“മരണം കൊതിക്കരുത് .”
.
.
മനുഷ്യമനസ്സുകളെ ആത്മഹത്യയിലേക്കും മരണത്തിലേക്കും നയിക്കുന്ന ബ്ലൂ വെയ്ൽ പോലെയുള്ള മരണക്കെണികൾ ഇന്നിന്റെ യൗവ്വന- കൗമാരങ്ങളെ വിഴുങ്ങി കൊണ്ടിരിക്കുന്നു. ഉള്ളു തുറന്ന് അന്യോന്യം സംസാരിക്കാൻ മക്കൾക്കും മാതാപിതാക്കൾക്കും സമയമില്ല. പണം ലഭിക്കും തോറും ജോലി ഭാരവും സമ്മർദ്ദവും വർദ്ധിക്കുകയാണ്. അതേസമയം, പ്രാരാബ്ധങ്ങളാൽ ജീവിതം വഴിമുട്ടിയവർ മറ്റൊരു ഭാഗത്ത് മൃത്യു കൊതിച്ചു കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ ശ്രദ്ധേയമായ ചില പ്രവാചക വചനങ്ങളുണ്ട്. ഇവിടെ ഏതാനും ചിലത് ഉദ്ധരിക്കുന്നു.
അനസ് ബിനു മാലിക് (റ) ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു:
“അനുഭവിക്കുന്ന വിഷമതകളാൽ നിങ്ങളാരും മരണം കൊതിച്ചു പോകരുതേ... അത് അടക്കാനാവാത്തതാണെങ്കിൽ, 'അല്ലാഹുവേ, ജീവിതം ഉത്തമമാകുന്ന കാലത്തോളം നീ എന്നെ ജീവിപ്പിക്കണേ, മരണം ഉത്തമമാകുമ്പോൾ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ' എന്ന് അവൻ പറഞ്ഞ് കൊള്ളട്ടെ.”
(ബുഖാരി)
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു:
“നിങ്ങളിലാരും മരണം കൊതിച്ചു പോകരുത്, നല്ലവനാണെങ്കിൽ അത് (ആയുസ്സ്) അവന്റെ നൻമകൾ വർദ്ധിക്കാൻ കാരണമായേക്കും, നീചനാണെങ്കിൽ പശ്ചാത്തപിക്കാൻ അത് ഇടവരുത്തിയേക്കും."
(ബുഖാരി)
ഹമ്മാം ബ്നു മുനബ്ബഹ് (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഇവയെല്ലാം നബി (സ്വ) തങ്ങളിൽ നിന്ന് അബൂഹുറയ്റ (റ) പറഞ്ഞു തന്ന ഹദീഥുകളാകുന്നു. അങ്ങനെ കുറെ ഹദീഥുകൾ അദ്ദേഹം ഉദ്ധരിച്ചു. (അക്കൂട്ടത്തിൽ) അദ്ദേഹം പറഞ്ഞു. നബി (സ്വ) പറഞ്ഞു:
“നിങ്ങളിലാരും മരണം കൊതിച്ചു പോകരുത്, നിങ്ങൾക്ക് സമയമെത്തും മുമ്പായി ഒരാളും ജീവിതം ഉപേക്ഷിക്കുകയുമരുത്. ഒരാളുടെ മരണത്തോടു കൂടി അയാളുടെ കർമ്മങ്ങൾ നിലയ്ക്കുന്നതാണ്.” (പിന്നീട് അയാൾക്ക് കർമ്മങ്ങൾ ചെയ്യാൻ കഴിയില്ല). “നിശ്ചയമായും ഒരു സത്യവിശ്വാസിയുടെ ആയുസ്സ് അവന്ന് നന്മയല്ലാതെ വർദ്ധിപ്പിക്കില്ല."
(മുസ് ലിം)
★ ★ ★
“മരണം ആഗ്രഹിക്കുകയോ ?”
ഇവിടെ ഉദ്ധരിക്കുന്നത്, ചില സന്ദർഭങ്ങളിൽ മരണം ആഗ്രഹിക്കാം എന്ന് തോന്നിപ്പിക്കുന്ന ചില വചനങ്ങളാണ്. അവയുടെ വിശദീകരണവും ഉദ്ദേശ്യവും ഒടുവിൽ ചേർത്തിട്ടുണ്ട്.
“എന്റെ രക്ഷിതാവേ നീ എനിക്ക് ഭരണാധികാരം നൽകി; സ്വപ്നവ്യാഖ്യാനം അറിയിച്ചു തന്നു. ആകാശഭൂമികളുടെ സൃഷ്ടാവായ നീ ഇഹലോകത്തും പരലോകത്തും എന്റെ സഹായി ആകുന്നു. ( അതു കൊണ്ട് ചോദിക്കുന്നു) എന്നെ നീ മുസ് ലിമായി മരിപ്പിക്കുകയും സച്ചരിതരിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ”
(യൂസുഫ് : 101)
“ഞാൻ ഇതിനു മുമ്പ് മരിച്ചെങ്കിൽ..! ഞാൻ വിസ്മരിക്കപ്പട്ടവളായെങ്കിൽ..! ( എത്ര നന്നായിരുന്നു )”
(മർയം : 23)
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു:
“ഒരാളുടെ കബ്റിന്നരികിലൂടെ കടന്നു പോകുന്ന മറ്റൊരാൾ 'ഇവന്റെ സ്ഥാനത്ത് ഞാൻ കബ്റിലായിരുന്നുവെങ്കിൽ !' എന്ന് ആഗ്രഹിക്കുന്ന അവസ്ഥ എത്തുന്നത് വരെ അന്ത്യനാൾ ഉണ്ടാകില്ല."
(ബുഖാരി, മുസ് ലിം)
“.....അല്ലാഹുവേ, നന്മകൾ ചെയ്യാനും തിന്മകൾ വർജ്ജിക്കാനും പാവപ്പെട്ടവരോടുള്ള സ്നേഹവും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ അടിമകളിൽ നീ ഫിത്ന ഉദ്ദേശിക്കുമ്പോൾ ഫിത്നയിൽ അകപ്പെടാത്ത രീതിയിൽ നീയെന്നെ നിന്നിലേക്ക് കൊണ്ടു പോകുണേ.......”
(തിർമുദി)
മേൽ ഉദ്ധരിച്ചതെല്ലാം മരണത്തിനായുള്ള പ്രാർത്ഥനയായി കണക്കാക്കാൻ കഴിയില്ല. കാരണം യൂസുഫ് നബി (അ) ന്റെ പ്രാർത്ഥന തന്നെ ഇപ്പോൾ മരിപ്പിക്കണം എന്നല്ല, മറിച്ച് മുസ് ലിമായ അവസ്ഥയിൽ മരിപ്പിക്കണം എന്നാകുന്നു; അതെപ്പോഴാണെങ്കിലും ശരി.
എന്നാൽ മർയം ബീവിയുടെ പ്രാർത്ഥനക്ക് രണ്ടു കാരണങ്ങൾ പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. ഒന്ന്: അവരുടെ ദീനിൽ തെറ്റിദ്ധരിച്ച് അവരെ പരിഹസിക്കപ്പെടാനും അതു മൂലം അവർ ഫിത്നയിൽ അകപ്പെടുമോ എന്നും അവർ ഭയന്നു. രണ്ട്: അവരെക്കുറിച്ച് തെറ്റിദ്ധരിച്ചതുമൂലം ആ ജനത നാശത്തിലാകുമോയെന്ന ഭയം. അതായത് ബീവി ആയിശ (റ) യെക്കുറിച്ച് വ്യഭിചാര ആരോപണം നടത്തിയവർക്ക് പോലും കഠിന ശിക്ഷ അല്ലാഹു അറിയിക്കുന്നുണ്ട്. അതിനേക്കാൾ ഉപരി മർയം ബീവിയെക്കുറിച്ച് ആരോപണം ഉന്നയിച്ചവർക്ക് ലഭിക്കും. കാരണം അല്ലാഹു തആല 'സിദ്ദീഖത്' എന്ന് വിശേഷിപ്പിക്കുകയും ജിബ്രീൽ (അ) ന്റെ ആഗമനം കൊണ്ട് ആദരിക്കപ്പടുകയും ചെയ്തവരാണവർ.
അതേ സമയം ഹദീഥിൽ വന്നത് അന്ത്യനാൾ അടുക്കുമ്പോഴുള്ള ഭീകരാവസ്ഥ വെളിപ്പെടുത്തുക മാത്രമാണ്. അത് ദീനിൽ തെളിവായി പരിഗണിക്കില്ല.
എന്നാൽ രണ്ടാം ഹദീഥിലുള്ള പ്രാർത്ഥന ദീനിൽ ഫിത് ന സംഭവിക്കുമ്പോൾ മരണം ആഗ്രഹിക്കുന്നതിന് മതിയായ തെളിവാകുന്നു.
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
❤️
ReplyDeleteTks
Delete