“മൃത്യു സ്മരണ”
.
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി സ്വ പറഞ്ഞു:
“നിങ്ങൾ സർവ്വ രസങ്ങളും നശിപ്പിക്കുന്നതിന്റെ (മരണം) സ്മരണയെ വർദ്ധിപ്പിക്കുവീൻ.”
(നസാഈ, തിർമുദി, ഇബ്നുമാജഃ)
ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാൻ പ്രവാചകരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അൻസ്വാറുകളിൽ പെട്ട ഒരാൾ വന്ന് സലാം പറഞ്ഞു.എന്നിട്ട് ചോദിച്ചു:
“ഏതു തരം സത്യവിശ്വാസികളാണ് ഏറ്റവും ഉത്തമർ ?”
അവിടുന്ന് പ്രതിവചിച്ചു:
“ഏറ്റവും സദ്സ്വഭാവികൾ.”
“ഏതു തരം സത്യവിശ്വാസികളാണ് ഏറ്റവും ബുദ്ധിമാൻമാർ.?”
“അവരിലേറ്റവും അധികം മരണത്തെ സ്മരിക്കുകയും അനന്തര ജീവിതത്തിനു വേണ്ടി ഏറ്റവും നല്ല മുന്നൊരുക്കം നടത്തുകയും ചെയ്തവർ.”
(ഇബ്നുമാജഃ, മാലിക്)
ഒരാൾ നബി (സ്വ) യോട് ചോദിച്ചു:
“ആരെങ്കിലും ശുഹദാക്കളോടൊപ്പം മഹ്ശറിൽ ചേർക്കപ്പെടുമോ ?”
അവിടുന്ന് പ്രതിവചിച്ചു:
“അതെ, രാപ്പകലുകളിൽ ഇരുപതു വട്ടം മരണത്തെ സ്മരിക്കുന്നവർ.”
(ഹൈഥമി, ത്വബ്റാനി)
നബി (സ്വ) പറഞ്ഞു:
“സ്വശരീരത്തെ മെരുക്കുകയും മരണാനന്തര ജീവിതത്തിനു വേണ്ടി അധ്വാനിക്കുകയും ചെയ്തവനാണ് ഏറ്റവും ബുദ്ധിമാൻ.”
(അഹ് മദ്)
ദക്വാക്വ് എന്ന മഹാൻ പറഞ്ഞു: ഒരാൾ ധാരാളമായി മരണത്തെ സ്മരിച്ചാൽ മൂന്ന് കാര്യങ്ങൾ കൊണ്ട് ആദരിക്കപ്പടും.
1. പെട്ടെന്നുള്ള തൗബ;
2. കിട്ടിയതിലുള്ള ഹൃദയസംതൃപ്തി;
3. ആരാധനകളിലുള്ള ഉൻമേഷം.
ഒരാൾ മരണത്തെ വിസ്മരിച്ചാൽ മൂന്ന് കാര്യങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെടും.
1. തൗബയെ നീട്ടി വെക്കൽ.
2. ലഭിച്ചതിൽ തൃപ്തി തോന്നായ്ക.
3. ആരാധനകളിലെ അലസത.
★ ★ ★
“മരണചിന്ത ഉണർത്തുന്നു.”
.
.
ബുറൈദഃ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഞാൻ നിങ്ങളെ കബ്ർ സന്ദർശനത്തിൽ നിന്ന് വിലക്കിയിരുന്നു. ഇനി നിങ്ങൾ സിയാറത് ചെയ്യുക. കാരണം അതിൽ നിന്ന് പാഠമുൾക്കൊള്ളാനുണ്ട്.”
(അബൂദാവൂദ് )
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി സ്വ തന്റെ മാതാവിന്റെ കബ്ർ സന്ദർശിച്ചപ്പോൾ അവിടുന്ന് കരയുകയും കൂടെയുള്ളവരെ കരയിപ്പിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് പറഞ്ഞു:
“...... അങ്ങനെ എനിക്ക് (കബ്ർ സന്ദർശനത്തിന് ) അനുമതി നൽകപ്പെട്ടു. അതു കൊണ്ട് നിങ്ങൾ കബ്ർ സിയാറത് ചെയ്യുക നിശ്ചയമായും അത് മരണത്തെ ഓർമ്മിപ്പിക്കും."
(മുസ് ലിം)
ബുറൈദഃ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഞാൻ നിങ്ങളെ കബ്ർ സന്ദർശനത്തിൽ നിന്ന് വിലക്കിയിരുന്നു. ഇനി നിങ്ങൾ സിയാറത് ചെയ്യുക.”
(മുസ് ലിം)
കൂടാതെ അബൂദാവൂദ് (റ) വിന്റെ ഹദീഥിന് തുല്യമായ വചനങ്ങൾ ഇമാം മുസ് ലിം, ഇബ്നുമാജഃ, ഹാകിം, ബൈഹഖി തുടങ്ങിയവർ ഉദ്ധരിക്കുന്നുണ്ട്. ഇബ്നുമാജഃ, ഹാകിം, ബൈഹഖി തുടങ്ങിയവരുടെ റിപ്പോർട്ടുകളിൽ “അത് ഇഹലോക ജീവിതത്തിൽ ത്യാഗിയാക്കുകയും മരണത്തെ ഓർമ്മിപ്പിക്കുകയും ചെയ്യും" എന്ന് അധികം കാണാം.
കബ്ർ സിയാറത്, പുരുഷന്മാർക്ക് സുന്നത്താണ് എന്ന വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ തർക്കമില്ല. സ്ത്രീകളുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. യുവതികൾക്ക് ഹറാം ആണ്. മറ്റുള്ളവർക്ക് അനുവദനീയമാണ്. അന്യ പുരുഷന്മാരിൽ നിന്ന് തനിച്ചാണെങ്കിൽ എല്ലാ സ്ത്രീകൾക്കും അനുവദനീയം തന്നെയെന്നതിലും തർക്കമില്ല. ഈ അർത്ഥത്തിൽ 'നിങ്ങൾ സിയാറത് ചെയ്യുക' എന്ന നബിവചനം പൊതുവായ കല്പനയാകുന്നു.
എന്നാൽ ഫിത് ന ഭയപ്പെടുമ്പോഴും അന്യ പുരുഷന്മാരുമായി കലരുമ്പോഴും അവർക്ക് ഹറാം ആകുന്നു. മരണത്തെ ഓർക്കാൻ വേണ്ടി കബ്ർ സന്ദർശനത്തിന് വരുന്നവർ അന്യ സ്ത്രീകളെ / പുരുഷന്മാരെ കണ്ട് ഫിത്നയിൽ അകപ്പെടുന്നു. ഇത് വ്യക്തമാണ്.
‘നബി (സ്വ) കബ്ർ സിയാറത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചു' എന്ന ഹദീഥ്, കബ്ർ സന്ദർശനത്തിന് അനുമതി നൽകപ്പെടുന്നതിന് മുമ്പായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നീട് അനുമതി നൽകപ്പെട്ടപ്പോൾ എല്ലാവരും അതിൽ ഉൾപ്പെട്ടു. ഇതാണ് പ്രബലം.
★ ★ ★
കൂടാതെ 3 കാര്യങ്ങൾ കൊണ്ട് കഠിനമായ ഹൃദയത്തെ ചികിൽസിക്കണമെന്ന് ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.
1- സാരോപദേശം, വഅള്, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും മറ്റും ഭയപ്പെടുത്തൽ, അവന്റെ പ്രതിഫലത്തിൽ ആഗ്രഹിപ്പിക്കൽ, സ്വാലിഹീങ്ങളുടെ ചരിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട അറിവിന്റ സദസ്സുകളിൽ സ്ഥിരമായി പങ്കാളിയാവുക.
2 - മരണത്തെ സ്മരിക്കൽ. ഒരു സ്ത്രീ ആഇശ (റ) വിന്റെ അടുക്കൽ വന്ന് തന്റെ ഹൃദയകാഠിന്യത്തെ കുറിച്ച് സങ്കടം പറഞ്ഞു. അപ്പോൾ ബീവി ഉപദേശിച്ചത് മരണത്തെ കൂടുതലായി ഓർക്കാൻ വേണ്ടി ആയിരുന്നു. അതിനു ശേഷം ആ സ്ത്രീയുടെ ഹൃദയം അലിഞ്ഞു. അവർ നന്ദി അറിയിക്കാൻ വീണ്ടും വന്നു. ജ്ഞാനികൾ പറയുന്നു, മരണചിന്ത പാപങ്ങളെ തടയും, ഹൃദയകാഠിന്യത്തെ അലിയിക്കും, ഐഹികപ്രേമം ഇല്ലാതാക്കും, ഇഹലോക പ്രയാസങ്ങളെ നിസ്സാരമായി തോന്നിപ്പിക്കുകയും ചെയ്യും.
3 - മരണാസന്നരെ സന്ദർശിക്കൽ. മരണത്തിന് സാക്ഷിയാകലും മയ്യിത്ത് കാണലും പിന്നീട് ആ രംഗങ്ങൾ ഓർക്കുകയും ചെയ്യുന്നത് ശാരീരിക സുഖങ്ങൾ ത്യജിക്കാൻ പര്യാപ്തമാണ്.
അത് ഹൃദയത്തിൽ നിന്ന് ഐഹികപ്രേമത്തെ ആട്ടിക്കളയും, സുഖനിദ്രയിൽ നിന്നും കൺപോളകളെ തടയും, സൽക്കർമ്മങ്ങൾ ചെയ്യുാൻ പ്രേരിപ്പിക്കും, പരിശ്രമവും അധ്വാനവും വർദ്ധിപ്പിക്കുകയും ചെയ്യും.
.
★ ★ ★
ക്വബ്ർ സന്ദർശനം
ബുറൈദഃ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു.
“ആരെങ്കിലും കബ്ർ സന്ദർശനത്തിന് ഉദ്ദേശിച്ചാൽ അവൻ സിയാറത് ചെയ്തു കൊള്ളട്ടെ, മോശം പറയരുത്.”
(നസാഈ)
ഇബ്നു അബ്ബാസ് (റ) ഉദ്ധരിച്ച ഹദീഥ് അബൂ ഉമർ അനുസ്മരിക്കുന്നു. നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഒരാൾ തന്റെ പരിചയമുള്ള സത്യവിശ്വാസിയായ സഹോദരന്റെ കബ്റിന്നരികിലൂടെ കടന്നു പോവുകയും, അങ്ങനെ അയാൾക്ക് സലാം ചൊല്ലുകയും ചെയ്താൽ, അയാൾ (കബ്ർ വാസി) സലാം മടക്കാതിരിക്കില്ല."
ഇപ്രകാരം അബൂഹുറയ്റ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ട മറ്റൊരു ഹദീഥിൽ ‘പരിചയമില്ലാതെ സലാം ചൊല്ലിയാലും സലാം മടക്കുന്നതാണ്.’ എന്നും റിപ്പോർട്ട് വന്നിട്ടുണ്ട്.
(ബൈഹഖി, ഇബ്നുജൗസി, ദൈലമി)
★ ★ ★
ആഇശ (റ) വിൽ നിന്ന് നിവേദനം. അവർ പറഞ്ഞു: ഞാൻ നബി (സ്വ) തങ്ങളോട് (ജന്നതുൽ ബഖീഇൽ കബ്ർ സന്ദർശനവേളയിൽ) ചോദിച്ചു:
“ഞാൻ അവരോട് എങ്ങനെയാണ് (സലാം) പറയുക ?"
അവിടുന്ന് പ്രതിവചിച്ചു:
“വിശ്വാസികളും മുസ് ലിംകളുമായ വീട്ടുകാർക്കു മേൽ സലാം ഉണ്ടാകട്ടെ, നമ്മിൽ ആദ്യം വന്നവർക്കും പിന്നീട് വന്നവർക്കും അല്ലാഹു റഹ്മത് ചെയ്യട്ടെ.., അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്.”
(മുസ് ലിം)
അനസ് ബിനു മാലിക് (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
"ഒരു കബ്റിങ്കൽ കരഞ്ഞു കൊണ്ടിരുന്ന സ്ത്രീയുടെ സമീപത്തു കൂടി കടന്നു പോകുമ്പോൾ നബി (സ്വ) തങ്ങൾ അവളോട് പറഞ്ഞു:
“നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമ കൈക്കൊള്ളുക”
അവൾ പറഞ്ഞു:
“എനിക്ക് നിങ്ങളോട് പറയാനുള്ളത്, 'നിങ്ങൾക്ക് ഇതു പോലെയുള്ള മുസ്വീബത് (കാലക്കേട്) വന്നിട്ടില്ല' എന്നാണ്” (അവൾക്കപ്പോൾ നബി (സ്വ) തങ്ങളെ മനസ്സിലായിരുന്നില്ല.)
(ബുഖാരി, മുസ് ലിം)
★ ★ ★
ഈ ഹദീഥുകളിൽ നിന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും കബ്ർ സന്ദർശനം അനുവദനീയം ആണ് എന്നും പുരുഷന്മാരെ പോലെ സ്ത്രീകൾക്കും കബ്ർ വാസികളോട് സലാം പറയാമെന്നും മനസ്സിലാക്കാം. മാത്രമല്ല, കബ്ർ വാസികൾ സലാം മടക്കുമെന്നും സ്ത്രീകൾക്ക് കബ്റിങ്കൽ വെച്ച് കരയൽ അനുവദനീയം ആണെന്നതിനും ഇവ തെളിവാകുന്നു എന്ന് ഇമാം ഖുർത്വുബി അഭിപ്രായപ്പെടുന്നു. അവർക്ക് കരയൽ ഹറാം ആയിരുന്നു എങ്കിൽ ഒരു നിഷിദ്ധം ചെയ്ത ഗൗരവത്തോടെ അവളെ അവിടെ നിന്ന് നബി (സ്വ) തങ്ങൾ ആട്ടിയോടിക്കുമായിരുന്നുവെന്നും അദ്ദേഹം സമർത്ഥിക്കുന്നു. കൂടാതെ മരണവേളയിലും കരഞ്ഞു പോകുന്നത് കൊണ്ട് തെറ്റില്ല. തന്റെ പുത്രൻ ഇബ്രാഹീം മരണപ്പെട്ടപ്പോൾ നബി (സ്വ) തങ്ങൾ കരഞ്ഞിട്ടുണ്ട്. അട്ടഹാസവും മാറത്തടിയുമൊന്നുമില്ലെങ്കിൽ അവരെ (കരയുന്ന സ്ത്രീകളെ) വെറുതെ വിടാൻ ഉമർ (റ) പറഞ്ഞിട്ടുമുണ്ട്.
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment