Monday, September 4, 2017

8 - “വിധി, അന്ത്യ നിമിഷങ്ങളിൽ...”


          “അന്ത്യനിമിഷങ്ങളിൽ”







        ഇബ്നുൽ മുബാറക് (റ), സുഫ് യാൻ (റ), എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീഥിൽ  കാണാം.

      “ഏതൊരാളും മരണസമയത്ത് അയാൾക്ക് മുമ്പിൽ തന്റെ കൂട്ടുകാരുടെ സദസ്സ് കാണിക്കപ്പെടുന്നതാണ്. അവൻ വിനോദങ്ങളിൽ കഴിഞ്ഞവനെങ്കിൽ, അത്തരം സദസ്സ് ആയിരിക്കും കാണിക്കപ്പെടുന്നത്. അവർ ദിക്റിന്റെ (ഇലാഹീ സ്മരണയുടെ) ആളുകളെങ്കിൽ അത്തരം സദസ്സ് ആയിരിക്കും കാണിക്കപ്പെടുന്നത്."

(ബൈഹഖി, ഇബ്നുൽ മുബാറക്)

     ഹദീഥ്, അതിന്റെ പരമ്പരയുടെ വിഷയത്തിൽ അത്ര പ്രബലമല്ലെങ്കിലും ധാരാളം സംഭവങ്ങൾ മഹാൻമാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടത് അതിന്റെ സാരാംശത്തെ ശക്തിപ്പെടുത്തുന്നു. സാധാരണക്കാരായ ആളുകളിൽ ഐഹികപ്രമത്തത അധികമാകുമ്പോൾ, ഇലാഹീസ്മരണയേക്കാൾ മറ്റു ചിന്തകൾ വ്യാപരിക്കുമ്പോൾ അത് അന്ത്യനിമിഷങ്ങളിൽ കലിമ ഉച്ചരിക്കുന്നതിന് തടസ്സമാകുന്നു. 

      ബസ്വറയിലെ പണ്ഡിതനും സാത്വികനുമായ ‘റബീഅ് ബ്നു ശിബ്റത് ഉൽ ജുഹനീ'  എന്നവർ പറയുന്നു:

      “ഞാൻ 'ശാമി'ൽ വെച്ച് ഒരു ജനക്കൂട്ടം കണ്ടപ്പോൾ സംഭവമന്വേഷിച്ചു. അവർ വിവരിച്ചു തന്നു. ഒരാളുടെ മരണസമയത്ത് ശഹാദത് ചൊല്ലിക്കൊടുത്തു, അപ്പോൾ അവൻ പറയുന്നത്, 'നീ കുടിക്ക്, എനിക്കും കുടിക്കാൻ താ' എന്നായിരുന്നു.!

    ‘അഹ് വാസ്' ൽ വെച്ച് ഒരുവന് കലിമ ചൊല്ലിക്കൊടുത്തപ്പോൾ അവൻ പറയാൻ തുടങ്ങി:

   ‘പത്ത്, പതിനൊന്ന്, പന്ത്രണ്ട്...’

   അവൻ ഒരു ഓഫീസിലെ കണക്കെഴുത്തുകാരനായിരുന്നു! അപ്പോൾ അയാളുടെ ചിന്തയിൽ മരണസമയത്തും അത് കടന്നു വന്നു."

    'റബീഉൽ ജുഹനീ' തുടരുന്നു :

     “ഇവിടെ ബസ്വറയിൽ തന്നെ ഒരാൾക്കു കലിമ ചൊല്ലിക്കൊടുത്തപ്പോൾ അയാൾ 'കുളിപ്പുരയുടെ വഴിയന്വേഷിച്ചവളെ'  തേടി കവിത പാടിക്കൊണ്ടിരുന്നു."

   ഇമാം ക്വുർത്വുബി (റ) പറയുന്നു:

   ‘ഇത്തരം ഉദാഹരണങ്ങൾ ധാരാളമുണ്ട്. ഒരാൾക്കു കലിമ ചൊല്ലിക്കൊടുത്തപ്പോൾ അയാൾ പറയുന്നത് 'മഞ്ഞപ്പശു' എന്നായിരുന്നു. ചില ലേലം വിളിക്കാർ മരണസമയത്തും അത് തന്നെ ഉരുവിട്ടതായി കേട്ടിട്ടുണ്ട്.’ ഇത്തരം പരീക്ഷണങ്ങളെ തൊട്ട് അല്ലാഹു തആലാ നമ്മളെ കാത്തു രക്ഷിക്കട്ടെ... (ആമീൻ)

                          ★    ★    ★
                

     ‘ഫുളൈലു ബ്നു അബ്ദിൽ വഹ്ഹാബ്’ എന്നവർ ഉദ്ധരിക്കുന്നു:

 ബസ്വറയിലെ ഒരു ശൈഖ് നമ്മോട് അറിയിച്ചു:

      “മരണാസന്നനായ ഒരാളുടെ അടുക്കൽ ഞാൻ ചെന്നു. അപ്പോൾ അയാൾ പാടി കൊണ്ടിരുന്നു:

”يَا رُبَّ  قَائِلَةٍ  يَوْمًا  وَقَدْ تَعِبَتْ ،
كَيْفَ الطَّرِيقُ إِلَى حَمَّامٍ  منجَابِ ،“

        “വിവശയായ് ഒരു ദിനം ‘മൻജാബീ’ സ്നാന ഗേഹത്തിലേക്കായ്  മാർഗ്ഗം ശ ചോദിപ്പവളേ, എവിടെ നീ, എവിടെയാണ് ?”

(ഇമാം ബൈഹഖി,  ശിഅ്ബുൽ ഈമാൻ)

                       ★    ★    ★

                     പശ്ചാത്തലം

       അബ്ബാസീ കാലഘട്ടത്തിലെ ഖലീഫമാർ രാജ്യത്തെമ്പാടും പൊതുകുളിശാലകൾ നിർമ്മിച്ചിരുന്നു. സ്ത്രീകൾക്ക് വേണ്ടിയായിരുന്നു, അവയധികവും. ബസ്വറയും വ്യത്യസ്തമായിരുന്നില്ല. നമ്മുടെ പശ്ചാത്തലം മൻജാബീ കുളിപ്പുരയെന്ന ബസ്വറയിലെ സ്ത്രീകളുടെ കുളിശാലയാണ്.

     ഒരു അതിസുന്ദരിയായ പെൺകൊടി വഴിയറിയാതെ അവിടെയെത്തി. അക്കാലത്തെ കുളിപ്പുരകളിലേക്കുള്ള കവാടങ്ങൾ കമനീയവും വ്യത്യസ്തതയാർന്നതുമായിരുന്നു. അവിടെ, അലങ്കരിച്ച കവാടമുള്ള തന്റെ വീട്ടിനു മുമ്പിൽ നിൽക്കുന്ന യുവാവ് അവളെ കണ്ടു.

    അപ്പോൾ അവൾ സ്നാനഗൃഹത്തിന്റെ കവാടം എവിടെയെന്നന്വേഷിച്ചു. അവൻ തന്റെ വീട്ടുവാതിലിലേക്ക് ചൂണ്ടിക്കാണിച്ചു. അവൾ വാതിൽ തുറന്നെത്തിയത് അവന്റെ വീട്ടിനുള്ളിലേക്കായിരുന്നു! അവൾ പിന്തിരിഞ്ഞപ്പോഴേക്കും തൊട്ട് പിന്നിൽ അവനുമെത്തി. അയാൾ തന്നെ വഞ്ചിച്ചതാണെന്ന് അവൾക്കപ്പോൾ മനസ്സിലായി. അവന്റെ ഇംഗിതം അറിഞ്ഞ അവൾ അവന്ന് വഴങ്ങുന്ന തരത്തിൽ സംസാരിക്കാൻ തുടങ്ങി. അത്യാകർഷകമായ പുഞ്ചിരിയോടെ അവൾ മൊഴിഞ്ഞു:

     “ഈ സുന്ദര നിമിഷങ്ങളിൽ നമുക്ക് സന്തോഷമേകുന്ന ഭക്ഷണ-പാനീയങ്ങൾ കൂടിയുണ്ടങ്കിൽ ഉല്ലസിക്കാനും രസിക്കാനും അത് നന്നാവില്ലേ.”

      അവന്ന് സന്തോഷമായി. അവൾ ഇത്രയും പെട്ടെന്ന് വശത്താകുമെന്ന് കരുതിയില്ല. അവൻ പറഞ്ഞു:

      “നിനക്ക് വേണ്ടതെല്ലാം ഞാൻ ഇപ്പോൾ തന്നെ കൊണ്ട് വരാം."

      ഉടൻ തന്നെ വാതിൽ തുറന്ന് അവൻ ചന്തയിലേക്ക് കുതിച്ചു. അവൻ സാധനങ്ങളുമായി മടങ്ങിയെത്തിയപ്പോൾ അവളവിടെയില്ലായിരുന്നൂ. അവൾ തന്നെ പറ്റിച്ച്, കടന്നു കളഞ്ഞു എന്നവന് മനസ്സിലായി. സുവർണ്ണാവസരം നഷ്ടപ്പട്ട നിരാശയിൽ അവൻ അവളെ തേടിയലഞ്ഞു. അവൻ നാട്ടിലും തെരുവിലുമെല്ലാം പാടി നടന്നു.

" يَا رُبَّ  قَائِلَةٍ  يَوْمًا  وَقَدْ تَعِبَتْ ،
كَيْفَ الطَّرِيقُ إِلَى حَمَّامٍ  منجَابِ ، "

   “വിവശതയോടെ, ഒരു ദിവസം, മൻജാബീ സ്നാനഗൃഹത്തിലേക്ക് വഴിയന്വേഷിച്ചവളേ, എവിടെ, നീ എവിടെ?”

     അയാൾ അങ്ങനെ അലയവേ, ഒരിക്കൽ അടുത്ത പ്രദേശത്തെ വീട്ടുവാതിലിന്റെ പിറകിൽ നിന്ന് അവളുടെ മറുപടി കേട്ടു:

"هلٔا جعلتَ لَهَا لمٔا ظَفِرتَ بِهَا         حرْزا على الدَّار أَو قُفلا على الْبَاب ؟“
”إِنْ يَنْفَد الرِّزْقُ فَالرّزَّاقُ يَخْلِفُهُ         وَالعِرْضُ إِنْ نْفَدَ فمِنْ أَيْنَ يُنْجَابُ ؟"

   “നിനക്ക് അവളെ കിട്ടിയപ്പോൾ വാതിൽ താഴിട്ട് പൂട്ടുകയോ, കാവലിന് ആളെ നിർത്തുകയോ  ചെയ്യാമായിരുന്നില്ലേ...?”

     “ഭക്ഷണം തീർന്നാൽ വീണ്ടും  ലഭിക്കും, എന്നാൽ മാനം നഷ്ടപ്പട്ടാൽ എവിടെ നിന്ന് കിട്ടും...? ”

ഇതു കൂടി കേട്ടപ്പോൾ അയാളുടെ വിഷാദം ശരിക്കും വർദ്ധിച്ചു. (മനസ്സിൽ വരേണ്ട പശ്ചാത്താപത്തിന് പകരം അയാൾക്ക് കാമവും മോഹവുമാണ് വന്നത്.) അങ്ങനെ രോഗിയായി; പിന്നീട് ശയ്യാവലംബിയും. ഒടുവിൽ മരണാസന്നനായപ്പോൾ കലിമ ചൊല്ലിക്കൊടുത്തപ്പോൾ അയാൾക്ക്

 "اين الطريق إلى حمّام منجَابِ"

എന്ന് പാടാനേ കഴിഞ്ഞുള്ളൂ. അയാൾ നാശത്തിലകപ്പെട്ടു.
മരണസമയത്ത് നാശത്തിലും പരീക്ഷണത്തിലും അകപ്പെടുന്നതിൽ നിന്നും ദുഷിച്ച അന്ത്യത്തിൽ നിന്നും അല്ലാഹു തആലാ നമ്മളെ കാത്തു രക്ഷിക്കട്ടെ. (ആമീൻ)

                          ★    ★    ★

     അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ പറഞ്ഞു: 

     “നിശ്ചയം, ഒരു മനുഷ്യൻ ദീർഘകാലം സ്വർഗ്ഗാവകാശിയുടെ കർമ്മങ്ങൾ (നന്മകൾ) ചെയ്തു കൊണ്ടിരിക്കും. പിന്നെ അവൻ നരകാവകാശിയുടെ കർമ്മങ്ങൾ (തിന്മകൾ) ചെയ്തു കൊണ്ട് ആയുസ്സ് പൂർത്തിയാക്കപ്പെടും. നിശ്ചയം, ഒരാൾ ദീർഘകാലം നരകാവകാശിയുടെ കർമ്മങ്ങൾ (തിന്മകൾ) ചെയ്തു കൊണ്ടിരിക്കും. പിന്നെ അവൻ സ്വർഗ്ഗാവകാശിയുടെ കർമ്മങ്ങൾ (നന്മകൾ) ചെയ്തു കൊണ്ട് ആയുസ്സ് പൂർത്തിയാക്കപ്പെടും.”

(മുസ് ലിം)

      സഹല് ബ്നു സഅദ് (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ അരുളിയതായി അദ്ദേഹം ഉദ്ധരിക്കുന്നു :

    “നിശ്ചയം, സ്വർഗ്ഗാവകാശിയായ ഒരു അടിമ, നരകാവകാശിയുടെ കർമ്മങ്ങൾ ചെയ്യുന്നതാണ്. നരകാവകാശിയായ ഒരാൾ, സ്വർഗ്ഗാവകാശിയുടെ കർമ്മങ്ങൾ ചെയ്യുന്നതാണ്. കർമ്മങ്ങൾ പൂർത്തിയാക്കപ്പെട്ടതായി പരിഗണിക്കപ്പെടുന്നത് ജീവിതാന്ത്യത്തോട് കൂടി മാത്രമാണ്.”

 (ബുഖാരി)

                          ★    ★    ★

       ജിപ്തിൽ ഒരാൾ ഉണ്ടായിരുന്നു. ബാങ്കിനും ജമാഅത് നിസ്കാരത്തിനുമെല്ലാം അയാൾ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. സാത്വികമായ പ്രഭയും വണക്കത്തിന്റെ ചൈതന്യവും അയാളിൽ ദൃശ്യമായിരുന്നു. അയാൾ ഒരു ദിവസം പതിവ് പോലെ ബാങ്ക് വിളിക്കാൻ മുനാരത്തിൽ കയറി. സമീപസ്ഥലത്ത് ഒരു കൃസ്തീയ ഭവനമുണ്ടായിരുന്നു. അയാൾ അങ്ങോട്ട് നോക്കിയപ്പോൾ വീട്ടിലെ പെൺകുട്ടിയെ കണ്ടു. സുന്ദരിയായ അവളിൽ അയാൾ അനുരക്തനായി. ബാങ്ക് വിളിക്കാതെ താഴെയിറങ്ങിയ അയാൾ അവളുടെ വീട്ടിലെത്തി.

   അപ്പോൾ അവൾ ചോദിച്ചു:

   “താങ്കളാരാണ്, എന്ത് വേണം ?" 

    അയാൾ പറഞ്ഞു: 

   “എനിക്ക് നിന്നെ വേണം !"

   “എന്തിനാണ് ?"

    “നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, എന്റെ ചിന്തയെ കീഴടക്കിയിരിക്കുന്നു."

   “വ്യഭിചാരത്തിന് ഞാൻ ഒരുക്കമല്ല." 

   “ഞാൻ നിന്നെ വിവാഹം ചെയ്യാം.”

   “ഞാൻ കൃസ്ത്യാനിയും നിങ്ങൾ മുസ് ലിമുമായിരിക്കേ, എന്റെ പിതാവ് നിങ്ങളെ കൊണ്ടെന്നെ വേളി കഴിപ്പിക്കില്ല.”

    “ഞാൻ കൃസ്ത്യാനിയായാലോ ?"

     “അങ്ങനെയെങ്കിൽ എനിക്ക് സമ്മതമാണ്.”

   അങ്ങനെ അവളെ വേളി കഴിക്കാനായി അയാൾ കൃസ്തുമതം സ്വീകരിച്ചു. അന്ന് അവരോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. മദ്ധ്യാഹ്നം കഴിഞ്ഞ്, അയാൾ ആ വീടിന്റെ മുകൾതട്ടിലേക്ക് കയറി. ആകസ്മികമായി അയാൾ തെന്നി വീണു. തൽക്ഷണം മരിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലിന്നോളം ആശ്ലേഷിച്ച ദീൻ നഷ്ടപ്പട്ടു, അവളെ ലഭിച്ചതുമില്ല. എന്തൊരവസ്ഥയാണിത് ?

ദുഷിച്ച അന്ത്യത്തിൽ നിന്ന് അല്ലാഹു തആലാ നമ്മെ കാക്കട്ടെ, (ആമീൻ).

                       ★    ★    ★

                   

.

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)


No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...