Friday, October 13, 2017

36 - “ക്വബ്റിലെ ചോദ്യം” -1

  
      “ക്വബ്റിലെ ചോദ്യം”   -1





 
 
 
 

       ക്വതാദഃ (رضي الله عنه), അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് ഹദീഥ് ഉദ്ധരിക്കുന്നു. നിശ്ചയം, നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം (അനസ്رضي الله عنه) പറയുന്നു:

     “നിശ്ചയമായും, ഒരു അടിമയെ ക്വബ്റിൽ വെച്ച്, അവന്റെ ആളുകൾ തിരിച്ചു പോവുകയും ചെയ്യുന്ന വേള. നിശ്ചയം, അവൻ അവരുടെ പാദുകധ്വനികൾ കേൾക്കുക തന്നെ ചെയ്യുന്നുണ്ടാകും. ആ അവസരത്തിൽ രണ്ട് മലക്കുകൾ അവന്റെ അടുക്കൽ വരും. എന്നിട്ട് അവനെ (എഴുന്നേൽപ്പിച്ച്) ഇരുത്തും. അങ്ങനെ അവർ ചോദിക്കും. (മുഹമ്മദ്ﷺ തങ്ങളെ കുറിച്ച് ) ഈ മനുഷ്യന്റെ കാര്യത്തിൽ നീ എന്ത് പറഞ്ഞവനായിരുന്നു ? അപ്പോൾ സത്യവിശ്വാസി പറയും. നിശ്ചയം, ഇദ്ദേഹം അല്ലാഹുവിന്റെ അടിയാനും തിരുദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അപ്പോൾ അവനോട് പറയപ്പെടും. നരകത്തിലെ നിന്റെ വാസസ്ഥലം നീ നോക്ക്, അല്ലാഹു തആല അതിന്ന് പകരം സ്വർഗ്ഗത്തിൽ നിനക്ക് ഇരിപ്പിടം നൽകിയിരിക്കുന്നു. അങ്ങനെ അവൻ രണ്ടും നോക്കി കാണുന്നതാണ്.”

    ക്വതാദഃ (رضي الله عنه) പറഞ്ഞു: ‘നിശ്ചയമായും അപ്പോൾ ക്വബ്ർ വിശാലമാകു’മെന്ന് അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു. അനസ് (رضي الله عنه) പറഞ്ഞ ഹദീഥ് അദ്ദേഹം തുടർന്നു.

      “അപ്പോൾ ‘ഇദ്ദേഹത്തെ കുറിച്ച് നീ എന്ത് പറയുന്നു ’ എന്ന് ചോദിക്കപ്പെടുമ്പോൾ കപടവിശ്വാസിയും (منافق) സത്യനിഷേധിയും (كافر) പറയും: ‘എനിക്കറിയില്ല, ജനങ്ങൾ പറയുന്നത് കേട്ട്, ഞാനും എന്തൊക്കെയോ പറഞ്ഞിരുന്നു.’ ‘നീ അറിവ് നേടിയില്ല, നീ (ഗ്രന്ഥം) പാരായണം ചെയ്തുമില്ല’ എന്ന് അവനോട് പറയപ്പെടും. എന്നിട്ട് ഇരുമ്പിന്റെ കമ്പിപ്പാര കൊണ്ട് ഒരു കുത്ത് കുത്തും. അപ്പോൾ അവൻ ആർത്തട്ടഹസിക്കും. മനുഷ്യരും ജിന്നുകളുമല്ലാത്ത സകല സമീപവാസികൾക്കും അത് കേൾക്കാം.”

(സ്വഹീഹുൽ ബുഖാരി)

                  ★        ★        ★

     അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

    “നിശ്ചയം, മയ്യിത്ത് ക്വബ്റിലെത്തിച്ചേരും. അങ്ങനെ സ്വാലിഹായ മനുഷ്യൻ തന്റെ ക്വബ്റിൽ യാതൊരു ഭയമോ വ്യഥയോ കൂടാതെ എഴുന്നേറ്റിരിക്കും. പിന്നെ അവനോട് ചോദിക്കപ്പെടും.

       ‘നീ ഏത് (വിശ്വാസ ആചാരങ്ങളിലായിരുന്നു) കഴിഞ്ഞത് ?’

    ‘ഞാൻ ഇസ് ലാം മതത്തിലായിരുന്നു.’

    ‘ഈ മനുഷ്യനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ് ? ’

     ‘ഇത് അല്ലാഹുവിന്റെ തിരു ദൂതരായ മുഹമ്മദ് നബിﷺ തങ്ങൾ. ഞങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളുമായി വന്നു. അങ്ങനെ ഞങ്ങൾ നബിﷺ തങ്ങളെ വാസ്തവമാക്കി.’

      ‘നീ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ?’

      ‘ഇല്ല. അല്ലാഹുവിനെ കാണുക എന്നത് ഒരാൾക്കും (വിശ്വസിക്കാൻ) അനിവാര്യമല്ല !’

      അപ്പോൾ നരകത്തിലേക്കുള്ള ഒരു വിടവ് തുറന്നു വരും. നരകത്തിന്റെ പരസ്പരം ആഞ്ഞടിക്കുന്ന അഗ്നി ജ്വാലകൾ അവൻ നേരിൽ കാണും. അപ്പോൾ അവനോട് പറയപ്പെടും:

     ‘അല്ലാഹു നിന്നെ കാത്തു രക്ഷിച്ചത്  (നരകം)നീ നോക്കി കാണുക.’

       പിന്നെ, സ്വർഗ്ഗത്തിലേക്ക് ഒരു വിടവ് പ്രത്യക്ഷമാകും. അപ്പോൾ അവൻ അതിലെ പുഷ്പലതാതികളും മറ്റ് സുന്ദരകാഴ്ച്ചകളും നേരിൽ കാണും. അപ്പോൾ അവനോട് പറയപ്പെടും.

     “ഇതാണ് നിന്റെ സ്ഥാനം. വിശ്വാസ ദാർഢ്യത്തോടെ നീ ജീവിച്ചു. അതേ (വിശ്വാസത്തോടെ) നീ മരണപ്പെട്ടു. ഇനി അങ്ങനെ തന്നെ നീ (ഇൻശാ അല്ലാഹ്) പുനർജ്ജനിക്കുകയും ചെയ്യും. ”

      ദുർമാർഗ്ഗിയായ മനുഷ്യൻ തന്റെ ക്വബ്റിൽ ഭയത്തോടെയും വ്യഥയോടെയും എഴുന്നേറ്റിരിക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും.

        ‘നീ ഏത് (വിശ്വാസ ആചാരങ്ങളിലായിരുന്നു) കഴിഞ്ഞത് ?’

     ‘എനിക്കറിയില്ല.’

     ‘ഈ മനുഷ്യനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ് ? ’

     ‘ജനങ്ങൾ പറയുന്നത് കേട്ട് ഞാനും എന്തൊക്കെയോ പറഞ്ഞു.’

     അപ്പോൾ സ്വർഗ്ഗത്തിലേക്ക് ഒരു വിടവ് പ്രത്യക്ഷമാകും. അപ്പോൾ അവൻ അതിലെ പുഷ്പലതാതികളും മറ്റ് സുന്ദരകാഴ്ച്ചകളും നേരിൽ കാണും. അപ്പോൾ അവനോട് പറയപ്പെടും.

      ‘അല്ലാഹു നിന്നെ തട്ടിത്തെറിപ്പിച്ചത് (സ്വർഗ്ഗം) നീ നോക്കി കാണുക.’

     പിന്നെ, നരകത്തിലേക്കുള്ള ഒരു വിടവ് തുറന്നു വരും. നരകത്തിന്റെ പരസ്പരം ആഞ്ഞടിക്കുന്ന അഗ്നി ജ്വാലകൾ അവൻ നേരിൽ കാണും. അപ്പോൾ അവനോട് പറയപ്പെടും:

    ‘ഇതാണ് നിന്റെ സ്ഥാനം. സംശയത്തോടെ നീ ജീവിച്ചു. അതേ (അവസ്ഥയിൽ) നീ മരണപ്പെട്ടു. ഇനി അങ്ങനെ തന്നെ നീ (ഇൻശാ അല്ലാഹ്) പുനർജ്ജനിക്കുകയും ചെയ്യും.”

(ഇബ്നു മാജഃ)



                  ★        ★        ★
   
  
  

          അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു:

    “മയ്യിത്തിനെ (അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു.) നിങ്ങളിൽ ഒരാളെ, ക്വബ്റിൽ വെച്ചാൽ , കറുത്ത് നീലിച്ച രണ്ട് മലക്കുകൾ വരുന്നതാണ്. ഒരാൾക്ക് മുൻകർ എന്നും അപരന് നകീർ എന്നും പേര് പറയപ്പെടും. അങ്ങനെ അവർ രണ്ടു പേരും അവനോട് ചോദിക്കും.

       “ഈ മനുഷ്യന്റെ കാര്യത്തിൽ നീ എന്ത് പറയുന്നു ?”

        “ഇത് അല്ലാഹുവിന്റെ അടിമയും തിരുദൂതരുമാകുന്നു. തീർച്ചയായും അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, നിശ്ചയമായും, മുഹമ്മദ് നബി തങ്ങൾ അവന്റെ അടിമയും തിരുദൂതരുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”

      “നീ ഇത് തന്നെ പറയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.”

   പിന്നെ അവന്ന് തന്റെ ക്വബ്റിൽ, എഴുപതിൽ എഴുപത് മുഴം വിശാലമാക്കപ്പെടും. പിന്നെ അവിടെ പ്രഭാപൂരിതമാക്കപ്പെടും. എന്നിട്ട് അവനോട് പറയപ്പെടും.

      “നീ ഉറങ്ങുക.”

      അപ്പോൾ അവൻ പറയും.

      ‘എന്റെ കുടുംബങ്ങളിലേക്ക് ചെന്ന് ഈ വിവരം അറിയിക്കുക.’
(അതിനു ശേഷം) അവർ പറയും.

      ‘പുതുമണവാളൻ മയങ്ങുന്ന പോലെ (സുഖമായി) ഉറങ്ങിക്കോളൂ. ഏറ്റവും പ്രിയപ്പെട്ട കുടുംബങ്ങളല്ലാതെ അവനെ ഉണർത്തുകയില്ലല്ലോ. അല്ലാഹു തആല പുനരുദ്ധരിക്കുന്നതു വരെ (ഉറങ്ങുക).

     കപടവിശ്വാസിയാണെങ്കിൽ അവൻ  പറയും:

      ‘ജനങ്ങൾ പറയുന്നത് കേട്ട് ഞാനും അപ്രകാരം പറഞ്ഞു. (യഥാർത്ഥം) എനിക്കറിയില്ല.’

     “നീ ഇത് തന്നെ പറയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.”

     അങ്ങനെ ഭൂമിയോട് ‘അവന്റെ മേൽ കൂട്ടിആശ്ലേഷിക്കൂ..’എന്ന് പറയപ്പെടും. അപ്പോൾ അവന്റെ വാരിയെല്ലുകൾ പരസ്പരം കൊരുക്കപ്പെടും. അങ്ങനെ അല്ലാഹു തആല അവിടെ നിന്നും പുനരുദ്ധരിക്കുന്നതു വരെ അവൻ ശിക്ഷിക്കപ്പെട്ട് കൊണ്ടേയിരിക്കും.”

(തിർമുദി)

 
 
                     ★    ★    ★

 

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

  

  
  

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

   

  
  

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

 

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...