Sunday, October 1, 2017

28- “ഭീകര നിമിഷങ്ങൾ”

         “ഭീകര നിമിഷങ്ങൾ”






      ജാബിർ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :

      “നിങ്ങളാരും മരണത്തെ കൊതിച്ചു പോകരുത്. നിശ്ചയം, വിചാരണദിന ഭയാനകത അതികഠിനമാണ്.....”
(ബസ്സാർ, അഹ് മദ്, ഹൈഥമി, ഇത്ഹാഫ്)

  
   
        ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിന് കുത്തേറ്റപ്പോൾ ഒരാൾ പറഞ്ഞു.

      “നിശ്ചയം, താങ്കളുടെ തൊലിയെ നരകാഗ്നി സ്പർശിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

   അപ്പോൾ ഉമർ (رضي الله عنه) അയാളെ ഉറ്റു നോക്കി. പിന്നെ പറഞ്ഞു.

    “നിശ്ചയം, (അത് പറഞ്ഞ്) നിങ്ങളെ വഞ്ചിക്കുന്നവൻ സ്വയം വഞ്ചിതനാകുന്നു. അല്ലാഹുവാണ് സത്യം, ഭൂമിയിലുള്ളതെല്ലാം എനിക്ക് കിട്ടിയിരുന്നുവെങ്കിൽ അതെല്ലാം ഞാൻ വിചാരണദിന ഭീതിക്ക് പകരം നൽകുമായിരുന്നു.”

(സീറതുൽ ഖുലഫാ ഉർറാശിദീൻ)

 

   
     അബുദ്ദർദാഅ് (رضي الله عنه) പറഞ്ഞു. മൂന്ന് കാര്യങ്ങൾ എന്നെ ചിരിപ്പിക്കുകയും, മൂന്ന് കാര്യങ്ങൾ എന്നെ കരയിപ്പിക്കുകയും ചെയ്തു.

   എന്നെ ചിരിപ്പിച്ചത് ഇവയാകുന്നു. ഭൗതികതയെ കൊതിക്കുന്നവനെ മരണം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. (മരണത്തെ കുറിച്ചുള്ള) അശ്രദ്ധവാനെ സംബന്ധിച്ച്, (മരണം) അശ്രദ്ധവാനല്ല. മതിമറന്ന് ചിരിക്കുന്നവൻ , അല്ലാഹു തന്നെ ക്കുറിച്ച് തൃപ്തിപ്പെട്ടോ, അതോ കോപിച്ചിട്ടുണ്ടോ എന്നറിയുന്നില്ല.

 
     എന്നെ കരയിച്ചവ:- എന്റെ പ്രിയപ്പെട്ടവരായ നബിﷺ തങ്ങളുടേയും അനുചരൻമാരുടേയും വിയോഗം. മരണസമയത്തുള്ള ഭീകരാനുഭവങ്ങൾ. രഹസ്യങ്ങളും പരസ്യങ്ങളും വെളിവാകുന്ന ദിവസം, പിന്നെ സ്വർഗ്ഗത്തിലേക്കാണോ, നരകത്തിലേക്കാണോ എന്നറിയാതെ, റബ്ബിന്റെ മുമ്പിലെ നിൽപ്പ്.

(ഇബ്നുൽ മുബാറക് ഉദ്ധരിച്ചതാണ് ഈ ഹദീഥ്)

  
  
       അനസ് ബ്നു മാലിക് (رضي الله عنه) പറയുന്നു.

    “രണ്ട് രാത്രികളും രണ്ട് ദിനങ്ങളും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? ഇവക്ക് തുല്യമായവ ആരും കേട്ടിട്ടുണ്ടാവില്ല. അല്ലാഹുവിൽ നിന്നുള്ള ദൂതൻ, അവന്റെ തൃപ്തിയോ ദ്വേഷമോ അറിയിച്ചു കൊണ്ട് വരുന്ന ആദ്യദിനം. ഇടതു കയ്യിലോ, വലതു കയ്യിലോ നിന്റെ (നന്മ-തിന്മകളുടെ) ഗ്രന്ഥവും പിടിച്ച്, റബ്ബിന്റെ മൂന്നിൽ വിചാരണക്ക് നിൽക്കുന്ന ദിനം.

    ക്വബ്റിലെ ആദ്യ രാത്രി. അതിന് മുമ്പ് തീരേ ഇപ്രകാരം രാപ്പാർത്തിട്ടില്ലല്ലോ. വിചാരണ ദിവസത്തിന്റെ തലേ രാത്രി.”


                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)


No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...