Tuesday, September 19, 2017

20 - “മണ്ണറയിലേക്കുള്ള മടക്കം.”


       “മയ്യിത്ത് വേഗം എടുക്കണം”


    

.

     


   

      ബൂ സഈദ് അൽഖുദ്റി (رضي الله عنه) വിൽ നിന്ന് നിവേദനം.  നബിﷺ തങ്ങൾ പറയാറുണ്ടായിരുന്നു.

       “മയ്യിത്ത് കട്ടിലിൽ വെച്ച്, ആളുകൾ തോളിൽ ചുമക്കുമ്പോൾ, സ്വാലിഹായ (മനുഷ്യന്റെ) മയ്യിത്താണെങ്കിൽ അത്, ‘എന്നെ വേഗം കൊണ്ടു പോകൂ’ എന്ന് പറയും. അത് സ്വാലിഹായ മയ്യിത് അല്ലെങ്കിൽ അത് തന്റെ കുടുംബങ്ങളോടു പറയും. 

     “ഹേ നാശം, ഇതെങ്ങോട്ട് കൊണ്ടു പോകുന്നു?” ആ ശബ്ദം മനുഷ്യൻ അല്ലാത്ത എല്ലാറ്റിനും കേൾക്കാം, മനുഷ്യൻ കേൾക്കുകയാണെങ്കിൽ നിശ്ചയമായും അവൻ (ഭയന്ന്) മരിക്കുമായിരുന്നു.”

(ബുഖാരി)

     അബൂഹുറയ്റഃ(رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു.

     “നിങ്ങൾ മയ്യിത് വേഗം കൊണ്ടു പോവുക. അത് സ്വാലിഹായ (മനുഷ്യന്റെ) മയ്യിത്താണെങ്കിൽ അത് അവന്ന് നൻമയാകുന്നു. അത് (സ്വാലിഹ്) അല്ലെങ്കിൽ നിങ്ങളുടെ അടുക്കൽ വെക്കുന്നത് നിങ്ങൾക്ക് തിൻമയായിരിക്കും.”

_(മുസ് ലിം)_

     വിടെ ‘വേഗം കൊണ്ടു പോവുക’ എന്നതിന്റെ ഉദ്ദേശ്യം നടത്തം വേഗത്തിലാക്കുക എന്നതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റു ചിലർ അഭിപ്രായപ്പെടുന്നത് മരിച്ചതിനു ശേഷമുള്ള എല്ലാ സംസ്കരണകർമ്മങ്ങളും വേഗത്തിലാക്കണമെന്നാണ്. നസാഈ ഉദ്ധരിച്ച ഹദീഥ് ആദ്യത്തെ അഭിപ്രായത്തിന് ബലമേകുന്നു.

.

    

     യൈനത് ബ്നു അബ്ദുറഹ്മാൻ തൻറെ പിതാവ് അബ്ദുറഹ്മാനിൽ നിന്ന് ഹദീഥ് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു. 

      “ഞാൻ അബ്ദുറഹ്മാൻ ബ്നു സമുറഃ (رضي الله عنه) വിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. സിയാദ് (റ) മയ്യിത്ത് കട്ടിലിന്റെ മുമ്പിൽ പുറപ്പെട്ടു. അബ്ദുറഹ്മാനിന്റെ കുടുംബത്തിലെ ആളുകളും സേവകൻമാരും കട്ടിലിനെ മുന്നിലാക്കി പിറകിൽ നടക്കുകയായിരുന്നു. അവർ പറയുന്നുണ്ടായിരുന്നു. “പതുക്കെ, പതുക്കെയാക്കൂ, അല്ലാഹു ബറകത് ചെയ്യട്ടെ.” അവരങ്ങനെ അരിച്ചു നീങ്ങിക്കൊണ്ടിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്റെ കോവർകഴുതയോടൊപ്പം നടന്നു കൊണ്ട് അബൂബക്ർ (رضي الله عنه) ഞങ്ങളുടെ കൂടെ ചേർന്നു. ഇവരുടെ ഈ പ്രവൃത്തി കണ്ടപ്പോൾ അവർക്കിടയിൽ തന്റെ കഴുതപ്പുറത്ത് കയറിയിരുന്ന് തന്റെ ചാട്ടകൊണ്ട് അതിനെ മുന്നോട്ട് നയിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. “വിടൂ, നബിﷺ തങ്ങളെ ആദരിച്ച അല്ലാഹുവാണ് സത്യം, ഞങ്ങൾ തിരുദൂതരോടൊപ്പം മയ്യിത്തുമായി പൊടിപടലമുയരും വിധം ദൃതിയിൽ നടന്നിരുന്നു.” അപ്പോൾ ആ ആളുകളും വേഗം നടന്നു.”

       വിഷയത്തിൽ പണ്ഡിതൻമാർ പറയുന്നത് മിതത്വം പാലിക്കാനാണ്. മയ്യിത്തുമായി പതുക്കെ അരിച്ചു നീങ്ങുന്നത് ഇസ്രായീല്യരുടെ ആചാരമാകുന്നു. അതു കൊണ്ട് സാധാരണയേക്കാൾ അൽപം വേഗത്തിൽ നടന്നാൽ മതി. മാത്രമല്ല, വളരെ വേഗത്തിൽ നടക്കലും കറാഹത് ആകുന്നു. അത് മയ്യിത്തിനെ അനുഗമിക്കുന്നവരുടെ കൂട്ടത്തിലുള്ള വൃദ്ധൻമാർക്കും ദുർബ്ബലർക്കും പ്രയാസമുണ്ടാക്കും.

                             ★    ★    ★


                   “തുണി പിടിക്കൽ”


      അദ് ബ്നു മാലിക്ക് رضي الله عنه വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു.

        “നബിﷺ തങ്ങൾ ഒരു തുണി കൊണ്ടു വരാൻ കൽപ്പിച്ചു. അതു കൊണ്ട് സഅദ് ബിൻ മുആദ് رضي الله عنه വിനെ മറവ് ചെയ്യുന്ന വേളയിൽ ക്വബ്റിങ്ങൽ  മറച്ചു പിടിച്ചു.  നബിﷺ സഅദ് ബിൻ മുആദ് رضي الله عنه വിന്റെ ഖബ്റിൽ ഇറങ്ങി. ക്വബ്റിൻ മേൽ തുണി കൊണ്ട് മറച്ചിരുന്നു. ഞാൻ വസ്ത്രത്തിന്റെ തല പിടിച്ചവരിലുണ്ടായിരുന്നു.”

   

      വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാർ ആണ്. അബ്ദുല്ലാഹിബ്നു യസീദ്, ശുറൈഹ്, ഇമാം അഹ് മദ് ബ്നു ഹൻബൽ (رضي الله عنهم) തുടങ്ങിയ ആളുകൾ സ്ത്രീകൾക്ക് മാത്രം ഇങ്ങനെ തുണി വിരിച്ചാൽ മതി എന്ന അഭിപ്രായക്കാർ ആണ്. എന്നാൽ പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇങ്ങനെ പിടിക്കാം എന്നതാണ് ഇമാം ശാഫിഈ رضي الله عنه വും മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇമാം ക്വുർത്വുബി തങ്ങളും ഇതേ അഭിപ്രായക്കാരനാണ്. കാരണം അത് നബിﷺ തങ്ങൾ പ്രവർത്തിച്ചതും അവിടുന്ന് കൽപിച്ചതുമാകുന്നു.

       ഇതിന്റെ രഹസ്യം എന്താണ് എന്നതിൽ ഒരു ഹദീഥ് കാണാം.

     നസ് ബിൻ മാലിക് رضي الله عنه വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ ഒരു ജനാസയെ അനുഗമിച്ചു. മയ്യിത്ത് നിസ്കാരം കഴിഞ്ഞ ശേഷം അവിടുന്ന് ഒരു വസ്ത്രം കൊണ്ട് വരാൻ കൽപിച്ചു.അങ്ങനെ അത് ഖബ്റിൻമേൽ വിരിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു.

     “നിങ്ങൾ ഖബ്റിലേക്ക് എത്തി നോക്കരുത്. നിശ്ചയമായും അത് ഒരു അമാനത്താകുന്നു.  ചിലപ്പോൾ (അദൃശ്യലോകത്തിന്റെ) കെട്ടുകൾ അഴിഞ്ഞേക്കാം. അപ്പോൾ അവിടെ കഴുത്തിൽ ചുറ്റപ്പെട്ട കറുത്ത പാമ്പിനെ കണ്ടേക്കാം. അത് അമാനത് ആകുന്നു. (പുറത്ത് പറയാൻ പാടില്ല) ചിലപ്പോൾ (അവനെ സ്വീകരിക്കാൻ) വേണ്ടി കൽപ്പിക്കപ്പെട്ടേക്കാം. അപ്പോൾ അവിടെ മണിയൊച്ച കേൾക്കാം. അതും അമാനത് ആകുന്നു.

           ഈ ഹദീഥ് ദുർബലമാണെങ്കിലും അതിന് ശേഷം ഇമാം ക്വുർത്വുബി തങ്ങൾ ഉദ്ധരിച്ച വസ്തുതകൾ ഇതിന്ന് ബലമേകുന്നു.

       “എന്റെ (ഇമാം തങ്ങളുടെ) ചില വിശ്വസ്ഥരായ കൂട്ടുകാർ, ക്വബ്റിൽ നിന്ന് മണിയൊച്ച  കേട്ട വിവരം പറഞ്ഞിട്ടുണ്ട്. അത് പോലെ, ഫഖീഹും ആലിമും ത്വരീക്വത്തിന്റെ ശൈഖും ഒക്കെയായ എന്റെ സുഹൃത്ത് അബൂ അബ്ദുള്ള മുഹമ്മദ് ബിൻ അഹ് മദ് അൽ ക്വസ്വ്രി (رحمه الله) എന്നോട് അറിയിച്ച ഒരു സംഭവം ഇവിടെ വിവരിക്കാം :

      കോൺസ്റ്റാന്റിനോപ്പിളിലെ അധികാരികളിൽ പെട്ട ഒരാൾ മരണപെട്ടു. അങ്ങനെ ക്വബ്റ് കുഴിച്ച് പൂർത്തിയാക്കി, മയ്യിത്ത് ക്വബ്റിലേക്ക് വെക്കാൻ നോക്കുമ്പോൾ ക്വബ്റിന്റെ ഉള്ളിൽ ഒരു കറുത്ത പാമ്പ് ! അപ്പോൾ അവർ അതിൽ മയ്യിത്ത് വെക്കാൻ ഭയന്നു. അങ്ങനെ അവർ മറ്റൊരു ക്വബ്ർ കുഴിച്ചു. അവിടെയും ക്വബ്റിൽ വെക്കാൻ നോക്കുമ്പോൾ ആ കറുത്ത പാമ്പ്! അങ്ങനെ അവർ മറ്റൊരു ഖബ്ർ കുഴിച്ചു. അവിടെയും അതേ കറുത്ത പാമ്പ്! അങ്ങനെ വീണ്ടും വീണ്ടും ക്വബ്ർ കുഴിച്ചു കൊണ്ടേയിരുന്നു.മുപ്പതോളം ക്വബ്റുകൾ കുഴിച്ചു. അവിടെയെല്ലാം മറവ് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ ആ പാമ്പിനെ കാണാൻ കഴിഞ്ഞു. അവർ നിസ്സഹായർ ആയപ്പോൾ പരസ്പരം ചോദിച്ചു. ഇനി എന്ത് ചെയ്യും? അപ്പോൾ ആരോ പറഞ്ഞു. ‘ആ സർപ്പത്തോടൊപ്പം തന്നെ കുഴിച്ച് മൂടുക’. അള്ളാഹു തആല നമുക്ക് ദുനിയാവിലും ആഖിറത്തിലും രക്ഷയും (ന്യൂനതകളിൽ നിന്ന്) മറയും നൽകട്ടെ.”

       രു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് പോലുള്ള സംഭവങ്ങൾ ജനങ്ങൾക്ക് പാഠമായി കാണിക്കാൻ വേണ്ടി അല്ലാഹു തആല വെളിപ്പെടുത്തുകയാണ് എന്ന് മാത്രം നാം കരുതിയാൽ മതി.  ഈ കാണുന്നത് മാത്രമേ ഖബ്‌റ് ശിക്ഷയുള്ളൂ എന്ന് വിചാരിക്കരുത്.  ക്വബ്ർ ശിക്ഷ ഗയ്ബിയ്യായ കാര്യമാകുന്നു. അതിന്റെ രൂപം അള്ളാഹുവിന്നല്ലാതെ അറിയുകയില്ല. ഇത്തരം പാമ്പുകളെയും മറ്റും കണ്ട കാര്യം ഭൗതികമാണല്ലോ. നാം കണ്ടതിന്റെ എത്രയോ മടങ്ങ് അവർ അനുഭവിക്കുന്നുണ്ടാകാം.

    നാം സ്വപ്നദർശനം നടത്തുമ്പോൾ മറ്റുള്ളവർ അത് അറിയാറില്ലല്ലോ. പക്ഷേ സ്വപ്നം കാണുന്നവർ അത് ശരിയായി തന്നെ അനുഭവിക്കുന്നു. എന്നാൽ ചില അദ്ഭുത സംഭവങ്ങളിൽ സ്വപ്നത്തിൽ കിട്ടിയ അടിയുടെ പാട് ഉണർന്നാലും ഉണ്ടാകും. അത് പാഠമുൾകൊള്ളാൻ വേണ്ടി ഉള്ളതാണ്. ഇപ്രകാരം തന്നെ ആയിരിക്കാം ക്വബ്റിൽ കണ്ടതും.      الله أعلم




                     ★       ★       ★

    

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)


    

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...