“നശിക്കാത്ത നിസ്തുല ശിഷ്ടം!”
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഒരു അസ്ഥിയൊഴികെ, മനുഷ്യനിൽ യാതൊന്നും ദ്രവിക്കാത്തതില്ല. അത് عَجْبُ الذَّنَب (നിസ്തുല ശിഷ്ടം) ആകുന്നു. അതിൽ നിന്നാണ് ക്വിയാമഃ ദിവസത്തിൽ അവന്റെ രൂപം പുനഃ സൃഷ്ടിക്കപ്പെടുന്നത്.”
(ബുഖാരി, മുസ് ലിം, ഇബ്നുമാജഃ )
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് വീണ്ടും. നിശ്ചയം, നബിﷺ തങ്ങൾ അരുളി :
“നിസ്തുല ശിഷ്ടം (عَجْبُ الذَّنَب) ഒഴികെ, എല്ലാ മനുഷ്യരെയും മണ്ണ് ഭക്ഷിക്കും. അതിൽ നിന്നാണ് അവനെ സൃഷ്ടിക്കപ്പെട്ടതും, അതിൽ തന്നെയാണ് (പിന്നീട്) പുനഃ സൃഷ്ടിക്കപ്പെടുന്നതും.”
(മുസ് ലിം)
നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം (അബൂഹുറയ്റഃ) പറഞ്ഞു :
“നിശ്ചയം, ഒരിക്കലും ഭൂമി ഭക്ഷിക്കാത്ത ഒരു അസ്ഥി മനുഷ്യശരീരത്തിലുണ്ട്.”
‘അത് ഏത് അസ്ഥിയാണ് റസൂലരേ,’ എന്ന് അവർ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:
“അത് عَجْبُ الذَّنَب (നിസ്തുല ശിഷ്ടം) ആണ്.”
(മുസ് ലിം)
★ ★ ★
ഇത് മനുഷ്യന്റെ മുതുകെല്ലിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്ന് ചിലർ വിശദീകരിക്കുന്നുണ്ട്. അത് വളരെ മൃദുവായ കോശമാണെന്നും, അതിനെ പൊതിഞ്ഞ കവചമാണ് കഠിനമെന്നും പറയപ്പെടുന്നു. ഇതാണത്രെ മനുഷ്യനിൽ ആദ്യമായി സൃഷ്ടിക്കപ്പെട്ടതും നശിക്കാതെ നിലനിൽക്കുന്നതും. പക്ഷേ ആകെക്കൂടി കടുകുമണിയോളമേ കാണൂ.
അബൂ സഈദ് അൽ ഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം.
നബിﷺ തങ്ങളോട് ആരോ ചോദിച്ചു : “അല്ലാഹുവിന്റെ തിരു ദൂതരേ, അത് (അദ്ഭുത ശിഷ്ടം) എന്താണ് ?”
അവിടുന്ന് പ്രതിവചിച്ചു :
“ഒരു കടുകുമണി പോലെയാണ്. അതിൽ നിന്നാണ് നിങ്ങൾ രൂപം കൊള്ളുന്നത്.”
(അഹ് മദ്, അബൂ ദാവൂദ്, അബൂ യഅ്ലാ, ഇബ്നു ഹിബ്ബാൻ, ഹാകിം.)
★ ★ ★
ആദ്യം ഉദ്ധരിച്ച ഹദീഥിന്റെ ചില റിപ്പോർട്ടുകളിൽ നാൽപ്പത് വർഷം കൊണ്ടാണ് പുനസൃഷ്ടി പൂർണ്ണമാകുന്നത്, എന്നു കാണാം. എന്നാൽ രണ്ടാം ഹദീഥിൽ ആദ്യസൃഷ്ടിയും അതിൽ നിന്നാണെന്ന് വ്യക്തമാകുന്നു. അവിടെ ചിലർ സംശയം ഉന്നയിക്കുന്നത്, എന്തു കൊണ്ട് സമയവ്യത്യാസം എന്നാണ്. മാതൃ ഗർഭത്തിൽ വെച്ച് ഒരു വർഷം പോലും തികച്ചു വേണ്ട. ക്വിയാമഃ ദിവസത്തിൽ നാൽപ്പത് വർഷം ! (ചില അഭിപ്രായപ്രകാരം നാൽപ്പത് വ്യാഴവട്ടം). ഇങ്ങനെ എന്തു കൊണ്ടാണ്? മറ്റൊരു ചോദ്യം മനുഷ്യേതര ജീവികൾക്ക് ഇതൊന്നും ഇല്ലേ എന്നാണ്.
ഈ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരാണ് പണ്ഡിതൻമാർ. നാൽപ്പത് ദിവസം കൊണ്ടാണ് രൂപം പ്രാപിക്കുന്നത് എന്ന അഭിപ്രായം പോലും ഉണ്ട്. പക്ഷേ, യുക്തമായ വീക്ഷണം അതൊന്നുമല്ല. ഇവിടെ ഇഹലോകത്ത് അറുപതോ എഴുപതോ, ഏറിയാൽ നൂറോ വർഷം മാത്രമാണ് നാം ജീവിക്കുന്നത്. അതിന് അനുയോജ്യമായ രീതിയിലുള്ള കരുത്തും ഉറപ്പും മാത്രമേ ആ ശരീരത്തിന് വേണ്ടതുള്ളൂ. അതിനനുസരിച്ച് രൂപപ്പെടുത്താൻ പത്ത് മാസത്തെ പാകം മതിയാകും. എന്നാൽ അനന്തമായ പരലോകജീവിതത്തിൽ കൂടുതൽ കരുത്തും കടുപ്പവും കൂടിയേ തീരൂ. സ്വർഗ്ഗവാസികൾക്ക് നമ്മിൽ നാൽപ്പത് പേരുടെ കരുത്തുണ്ടെന്ന് ഹദീഥിൽ വന്നിട്ടുണ്ടല്ലോ. നരകവാസികൾക്കും ദീർഘമായ ശിക്ഷകൾ അനുഭവിക്കാനുള്ള കടുപ്പം ശരീരത്തിന് വേണ്ടതാണ്. അനുസരിച്ച് ശരീരം കൂടുതൽ ബലവത്താകേണ്ടതുണ്ട്. അത് കൊണ്ടായിരിക്കണം പുനസൃഷ്ടികർമ്മം സാവധാനത്തിൽ ആയിത്തീരുന്നത്. الله أعلم
മനുഷ്യേതര ജീവികൾക്കും ഇത്തരം അവക്ഷിപ്തം ഉണ്ടാകുമെന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. ഇബ്റാഹീം നബി (അ) മിന്റെയും മറ്റും ചരിത്രങ്ങൾ ക്വുർആൻ വിവരിച്ചതാണ് അവർ തെളിവായി ഉദ്ധരിക്കുന്നത്. അതായത് പക്ഷികളുടെ വ്യത്യസ്ത ഭാഗങ്ങൾ, നാല് പർവ്വതങ്ങളിൽ നിക്ഷേപിച്ച് അവയെ പിന്നീട് അല്ലാഹു തആല അദ്ദേഹത്തിന് വീണ്ടും പുനർജ്ജനിപ്പിച്ച് നൽകിയ ചരിത്രവും മറ്റ് അമ്പിയാക്കളുടേയും അസ്ഹാബുൽ കഹ്ഫിന്റേയും (നായ അടക്കം) മറ്റും ചരിത്രവും ഇവയെ സാധൂകരിക്കുന്നു. الله أعلم
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment