“ക്വുർആൻ പാരായണം”
.
ഇബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം.
ഒരിക്കൽ നബിﷺ തങ്ങൾ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രണ്ട് ക്വബ്റുകൾക്കരികിലൂടെ കടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു.
“നിശ്ചയമായും, ഈ രണ്ട് പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വൻ പാപങ്ങൾ ചെയ്തത് കൊണ്ടല്ല അവർ ശിക്ഷിക്കപ്പെടുന്നത്. അപ്പോൾ ഇതിലൊരുവൻ മൂത്രത്തിൽ നിന്ന് (വേണ്ടത്ര) വൃത്തിയാക്കാറില്ല. മറ്റേയാൾ ഏഷണിയുമായി നടക്കുമായിരുന്നു.”
പിന്നെ അവിടുന്ന് ഒരു പച്ച ഈത്തപ്പനയോല എടുത്ത് രണ്ടായി കീറി. പിന്നെ ഓരോ ക്വബ്റിൻമേലും ഓരോന്ന് കുത്തി വെച്ചു. അപ്പോൾ അവർ ചോദിച്ചു.
“അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?”
അവിടുന്ന് പ്രതിവചിച്ചു.
“ഇവ ഉണങ്ങാത്ത കാലത്തോളം ഇവർക്ക് (ശിക്ഷ) ലഘൂകരിക്കപ്പട്ടേക്കാം”
(ബുഖാരി, മുസ് ലിം)
ഇമാം ക്വുർത്വുബി(رحمه الله) തങ്ങൾ പറയുന്നു. പച്ചമരത്തിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുമെങ്കിൽ ഒരു സത്യവിശ്വാസി ക്വുർആൻ ഓതിയാൽ എന്തു കൊണ്ടും ഫലം ലഭിക്കുമല്ലോ. (ഇമാം നവവി (رضي الله عنه) വും ഇക്കാര്യം ശറഹുമുസ് ലിമിൽ ഇമാം ക്വുർത്വുബി തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്.) നമുക്ക് കേൾക്കാൻ കഴിയാത്ത നിശ്ശബ്ദമായ തസ്ബീഹ് ആണ് സസ്യങ്ങളുടേത്. അതു പോലും ഫലം ചെയ്യുമെങ്കിൽ പിന്നെ സത്യവിശ്വാസിയുടെ ശബ്ദവും ചിന്തയും വിശ്വാസവും ഒത്ത ക്വിറാഅതിന്ന് ഒട്ടും സംശയിക്കേണ്ടതില്ല. എന്നാണ് അവരുടെ നിലപാട്. ഇമാം അബ്ദുൽ ഹക്വ്, ഇമാം അബൂ ഹാമിദ് (ഗസാലി) رحمهما الله എന്നിവർ ഇമാം അഹ് മദ് ബ്നു ഹൻബൽ തങ്ങളുടെ ഫത് വ ഈ വിഷയത്തിൽ ഉദ്ധരിക്കുന്നുണ്ട്.
മുഹമ്മദ് ബ്നു അഹ് മദ് അൽമർവറൂദി പറഞ്ഞു.
“ഇമാം അഹ് മദ് ബ്നു ഹൻബൽ (رضي الله عنه) പറയുന്നതായി ഞാൻ കേട്ടു.
“നിങ്ങൾ ക്വബ്ർസ്ഥാനിൽ പ്രവേശിക്കുകയാണെങ്കിൽ ഫാതിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവ ഓതുക. എന്നിട്ട് അതിന്റെ പ്രതിഫലം അവർക്ക് കരുതുക. അത് അവർക്ക് ലഭിക്കുന്നതാണ്.”
അലിയ്യുബ്നു മൂസൽഹദ്ദാദ് തങ്ങൾ പറയുന്നു. ഞാൻ ഇമാം അഹ് മദ് (رضي الله عنه) തങ്ങളോടൊപ്പം ഒരു ജനാസയിൽ പങ്കെടുത്തു. അപ്പോൾ മുഹമ്മദ് ബ്നു ക്വുദാമതുൽ ജൗഹരീ തങ്ങൾ ക്വുർആൻ ഓതിക്കൊണ്ടിരിക്കുന്നു. മയ്യിത്ത് മറമാടിയ ശേഷം അന്ധനായ ഒരാൾ ക്വബ്റിങ്കൽ വന്ന് ക്വുർആൻ ഓതാൻ തുടങ്ങി. അപ്പോൾ ഇമാം അഹ് മദ് (رضي الله عنه) പറഞ്ഞു.
“എടോ, ക്വബ്റിങ്കൽ ക്വുർആൻ ഓതൽ പുത്തനാചാരമാണ്.”
ഞങ്ങൾ മക്വ് ബറയിൽ നിന്ന് പുറത്ത് വന്നപ്പോൾ ഇബ്നു ക്വുദാമഃ തങ്ങൾ ഇമാം അഹ് മദ് തങ്ങളോട് ചോദിച്ചു.
”മുബശ്ശിർ ബ്നു ഇസ്മാഈൽ(റ) നെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?”
“അദ്ദേഹം വിശ്വാസയോഗ്യനാണ്.”
“അദ്ദേഹത്തിൽ നിന്ന് വല്ല ഹദീഥും താങ്കൾ രേഖപ്പെടുത്തിയിട്ടുണ്ടോ?”
“ഉണ്ട്..”
“ആ മുബശ്ശിർ ബ്നു ഇസ്മാഈൽ എനിക്ക് ഹദീഥ് പറഞ്ഞു തന്നു. അദ്ദേഹം അബ്ദുറഹ്മാൻ ബ്നുൽ അലാഅ് ബ്നുൽ ഹജ്ജാജ് (റ)വിൽ നിന്നാണ് ഹദീഥ് കേട്ടത്. അദ്ദേഹത്തിന്റെ പിതാവ് (അലാഅ്) വസ്വിയ്യത് ചെയ്തു. ‘തന്നെ (മരിച്ച്)മറവ് ചെയ്ത ശേഷം തലയുടെ ഭാഗത്ത് വെച്ച് അൽബക്വറ സൂറത്തിന്റെ ആദ്യവും അവസാനവും ഓതുക.’ അദ്ദേഹം പറഞ്ഞു.
“ഇബ്നു ഉമർ (رضي الله عنه) ഇപ്രകാരം വസ്വിയ്യത് ചെയ്തതായി ഞാൻ കേട്ടിട്ടുണ്ട്.”
അപ്പോൾ ഇമാം അഹ് മദ് (رضي الله عنه) പറഞ്ഞു.
“എങ്കിൽ അയാളുടെ അടുത്ത് ചെന്ന് ഓതാൻ പറയൂ.”
(ഈ സംഭവത്തിനു ശേഷമായിരിക്കാം ആദ്യം പറഞ്ഞ അദ്ദേഹത്തിന്റെ ഫത് വ) الله اعلم
★ ★ ★
അബൂ ദർറ് (رضي الله عنه) വിൽ നിന്ന് നിവേദനം.
‘നബിﷺ തങ്ങളുടെ സ്വഹാബികളിൽ പെട്ട കുറച്ചു പേർ വന്ന് (പരാതി) പറഞ്ഞു.
“അല്ലാഹുവിന്റെ തിരു ദൂതരേ, സമ്പന്നർ (ധാരാളം) പ്രതിഫലവും കൊണ്ടു പോകുന്നു. ഞങ്ങൾ നിസ്കരിക്കും പ്രകാരം അവരും നിസ്കരിക്കുന്നു. ഞങ്ങൾ വ്രതമനുഷ്ടിക്കും പ്രകാരം അവരും വ്രതമനുഷ്ടിക്കുന്നു. (കൂടാതെ) ബാക്കിയുള്ള അവരുടെ ധനം കൊണ്ട് ദാനധർമ്മങ്ങളും നൽകുന്നു.”
അപ്പോൾ നബിﷺ തങ്ങൾ പറഞ്ഞു.
“അവരുടെ ദാനധർമ്മങ്ങൾ നിങ്ങൾക്ക് (നൽകാൻ) അല്ലാഹു തആല തീരുമാനിച്ചിട്ടില്ലേ. നിശ്ചയം, എല്ലാ തസ്ബീഹും (سبحان الله) ‘സ്വദക്വ’യാകുന്നു. എല്ലാ തക്ബീറും (الله اكبر) ‘സ്വദക്വ’യാകുന്നു. എല്ലാ തഹ് മീദും (الحمد لله) ‘സ്വദക്വ’യാകുന്നു. എല്ലാ തഹ് ലീലും (لا إله إلا الله) ‘സ്വദക്വ’യാകുന്നു. നൻമ കൽപ്പിക്കൽ ‘സ്വദക്വ’യാകുന്നു. തിന്മ നിരോധിക്കൽ ‘സ്വദക്വ’യാകുന്നു. നിങ്ങളിൽപ്പെട്ടവരുടെ (ഭർത്താവിനോടുള്ള) അർപ്പണവും ‘സ്വദക്വ’യാകുന്നു.”
(മുസ് ലിം)
ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിനെ സംബന്ധിച്ച് യഅ്ല ബ്നു ഉമയ്യഃ (رضي الله عنه) ഉദ്ധരിക്കുന്നു.
(യുദ്ധഭീഷണിയില്ലാത്തപ്പോൾ ക്വസ്റാക്കുന്നതിനെ കുറിച്ച്) ഞാൻ നബിﷺ തങ്ങളോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു.
“അത് അല്ലാഹു തആല നിങ്ങൾക്ക് തന്ന സ്വദക്വയാകുന്നു. അവന്റെ സ്വദക്വഃ നിങ്ങൾ സ്വീകരിക്കുക. ”
(മുസ് ലിം, അഹ് മദ്)
ഇമാം ക്വുർത്വുബി (رحمه الله) മരണപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങളെ സ്വദക്വഃ ആയിട്ടാണ് എണ്ണുന്നത്. മരിച്ചവർക്കു വേണ്ടി സ്വദക്വഃ നൽകാൻ നബിﷺ കൽപ്പിച്ചിട്ടുണ്ടല്ലോ. അതിന്ന് ബലം നൽകാൻ ചില ഹദീഥുകൾ കൂടി ഉദ്ധരിക്കുന്നു.
അലി (رضي الله عنه)നിവേദനം ചെയ്ത ഹദീഥ്, സലഫി രേഖപ്പെടുത്തുന്നു. നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു.
“ഒരാൾ ഒരു മക്വ് ബറയിലൂടെ കടന്ന് പോവുകയും അങ്ങനെ ‘ഇഖ്ലാസ് ’ സൂറത്ത് പതിനൊന്ന് വട്ടം ഓതുകയും, പിന്നെ അതിന്റെ പ്രതിഫലം അവിടെ മരണപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്താൽ, മരിച്ചവരുടെ എണ്ണമനുസരിച്ച് അവന്ന് പ്രതിഫലം ലഭിക്കപ്പെടും.”
നബിﷺ തങ്ങളുടെ സേവകനായ അനസ് (رضي الله عنه)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടു. നബിﷺ തങ്ങൾ പറഞ്ഞു.
“ഒരു സത്യവിശ്വാസി ‘ആയതുൽ കുർസിയ്യ്’ ഓതുകയും അതിന്റെ പ്രതിഫലം ക്വബ്റിലുള്ളവർക്ക് നൽകുകയും ചെയ്താൽ, അല്ലാഹു തആല പശ്ചിമ-പൂർവ്വ ദിക്കുകൾക്കിടയിലുള്ള എല്ലാ ക്വബ്റിലും നാല്പത് പ്രകാശങ്ങളുടെ പ്രഭ നിറയ്ക്കും. അവരുടെ ശയനസ്ഥാനങ്ങളെ അല്ലാഹു തആല വിശാലമാക്കും. ഓതിയവന്ന് അല്ലാഹു തആല അറുപത് നബിമാരുടെ പ്രതിഫലം നൽകും. ഓരോ മയ്യിത്തിന്റെ എണ്ണമനുസരിച്ച് അവന്റെ പദവികൾ ഉയർത്തപ്പെടും. ഓരോ മയ്യിത്തിന്നും പത്ത് എന്ന തോതിൽ അവന്ന് നന്മകൾ രേഖപ്പെടും.”
ഇമാം ക്വുർത്വുബി(رحمه الله) തങ്ങൾ സമർത്ഥിക്കുന്നു.
“ഈ വിഷയത്തിന്റെ അടിസ്ഥാനം സ്വദക്വഃ യാകുന്നു. അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതിൽ സംശയമില്ലല്ലോ. ഇപ്രകാരം തന്നെ ക്വുർആൻ പാരായണം, ദുആ, ഇസ്തിഗ്ഫാറ്, തഹ് ലീൽ എല്ലാം മയ്യിത്തിന് പ്രതിഫലം എത്തിച്ചേരും. കാരണം ഇതെല്ലാം സ്വദക്വകളാണ്.”
(സമ്പത്തു കൊണ്ട് മാത്രമല്ല സ്വദക്വഃ എന്നുളളതിന് ആദ്യത്തെ ഹദീഥുകൾ തെളിവാണല്ലോ.)
★ ★ ★
നബിﷺ തങ്ങളിൽ നിന്ന് അബൂ ദർറ് (رضي الله عنه) ഉദ്ധരിക്കുന്നു. നബിﷺ തങ്ങൾ പറഞ്ഞു.
“നിങ്ങൾ ഓരോരുത്തരുടേയും എല്ലാ സന്ധികൾ (joints)ക്കും വേണ്ടി സ്വദക്വഃ (ദാനം) ചെയ്യാൻ ബാധ്യസ്ഥരാണ്. അപ്പോൾ എല്ലാ തസ്ബീഹും (سبحان الله) ‘സ്വദക്വ’ ആകുന്നു. എല്ലാ തഹ് മീദും (الحمد لله) ‘സ്വദക്വ’ ആകുന്നു. എല്ലാ തഹ് ലീലും (لا إله إلا الله) ‘സ്വദക്വ’ ആകുന്നു. എല്ലാ തക്ബീറും (الله اكبر) ‘സ്വദക്വ’ ആകുന്നു. നൻമ കൽപ്പിക്കൽ ‘സ്വദക്വ’ ആകുന്നു. തിന്മ നിരോധിക്കൽ ‘സ്വദക്വ’ ആകുന്നു. ‘ളുഹാ’ നിസ്കാരത്തിൽ നിന്നുള്ള രണ്ട് റക്അത് ഇതിനെല്ലാം മതിയാകുന്നതാണ്.”
(മുസ് ലിം)
ഹസൻ رضي الله عنه പറഞ്ഞു.
ഒരാൾ മഖ്ബറയിൽ പ്രവേശിച്ച്,
” اللهم رب الأجساد البالية والعظام الناخرة خرجت من الدنيا وهي بك مؤمنة فأدخل عليها روحاً منك وسلاماً مني“
(ദ്രവിച്ച് കൊണ്ടിരിക്കുന്ന ശരീരങ്ങളുടെയും പൊടിഞ്ഞ് കൊണ്ടിരിക്കുന്ന എല്ലുകളുടെയും രക്ഷിതാവായ അള്ളാഹുവേ, അവയെ നീ ഇഹലോകത്ത് നിന്ന് പുറപ്പെടുവിച്ചത് അവ നിന്നിൽ വിശ്വസിച്ച അവസ്ഥയിൽ ആയിരുന്നു. അത് കൊണ്ട് നിന്റെ പക്കൽ നിന്നുള്ള ആത്മാവും എന്റെ സലാമും നീ അവയിൽ (ശരീരങ്ങളിൽ) പ്രവേശിപ്പിക്കൂ.} എന്ന് പറഞ്ഞാൽ അവിടെ മറവ് ചെയ്യപ്പെട്ട ആളുകളുടെ എണ്ണത്തിനനുസരിച്ച് അവന്ന് നന്മകൾ രേഖപ്പെട്ടുത്താതിരിക്കില്ല.
★ ★ ★
ഇബ്നു അബ്ബാസ് (رضي الله عنه) നബി തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു. അവിടുന്ന് പറഞ്ഞു :
“മനുഷ്യരിൽ ഏറ്റവും ഉത്തമന്മാർ, എന്നല്ല, പ്രപഞ്ചസഞ്ചാരികളിൽ (ജിന്ന്,മലക് ,മാനവ വർഗ്ഗങ്ങളിൽ..) തന്നെ ഏറ്റവും ഉത്തമൻമാർ മതാധ്യാപകർ ആകുന്നു. അവർ മതം ചര്യയാക്കുമ്പോഴെല്ലാം അതിനെ സമുദ്ധരിക്കുകയാണ്. നിങ്ങൾ അവർക്ക് നൽകുക. അവരെ കൂലിക്കാരൻ ആക്കരുത്. അപ്പോൾ നിങ്ങൾ അവരോട് ദ്രോഹം ചെയ്തവരാകും. ഒരു മതാധ്യാപകൻ കുട്ടിയോട് ചൊല്ലൂ بسم الله الرحمن الرحيم എന്ന് പറഞ്ഞാൽ അള്ളാഹു തആല ആ കുട്ടിക്കും അവന്റെ മാതാപിതാക്കൾക്കും ആ അധ്യാപകനും നരക മോചനം രേഖപ്പെടുത്തുന്നതാണ്.”
ഈ ഹദീഥ്, പ്രമുഖ മുഹദ്ദിഥ് ആയ ഥഅ്ലബി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.
(തൻസീഹുശ്ശരീഅഃ 1/252)
.
ഇവിടെ, ഒരു കുട്ടി ഫാതിഹയിലെ ആദ്യ ആയത്ത് ആയ ബിസ്മി ചൊല്ലുമ്പോൾ (പഠിക്കുമ്പോൾ) ലഭിക്കുന്നതിന്റെ തുല്യമായ പ്രതിഫലം അവന്റെ മാതാപിതാക്കൾക്കും ലഭിക്കുമെന്ന് വ്യക്തമാണല്ലോ.ഈ ഹദീഥിന്റെ നിവേദകമാരിൽ ചിലർ ദുർബലരാണ് എന്ന് അഭിപ്രായപ്പെട്ടവർ ഉണ്ട്. പക്ഷേ കുട്ടിയുടെ ഖുർആൻ പഠനം കൊണ്ട് മാതാപിതാക്കൾക്കുള്ള നേട്ടത്തെ ക്കുറിച്ച് വന്ന ധാരാളം ആഥാറുകൾ (മഹാന്മാരുടെ വാക്കുകളും അനുഭവങ്ങളും) ഇതിന്റെ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്.
★ ★ ★
നാം സുഹൃത്തുക്കളെയും മറ്റും സന്ദർശിക്കാൻ പോകുമ്പോൾ ഉപഹാരം വല്ലതും കൊണ്ട് പോകാറുണ്ടല്ലോ അപ്രകാരം ഖബ്റുകൾ സദ്ധർശിക്കുമ്പോൾ അവർക്കുള്ള നമ്മുടെ ഉപഹാരമാണ് അൽപം ഖുർആൻ ഓതൽ.
ഇമാം ക്വുർത്വുബി (رحمه الله) തങ്ങളുടെ വാക്കുകൾ ഇതാ:
“......ഇക്കാരണത്താൽ പണ്ഡിതന്മാർ ഖബ്ർ സിയാറത്ത് ‘മുസ്തഹബ്ബ്,’ (സുന്നത്ത്)ആയി കാണുന്നു .ഖബ്ർ സിയാറത്ത് ചെയ്യുന്നവന്റെ മയ്യിത്തിനുള്ള കാഴ്ച ദ്രവ്യമാകുന്നു ഖുർആൻ പാരായണം..”
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment