Friday, September 15, 2017

16 - “പൂർവ്വീകരുടെ ആത്മാക്കൾ.”


പൂർവ്വീകരുടെ ആത്മാക്കൾ.”

 
.
  
.
 

      “...അപ്പോൾ അവന്റെ സങ്കേതം 'ഹാവിയഃ' ആയിരിക്കും. 'ഹാവിയഃ' എന്താണെന്ന് താങ്കൾക്ക് അറിയുമോ?.... ചൂട് ശക്തമായ നരകാഗ്നി! ”
( അൽക്വാരിഅഃ : 9, 10, 11 )

          അബൂ അയ്യൂബുൽ അൻസ്വാരി (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ പറഞ്ഞു :

          “നിശ്ചയം, സത്യവിശ്വാസിയുടെ ആത്മാവിനെ പിടിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദാസൻമാരിൽ പെട്ട റഹ് മതിന്റെ ആളുകൾ അതിനെ കണ്ടെത്തുന്നതാണ്. ഇഹലോകത്ത് സന്തോഷമറിയിക്കുന്ന ദൂതനെ നിങ്ങൾ കണ്ടെത്തുന്നതു പോലെ. എന്നിട്ട് അവർ പറയും:

        “ഇപ്പോൾ വിശ്രമത്തിലായ നിങ്ങളുടെ (പഴയ) കൂട്ടുകാരനെ നോക്കൂ,.. അവൻ വലിയ വിഷമാവസ്ഥയിലായിരുന്നു.”

      പിന്നീട് അവർ (പൂർവ്വാത്മാക്കൾ) ഇവനോട് ചോദിക്കും.

     “ഇന്ന'യാൾ എന്തായി ?    'ഇന്ന'സ്ത്രീയുടെ വിവാഹം കഴിഞ്ഞുവോ ?”

      അവന്റെ മുമ്പ് മരണപ്പെട്ട ഒരാളെക്കുറിച്ച് അവർ ചോദിക്കുമ്പോൾ അവൻ പറയും:

    “അവൻ, എനിക്ക് മുമ്പ് തന്നെ മരണപ്പെട്ടുവല്ലോ.”  അത് കേൾക്കുന്ന അവർ പറയും:

     “ഇന്നാ ലില്ലാഹ്, അവനെ (ഹതഭാഗ്യരുടെ) സങ്കേതമായ 'ഹാവിയഃ' യിലേക്ക് കൊണ്ട് പോയിക്കാണും. ദുഷിച്ച സങ്കേതം ! ദുഷിച്ച വാസകേന്ദ്രം !" (ഹദീഥ് നിവേദകൻ) തുടരുന്നു : “ഇങ്ങനെ ഇഹലോകവാസികളുടെ കർമ്മങ്ങൾ അവരുടെ പൂർവ്വാത്മാക്കൾക്ക് കാണിക്കപ്പെടും. അവ നന്മകളാണെങ്കിൽ അവർ സന്തോഷിക്കുകയും സന്തോഷവാർത്ത പങ്കിടുകയും ചെയ്യും. അവർ പറയും:

     “ഇത് നിന്റെ അടിമയുടെ മേൽ നീ ചെയ്ത അനുഗ്രഹമാകുന്നു, അത് നീ പൂർത്തിയാക്കി കൊടുക്കണേ."

     അവ തിന്മകളാണെങ്കിൽ അവർ പറയും:

      "അല്ലാഹുവേ നിന്റെ അടിമയുടെ കാര്യത്തിൽ നീ ഒന്നു കൂടി പരിശോധിക്കണേ.."

( ഇബ്നുൽ മുബാറക് )

.
 

     അബുദ്ദർദാഅ് (റ) വിനെക്കുറിച്ച് നിവേദനം. അദ്ദേഹം പറയാറുണ്ടായിരുന്നു :

      “നിശ്ചയം,  നിങ്ങളുടെ കർമ്മങ്ങൾ നിങ്ങളുടെ മരണപ്പെട്ടവർക്ക് കാണിക്കപ്പെടും, അപ്പോൾ അവർ അതിൽ സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യുന്നതാണ്.”

    “.. അല്ലാഹുവേ, അബ്ദുല്ലാഹ് ബ്നു റവാഹഃ ക്ക് വിഷമമുണ്ടാക്കുന്ന കർമ്മങ്ങൾ ഞാൻ ചെയ്യുന്നതിനെ തൊട്ട് നീ കാക്കണേ.”

( ഇബ്നുൽ മുബാറക് )

                       ★    ★    ★

       ക്കാര്യങ്ങളെല്ലാം ഇമാം ക്വുർത്വുബിയെ കൂടാതെ വേറെയും പണ്ഡിതൻമാരും ക്വുർആൻ വ്യാഖ്യാതാക്കളും ഉദ്ധരിച്ചിട്ടുണ്ട്. മുകളിലെ ക്വുർആൻ ആയത്തിന്റെ വ്യാഖ്യാനങ്ങൾ പരിശോധിച്ചാൽ അവ കണ്ടെത്താവുന്നതാണ്. ഇവിടെ കൊടുത്ത ഹദീഥുകൾ പ്രകാരം 'ഇല്ലിയ്യീൻ' എന്ന സ്ഥലത്തുള്ള സത്യവിശ്വാസികളുടെ 'അർവാഹ്' (ആത്മാക്കൾ) ആണ് ഇങ്ങനെ പരസ്പരം വിവരങ്ങൾ പങ്കിടുന്നത്. കബ്റിൽ വെച്ച് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

       മാത്രമല്ല, 'എന്റെ സമുദായത്തിന്റെ കർമ്മങ്ങൾ എനിക്ക് കാണിക്കപ്പെടു'മെന്ന നബിവചനവും പ്രസിദ്ധമാണല്ലോ.

                       ★    ★    ★

“നമ്മുടെ പ്രവൃത്തിയും കബ്റിലുള്ളവരും.”


   
 
.
 

      “നബിയേ, താങ്കൾ പറയുക, നിങ്ങൾ കർമ്മങ്ങൾ ചെയ്യുവീൻ, അല്ലാഹുവും അവന്റെ പ്രവാചകരും സത്യവിശ്വാസികളും ശേഷം നിങ്ങളുടെ കർമ്മങ്ങൾ കാണുന്നതാണ്. ശേഷം അദൃശ്യങ്ങളും ദൃശ്യങ്ങളും അറിയുന്നവനിലേക്ക് നിങ്ങളെ മടക്കപ്പെടുന്നതും അങ്ങനെ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ കുറിച്ച് അവൻ നിങ്ങളെ അറിയിക്കുന്നതുമാണ്.”
( തൗബ : 105 )

.

       ആഇശ رضي الله عنها യിൽ നിന്ന് നിവേദനം. നബി صلى الله عليه وسلم പറഞ്ഞു:

      “തന്റെ വീട്ടിൽ വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ മയ്യിതിന്ന് കബ്റിലും വിഷമമുണ്ടാക്കും." ¹

(ദൈലമി, ഇബ്നു ലഹീഅഃ, ഇബ്നു അബീഹാതിം)

.
 

     ജാബിർ ബ്നു അബ്ദുല്ലാഹ് رضي الله عنه വിൽ നിന്ന് നിവേദനം. നബി صلى الله عليه وسلم അരുൾ ചെയ്തതായി അദ്ദേഹം അറിയിച്ചു:

     “നിശ്ചയം, നിങ്ങളുടെ കർമ്മങ്ങൾ, കബ്റിലുള്ള നിങ്ങളുടെ കൂട്ടുകാർക്കും കുടുംബക്കാർക്കും കാണിക്കപ്പെടുന്നതാണ്. അവ നന്മകളാണെങ്കിൽ അവർ സന്തോഷിക്കും, നന്മ അല്ലെങ്കിൽ അവർ പറയും: അല്ലാഹുവേ, നിന്നെ വഴിപ്പെട്ടു കൊണ്ട് പ്രവർത്തിക്കാൻ അവരെ നീ തോന്നിപ്പിക്കണേ..”

(മുസ്നദ് ത്വയാലിസീ, അഹ് മദ് )

                       ★    ★    ★

    ഹദീഥുകളിൽ കാണാം, ഉർവ رضي الله عنه വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

     “ഒരാൾ ഉമർ رضي الله عنه വിന്റെ സാന്നിധ്യത്തിൽ അലി رضي الله عنه വിനെ കുറ്റം പറഞ്ഞു. അപ്പോൾ അയാളോട് ഉമർ رضي الله عنه പറഞ്ഞു:

     “നിനക്കെന്താണ്, അല്ലാഹു നിന്നെ ഇത്രയും നീചമാക്കിയതെന്താണ്, നബി صلى الله عليه وسلم നെ നീ കബ്റിൽ വിഷമിപ്പിച്ചിരിക്കുന്നു.”

 
                       ★    ★    ★

     മരിച്ചവർക്ക് വിഷമം ഉണ്ടാക്കുന്നത് ചെയ്യാൻ പാടില്ല, മരിച്ചു കഴിഞ്ഞ ശേഷവും മാതാപിതാക്കളെ വെറുപ്പിക്കരുത്, മരിച്ചവരെ ചീത്ത പറയരുത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

     മരിച്ചവരെക്കുറിച്ച് മോശമായി പറയുന്നതിനെ ആക്ഷേപിക്കുന്ന ഹദീഥുകൾ വേറെയും വന്നിട്ടുണ്ട്.
കൂടാതെ 'നബി صلى الله عليه وسلم തങ്ങൾ ഖദീജ ബീവി رضي الله عنها യുടെ കൂട്ടുകാരികൾക്ക് ബന്ധം ചേർക്കാനും നന്മ ചെയ്യാനും വേണ്ടി സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു..' എന്ന ഹദീഥ് ഇമാം ബുഖാരി, മുസ് ലിം എന്നിവരെല്ലാം ഉദ്ധരിച്ചിട്ടുണ്ട്.

     ഈ പ്രവർത്തി ബന്ധം ചേർക്കലും നന്മ ചെയ്യലുമാണെങ്കിൽ അതിന്റെ വിപരീതം ചെയ്താൽ ബന്ധം മുറിക്കലും വെറുപ്പിക്കലുമാകുമല്ലോ.

കബ്ർ ശിക്ഷ എങ്ങനെയാണെന്ന് നമുക്കറിയില്ലെങ്കിലും നബി صلى الله عليه وسلم തങ്ങൾ പറഞ്ഞതിനാൽ നാം പൂർണ്ണമായും വിശ്വസിക്കേണ്ടതുണ്ടല്ലോ.  ഇപ്രകാരം തന്നെയാണ് ഇക്കാര്യവും.

                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   

1 comment:

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...