Thursday, September 7, 2017

7 - “പിശാച് വരുന്നു ! ”


              “പിശാച് വരുന്നു ! ”   

.




"رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ "

(آل عمران - ٨ )

      “ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ നേർവഴിയിലേക്ക് ചേർത്ത ശേഷം, ഹൃദയങ്ങളെ ചഞ്ചലമാക്കരുതേ, നിന്റെ സമക്ഷത്തിലെ കാരുണ്യം ഞങ്ങൾക്ക് സമ്മാനിക്കണേ. നിശ്ചയം, നീ അത്യുദാരൻ തന്നെ."

( ആലു ഇംറാൻ : 8 )

.

 
     അബുൽ ഹസനുൽ ക്വാബിസീ എന്നവർ തന്റെ 'ശറഹു രിസാലതു ഇബ്നു അബീസൈദ്' എന്ന ഗ്രന്ഥത്തിൽ നബി (സ്വ) തങ്ങളിൽ നിന്ന് ഒരു ഹദീഥ് ഉദ്ധരിക്കുന്നു. അവിടുന്ന് പറഞ്ഞു:

     “നിശ്ചയം, ഒരാൾക്ക് മരണം ആസന്നമായാൽ അവന്റെ ഇടത്തും വലത്തുമായി ഇരുവശവും രണ്ട് പിശാചുക്കൾ ഇരിക്കും. വലത് ഭാഗത്തെ പിശാച് അവന്റെ പിതാവിന്റെ രൂപത്തിലായിരിക്കും. അവൻ പറയും :

    ‘എന്റെ പൊന്നു മോനേ, നിശ്ചയം ഞാൻ നിനക്ക് വാത്സല്യവും സ്നേഹവുമുള്ള പിതാവായിരുന്നു. എന്നാൽ നീ നസ്രാനിയായി മരിക്കണം. അതാണ് നല്ല മതം.' അത് പോലെ അവന്റെ മാതാവിന്റെ രൂപത്തിൽ ഇടത്തേ പിശാച് പറയും :

       'പൊന്നുമോനേ, എന്റെ വയർ നിനക്ക് സുരക്ഷിത സങ്കേതം ആയിരുന്നില്ലേ, സ്തനം നിനക്ക് ജീവജലം നൽകിയില്ലേ,  എന്റെ മടിത്തട്ട് നിനക്ക് ശയ്യ ആയിരുന്നില്ലേ. അത് കൊണ്ട് നീ ജൂതനായി മരിക്കണം. അതാണ് നല്ല മതം."

(ശറഹു രിസാലതു ഇബ്നു അബീസൈദ്)

                     ★    ★    ★

.

    ഇവിടെ, മാതാപിതാക്കളുടെ രൂപത്തിലായി പിശാച് വരും എന്നത് ഒരു ഉദാഹരണം മാത്രമാണെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. മരണവക് ത്രത്തിന്റെ ഉച്ചകോടിയിൽ തനിക്കേറെ പ്രിയപ്പെട്ടവരും അഭ്യുദയകാംക്ഷികളുമായിരുന്ന, മുമ്പ് മരണപ്പെട്ട സകല ഇഷ്ട ജനങ്ങളുടേയും രൂപത്തിലായി പിശാച് അവതരിക്കുമെന്നും അവർ പ്രസ്താവിക്കുന്നു. അത് പ്രിയസഹോദരങ്ങളാകാം, ഉറ്റ സുഹൃത്തുക്കളാകാം, പ്രാണ പ്രേയസിയോ പ്രിയതമനോ ആകാം. മേലുദ്ധരിച്ച ഹദീഥിന് തുല്യമായി അങ്ങനെയുള്ള വചനങ്ങൾ വേറെയും ഉണ്ട്. 'കശ്ഫു ഉലൂമിൽ ആഖിറഃ' എന്ന ഗ്രന്ഥത്തിൽ അബൂഹാമിദ് (റ) ഉദ്ധരിച്ച ഹദീഥ് അത്തരത്തിലുള്ളതാണ്.
ഈ സന്ദർഭത്തിൽ അല്ലാഹു ഉദ്ദേശിച്ചവർ വഴി പിഴച്ചുപോകും (അല്ലാഹു തആല കാക്കട്ടെ.) ഈ അത്യാപത്തിൽ നിന്നുള്ള കാവൽ തേടലാണ് മുകളിലെ ക്വുർആൻ വചനം. ആ സമയത്ത് അല്ലാഹു ഹിദായതും സ്ഥൈര്യവും നൽകാൻ ഉദ്ദേശിച്ചവർക്ക് അവന്റെ റഹ്മത് ലഭിക്കുന്നു. ഈ 'റഹ് മത് ' എന്നത് ജിബ്രീൽ (അ) ആണെന്ന് പറയപ്പെടുന്നു. ജിബ്രീൽ (അ) ആ പിശാചുക്കളെ ആട്ടിയോടിക്കും.

      സന്തോഷവാർത്തയുമായി വരുന്ന ജിബ്രീൽ (അ) അയാളോട് ചോദിക്കും:

   "നിനക്കെന്നെ മനസ്സിലായോ? ഞാൻ ജിബ്രീൽ, അവൻമാർ പിശാചുക്കളാണ്, നിന്റെ ശത്രുക്കൾ. നീ ഋജുവായ മാർഗ്ഗം, ഉന്നതമതം കൈവിടാതെ സന്തോഷത്തോടെ മരണം വരിക്കുക."

     ഇതു കേൾക്കുന്നവൻ അതിയായി സന്തോഷിക്കുന്നു.  അതാണ് മരണസമയത്ത് പലരും പുഞ്ചിരിക്കുന്നത്. 

                     ★    ★    ★

    ഇമാം അഹ് മദ് ബ്നു ഹൻബൽ (റ) പുത്രൻ അബ്ദുല്ലാഹ് പറയുന്നു :

   “എന്റെ പിതാവ് മരണ ശയ്യയിലായിരുന്നു. ഞാൻ അവരെ ശുശ്രൂഷിക്കുകകയാണ്. എന്റെ കയ്യിൽ, താട കെട്ടിക്കൊടുക്കാനുള്ള ഒരു തുണിക്കഷ്ണമുണ്ട്. മഹാനവർക്ക് ബോധം നഷ്ടപ്പെടുകയും തെളിയുകയും ചെയ്തു കൊണ്ടിരിക്കുന്നു. അപ്പോഴൊക്കെ കൈ കൊണ്ട് കാണിച്ചു കൊണ്ട് പറയുന്നുണ്ടായിരുന്നു:

     “ഇല്ല, ദൂരെപ്പോ,. ഇല്ല, പോടാ.."

    ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ ചോദിച്ചു:    "പ്രിയപ്പെട്ട ഉപ്പാ, താങ്കൾ എന്താണ് കാണുന്നത് ?"

      അദ്ദേഹം പറഞ്ഞു:

      “പിശാച്, വിരൽ കടിച്ചു കൊണ്ട് എന്റെ മുമ്പിൽ നിൽക്കുന്നു. അവൻ പറയുന്നുണ്ടായിരുന്നു:
      'അഹ് മദ്, നീ എന്റെ ഫിത്നയിലേക്ക് വരുന്നില്ലേ ?' അപ്പോൾ ഞാൻ പറഞ്ഞു കൊണ്ടിരുന്നു:

    “ഇല്ല, ഇല്ല, ഞാൻ മരിക്കും വരെ ഇല്ല.' (നിന്റെ ഫിത്നയിൽ അകപ്പെടില്ല)"

                     ★    ★    ★

      ഇത് പോലെ ധാരാളം സംഭവങ്ങൾ മഹാൻമാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ക്വുർത്വുബി (റ) തന്റെ ഗുരുനാഥനിൽ നിന്ന് ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ഗുരുവിന്റെ സഹോദരൻ മരണാസന്നനായപ്പോൾ അവിടെയുള്ള ആരോ അവർക്ക് 'ലാ ഇലാഹ ഇല്ലള്ളാഹ്' എന്ന കലിമ ചൊല്ലിക്കൊടുത്തു. അപ്പോൾ അവർ പറയുന്നു:

   “ഇല്ല, ഇല്ല,  നിങ്ങൾ എന്നോടാണോ ഇത് പറയുന്നുത് ?"

       അൽപം കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ മഹാനവർകൾ പറയാൻ തുടങ്ങി:

     “കുറച്ചു മുമ്പ് രണ്ട് പിശാചുക്കൾ വന്ന് എന്റെ ഇരുവശവും ഇരുന്നു, എന്നിട്ട് ഒരുവൻ പറഞ്ഞു, 'നീ ജൂതനായി മരിക്കണം, അതാണ് നല്ല മതം.' മറ്റവൻ പറഞ്ഞു, 'നീ നസ്രാനിയായി മരിക്കണം, അതാണ് നല്ല മതം.' അപ്പോൾ ഞാൻ അവൻമാരോട് പറഞ്ഞു കൊണ്ടിരുന്നു:

      “ഇല്ല, ഇല്ല,  നിങ്ങൾ എന്നോടാണോ ഇത് പറയുന്നുത് ?" ഞാൻ അങ്ങനെ പറഞ്ഞത് ആ പിശാചുക്കളോടായിരുന്നു, നിങ്ങളോടായിരുന്നില്ല."

     ഇപ്രകാരം സ്വാലിഹീങ്ങളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട പല സംഭവങ്ങളിലും അവർ വിസമ്മതിച്ചത്, പിശാചുക്കളോടായിരുന്നു, കലിമ ചൊല്ലിക്കൊടുത്തവരോടായിരുന്നില്ല. കാണുന്നവർക്ക് അങ്ങനെ തോന്നാമെങ്കിലും.

     ഇതൊക്കെ മഹത്തുക്കളുടെ കാര്യമാണ്. സാധാരണക്കാരുടെ കാര്യം തുടർന്നുള്ള പോസ്റ്റുകളിൽ വായിക്കാം.

                     ★    ★    ★

.

അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...