“ക്വബ്റിലെ ശിക്ഷ.”
“എന്റെ സ്മരണയിൽ നിന്ന് വല്ലവനും മുഖം തിരിച്ചാൽ, അവന്ന് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. അന്ത്യനാളിൽ അവനെ നാം അന്ധനായി പുനരുദ്ധരിക്കുകയും ചെയ്യും.”
(ത്വാഹാ : 124)
അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വും അബ്ദുല്ലാഹ് ബ്നു മസ്ഊദ് (رضي الله عنه) വും പറയുന്നു.
“ഇവിടെ ‘مَعِيشَةً ضَنكًا’ (ഇടുങ്ങിയ ജീവിതം) എന്നാൽ ക്വബ്ർ ശിക്ഷയാകുന്നു.”
അബൂഹുറയ്റഃ (رضي الله عنه) പറയുന്നു.
“അവിശ്വാസിക്ക് മേൽ അവന്റെ ക്വബ്ർ, വാരിയെല്ലുകൾ പരസ്പരം കൊരുക്കപ്പെടുവോളം ഇടുങ്ങുന്നതാണ്. അതാണ് ‘مَعِيشَةً ضَنكًا’ (ഇടുങ്ങിയ ജീവിതം) എന്നതിന്റെ വിവക്ഷ.”
അലിയ്യ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു.
“ഈ ‘തകാഥുർ’ അദ്ധ്യായം ഇറങ്ങുന്നത് വരെ, ഞങ്ങളിൽ ചിലർ ക്വബ്ർ ശിക്ഷയുടെ കാര്യത്തിൽ സംശയിച്ചിരുന്നു.
”ألهاكم التكاثر ٭ حتى زرتم المقابر ٭ كلا سوف تعلمون ٭“
.
“പരസ്പര കിട മത്സരങ്ങൾ നിങ്ങളെ അശ്രദ്ധയിൽ ആക്കിയിരിക്കുന്നു. ★ നിങ്ങൾ മക്വ് ബറകൾ സന്ദർശിക്കുന്നത് വരെ. ★ അല്ല, (എന്ന്) ശേഷം നിങ്ങൾക്ക് മനസ്സിലാകും. ★ ” (അതായത് ക്വബ്റുകളിൽ വെച്ച് മനസ്സിലാകും.)
(തിർമുദി)
ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നു.
“തകാഥുർ സൂറത്തിൽ “ِكَلّا سَوْفَ تَعْلَمُون” എന്നത് ക്വബ്ർശിക്ഷയെ കുറിച്ച് അവതരിക്കപ്പെട്ടതാണ്. അത് കഴിഞ്ഞ് “ثمّ كلّا سوف تعلمون” എന്ന് ആവർത്തിക്കുന്നത് പരലോകത്തെ സംബന്ധിച്ചുമാണ്.”
★ ★ ★
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:
”وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ.“
.
“ഈ ആയത്ത് ആരിലാണ് അവതരിച്ചത് എന്ന് നിങ്ങൾക്ക് അറിയുമോ ? مَعِيشَةً ضَنكًا എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ?”
അവർ (സ്വഹാബികൾ) പറഞ്ഞു. “അല്ലാഹുവിന്നും അവന്റെ തിരുദൂതർക്കും അറിയാം.”
“അത് ക്വബ്റിൽ കാഫിറിന്നുള്ള ശിക്ഷയാകുന്നു. എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം, അവനു മേൽ തൊണ്ണൂറ്റി ഒമ്പത് ‘തിന്നീൻ’ ആധിപത്യം നടത്തും. ‘തിന്നീൻ’ എന്നാൽ എന്താണ് എന്ന് അറിയുമോ ? ഒമ്പത് തലകൾ വീതമുള്ള തൊണ്ണൂറ്റി ഒമ്പത് സർപ്പങ്ങൾ. അന്ത്യനാൾ വരെ അവ അവന്റെ ശരീരത്തിൽ ഊതുകയും ദംശിക്കുകയും കടിച്ചു കീറുകയും ചെയ്യും. ക്വബ്റിൽ നിന്ന് മഹ്ശറിലേക്ക് അവനെ യാത്രയാക്കപ്പെടുന്നത് അന്ധനായിട്ടാകും.”
(ഇബ്നു ഹിബ്ബാൻ)
അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു.
“കാഫിറിന്റെ ക്വബ്റിൽ തൊണ്ണൂറ്റി ഒമ്പത് ‘തിന്നീൻ’ സർപ്പങ്ങൾ ആധിപത്യം നടത്തും. ക്വിയാമഃ ദിവസം വരെ അത് അവനെ കൊത്തുകയും കടിക്കുകയും ചെയ്തു കൊണ്ടിരിക്കും. അതിലൊന്ന് ഭൂമിയിലേക്ക് ഊതിയാൽ പച്ചയായ യാതൊന്നും ഇവിടെ മുളക്കില്ല.”
(ഇബ്നു ഹിബ്ബാൻ, അഹ് മദ്, ഇബ്നു അബീ ശൈബഃ)
അബ്ദുല്ലാഹ് ബ്നു അംറ് ബ്നുൽ ആസ്വി (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥിൽ ഇപ്രകാരം കൂടി ഉണ്ട്.
“.....പിന്നീട് അവനെ അതായത് കാഫിറിനെ കൈകാര്യം ചെയ്യാൻ കൽപ്പിക്കപ്പെടും. അപ്പോൾ അവന്റെ മേൽ ക്വബ്ർ ഇടുങ്ങുന്നതാണ്. കൊഴുത്ത ഒട്ടകക്കഴുത്ത് പോലെ (ഭീമാകാരങ്ങളായ) ഘോരസർപ്പങ്ങളെ അവന്റെ മേൽ അയക്കപ്പെടും. അങ്ങനെ അവന്റെ മാംസം അവ ഭക്ഷിക്കും. എത്രത്തോളം, അവന്റെ എല്ലിൻമേൽ യാതൊരു മാംസവും അവശേഷിക്കുകയില്ല. അന്ധരും ബധിരരുമായ മലക്കുകളെ നിയോഗിക്കും. അവർ അവനെ ഭീമാകാരങ്ങളായ ചുറ്റികകൾ കൊണ്ട് ആഞ്ഞടിക്കും.”
(ചില പകർപ്പുകളിൽ ഇപ്രകാരം കൂടി കാണുന്നുണ്ട്)
“അവർ അവന്റെ ആർത്തനാദം കേട്ട് കരുണ കാണിക്കാൻ, അവർക്ക് കേൾക്കാനേ കഴിയില്ല. അവന്റെ രൂപം കണ്ട് അലിവ് തോന്നാൻ, അവർക്ക് കാണാനേ കഴിയില്ല. അവരുടെ ഒരു അടി പോലും പിഴക്കുകയുമില്ല. എല്ലാ പ്രഭാത പ്രദോഷങ്ങളിലും അവന്ന് നരകത്തിലെ തന്റെ സ്ഥാനം കാണിക്കപ്പെടും. അവൻ അന്ത്യനാൾ വരെ അതിൽ തുടരും. (അതിനു മുമ്പ്) നരകത്തിലേക്ക് പോലും രക്ഷപ്പെടുകയുമില്ല.”
(ത്വബ്റാനി, ഹൈഥമി)
★ ★ ★
സത്യനിഷേധികളുടെ മണ്ണറയിലെ ശിക്ഷകളുടെ വിവിധ രൂപങ്ങളാണ് ഈ ഹദീഥുകളിൽ കാണിക്കുന്നത്. ഇത് പരസ്പരവിരുദ്ധമല്ല. ചിലർക്ക് ഇതെല്ലാം ഉണ്ടാകും. മറ്റു ചിലർക്ക് ഭാഗികമായി ചിലത് മാത്രവും ഉണ്ടാകും. അന്ധനും ബധിരനുമായ ശിക്ഷകനും, ഘോരസർപ്പവും, നരകാഗ്നി ഫലകങ്ങളും, സർപ്പ ദംശനമേറ്റവന്റെ ഉറക്കവും, നരകക്കാഴ്ച്ചകളുമെല്ലാം അവയുടെ ഭാഗമാകുന്നു.
ഇപ്രകാരം നരകശിക്ഷയെ കുറിച്ചും വ്യത്യസ്ഥ പരാമർശങ്ങൾ ക്വുർആനിലും ഹദീഥുകളിലും ഉണ്ടല്ലോ. ചുട്ടുതിളക്കുന്ന വെള്ളവും, ചീഞ്ചലം കുടിപ്പിക്കലും, മുൾകായ ഭക്ഷിപ്പിക്കലും, അഗ്നിശിക്ഷയും, ചാട്ടയടിയും, കരിധൂമച്ഛായയും, എന്തിന് കൊടുംശൈത്യം പോലും അതിന്റെ ഭാഗമാണല്ലോ. ഇവ പരസ്പരം വിരുദ്ധമാകാത്തത് പോലെ തന്നെ, ഇവിടെ ക്വബ്ർ ശിക്ഷയുടെ കാര്യത്തിലും വൈരുദ്ധ്യമില്ല.
ക്വബ്ർ വിശാലമാകുന്ന, യഥാർത്ഥ സത്യവിശ്വാസികളിൽ അല്ലാഹു തആല നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. (ആമീൻ)
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment