അവൻ ഭയരഹിതനായി അവരോട് എതിരിടും. അവരോട് സംവാദം നടത്തും. അവൻ പറയും.
“എന്റെ റബ്ബിന്റെ കാര്യത്തിൽ സംശയിപ്പിക്കാൻ നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തുന്നുവോ? ഞാൻ അവനെയല്ലാതെ മറ്റൊരാളെ സഹായിയാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ഞാനാകട്ടെ, അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് സാക്ഷ്യം വഹിക്കുന്നു. അവനാണ് എന്റെയും നിങ്ങളുടെയും സകലതിന്റെയും റബ്ബ്. എന്റെ പ്രവാചകർ മുഹമ്മദ് ﷺ യും ദീൻ ഇസ് ലാമും ആണ്.”
അവർ പിന്നെയും ഭയപ്പെടുത്തി അട്ടഹസിക്കും. എന്നിട്ട് ചോദ്യം ആവർത്തിക്കും. അപ്പോൾ അവൻ പറയും.
“ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവാണ് എന്റെ റബ്ബ്. അവനെ മാത്രമാണ് ഞാൻ ആരാധിച്ചിരുന്നത്. അവന്ന് ഞാൻ യാതൊന്നിനെയും പങ്ക് ചേർത്തിട്ടില്ല. അവനെയല്ലാതെ മറ്റൊന്നിനെയും ഞാൻ റബ്ബ് ആക്കിയിട്ടില്ല. നിങ്ങൾ, എന്റെ റബ്ബിനെ ഞാൻ അറിഞ്ഞതിൽ നിന്ന്, ആരാധിച്ചതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ കരുതുകയാണോ ? അതെ, അവൻ മാത്രമല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹു തന്നെയാണ് അത്.”
ഇപ്രകാരം അവൻ മൂന്ന് തവണ അവർക്കുത്തരമായി പറയുമ്പോൾ അവർ അവനോട് വിനയാന്വിതരാകും. എത്രത്തോളം, അവന്ന് അവർ ഇണക്കമാകും. ഇഹലോകത്ത് അവന്റെ പ്രിയപ്പെട്ടവരോട് ഉള്ളത് പോലെ. അവർ അവനോട് ചിരിച്ചു കൊണ്ട് പറയും :
“നീ സത്യം പറഞ്ഞു. ഗുണവാനായി. അല്ലാഹു തആല നിന്റെ കണ്ണുകൾ കുളിർ കൊള്ളിക്കട്ടെ. സ്ഥൈര്യം നൽകട്ടെ. സ്വർഗ്ഗം കൊണ്ടും അല്ലാഹുവിന്റെ ആദരവ് കൊണ്ടും സന്തോഷം കൊള്ളുക !
പിന്നെ, അവന്റെ ക്വബ്റിനെ ഇപ്രകാരവും ഇപ്രകാരവും തട്ടുന്നതാണ്. അപ്പോൾ അവന്ന് വേണ്ടി നോക്കിയാലെത്തുന്ന ദൂരം ക്വബ്ർ വിശാലമാവുന്നതാണ്. പിന്നെ അവർ അവന്ന് വേണ്ടി സ്വർഗ്ഗത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കും. അപ്പോൾ സ്വർഗ്ഗത്തിൽ നിന്നുള്ള കാറ്റും സുഗന്ധവും അവിടേക്ക് പ്രവേശിക്കും. മാത്രമല്ല, അല്ലാഹുവിന്റെ ആദരവ് മനസ്സിലാകും വിധം സ്വർഗ്ഗീയ കാഴ്ചകളും ഉണ്ടാകും. ഇത് അവൻ കാണുമ്പോൾ അവൻ വിജയം ഉറപ്പിക്കുന്നതാണ്. അങ്ങനെ അവൻ അല്ലാഹുവിനെ സ്തുതിക്കും.
പിന്നെ, അവർ അവന്ന് സ്വർഗ്ഗീയ പട്ടുവിരിപ്പ് വിരിച്ചു കൊടുക്കുന്നതാണ്. അവന്റെ തലയുടെ ഭാഗത്തും കാൽ ഭാഗത്തും, പ്രകാശ വിളക്കുകൾ വെച്ച്, ക്വബ്ർ പ്രഭാപൂരിത മാക്കുന്നതാണ്. പിന്നെ ആ ക്വബ്റിലേക്ക് മറ്റൊരു സുഗന്ധവും എത്തിച്ചേരും. അത് വാസനിക്കുമ്പോൾ അവന്ന് ഉറക്കം വരുന്നതാണ്. അപ്പോൾ അവൻ ഉറങ്ങാൻ തുടങ്ങും. അപ്പോൾ മലക്കുകൾ പറയും.
“നവ വരന്റെ നിദ്രയിൽ ശയിക്കൂ , കൺ കുളിർത്തവനായി! യാതൊരു ഭയവും മുഷിപ്പും നിനക്ക് വേണ്ട.”
പിന്നെ അവന്റെ സുകൃതങ്ങളെ, ഏറ്റവും സുന്ദര സുരഭിലനായ മനുഷ്യരൂപത്തിൽ അവർ എഴുന്നള്ളിക്കും. അത് അവന്റെ ശിരോഭാഗത്ത് വന്നിരിക്കും. അവർ പറയും.
“ഇത് നിന്റെ സത്കർമ്മങ്ങളും സദ് വചനങ്ങളുമാണ്. അത് അല്ലാഹു തആല നിനക്ക് വേണ്ടി ഇപ്രകാരം സുന്ദരാകാരത്തിൽ സുഗന്ധപൂരിതനായി രൂപം നൽകിയിരിക്കുന്നു. നിനക്ക് ക്വബ്റിൽ ഹരം പകരാൻ. അത് കൊണ്ട് നീ ഇവിടെ ഏകാന്തനാവേണ്ട. ഭൂമിയിലെ ഇഴജന്തുക്കളിൽ നിന്നും മറ്റ് സകല ജന്തുക്കളിൽ നിന്നും സകലവിഷമതകളിൽ നിന്നും ഇദ്ദേഹം നിന്നെ സംരക്ഷിക്കും. നിന്റെ ക്വബ്റിൽ അവൻ നിന്നെ കയ്യൊഴിയില്ല. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് നീ സ്വർഗ്ഗത്തിൽ കടക്കുവോളം, ക്വിയാമതിന്റെ ഒരു ഭീകരഘട്ടത്തിലും നിന്നെ അവൻ കയ്യൊഴിയില്ല. അത് കൊണ്ട് സന്തോഷവാനായി ഉറങ്ങൂ... നിനക്കാണ് സർവ്വത്ര ആനന്ദവും, സുമോഹനലക്ഷ്യവും.!.”
പിന്നെ, അവർ സലാം ചൊല്ലി പറന്നു പോകും.”
★ ★ ★
‘ക്വബ്റിലെ ഫിത്നഃക്കാർ’ ( കുഴപ്പക്കാർ) എന്നാണ്, നബിﷺ തങ്ങൾ പലപ്പോഴും അവരെ വിശേഷിപ്പിക്കാറുള്ളത്. കാരണം ഭയപ്പെടുത്തി അട്ടഹസിച്ചു കൊണ്ടാണ് അവർ ചോദിക്കുന്നത്. അല്ലാഹുവിന്റെ പ്രത്യേകമായ തൗഫീക്വ് ലഭിച്ചവരൊഴികെ, മറ്റെല്ലാവരും അതിൽ അകപ്പെടും.
അബൂ അബ്ദുല്ലാഹി ത്തിർമുദി (ഹകീം) പറയുന്നു.
“മുൻകർ, നകീർ എന്നിങ്ങനെ പേരുകൾ എന്തുകൊണ്ടാണെന്ന് അറിയുമോ? അവരുടെ രൂപത്തിന് മനുഷ്യരൂപത്തോട് സാദൃശ്യമില്ല. പക്ഷികളുടെയോ, മൃഗങ്ങളുടെയോ, ഇഴജന്തുക്കളുടെയോ സദൃശരൂപമല്ല. പിശാചുക്കളുടെയോ, മലക്കുകളുടെയോ രൂപസാദൃശ്യമില്ല. മറിച്ച്, അവർ ഒരു പ്രത്യേകതരം സൃഷ്ടികളാകുന്നു. അവരുടെ രൂപം കാണുന്നവർക്ക് ഭയമല്ലാതെ, യാതൊരു ഹരവും തോന്നുകയില്ല. ബർസഖീ ജീവിതാരംഭത്തിൽ തന്നെ സത്യവിശ്വാസികൾക്ക് ആദരവ് ആയി, അവരെ സഹായിക്കാനും സ്ഥൈര്യപ്പെടുത്താനും, കപടവിശ്വാസികളുടെ നാട്യം നിത്യശിക്ഷക്കു മുമ്പേ തകർക്കാനും വേണ്ടിയാണ് അവരെ അല്ലാഹു തആല സൃഷ്ടിച്ചത്.”
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment