Wednesday, September 6, 2017

സഫലചിന്തകൾ -6


                 “അന്ത്യ വചനം.”

.

 
  
  

       അബൂ സഈദ് അൽഖുദ്റി (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) അരുളിയതായി അദ്ദേഹം പറയുന്നു:

     “മരണം ആസന്നമായവന് 'ലാ ഇലാഹ ഇല്ലള്ളാഹ് ' എന്ന് ചൊല്ലിക്കൊടുക്കുക.”

(മുസ് ലിം)

.

    ഇബ്നു അബിദ്ദുൻയാ (റ), സൈദ് ബ്നു അസ് ലം (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി (സ്വ) തങ്ങൾ അരുളിയതായി ഉഥ്മാൻ ബ്നു അഫ്ഫാൻ (റ) പറഞ്ഞു:

      “ഒരാൾക്കു മരണം ആസന്നമായാൽ നിങ്ങൾ അയാൾക്ക് 'ലാ ഇലാഹ ഇല്ലള്ളാഹ് ' എന്ന് ചൊല്ലിക്കൊടുക്കുക, കാരണം മരണസമയത്ത് തൗഹീദിന്റ കലിമഃ കൊണ്ട് ഒരാൾ തന്റെ അന്ത്യ വചനം പൂർത്തിയാക്കിയാൽ അത് അവന്റെ സ്വർഗ്ഗത്തിലേക്കുള്ള പാഥേയമാവാതിരിക്കില്ല.”

(ഇബ്നു അബിദ്ദുൻയാ)

.

     ഉമർ ബ്നുൽ ഖത്താബ് (റ) പറഞ്ഞു:

    “മരണാസന്നമായവരുടെ അടുക്കൽ ചെന്ന് അവർക്ക് 'ലാ ഇലാഹ ഇല്ലള്ളാഹ് ' എന്ന് ചൊല്ലിക്കൊടുത്ത്, അവരെ ഓർമ്മിപ്പിക്കുക. കാരണം നിങ്ങൾ കാണാത്ത പലതും അവർ കാണും¹.”

(മുസന്നഫ് അബ്ദുർറസാക്, മുസന്നഫ് ഇബ്നു അബീശൈബഃ)

.

     മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം. നബി സ്വ പറഞ്ഞതായി അദ്ദേഹം പറഞ്ഞു:

     “ഒരാളുടെ (മരണസമയത്തെ) അന്ത്യ വചനം 'ലാ ഇലാഹ ഇല്ലള്ളാഹ് ' എന്നായാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു."

(അബൂദാവൂദ്, ഹാകിം, അഹ് മദ്)

                        ★    ★   ★

    തിന്റെ ഉദ്ദേശ്യം 'വിജയികളുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും' എന്നാണ് ഭൂരിഭാഗം പണ്ഡിതൻമാരും അഭിപ്രായപ്പെടുന്നത്. മറിച്ച്, മരണസമയത്ത് കലിമ ചൊല്ലാൻ ഭാഗ്യം ലഭിക്കാത്തവരെല്ലാം നരകത്തിലായിരിക്കും എന്ന അർത്ഥത്തിൽ അല്ല.

                        ★    ★   ★

    ഇബ്നുൽ മുബാറക് (റ) പറഞ്ഞു:

    “മരണാസന്നമായവന് നിങ്ങൾ 'ലാ ഇലാഹ ഇല്ലള്ളാഹ്' എന്ന് ചൊല്ലിക്കൊടുക്കുക. അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ പിന്നെ വെറുതെ വിട്ടേക്കുക."

   - ഇമാം ബഗ് വി (ശറഹുസ്സുന്ന)

.

       അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (സ്വ) തങ്ങൾ പറയുന്നതായി ഞാൻ കേട്ടു:

    “ഒരു മനുഷ്യന്റെ അടുക്കൽ 'മരണത്തിന്റെ മലക് ' എത്തി. അങ്ങനെ അയാളുടെ ഹൃദയത്തിലേക്ക് നോക്കി, അവിടെ യാതൊന്നുമില്ല. അങ്ങനെ
താടിയെല്ലുകൾ പരിശോധിച്ചു. അപ്പോൾ അയാളുടെ നാവിൻ തുമ്പ് കടവായിലേക്ക് ചേർത്ത് അയാൾ പറയുന്നുണ്ടായിരുന്നു, 'ലാ ഇലാഹ ഇല്ലള്ളാഹ്' . അങ്ങനെ ആ ആത്മാർത്ഥ വചനം കൊണ്ട് അയാൾക്ക് പാപം പൊറുക്കപ്പെട്ടു.”

(ബൈഹഖി, ഇബ്നു അബിദ്ദുൻയാ)

                        ★    ★   ★

    കൂടുതൽ തവണ ശഹാദത് ചൊല്ലിക്കൊടുക്കുന്നത് പണ്ഡിതൻമാർ വെറുത്ത കാര്യമാണ്. കാരണം പിശാച് മനുഷ്യനെ വഴിതെറ്റിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന സന്ദർഭമാണിത്. ചില പണ്ഡിതൻമാർ പറയുന്നത്, കലിമഃ ചൊല്ലിക്കൊടുക്കുന്നത് മരണാസന്നന്റെ ഹൃദയത്തിൽ അത് പതിയാൻ വേണ്ടിമാത്രമാണ്, നാവ് കൊണ്ട് ചൊല്ലിയില്ലെങ്കിൽ പോലും ഹൃദയത്തിൽ 'അല്ലാഹു' എന്നുള്ള ചിന്തയല്ലാതെ മറ്റൊന്നുമില്ലാത്ത അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ തന്നെ വിജയിച്ചവനാകും.

                        ★    ★   ★

    അബ്ദുല്ലാഹ് ബ്നു ശബ് റമഃ എന്നവർ ഉദ്ധരിക്കുന്നു:

    “ഞാൻ ആമിർ അശ്ശിഅ്ബിയോടൊപ്പം ഒരു രോഗിയെ സന്ദർശിക്കാൻ ചെന്നു. ഞങ്ങളവിടെ ചെന്നപ്പോൾ ഒരാൾ ധാരാളമായി കലിമഃ ചൊല്ലിക്കൊടുത്തുകൊണ്ടേയിരിക്കുന്നു. അപ്പോൾ ശിഅ്ബി പറഞ്ഞു:

      “അവനെ ബുദ്ധിമുട്ടിക്കരുതേ...”

       അപ്പോൾ രോഗി സംസാരിക്കാൻ തുടങ്ങി:

      “അവൻ കലിമഃ ചൊല്ലിത്തന്നാലും ഇല്ലെങ്കിലും ഞാൻ അത് കൈവിടില്ല.” പിന്നെ അവൻ ഓതി.
"والزمهم كلمة التقوى وكانوا أحق بها وأهلها"
   “....അവർക്ക് (സത്യവിശ്വാസികൾക്ക്) 'തക്വ് വ'യുടെ വചനം നിർബന്ധമാക്കിയിരിക്കുന്നു. അവരാണ് അതിന് ഏറ്റവും അർഹതയുള്ളവരും അവകാശപ്പട്ടവരും..”     (ഫത്ഹ്:26)

ഇത് കേട്ട ശിഅ്ബി പറഞ്ഞു:

   “ഇത്തരത്തിൽ നമ്മുടെ സഹോദരനെ വിജയിപ്പിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും."

                        ★    ★   ★

    ‘ജുനൈദുൽ ബഗ്ദാദി' (റ) ക്ക് മരണസമയത്ത് കലിമഃ ചൊല്ലിക്കൊടുക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്   ‘എന്നെ ഓർമ്മിപ്പിക്കാൻ ഞാൻ അത് മറന്നിട്ടേയില്ല.’ എന്നാകുന്നു.

    പക്ഷേ ഇതെല്ലാം മഹാൻമാരുടെ കാര്യമാണ്. അവർ കലിമഃ യുടെ പൊരുളറിഞ്ഞ് ജീവിച്ചവരാണ്. അവരുടെ ഹൃദയത്തിൽ തന്നെ സദാസമയവും അത് ഉള്ളതിനാൽ മരണസമയത്തും നില നിൽക്കും. അവർ നാവ് കൊണ്ട് ചൊല്ലിയില്ലെങ്കിൽ പോലും. എന്നാൽ സാധാരണവിശ്വാസിക്ക് കലിമഃ ചൊല്ലിക്കൊടുക്കൽ തിരുചര്യ അനുസരിക്കലാകുന്നു.

____________________________________

¹ മരണസമയത്ത് കാണുന്ന മായക്കാഴ്ച്ചകളെ കുറിച്ച് കൂടുതൽ വിവരണങ്ങൾ തുടർന്നുള്ള പോസ്റ്റുകളിൽ !

                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...