“വിശ്വാസിക്കും ക്വബ്ർശിക്ഷ!”-3
”سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ،“
(الإسراء- ١)
.
“തന്റെ അടിമയെ മസ്ജിദുൽ ഹറാമിൽ നിന്ന്, -നാം പരിസരം ബറകത് ചെയ്ത - മസ്ജിദുൽ അക്വ് സഃയിലേക്ക്, ഒരൊറ്റ രാവിൽ രാപ്രയാണം ചെയ്യിച്ചവൻ എത്ര പരിശുദ്ധൻ !”
(അൽ ഇസ്റാഅ്)
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. ഈ ആയത്തിന്റ വിശദീകരണമായി നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു തരുന്നു :
“...ഒരു കുതിരയെ (ബുറാക്വ്) കൊണ്ടു വന്നിരുന്നു. അങ്ങനെ അതിൻ മേൽ നബിﷺ കയറി. അതിന്റെ ഓരോ കുളമ്പടിയും ദൃഷ്ടിയെത്തുന്നതിന്റെ അറ്റത്തേക്ക് ആയിരുന്നു. അങ്ങനെ സഞ്ചരിച്ചു; കൂടെ ജിബ്റീലും. അങ്ങനെ അവർ, ഓരോ ദിവസവും വിതയ്ക്കുകയും അന്നു തന്നെ കൊയ്ത് എടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ അടുക്കലെത്തി. അവർ കൊയ്ത് എടുക്കുമ്പോഴെല്ലാം അത് പൂർവ്വസ്ഥിതിയിൽ (വീണ്ടും കൊയ്യാൻ പാകത്തിൽ) എത്തിയിട്ടുണ്ടാകും. അപ്പോൾ അവിടുന്ന് (നബിﷺ) ചോദിച്ചു.
“ജിബ്റീലേ, ആരാണിവർ?”
“അത് മുഹാജിറുകൾ (അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സർവ്വസ്വവും വെടിഞ്ഞവർ). അവർക്ക് നന്മകൾ എഴുന്നൂറ് മടങ്ങുകളായി ഇരട്ടിപ്പിച്ചു നൽകപ്പെടും.”
{“നിങ്ങൾ യാതൊരു വസ്തു ചെലവഴിച്ചാലും, അവൻ അതിന്ന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ അത്യുത്തമനാകുന്നു.”}
(സബഅ് - 39)
പിന്നെ, അവർ പാറ കൊണ്ട് തല തകർക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനതക്കടുത്തെത്തി. അവരുടെ തല പൊട്ടിച്ച് തകർക്കുമ്പോഴെല്ലാം അത് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ നിലയ്ക്കുന്നേയില്ല. അപ്പോൾ അവിടുന്ന് ചോദിച്ചു.
“ജിബ്റീലേ, ആരാണിക്കൂട്ടർ?”
“നിസ്കാരത്തിന് വേണ്ടി തല കുനിയാത്തവരാണ് (അലസത കാണിക്കുന്നവർ) ഇക്കൂട്ടർ.”
പിന്നെ അവർ മുമ്പിലും പിറകിലും കൈകാലുകൾ കുത്തി നടക്കുന്ന ഒരു കൂട്ടരുടെ അടുത്തെത്തി. അവർ മുൾച്ചെടികളും മുൾക്കായകളും നരകത്തിലെ ചുടുകല്ലുകളും മറ്റു കല്ലുകളും (ഭക്ഷിച്ചു കൊണ്ട്) മൃഗങ്ങൾ മേയുന്നത് പോലെ മേയുന്നു! അപ്പോൾ അവിടുന്ന് ചോദിച്ചു.
“ജിബ്റീലേ, ആരാണീ കൂട്ടർ? ”
“ഇവർ സമ്പത്തിന്റെ നിർബന്ധ ദാനങ്ങൾ കൊടുത്ത് വീട്ടാത്തവരാണ്. അല്ലാതെ അല്ലാഹു ഇവരെ ദ്രോഹിച്ചിട്ടില്ല. അല്ലാഹു ഒരിക്കലും തന്റെ അടിമകളെ അക്രമിക്കുന്നവനല്ല.”
പിന്നെ അവർ ഒരു കൂട്ടരുടെ സമീപമെത്തി. അവരുടെ മുമ്പിൽ ഒരു പാത്രത്തിൽ ശുദ്ധമായ, നല്ല മാംസമുണ്ടായിരുന്നു; മറ്റൊന്നിൽ ചീഞ്ഞ് നാറുന്ന മാംസവും. അങ്ങനെ അവർ ചീഞ്ഞതെടുത്ത് ഭക്ഷിക്കാൻ തുടങ്ങി. നല്ല, ശുദ്ധമായ മാംസം ഒഴിവാക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ചോദിച്ചു :
“ജിബ്റീലേ, ഇവർ ആരാണ് ?”
“ഇവരുടെ കീഴിൽ ഹലാലായ, നല്ല ഭാര്യ ഉണ്ടായിരുന്നു. എന്നിട്ടും അവർ നീചയായ മറ്റൊരുത്തിയുടെ അടുക്കൽ പോയി, പുലരുവോളം അവിടെ രാപാർത്തിരുന്നു !”
പിന്നെ അവരെത്തിയത് വഴിയിലുള്ള ഒരു മരത്തടിയുടെ അടുത്തായിരുന്നു. എന്തെങ്കിലും അതിലൂടെ കടന്നു പോയാൽ അത് (തടി) പൊടിഞ്ഞ് തകരാതിരിക്കില്ല. അവിടുന്ന് ചോദിച്ചു :
“ഇതെന്താണ് ജിബ്റീലേ ?”
“ഭീഷണമായി യാതൊരു മാർഗ്ഗങ്ങളിലും നിങ്ങൾ ഇരിക്കരുത്..” (അഅ്റാഫ് - 86) എന്നാണ് അല്ലാഹു പറയുന്നത്."
പിന്നെ, ചുമക്കാനാകാത്ത വലിയ ഭാണ്ഡങ്ങൾ ശേഖരിച്ച ഒരാളുടെ അടുക്കലാണ് അവരെത്തിയത്. എന്നിട്ടും അയാൾ കൂടുതൽ ഭാണ്ഡങ്ങൾ ശേഖരിക്കാൻ നോക്കുന്നു ! അപ്പോൾ അവിടുന്ന് ചോദിച്ചു :
“ജിബ്റീലേ, ഇതെന്താണ് ?”
“ഇത് സമുദായത്തിൽ പെട്ട ഒരാളാണ്. അയാൾക്ക് പൂർത്തീകരിക്കാനാകാത്ത അമാനത്തുകൾ ഉണ്ട്. പിന്നെയും അയാൾ കൂടുതൽ ഏറ്റെടുക്കുന്നു !”
പിന്നീട് അവരെത്തിയത്, ഇരുമ്പിന്റെ ആയുധം കൊണ്ട് ചുണ്ടുകൾ മുറിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ അടുക്കലാണ്. അവരുടെ ചുണ്ടുകൾ മുറിച്ചയുടൻ തന്നെ അത് പൂർവ്വസ്ഥിതി പ്രാപിക്കുന്നു. ഇത് ഒഴിയാതെ തുടർന്നു കൊണ്ടേയിരിക്കുന്നു. അവിടുന്ന് ചോദിച്ചു :
“ഓ ജിബ്റീൽ, ഇക്കൂട്ടർ ആരാണ് ?”
“ഇവർ ഫിത്നഃ പരത്തുന്ന പ്രഭാഷകൻമാരാകുന്നു.”
അവർ പിന്നെയെത്തിയത് ഒരു ചെറിയ കല്ലിന്റെ അരികിലാണ്. അതിൽ നിന്ന് വലിയൊരു കാള പുറത്തു വരുന്നു. ആ കാള പുറത്ത് വന്നതിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കുന്നു. പക്ഷേ, കഴിയുന്നില്ല. അവിടുന്ന് ചോദിച്ചു :
“ഇയാൾ ഒരു വാക്ക് പറയും. പിന്നീടതിൽ ഖേദിക്കും. അത് തിരിച്ചെടുക്കാൻ ആഗ്രഹിക്കും. പക്ഷേ, കഴിയില്ല. ”
(ബൈഹക്വി)
★ ★ ★
അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം ഉദ്ധരിക്കുന്നു. സ്വഹാബികൾ നബിﷺ തങ്ങളോട് ചോദിച്ചു :
“അല്ലാഹുവിന്റെ പ്രവാചകരേ, താങ്കളെ രാപ്രയാണം ചെയ്യിച്ച രാത്രിയെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തന്നാലും.”
അവിടുന്ന് പറഞ്ഞു :
“...അങ്ങനെ ഞാനും ജിബ്റീലും കയറി. അപ്പോൾ ‘ഇസ്മാഈൽ’ എന്ന മലക് ഉണ്ടായിരുന്നു. അവരാണ് ഒന്നാം ആകാശത്തിന്റെ ചുമതലക്കാരൻ. അദ്ദേഹത്തിന് മുന്നിൽ എഴുപതിനായിരം (സഹായികളായ) മലക്കുകൾ ഉണ്ട്. ആ ഓരോരുത്തർക്കും ഒരു ലക്ഷം പേരടങ്ങുന്ന സ്വന്തം സൈന്യവുമുണ്ട്.”
(ഹദീഥ് നിവേദകൻ) പറഞ്ഞു. അല്ലാഹു തആല പറഞ്ഞല്ലോ. “...നിന്റെ റബ്ബിന്റെ സൈന്യങ്ങളെ കുറിച്ച് അവനല്ലാതെ അറിയില്ല."
(അൽ മുദ്ദഥ്ഥിർ :31)
“അങ്ങനെ ജിബ്റീൽ عليه السلام (വാനകവാടം) തുറക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അല്ലാഹു തആല തദ്സ്വരൂപത്തിൽ സൃഷ്ടിച്ച ദിനത്തിലേത് പോലെ, തനിരൂപത്തിലുള്ള ആദമിന്റെ മുന്നിൽ ഞാനെത്തി.
അവിടെ (ആദമിന്ന്) തന്റെ സത്യവിശ്വാസിയായ സന്തതിയെ പ്രദർശിപ്പിക്കപ്പെടുന്നു. അപ്പോൾ പറയുന്നു.
“നല്ല റൂഹ് ! പുണ്യാത്മാവ് !! അതിനെ ‘ഇല്ലിയ്യൂനി’ലാക്കൂ..”
പിന്നെ, സത്യനിഷേധികളിൽ പെട്ട സന്തതിയെ പ്രദർശിപ്പിക്കപ്പെടുമ്പോൾ പറയുന്നു. “ദുരാത്മാവ് ! അതിനെ ‘സിജ്ജീനി’ലെത്തിക്കൂ..”
അൽപ്പസമയം കഴിഞ്ഞപ്പോൾ ഞാൻ ഭക്ഷണപ്പലകകൾ കണ്ടു. അതിൽ പാകപ്പെടുത്തി മുറിച്ച, മാംസമുണ്ടായിരുന്നു. എന്നാൽ ഒരാളും അങ്ങോട്ട് അടുക്കുന്നില്ല. പിന്നെ, മറ്റു ചില ഭക്ഷ്യഫലകങ്ങൾ കണ്ടു. അവയിൽ ചീഞ്ഞ് നാറുന്ന മാംസമുണ്ടായിരുന്നു. ജനങ്ങൾ അത് കഴിക്കുന്നു! ഞാൻ ചോദിച്ചു :
“ഓ ജിബ്റീൽ, ആരാണിവർ ?”
“ഇവർ അനുവദനീയം ഉപേക്ഷിച്ച് നിഷിദ്ധം പുണരുന്ന, താങ്കളുടെ സമുദായക്കാരാണ്.”
പിന്നെ, കുറച്ച് കഴിഞ്ഞ് ഗൃഹങ്ങൾ പോലെ ഭീമാകാരങ്ങളായ വയറുകളുള്ള ജനതയെ ഞാൻ കണ്ടു. അവർ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം വീഴുന്നു. അവർ പറയുന്നു : “അല്ലാഹുവേ, അന്ത്യനാൾ ആക്കല്ലേ..”
(ജിബ്റീൽ عليه السلام) പറഞ്ഞു : “അവർ ഫിർഔൻ കുടുംബത്തിലുള്ള, വഴിക്കൊള്ളക്കാരാണ്. വല്ല യാത്രികരും അതിലെ വന്നാൽ അവർ കടന്നാക്രമിക്കും.”
അപ്പോൾ അല്ലാഹുവിലേക്ക് വാവിട്ട് കരയുന്നവരുടെ ദീനരോദനം കേട്ട്, ഞാൻ ചോദിച്ചു :
“ജിബ്റീലേ, അതാരാ ?"
“അവർ താങ്കളുടെ സമുദായത്തിൽ പെട്ടവരാണ്. {പലിശ വാങ്ങുന്നവർ, പിശാച് ബാധിച്ച് വീണവൻ എഴുന്നേറ്റ് വരുമ്പോലെ അല്ലാതെ എഴുന്നേൽക്കില്ല..}”
(അൽ ബക്വറഃ : 275)
അൽപ്പ സമയം കഴിഞ്ഞപ്പോൾ, ഒരു ജനതയുണ്ട്. അവരുടെ വായകളും ചുണ്ടുകളും ഒട്ടകത്തിന്റെ ചുണ്ടുകൾ പോലെ ! അങ്ങനെ അവരുടെ വായ തുറപ്പിച്ച് ആ തീക്കനലുകൾ വിഴുങ്ങിപ്പിക്കുന്നു. പിന്നെയത് അവരുടെ അടിയിലൂടെ പുറത്തു വരുന്നു ! അവർ ഉന്നതനായ അല്ലാഹുവിലേക്ക് ആർത്ത് കരയുന്ന രോദനം കേട്ട്, ഞാൻ ചോദിച്ചു :
“ഓ ജിബ്റീൽ, ആരാണ് അക്കൂട്ടർ ?”
“ഇവർ താങ്കളുടെ സമുദായക്കാരാണ്. “നിശ്ചയം, അനാഥരുടെ സ്വത്തുക്കൾ അന്യായമായി ഭക്ഷിക്കുന്നവർ, അവരുടെ വയറുകളിലേക്ക് അഗ്നി മാത്രമാണ് നിറക്കുന്നത്. പിന്നെയവർ നരകത്തിൽ ചേരുന്നതുമാണ്.”
(അന്നിസാഅ് : 10)
അൽപ്പം കഴിഞ്ഞ്, ഞാൻ കണ്ടത്, സ്തനങ്ങൾ ബന്ധിതരായ ചില സ്ത്രീകളെയാണ്. അവർ അല്ലാഹുവിലേക്ക് നിലവിളിക്കുന്ന രോദനവും കേട്ട് ഞാൻ ചോദിച്ചു :
“ഓ ജിബ്റീൽ, ആരാണ് ആ സ്ത്രീകൾ ?”
“അവർ താങ്കളുടെ സമുദായത്തിലെ വേശ്യകളാണ്.”
അൽപ്പം കഴിഞ്ഞപ്പോൾ കണ്ടത്, സ്വശരീരഭാഗങ്ങളിൽ നിന്ന് മാംസം മുറിച്ചെടുക്കുന്ന ഒരു കൂട്ടരെയാണ്. എന്നിട്ട് അവരത് വിഴുങ്ങുന്നു ! അപ്പോൾ അവരോട് പറയപ്പെടുന്നു : ‘ഇതെല്ലാം നീ നിന്റെ സഹോദരന്റെ മാംസം ഭക്ഷിച്ചതിനാലാണ്.’ ഞാൻ ചോദിച്ചു :
“ഓ ജിബ്റീൽ, ആരാണ് അക്കൂട്ടർ ?”
“ഇവർ താങ്കളുടെ സമുദായത്തിലെ ഏഷണിക്കാരും പരദൂഷകരുമാണ്.”
(ദലാഇലുന്നുബുവ്വഃ -ഇമാം ബൈഹക്വി)
★ ★ ★
ഇപ്രകാരം ഹദീഥുകൾ വേറെയും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇമാം അബൂ ദാവൂദ് (رحمه الله), അനസ് ബ്നു മാലിക് (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീഥിൽ കാണാം.
നബിﷺ തങ്ങൾ അരുളി : “എന്നെ വാനാരോഹണം ചെയ്യിച്ചപ്പോൾ, ചെമ്പിന്റെ നഖങ്ങളുള്ള ഒരു വിഭാഗത്തെ ഞാൻ കണ്ടു. അവർ അതുകൊണ്ട് സ്വന്തം മുഖവും നെഞ്ചും മാന്തിക്കീറുന്നു ! അപ്പോൾ ഞാൻ ചോദിച്ചു :
“ഇവർ ആരാണ് ജിബ്റീലേ ?”
“ജനങ്ങളുടെ മാംസം ഭക്ഷിക്കുന്നവരും അവരുടെ അഭിമാനം ഹനിക്കുന്നവരും.”
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment