Sunday, September 10, 2017

11 - “തൗബ.”


                       “തൗബ”

‏‏
.

" وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ "
(النور : ٣١ )

    ".....സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. (എങ്കിൽ) നിങ്ങൾ വിജയികളായേക്കാം."
(അൽ നൂർ: 31)

” يَاأَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا"
(التحريم : ٨ )
  
 
       “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി ഖേദിച്ച് മടങ്ങുവീൻ..."
(അത്തഹ് രീം)

                       ★    ★    ★

    അബൂസഈദ് അൽഖുദ് രി (റ) വിൽ നിന്ന് നിവേദനം.
നബി (സ്വ) തങ്ങൾ അരുളിയതായി അദ്ദേഹം അറിയിച്ചു :

      “നിങ്ങളുടെ പൂർവ്വീക സമൂഹത്തിൽ തൊണ്ണൂറ്റിഒമ്പത് പേരെ വധിച്ച ഒരുവനുണ്ടായിരുന്നു. എന്നിട്ട് അവൻ ലോകത്ത് ഏറ്റവും അറിവുള്ളത് ആരാണെന്ന് അന്വേഷിച്ചപ്പോൾ ഒരു പുരോഹിതനാണെന്ന വിവരം കിട്ടി. അങ്ങനെ അയാൾ, 'തൊണ്ണൂറ്റിഒമ്പത് പേരെ വധിച്ച തനിക്ക് പാപമോചനം ലഭിക്കുമോ'യെന്ന് അവിടെ ചെന്ന് ചോദിച്ചു. പുരോഹിതൻ 'ഇല്ലെ'ന്ന് പറഞ്ഞപ്പോൾ അയാളെയും കൊന്ന് നൂറ് തികച്ചു. പിന്നെയും അയാൾ ഏറ്റവും അറിവുള്ളയാളെ അന്വേഷിച്ചപ്പോൾ ഒരു പണ്ഡിതനെക്കുറിച്ച് വിവരം ലഭിച്ചു. 'നൂറു പേരെ വധിച്ച തനിക്ക് പാപമോചനം ലഭിക്കുമോ'യെന്ന് പണ്ഡിതനോടും അയാൾ ചോദിച്ചു. പണ്ഡിതൻ പറഞ്ഞു:

     “അതെ, പാപിയുടെയും പ്രായശ്ചിത്തത്തിന്റെയും ഇടയിൽ ആര് തടസ്സമാകാൻ ? നീ ആ (പറയപ്പെട്ട) നാട്ടിലേക്ക് പോകൂ. അവിടെയുള്ളത് അല്ലാഹുവിനെ ആരാധിക്കുന്ന ജനതയാണ്. അവരോടൊപ്പം നീയും അല്ലാഹുവിനെ ആരാധിക്കുക. നിന്റെ നാട്ടിലേക്ക് മടങ്ങരുത്. അത് ദുഷിച്ച നാടാണ്.”

    അങ്ങനെ അവൻ പുറപ്പെട്ടു. പകുതി ദൂരം പിന്നിട്ടപ്പോൾ അവന്റെ മരണമെത്തി. അപ്പോൾ അയാളുടെ കാര്യത്തിൽ കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകൾ തമ്മിൽ തർക്കിച്ചു. തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് ഖേദിച്ച് അഭയം തേടി വന്നതാണ് അയാളെന്ന് റഹ് മതിന്റ മലക്കുകൾ വാദിച്ചപ്പോൾ അയാൾ ഇന്നു വരെ യാതൊരൂ നന്മയും ചെയ്തിട്ടില്ലെന്ന് ശിക്ഷയുടെ മലക്കുകളും പറഞ്ഞു. അപ്പോൾ മനുഷൃരൂപത്തിൽ മറ്റൊരു മലക് വന്നു. അവർ മദ്ധ്യസ്ഥനാകാൻ ആവശ്യപ്പെട്ടു. അവൻ പറഞ്ഞു: രണ്ട് നാട്ടിലേക്കുമുള്ള ദൂരമളക്കുക, അവൻ ഏറ്റവും അടുത്തുള്ള നാടിന്റെയാളാണ്. അളന്നു നോക്കുമ്പോൾ ലക്ഷ്യമാക്കിയ നാട്ടിലേക്ക് അടുത്തതായി കണ്ടു. അങ്ങനെ കാരുണ്യത്തിന്റെ മലക്കുകൾ അവന്റെ ആത്മാവിനെ കൊണ്ടു പോയി."

(ബുഖാരി, മുസ് ലിം)

      തൗബയുടെ അന്തഃസത്ത ആത്മാർത്ഥമായ ഖേദമാണെന്ന് ഈ ഹദീഥ് നമ്മെ പഠിപ്പിക്കുകയാണ്. മനസ്സിലെ ഖേദം യഥാർത്ഥമാണെങ്കിൽ നാവു കൊണ്ട് ഉച്ചരിക്കുക പോലും വേണ്ട. ഖേദം യഥാർത്ഥമല്ലെങ്കിൽ വായ കൊണ്ട് എത്ര പാപമോചനം തേടിയാലും ഫലം ലഭിക്കുകയുമില്ല. മാത്രമല്ല, അത് മറ്റൊരു പാപമാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

    നബി(സ്വ) തങ്ങളിൽ നിന്ന് ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു :

     “നിശ്ചയം, അന്ത്യശ്വാസം അടുത്തെത്താത്ത കാലത്തോളം, ഒരു അടിമയുടെ പ്രായശ്ചിത്തം (തൗബ) അല്ലാഹു സ്വീകരിക്കുന്നതാണ്.”

(തിർമുദി, ഹാകിം)

     തൗബ ചെയ്യൽ എല്ലാ സത്യവിശ്വാസികൾക്കും നിർബന്ധമാകുന്നു. മാത്രമല്ല അത് അന്ത്യശ്വാസം വലിക്കുമ്പോൾ (റൂഹ് തൊണ്ടക്കുഴിയിൽ എത്തുമ്പോൾ) ആവാനും പാടില്ല. നേരത്തേ കഴിഞ്ഞിരിക്കണം. മരണശയ്യയിലായിരിക്കേ 'സക്റതി'ലെത്തും മുമ്പുള്ള തൗബയാണ് ഏറ്റവും പ്രയോജനകരമെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. അപ്പോൾ പാപങ്ങൾ പൂർണ്ണമായും മായ്ക്കപ്പെട്ട അവസ്ഥയിൽ അല്ലാഹുവുമായി സന്ധിക്കാം. എങ്കിലും തൗബ നേരത്തേ കഴിഞ്ഞിരിക്കണം എന്ന് മറ്റു ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ധാരാളം സൽകർമ്മങ്ങൾ ചെയ്യാനും അത് സ്വീകരിക്കപ്പടാനും കാരണമായേക്കും. ഈ രണ്ട് അഭിപ്രായങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ജീവിതത്തിലുടനീളം പ്രായശ്ചിത്തപൂർണ്ണമായ ജീവിതമാണ് അഭികാമ്യമെന്ന് മറ്റു ചില മഹാൻമാർ പറയുന്നു. പക്ഷേ, തൗബ യെന്നത് അത്ര നിസ്സാരമല്ല.  മനസ്സ്, പാപപൂർണ്ണമായി തുടരുകയും നാവ് മാത്രം പാപമോചനം തേടുകയും ചെയ്യുന്ന അവസ്ഥയിൽ അവന്റെ ചെറുദോഷങ്ങൾ പൊലും, വൻദോഷങ്ങളിൽ ചേരുന്നതാണ്. തൗബയുടെ നിബന്ധനകൾ പൂർണ്ണമായും പാലിക്കാത്തതാണ് കാരണം.

                       ★    ★    ★

    മഹാനായ ഹസൻ ബസ്വരി (റ) പറയുന്നു: “നമ്മുടെ 'ഇസ്തിഗ്ഫാർ' (പാപമോചന പ്രാർത്ഥന) മറ്റൊരു ഇസ്തിഗ്ഫാറിന് ആവശ്യം വരുത്തുന്നതാണ്."
സ്വഹാബികളുടെ ശേഷമുള്ള ഏറ്റവും നല്ല കാലത്ത് ജീവിച്ച മഹാൻമാർ പോലും ഈ രൂപത്തിൽ ഭയപ്പെടുമ്പോൾ പാപങ്ങളിൽ പൂർണ്ണമായും പുരണ്ട നമ്മുടെ അവസ്ഥ എന്താണ്? നാം അക്രമങ്ങളിൽ (പാപങ്ങളിൽ) മനസ്സ് മുഴുകുമ്പോഴും ഇസ്തിഗ്ഫാറിന്റെ വചനങ്ങൾ നാവ് ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഇത് പരിഹാസവും നിസ്സാരപ്പടുത്തലും ആയി മാറുന്നു.

   "ولا تتخذوا آيات الله هزوا ،".  (البقرة:٢٣١)

    “നിങ്ങൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പരിഹാസ്യമാക്കരുത്."
(അൽബക്വറഃ : 231)

     അപ്പോൾ നമ്മുടെ തൗബ എവിടെയാണെന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. അല്ലാഹു കാക്കട്ടെ, (ആമീൻ)

                       ★    ★    ★

                   
.

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...