“വിശ്വാസിക്കും ക്വബ്ർശിക്ഷ! ” -1
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം ഉദ്ധരിക്കുന്നു :
“ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രം (വേണ്ടത്ര ശ്രദ്ധയോടെ വൃത്തിയാക്കാത്ത) കാരണം ആണ്.”
(അബൂബക്ർ ബ്നി അബീ ശൈബഃ)
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു :
‘നബിﷺ തങ്ങൾ രണ്ട് ക്വബ്റുകളുടെ അരികിലൂടെ കടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു.’
“ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നുണ്ട്. (നിങ്ങളുടെ വീക്ഷണത്തിലുള്ള) വൻപാപങ്ങളാലല്ല അവർ ശിക്ഷിക്കപ്പെടുന്നത്. മറിച്ച്, ഇതിലൊരാൾ ഏഷണിയുമായി നടക്കുന്നവനായിരുന്നു. മറ്റേയാൾ മൂത്രം വൃത്തിയാക്കുന്നതിൽ സൂക്ഷ്മത പുലർത്താത്തവനും.”
അങ്ങനെ അവിടുന്ന് ഒരു പച്ച ഈത്തപ്പനയോല കൊണ്ടു വരാൻ കൽപ്പിച്ചു. എന്നിട്ട് അത് രണ്ടായി കീറി. പിന്നെ, ആ ക്വബ്റിൻ മേൽ ഒന്നും മറ്റേതിൻ മേൽ ഒന്നും കുത്തി നിറുത്തി. പിന്നെ പറഞ്ഞു.
“അത് ഉണങ്ങാത്ത കാലത്തോളം അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.”
(ബുഖാരി, മുസ് ലിം)
★ ★ ★
ഇമാം ക്വുർത്വുബി (رحمه الله) പറയുന്നു.
“ഈ ഹദീഥുകൾ വ്യക്തമാക്കുന്നത് പനയോലകൾ (മറ്റു സസ്യങ്ങളും) പച്ചയായ കാലത്തോളം ക്വബ്ർ ശിക്ഷ ലഘൂകരിക്കുമെന്നാണ്.”
എന്നാൽ ഇമാം മുസ് ലിം (رحمه الله) ഉദ്ധരിച്ച, ജാബിർ (رضي الله عنه) സുദീർഘമായ ഹദീഥിൽ ഇപ്രകാരം കാണാം.
“..…...അങ്ങനെ ഞാൻ രണ്ട് മരങ്ങളുടെ സമീപം പോയി, ഓരോന്നിൽ നിന്നും ഓരോ ശിഖരങ്ങൾ മുറിച്ചെടുത്തു. പിന്നെ ഞാൻ അത് വലിച്ചു കൊണ്ടു പോയി. നബിﷺ തങ്ങൾ നിന്നിരുന്ന സ്ഥലത്ത് ചെന്ന് ഒന്ന് വലതു ഭാഗത്തും മറ്റേത് ഇടതു ഭാഗത്തും വെച്ചു. പിന്നെ ഞാൻ നബിﷺ തങ്ങളുടെ അടുത്ത് ചെന്നു പറഞ്ഞു.
“അല്ലാഹുവിന്റെ തിരുദൂതരേ, ഞാനങ്ങനെ ചെയ്തിട്ടുണ്ട്."
അപ്പോൾ അവിടുന്ന് പറഞ്ഞു.
“ഞാൻ ശിക്ഷിക്കപ്പെടുന്ന രണ്ട് ക്വബ്റുകളുടെ അരികിലൂടെ കടന്നു പോയിരുന്നു. അപ്പോൾ, ഈ ശിഖരങ്ങൾ പച്ചയാകുന്ന കാലത്തോളം, എന്റെ ശഫാഅത് കൊണ്ട് ഇവരിൽ നിന്ന് ശിക്ഷ ഉയർത്തപ്പെടാൻ ആഗ്രഹിച്ചു.”.....
ഇമാം തങ്ങൾ വിവരിക്കുന്നു.
“ഈ ഹദീഥിൽ സസ്യത്തിന്റെ പച്ചപ്പിനുപരിയായി മറ്റൊന്നുണ്ട്. നബിﷺ തങ്ങളുടെ ശിപാർശയാണത്. യഥാർത്ഥത്തിൽ രണ്ട് സംഭവങ്ങളും വ്യത്യസ്ഥങ്ങളാണ്.” الله أعلم
★ ★ ★
ഇബ്നു മസ്ഊദ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു.
“അല്ലാഹുവിന്റെ അടിമകളിൽ ഒരാളെ ക്വബ്റിൽ വെച്ച് നൂറ് ചാടവാറടി അടിക്കാൻ കൽപ്പിക്കപ്പെട്ടു. അയാളാകട്ടെ, അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ അത് ഒരടിയായി ചുരുക്കപ്പെട്ടു. (ആ ഒരടി കൊണ്ട് തന്നെ) അവന്റെ ക്വബ്ർ അഗ്നിയാൽ നിറക്കപ്പെട്ടു. ആ ശിക്ഷ അവനിൽ നിന്ന് ഉയർത്തപ്പെട്ടപ്പോൾ അവന്ന് ബോധം തെളിഞ്ഞു. അപ്പോൾ അവൻ ചോദിച്ചു.
‘എന്ത് തെറ്റിന് വേണ്ടിയാണ് നിങ്ങൾ എന്നെ അടിച്ചത് ? അപ്പോൾ പറയപ്പെടും.
‘നീ ശുദ്ധിയില്ലാതെ ഒരു നിസ്കാരം നിർവ്വഹിച്ചിരുന്നു. നീ അക്രമിക്കപ്പെടുന്നവന്റെ അരികിലൂടെ കടന്നു പോയിട്ടും അവനെ സഹായിച്ചില്ല.”
(ത്വഹാവി, ഇബ്നു അബ്ദുൽ ബർറ്, മുൻദിറി)
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു.
നിശ്ചയം, നബിﷺ തങ്ങൾ രണ്ട് ക്വബ്റുകളുടെ സമീപം ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു :
“ഇവർ രണ്ട് പേരും വലിയ പാപം ചെയ്തതിന് വേണ്ടിയല്ല ശിക്ഷിക്കപ്പെടുന്നത്. അപ്പോൾ ഇവരിൽ ഒരാൾ ജനങ്ങളുടെ മാംസം ഭക്ഷിക്കുന്നവനായിരുന്നു. മറ്റേയാളാകട്ടെ, ഏഷണിക്കാരനുമായിരുന്നു.”
പിന്നെ, അവിടുന്ന് ഒരു ഈത്തപ്പനയോല കൊണ്ടു വരാൻ കൽപ്പിച്ചു. അത് രണ്ട് പകുതിയായി കീറി. എന്നിട്ട് ഒരു പകുതി ആ ക്വബ്റിലും മറ്റൊരു പകുതി മറ്റേ ക്വബ്റിലും വെച്ചു. എന്നിട്ട് പറഞ്ഞു.
“ഇവ പച്ചയായ കാലത്തോളം അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.”
(അബൂ ദാവൂദ് അത്ത്വയാലിസി, ത്വബ്റാനി, അബ്ദുർ റസാക്വ്, അഹ് മദ്)
★ ★ ★
ഈ ഹദീഥിൽ പറയപ്പെട്ട രണ്ട് ക്വബ്റുകൾ ‘സത്യനിഷേധികളുടേത് ആയിരുന്നു’ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നിട്ട് ‘അവർക്ക് കുഫ്റിന്റെ ശിക്ഷക്ക് പുറമേ ഈ ചെറിയ പാപങ്ങളിലും ശിക്ഷിക്കപ്പെടുന്നു’ എന്നും അവർ വ്യാഖ്യാനിക്കുന്നു. ‘കാരണം, അത് സത്യവിശ്വാസികളുടെ കബ്ർ ആയിരുന്നുവെങ്കിൽ അടുത്ത കാലത്ത് മറമാടപ്പെട്ടതും, ആരുടേതെന്ന് വ്യക്തവുമായിരുന്നു.’ ഇബ്നു ബുർജാൻ തന്റെ ‘ഇർശാദുൽ ഹാദീ’ എന്ന ഗ്രന്ഥത്തിൽ ഈ അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.
എന്നാൽ ഈ അഭിപ്രായങ്ങളെ ഇമാം ക്വുർത്വുബി (رحمه الله) പൂർണ്ണമായും നിരാകരിക്കുന്നു.
“അത് സത്യവിശ്വാസികൾ ആയിരുന്നു എന്ന് ഹദീഥിന്റെ പ്രത്യക്ഷത്തിൽ തന്നെ വെളിവാകും.”
സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ നിയുക്തനായ പ്രവാചകർ ﷺ, ഒരിക്കലും നിഷേധികൾക്ക് വേണ്ടി ശിപാർശ ചെയ്യില്ലല്ലോ. الله أعلم
★ ★ ★
ഹസൻ (رضي الله عنه) വിൽ നിന്ന് അബൂ സുഫ് യാൻ (رضي الله عنه) നിവേദനം ചെയ്തതായി ഹന്നാദ് ബ്നു സ്സിർറി (رحمه الله) രേഖപ്പെടുത്തുന്നു.
“സഅ്ദ് ബ്നു മുആദ് (رضي الله عنه) വിന് മുറിവേറ്റു. അപ്പോൾ നബിﷺ തങ്ങൾ അദ്ദേഹത്തെ ചികിത്സകയായ ഒരു സ്ത്രീയുടെ അടുക്കൽ ഏൽപ്പിച്ചു.”
ഹസൻ (رضي الله عنه) തുടരുന്നു.
“ആ രാത്രിയിൽ അദ്ദേഹം മരണപ്പെട്ടു. അപ്പോൾ ജിബ്റീൽ (عليه السلام) നബിﷺ തങ്ങളുടെ അടുക്കൽ ചെന്ന് അറിയിച്ചു.
“കഴിഞ്ഞ രാത്രി നിങ്ങളിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. അല്ലാഹു തആല അയാളുമായി കണ്ടു മുട്ടുന്നതിന്റെ സന്തോഷാധിക്യത്താൽ അവന്റെ അർശ് പോലും പ്രകമ്പനം കൊണ്ടിരിക്കുന്നു!”
(അന്വേഷിച്ചു) നോക്കിയപ്പോൾ സഅദ് ബ്നു മുആദ് (رضي الله عنه) ആയിരുന്നു അത്!”
അദ്ദേഹം തുടരുന്നു.
“അങ്ങനെ നബിﷺ തങ്ങൾ അദ്ദേഹത്തിന്റെ ക്വബ്റിനരികിൽ ചെന്നു. അവിടുന്ന് തക്ബീറും തഹ് ലീലും തസ്ബീഹും ചൊല്ലാൻ തുടങ്ങി. അവിടുന്ന് മടങ്ങുമ്പോൾ ആരോ ചോദിച്ചു :
“അല്ലാഹുവിന്റെ തിരുദൂതരേ, താങ്കൾ ഇപ്രകാരം ചെയ്യുന്നത് ഇതിനു മുമ്പ് ഞങ്ങൾ കണ്ടിട്ടേയില്ലല്ലോ.”
“അദ്ദേഹത്തിന്റെ ക്വബ്റിൽ ഇടുക്കം വന്നു. ഒരു തലനാരിഴ പോലെ മാത്രം (വിടവ്) ആയിത്തീരുന്നത് വരെ (ഇടുങ്ങി.) അപ്പോൾ അത് ഉയർത്തപ്പെടാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. കാരണം, അദ്ദേഹം മൂത്രമൊഴിച്ചാൽ അദ്ദേഹം ‘ഇസ്തിബ്റാഅ്’ (പൂർണ്ണമായി ഉറ്റിത്തീർക്കാൻ പരിശ്രമിക്കൽ) ചെയ്യാറില്ലായിരുന്നു.”
അവിടുന്ന് പ്രത്യുത്തരം നൽകി.”
(കിതാബുസ്സുഹ്ദ്, ഹന്നാദ് ബ്നു സ്സറിയ്യ്)
★ ★ ★
അബൂ മുഹമ്മദ് അസ്സാലിമീ (رحمه الله) രേഖപ്പെടുത്തുന്നു. ക്വബ്ർ ശിക്ഷയുടെ കാര്യത്തിൽ ഉള്ള ഹദീഥുകളിൽ ഏറ്റവും ശക്തമായ വചനങ്ങളാണ് സഅദ് ബ്നു മുആദ് (رضي الله عنه) വിന്റെ കാര്യത്തിൽ വന്നത്. “...അദ്ദേഹത്തിന്റെ വാരിയെല്ലുകൾ പരസ്പരം കോർക്കപ്പെട്ടു.”
അദ്ദേഹത്തെ കുറിച്ച് മറ്റു സ്വഹാബികൾ പറയുന്നു.
“മൂത്ര ശുദ്ധീകരണത്തിൽ അല്ലാതെ മറ്റൊരു ന്യൂനതയും അദ്ദേഹത്തിൽ ഞങ്ങൾ കണ്ടിട്ടില്ല.”
★ ★ ★
ഇമാം ക്വുർത്വുബി (رحمه الله) തങ്ങൾ അഭിപ്രായപ്പെടുന്നു.
“.....പിന്നെ അദ്ദേഹത്തിന് വിശാലത നൽകപ്പെട്ടു.” എന്ന നബിﷺ തങ്ങളുടെ വചനം അർത്ഥമാക്കുന്നത് പ്രസ്തുത വീഴ്ച്ചക്ക് അദ്ദേഹത്തിന് പ്രതിഫലം നൽകപ്പെട്ടു കഴിഞ്ഞു എന്നും, ഇനിയൊരിക്കലും അദ്ദേഹം ക്വബ്റിൽ ശിക്ഷിക്കപ്പെടുകയില്ല എന്നുമാണ്. അങ്ങനെ ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നവൻ അദ്ദേഹത്തിന്റെ ഉന്നത പദവിയിൽ സംശയിക്കുന്നവൻ മാത്രമായിരിക്കും. അർശ് പ്രകമ്പനം കൊള്ളുകയും, വാനവാസികളായ റഹ്മതിന്റെ മലക്കുകൾ സന്തോഷപൂർവ്വം ആത്മാവിനെ സ്വീകരിച്ചാനയിക്കുകയും ചെയ്യപ്പെട്ട ഒരാൾ ക്വബ്റിൽ വിശാലത നൽകപ്പെട്ട ശേഷം ശിക്ഷിക്കപ്പെടുകയോ...? ഇല്ല! ഒരിക്കലുമില്ല..! സ്വയം വഞ്ചിതനായ പാമരനല്ലാതെ അങ്ങനെ വിശ്വസിക്കില്ല. ഇമാം ബുഖാരിയും മുസ് ലിമും ഒക്കെ സഅദ് (رضي الله عنه) ന്റെ ധാരാളം മഹത്വങ്ങൾ വിളിച്ചോതുന്നുണ്ട്.
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment