“സംതൃപ്ത ദാസൻമാർ.”
.
.
" يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ، ارْجِعِي إِلَى رَبِّكِ رَاضِيَةً مَرْضِيَّةً ، فَادْخُلِي فِي عِبَادِي ، وَادْخُلِي جَنَّتِي "
( الفجر : ٢٧, ٢٨, ٢٩, ٣٠ )
“ഓ, സംതൃപ്തി നേടിയ ആത്മാവേ, പരസ്പര സംതൃപ്തിയോട് കൂടി നീ നിന്റെ റബ്ബിന്റ സമക്ഷത്തിലേക്ക് മടങ്ങുക, അങ്ങനെ എന്റെ (യഥാർത്ഥ) ദാസൻമാരിൽ കൂടിക്കൊള്ളൂ, എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ...”
(ഫജ്ർ : 27, 28, 29, 30 )
.
ഉബാദത് ബ്നു സ്വാമിത് (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ പറഞ്ഞു:
“ആരെങ്കിലും അല്ലാഹുവിനെ കണ്ടു മുട്ടാൻ ആഗ്രഹിച്ചാൽ അല്ലാഹുവും അവനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടാൻ വെറുത്താൽ അല്ലാഹുവും അവനെ കണ്ടുമുട്ടാൻ വെറുക്കുന്നതാണ്.”
അപ്പോൾ ആഇശ (റ) യോ മറ്റേതോ ഭാര്യയോ ചോദിച്ചു :
“ഞങ്ങൾക്ക് മരണം ഇഷ്ടമില്ലല്ലോ", (അതു കൊണ്ട് അല്ലാഹുവിന്റെ വെറുപ്പ് ഉണ്ടാകുമോ ?)
അവിടുന്ന് പ്രതിവചിച്ചു :
“അങ്ങനെയല്ല ഇത്, പക്ഷേ ഒരു സത്യവിശ്വാസിക്ക് മരണം ആസന്നമായാൽ അല്ലാഹുവിന്റെ ആദരവും തൃപ്തിയും കാണിച്ച് കൊണ്ട് സന്തോഷം അറിയിക്കപ്പെടുന്നു. അപ്പോൾ അവന്ന് മുമ്പിൽ അതിനേക്കാൾ ഇഷ്ടമുള്ള മറ്റൊന്നും ഉണ്ടാവുകയില്ല. അപ്പോൾ അവൻ അല്ലാഹുവിനെ കണ്ടുമുട്ടാൻ അതിയായി ആഗ്രഹിക്കും. തുല്യ നിലയിൽ അല്ലാഹുവും അവനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നതാണ്. അതേ സമയം അവിശ്വാസി മരണമടുത്താൽ അല്ലാഹുവിന്റെ ശിക്ഷയും പ്രതികാരവും കാണിക്കപ്പെട്ട്, അതിനേക്കാൾ ഭയക്കുന്ന മറ്റൊന്നും തന്റെ മുമ്പിലില്ലാത്ത അവസ്ഥയിൽ അവൻ അല്ലാഹുവിനെ കണ്ടുമുട്ടാൻ വെറുക്കുമ്പോൾ, അല്ലാഹുവും അവനെ കണ്ടുമുട്ടാൻ വെറുക്കുന്നതാണ്.”
(ബുഖാരി, മുസ് ലിം, ഇബ്നുമാജഃ, ഇബ്നുൽ മുബാറക് )
.
അനസ് (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ പറഞ്ഞു:
“ഒരു ദാസനിൽ അല്ലാഹു തആല നന്മ ഉദ്ദേശിച്ചാൽ അവനെ ഉപയോഗിക്കുന്നതാണ്.”
അപ്പോൾ ആരോ ചോദിച്ചു.
“അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് അല്ലാഹു അവനെ ഉപയോഗിക്കുക.?” അവിടുന്ന് പഠിപ്പിച്ചു :
“മരണത്തിന് മുമ്പ് ധാരാളം നന്മകൾ ചെയ്യാൻ അവന്ന് സൗഭാഗ്യം ചെയ്യും”
(തിർമുദി, ഹാകിം, അഹ് മദ്, ത്വബ്റാനി)
★ ★ ★
ഒരാളെ കൊണ്ട് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ കൊണ്ട് ധാരാളം നന്മകൾ ചെയ്യിപ്പിക്കുന്നു. അങ്ങനെ അവൻ മരണപ്പെടുമ്പോൾ ആളുകൾ പറയും. എത്ര നല്ലവനായിരുന്നു. മാത്രമല്ല മരണാസന്നനായാൽ അവൻ തന്റെ നാഥന്റെ പ്രതിഫലം കാണുന്നു, ഔദാര്യം അറിയുന്നു. അപ്പോൾ അവൻ അല്ലാഹുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നതാണ്. ഇതിന്റെ വിപരീതമാണ് അവൻ തിന്മ ഉദ്ദേശിച്ചവന്റെ കാര്യം.
സത്യവിശ്വാസിയുടെ റൂഹിനെ കൊണ്ട് പോകുന്നത്, അർശിന്റെ സമീപത്തുള്ള 'ഇല്ലിയ്യീനി'ലേക്കാണ്. അതു പോലെ അവിശ്വാസിയുടെ ആത്മാവിനെ 'സിജ്ജീനി'ലേക്കാണ് നയിക്കപ്പെടുന്നത്.
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
.
No comments:
Post a Comment