4. രോഗ പീഢ. ( مرض )
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു :
“ഒരാൾ രോഗിയായി (കിടന്നതിനു ശേഷം) മരണപ്പെട്ടാൽ അവൻ ശഹീദായി മരണം വരിച്ചിരിക്കുന്നു. അവൻ ക്വബ്ർ ഫിത്നഃയിൽ നിന്ന് കാവൽ നൽകപ്പെടുന്നതാണ്. സ്വർഗ്ഗീയ ഭക്ഷ്യ പദാർത്ഥങ്ങൾ കൊണ്ട് പ്രാതലും അത്താഴവും കഴിപ്പിക്കപ്പെടുന്നതുമാണ്.”
(ഇബ്നു മാജഃ)
ജാമിഅ് ബ്നു ശദ്ദാദ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം അബ്ദുല്ലാഹ് ബ്നു യസാർ (رضي الله عنه) വിൽ നിന്ന് കേട്ടതായി ഉദ്ധരിക്കുന്നു :
“ഞാൻ സുലയ്മാൻ ബ്നു സ്വർദ്, ഖാലിദ് ബ്നു ഉർഫുത്വഃ (رضي الله عنهما) എന്നിവരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഉദരരോഗിയായി മരിച്ച വിവരമറിയിക്കപ്പെട്ടു. അപ്പോൾ അവർ രണ്ട് പേരും ജനാസ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. അപ്പോൾ അവരിലൊരാൾ അപരനോട് പറഞ്ഞു :
“ഉദര രോഗം ഒരാളെ വധിച്ചാൽ അവൻ ക്വബ്റിൽ ശിക്ഷിക്കപ്പെടുകയില്ല.’ എന്ന് നബിﷺ തങ്ങൾ പറഞ്ഞിട്ടില്ലേ..”
(നസാഈ, അബൂ ദാവൂദു ത്ത്വയാലിസീ.)
★ ★ ★
ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു:
‘ഇവിടെ ആദ്യ ഹദീഥിൽ രോഗം വന്ന് മരണപ്പെട്ടാൽ എന്ന് പൊതുവായും രണ്ടാം ഹദീഥിൽ ഉദര സംബന്ധമായ രോഗങ്ങൾ എന്ന് പ്രത്യേകമായും വന്നിട്ടുണ്ട്. ഇവിടെ പണ്ഡിതൻമാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.’
ഒന്ന്, അതിസാരം വന്ന് മരുന്നുകൾ ഏൽക്കാത്ത, ആമാശയത്തിൽ എന്ത് എത്തിയാലും പുറം തള്ളപ്പെടുന്ന അവസ്ഥയിൽ, അറബികൾ, “أخذه البطن” [ഉദര (രോഗം) അവനെ പിടികൂടി.] എന്ന് പ്രയോഗിക്കാറുണ്ട്. അത് കൊണ്ട് അതിസാരം (കോളറ) ആയിരിക്കാം നബിﷺ തങ്ങൾ പറഞ്ഞത്.
രണ്ട്, അത് ‘മഹോദരം (ശരീരത്തിലോ വയറിലോ നീർകെട്ട് വരിക) എന്ന’ രോഗമാണ്. അത്തരം ഘട്ടത്തിലും അറബികൾ ‘قتله بطنه’ (അവനെ ഉദരം കൊന്നു കളഞ്ഞു.) എന്ന് പ്രയോഗിക്കാറുണ്ട്. ഈ രോഗം വന്നാൽ മിക്കവാറും അതിസാരം കൂടി ബാധിക്കാറുണ്ട്. അപ്പോൾ രണ്ട് കാര്യങ്ങളും യോജിച്ചു വന്നത് പോലെയായി...
നമ്മുടെ ആന്തരിക അവയവങ്ങളിൽ ഏറിയ പങ്കും ഉദരഭാഗത്ത് ആണുള്ളത്. അതു കൊണ്ടായിരിക്കാം ഹദീഥിൽ ഇത് പ്രത്യേകം പ്രതിപാദിക്കാൻ കാരണം. അതിനാൽ വേദനാജനകമായ മറ്റ് രോഗങ്ങൾ വന്ന് മരണപ്പെട്ടാലും ഇപ്രകാരമുള്ള പദവി ലഭിച്ചേക്കാം. എന്നാൽ പെട്ടെന്ന് മരണപ്പെടുകയോ പനി പോലെയുള്ള നിസ്സാരരോഗങ്ങൾ (വേദന കുറഞ്ഞ രോഗങ്ങൾ) വന്ന് മരണപ്പെടുകയോ ചെയ്താൽ ഈ പദവി ലഭിക്കില്ല. കാരണം, രോഗ വേദനയുടെ മൂർദ്ധന്യത്തിൽ, ക്ഷമയില്ലാത്തവരുടെ ഈമാൻ പോലും തെറ്റിപ്പോകുന്ന, പരീക്ഷണം സംഭവിക്കാം. അത്, ശഹീദിന്റെ തലക്ക് മുകളിൽ മിന്നുന്ന വാൾതല പോലെ, അവന്റെ ക്വബ്ർ ഫിത്നഃയിൽ നിന്ന് അവനെ രക്ഷിച്ചേക്കാം. الله أعلم
★ ★ ★
5. സൗഭാഗ്യ സമയങ്ങൾ. ( الزمان )
അബ്ദുല്ലാഹി ബ്നു അംറ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :
“വെള്ളിയാഴ്ച്ച ദിവസമോ രാവിലോ മരിക്കുന്ന ഒരു മുസ് ലിമിന്നും ക്വബ്ർ ഫിത്നഃയിൽ നിന്ന് അല്ലാഹു തആല കാവൽ നൽകാതിരിക്കില്ല.”
(തിർമുദി, അഹ് മദ്, ഹകീം തിർമുദി)
മുഹമ്മദ് ബ്നു മുൻകദിർ (رضي الله عنه) ജാബിർ (رضي الله عنه) വിൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ തങ്ങൾ അരുളിയതായി ജാബിർ തങ്ങൾ പറയുന്നു :
“വെള്ളിയാഴ്ച്ച രാവിലോ പകലിലോ ഒരാൾ മരണപ്പെട്ടാൽ ക്വബ്ർ ശിക്ഷയിൽ നിന്ന് അവന്ന് അഭയം നൽകപ്പെടുന്നതാണ്. ക്വിയാമഃ ദിവസത്തിൽ, ശുഹദാക്കളുടെ ലേബലോടെയാകും അവൻ വരിക.”
(ഹിൽയഃ, -അബൂ നഈം رحمه الله)
★ ★ ★
ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നു.
“ഈ വിഷയത്തിൽ ഉള്ള ഹദീഥുകളിൽ വൈരുദ്ധ്യം കാണേണ്ടതില്ല. മറിച്ച്, ക്വബ്ർ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കപ്പെട്ട വിവിധ വിഭാഗങ്ങളുടെ വ്യത്യസ്ഥ വിശേഷണങ്ങളായി അവയെ കണ്ടാൽ മതി. മാത്രമല്ല ഇതൊന്നും താരതമ്യം (قياس) ചെയ്യേണ്ട വസ്തുതകളുമല്ല. ഇക്കാര്യത്തിൽ നാം നബിﷺ തങ്ങളുടെ തിരുവചനങ്ങളെ അക്ഷരാർത്ഥത്തിൽ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടത്.”
ഇബ്നു മാജഃ (رحمه الله) തന്റെ ‘സുനനി’ൽ ഉദ്ധരിക്കുന്നു.
നബിﷺ തങ്ങൾ പറഞ്ഞതായി ജാബിർ (رضي الله عنه) നിവേദനം ചെയ്യുന്നു :
“മയ്യിത്ത് ക്വബ്റിൽ പ്രവേശിച്ചാൽ, അസ്തമയ സൂര്യൻ പോലെ അവന്ന് കാണിക്കപ്പെടും. അപ്പോൾ അവൻ എഴുന്നേറ്റ് ഇരുന്ന് കണ്ണുകൾ തടവിക്കൊണ്ട് പറയും. എന്റെ പിതൃക്കൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു.”
ഈ കാര്യത്തിൽ, മറ്റു ചില കാര്യങ്ങൾ കൂടി ഹദീഥുകളിൽ വന്നതായി ഇമാം ക്വുർത്വുബി (رحمه الله) ഉദ്ധരിക്കുന്നു :
ഇബ്നു മസ്ഊദ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :
“ഒരാളുടെ മരണം റമളാനിന്റെ പൂർത്തീകരണ ഘട്ടത്തിലായാൽ അവൻ സ്വർഗ്ഗാവകാശി ആയി. ഒരാളുടെ മരണം അറഫയുടെ സമാപ്ത സമയത്തായാൽ അവൻ സ്വർഗ്ഗാവകാശി ആയി. ഒരാളുടെ മരണം തന്റെ സ്വദക്വഃ പൂർത്തിയാക്കിയ വേളയിലായാൽ അവൻ സ്വർഗ്ഗാവകാശി ആയി.”
(ഹിൽയഃ -അബൂ നഈം)
★ ★ ★
“സ്വർഗ്ഗ-നരക ദർശനം ക്വബ്റിൽ.”
“...പ്രഭാതത്തിലും പ്രദോഷത്തിലും നരകം അവർക്ക് (ഫിർഔൻ കുടുംബത്തിന്) മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്.”
(ഗ്വാഫിർ : 46)
“...പ്രഭാതത്തിലും പ്രദോഷത്തിലും അവർക്കവിടെ ഭക്ഷണം ഉണ്ടാകും.”
(മർയം : 62)
ഇബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു :
“നിശ്ചയം, നിങ്ങളിലൊരാൾ മരണപ്പെട്ടാൽ, രാവിലെയും വൈകുന്നേരവും അവന്ന് തന്റെ സ്ഥാനം കാണിക്കപ്പെടും. അവൻ സ്വർഗ്ഗാവകാശിയാണെങ്കിൽ സ്വർഗ്ഗവാസികളുടെയും, നരകാവകാശിയാണെങ്കിൽ നരകവാസികളുടെയും (സ്ഥാനം കാണിക്കപ്പെടും). അങ്ങനെ അവനോട് പറയപ്പെടും : “അന്ത്യനാളിൽ അല്ലാഹു നിന്നെ അങ്ങോട്ട് അയക്കുവോളം നിന്റെ ഈ സ്ഥാനം (കണ്ടു കൊണ്ടിരിക്കുക).”
(ബുഖാരി, മുസ് ലിം)
ഈ കാഴ്ച ഏത് രൂപത്തിലാണ് എന്നതിൽ പല അഭിപ്രായങ്ങളും പണ്ഡിതൻമാർക്കിടയിൽ ഉണ്ട്. ചിലർ പറയുന്നത് അത് റൂഹിന്ന് മാത്രമായിരിക്കും എന്നാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളും അതിൽ പങ്ക് കൊള്ളുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അത് അനുഭവിക്കാമെന്ന് പറയുന്നവരുമുണ്ട്. മലക്കുകളുടെ ചോദ്യം ചെയ്യൽ അത്തരത്തിൽ ആയിരിക്കുമല്ലോ. الله أعلم
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment