Friday, September 22, 2017

22 - ക്വുർആൻ പാരായണം (2)


           “ക്വുർആൻ പാരായണം”     


.

  




     “അവർക്കു ശേഷം വരുന്നവർ പറയൂം, ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസം കൊണ്ട്  മുൻഗാമികളായ ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു നൽകേണമേ....”

(അൽ-ഹശ്ർ - 10)

     ബ്നു അബ്ബാസ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു.

      “ക്വബ്റിലുള്ള മയ്യിത്ത് (വെള്ളത്തിൽ)   മുങ്ങിത്താഴുന്നവൻ സഹായം പ്രതീക്ഷിക്കും പോലെ മാത്രമാണ്. തന്റെ പിതാവ്, സഹോദരൻ, സുഹൃത്ത് തുടങ്ങിയവരിൽ നിന്നാരുടെയെങ്കിലും പ്രാർത്ഥനയെത്തുന്നത് പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആ പ്രാർത്ഥന അവന്ന് എത്തിയാൽ അത് ഈ ഭൗതികലോകവും അതിലുള്ള സകലതും ലഭിച്ചതിനേക്കാൾ സന്തോഷകരമായിരിക്കും. നിശ്ചയം, ജീവിച്ചിരിക്കുന്നവരിൽ നിന്ന് മരിച്ചവർക്കുള്ള സമ്മാനങ്ങൾ അവരുടെ പ്രാർത്ഥനയും പൊറുക്കാൻ തേടലുമാകുന്നു.”

     (ഈ ഹദീഥ് ‘അൽമുൻതക്വാ’യിലും (1/268) ‘സുനനി’ലും (2/86) ളിയാ ഉദ്ധരിച്ചതാണ്.  കൂടാതെ ഇമാം ബൈഹക്വി തന്റെ ‘ശിഅ്ബുൽ ഈമാനി’ലും ഉദ്ധരിച്ചിട്ടുണ്ട്.)



      മ്മിൽ നിന്ന് മുൻ കഴിഞ്ഞ സത്യവിശ്വാസികൾക്കു വേണ്ടി പാപമോചനം തേടുന്നത് ഈമാനിന്റെ ലക്ഷണമായി അല്ലാഹു തആല ക്വുർആനിലൂടെ വിവരിക്കുന്നുണ്ട്. മാത്രമല്ല അവരുടെ ക്വബ്റിലെ അവസ്ഥയുടെ ചിത്രം ഹദീഥ് നമുക്കു കാണിച്ചു തരുന്നു. അതിനെക്കുറിച്ച് അൽപ്പം കൂടി വ്യക്തമാക്കുന്ന ഒരു ചരിത്രം ഹസൻ ബസ്വരി (رضي الله عنه) വിനെക്കുറിച്ച് ഇമാം ക്വുർത്വുബി (رحمه الله) ഉദ്ധരിക്കുന്നുണ്ട്.



        രു സ്ത്രീ ഹസൻ ബസ്വരി (رضي الله عنه) വിന്റെ അടുക്കൽ വന്ന് പറഞ്ഞു. 

     “എന്റെ മകൾ മരണപ്പെട്ടു. ഞാൻ അവളെ സ്വപ്നത്തിൽ കാണാൻ ആഗ്രഹിക്കുന്നു. അതിന് വല്ല സ്വലാത്തും പറഞ്ഞു തരൂ. ഞാൻ അത് ചൊല്ലിയാൽ അവളെ സ്വപ്നത്തിൽ കണ്ടേക്കും.”

    അങ്ങനെ പറഞ്ഞ സ്വലാത്ത് ചൊല്ലി അവളെ സ്വപ്നത്തിൽ കണ്ടു. അവളുടെ വസ്ത്രം കറുത്ത ടാറിന്റേതായിരുന്നു. കഴുത്തിൽ കുരുക്കും കാലിൽ ചങ്ങലയും ഉണ്ടായിരുന്നു. അതു കണ്ട സ്ത്രീ ഭയന്നു വിറച്ചു. അവളത് ഹസൻ ബസ്വരി (رضي الله عنه) വിനെ അറിയിച്ചു. അദ്ദേഹത്തിനും വിഷമമായി.

  
    കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഹസൻ (റ) തന്നെ അവളെ സ്വപ്നത്തിൽ ദർശിച്ചു. അവൾ ഒരു സ്വർഗ്ഗീയശയ്യയിലിരിക്കുന്നു! തലയിൽ കിരീടം ! അവൾ ചോദിച്ചു.

    “ശൈഖവർകളേ, താങ്കൾക്കെന്നെ അറിയില്ലേ ?”

      “ഇല്ല.”

       “എന്റെ ഉമ്മക്ക് എന്നെ സ്വപ്നദർശനത്തിനായി  താങ്കൾ സ്വലാത്ത് നൽകിയപ്പോൾ എന്നെ കിനാവിൽ കണ്ടില്ലേ, ആ സ്ത്രീയാണ് ഞാൻ. ”

       “നിന്റെ ഈയവസ്ഥക്കു കാരണമെന്താണ്.?”

       “ഞങ്ങളുടെ മക്വ് ബറഃ യിലൂടെ ഒരു മനുഷ്യൻ കടന്നു പോയി. അങ്ങനെ അയാൾ നബിﷺതങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലി. ഈ മക്വ് ബറഃ യിൽ അഞ്ഞൂറ്റിയറുപത് പേർ ശിക്ഷയിലായിരുന്നു. അപ്പോൾ വിളിയാളം കേട്ടു. 

    “ഈ മനുഷ്യന്റെ, നബിﷺ തങ്ങളുടെ മേലിലുള്ള സ്വലാത്തിന്റെ ബറകത് കൊണ്ട് അവരിൽ നിന്ന് ശിക്ഷ ഉയർത്തുക.


      ക്വുർആൻ പാരായണം, ദിക്ർ, ദുആ, ഇസ്തിഗ്ഫാർ എന്നിവ മാത്രമല്ല നബിﷺ തങ്ങളുടെ മേലിലുള്ള സ്വലാത്ത് പോലും മരിച്ചവർക്ക് ക്വബ്റിൽ പ്രയോജനം ചെയ്യുമെന്ന് ഈ ചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു.



    നസ് (رضي الله عنه) വിൽ നിന്ന് ഹദീഥ് ഉദ്ധരിക്കപ്പെട്ടു.  നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:

        “ഒരാൾ മക്വ് ബറയിൽ പ്രവേശിച്ച് ‘യാസീൻ’ സൂറഃ ഓതിയാൽ അല്ലാഹു തആല അവർക്കെല്ലാം ശിക്ഷ ലഘൂകരിച്ച് നൽകുന്നതാണ്. ആ മക്വ് ബറയിലെ ആളുകളുടെ എണ്ണമനുസരിച്ച് അവന്ന് നന്മകൾ രേഖപ്പെടുത്തുന്നതുമാണ്.”

(ശറഹുസ്സുദൂർ - 312)




      മദീനക്കാരനായ മഅ്ക്വൽ ബ്നു യസാർ (رضي الله عنه) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥ്, ഇമാം നസാഈ(റ)യും മറ്റു പലരും ഉദ്ധരിച്ചിട്ടുണ്ട്. അതിൽ  നബിﷺ തങ്ങൾ അരുളിയതായി അദ്ദേഹം പറയുന്നു :

       “ നിങ്ങളിൽ മരണപ്പെട്ടവരുടെ അടുക്കൽ നിങ്ങൾ യാസീൻ ഓതുക.”

(ഇമാം നസാഈ (رضي الله عنه) വിനെ കൂടാതെ, ഇബ്നു മാജഃ, ഹാകിം, അഹ് മദ്, അബൂ ദാവൂദ് എന്നിവരും ഇർവാഉൽ ഗലീൽ 3/150 ലും ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.)



      മേൽ പറയപ്പെട്ട യാസീൻ ഓതൽ,  മരിച്ചതിനു ശേഷം മയ്യിത്തിന്റെ സമീപത്ത് വെച്ചും പിന്നീട് ക്വബ്റിങ്ങൽ വെച്ചും ഓതുന്നതിന്ന് തെളിവാക്കാമെന്ന് ഇമാം ക്വുർത്വുബി (رحمه الله) പ്രസ്താവിക്കുന്നു.

      അതു പോലെ, അബ്ദുല്ലാഹ് ഇബ്നു ഉമർ (رضي الله عنه) തന്റെ ക്വബ്റിങ്ങൽ അൽബക്വറഃ സൂറത് ഓതാൻ പറഞ്ഞതായി അബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഉദ്ധരിച്ചിട്ടുണ്ട്. അലാഅ് ബ്നു അബ്ദുറഹ്മാൻ (رضي الله عنه) ഇക്കാര്യം പറഞ്ഞ്, ക്വബ്റിങ്ങൽ ഓതൽ അനുവദനീയമാണെന്ന് സമർത്ഥിച്ചിട്ടുമുണ്ട്.



     ബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله) ഉദ്ധരിക്കുന്നു. ഇത് ‘ഇബ്നു അഫ്റൻദ്’ എന്ന് അറിയപ്പെട്ട അബുൽ വലീദ് ഇസ്മാഈൽ ബ്നു അഹ് മദ് (رحمه الله) എന്നോട് പറഞ്ഞ സംഭവമാകുന്നു. (അദ്ദേഹവും പിതാവും അറിയപ്പെട്ട സ്വാലിഹീങ്ങളാണ്.)

      “എന്റെ പിതാവ് (അല്ലാഹു റഹ് മത് ചെയ്യട്ടെ) മരണപ്പെട്ടിരുന്നു. പിന്നീട്, വിശ്വസ്ഥനായ ഒരു സഹോദരൻ എന്നോട് പറഞ്ഞു.

      “ഞാൻ താങ്കളുടെ പിതാവിന്റെ ക്വബ്ർ സിയാറത് ചെയ്തു. അങ്ങനെ അവിടെ നിന്ന് കൊണ്ട് ഒരു ഹിസ്ബ് ക്വുർആൻ ഓതി. പിന്നെ ഞാൻ പറഞ്ഞു.


       “ബഹുമാനപ്പെട്ടവരേ, ഇത് ഞാൻ താങ്കൾക്ക് ഉപഹാരമായി നൽകിയല്ലോ. (താങ്കൾ) എനിക്കെന്താണ് തരുന്നത് ?”    

      അപ്പോൾ എനിക്കു ചുറ്റും കസ്തൂരിയുടെ സുഗന്ധം ശക്തിയായി അടിച്ചു വീശാൻ തുടങ്ങി. അത് കുറേ സമയം എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ തിരിച്ചു പോരുമ്പോഴും അതെന്റെ കൂടെ ഉണ്ടായിരുന്നു. പകുതി ദൂരം പിന്നിട്ട ശേഷമാണ് സുഗന്ധം വിട്ടു പിരിഞ്ഞത്.”


       ബൂ മുഹമ്മദ് അബ്ദുൽ ഹക്വ് (رحمه الله)  തന്നെ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം. വിശ്വസ്ഥനായ ഒരാൾ എന്നോട് പറഞ്ഞതാണിത്. എന്റെ ഭാര്യ മരണപ്പെട്ടു. അങ്ങനെ ചില രാത്രികളിൽ ഞാൻ ക്വുർആൻ ഓതി അവൾക്ക് ‘ഹദ് യഃ’ ചെയ്യുകയും അവൾക്ക് വേണ്ടി ദുആ ചെയ്യുകയും പാപമോചനം തേടുകയും ചെയ്തു. അങ്ങനെ അടുത്ത ദിവസം, എന്നെയും അവളെയും പരിചയമുള്ള മറ്റൊരു സ്ത്രീ എന്റെ അടുക്കൽ വന്ന് പറഞ്ഞു.

     “ഇന്നലെ രാത്രി ഞാൻ മരണപ്പെട്ട അവളെ സ്വപ്നത്തിൽ കണ്ടു. അവൾ സുന്ദരമായ ഒരു ഭവനത്തിൽ ഒരു ഭംഗിയുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്നതായാണ് കണ്ടത്. അവൾ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് ചില ട്രേകൾ പുറത്തെടുത്തു. ട്രേകളിൽ നിറയെ പളുങ്ക് കോപ്പകളുണ്ടായിരുന്നു. എന്നിട്ടവൾ പറഞ്ഞു. ”നോക്ക്, ഇതെല്ലാം എനിക്ക് എന്റെ ‘വീട്ടുകാരൻ’ എനിക്ക് സമ്മാനിച്ചതാണ്.”

     അയാൾ തുടർന്നു:  “ഞാൻ അവൾക്ക് ക്വുർആൻ ഓതി ഹദ് യഃ ചെയ്ത വിവരം ആരെയും അറിയിച്ചിരുന്നില്ല.”  

                     ★    ★    ★

     ബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു.     

“ഒരു മനുഷ്യൻ മരണപ്പെട്ടാൽ അതോടു കൂടി മൂന്നു കാര്യങ്ങളൊഴികെയുള്ള അവന്റെ കർമ്മങ്ങൾ നിലയ്ക്കുന്നതാണ്. തുടർന്നു കൊണ്ടേയിരിക്കുന്ന സ്വദക്വഃ(വക്വ് ഫ്), അല്ലെങ്കിൽ ഉപകാരപ്രദമായ വിജ്ഞാനം, അതുമല്ലെങ്കിൽ അവന്ന് വേണ്ടി പ്രാർത്ഥിക്കുന്ന¹ സ്വാലിഹായ സന്താനം.”

        ഇമാം ക്വുർത്വുബി രേഖപ്പെടുത്തുന്നു. ചിലയാളുകൾ പറഞ്ഞു. മയ്യിത്തിന്റെ അടുക്കൽ ക്വുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം ഓതിയവന്ന് ആണ്. മയ്യിത്തിന് ഉള്ളത് ക്വുർആൻ കേട്ടതിന്റെ പ്രതിഫലമാണ്. അത് പോലെ ക്വുർആനിന്റെ റഹ് മത്തും അവന്ന് എത്തിച്ചേരും. അല്ലാഹു തആല പറഞ്ഞു :

       “ക്വുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത് ശ്രദ്ധിച്ച് കേൾക്കുകയും, നിശ്ശബ്ദരാവുകയും ചെയ്യുക, (എങ്കിൽ) നിങ്ങൾ റഹ് മത് ചെയ്യപ്പെട്ടവരായേക്കും.”

(അൽ അഅ്റാഫ് -204)



       എന്നാൽ ഞാൻ (ഇമാം തങ്ങൾ) പറയുന്നു.  അല്ലാഹുവിന്റെ വിശാലമായ ഔദാര്യം കൊണ്ട് മയ്യിത്തിന്ന്, പാരായണത്തിന്റേയും കേട്ടതിന്റേയും എല്ലാം പ്രതിഫലം ലഭിക്കൽ വിദൂരമല്ല. മയ്യിത്ത് കേട്ടിട്ടില്ലെങ്കിലും അവനിലേക്ക് ഹദ് യഃ ചെയ്ത ക്വുർആൻ പാരായണത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. സ്വദക്വഃ, ദുആ, ഇസ്തിഗ്ഫാർ എന്നിവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നത് പോലെ തന്നെ. കാരണം ക്വുർആൻ എന്നത് ദുആയും, ഇസ്തിഗ്ഫാറും, താഴ്മ ചെയ്യലും, കേണപേക്ഷിക്കലും അടങ്ങിയതാകുന്നു. ക്വുർആൻ പോലെ മറ്റൊന്നു കൊണ്ടും ഒരാളും അല്ലാഹുവിലേക്ക് അടുത്തിട്ടില്ല.

     നബിﷺ തങ്ങൾ പറഞ്ഞു. “റബ്ബ് തആല പറയുന്നു: “എന്നോട് ചോദിക്കാനായി ഒരാൾ ക്വുർആൻ പാരായണത്തിൽ വ്യാപൃതനായാൽ, മറ്റു ദുആയിരക്കുന്നവർക്ക് നൽകുന്നതിനേക്കാൾ ഉത്തമമായത് ഞാനവന്ന് നൽകിയിരിക്കും.”

   (തിർമുദി)

________________________________________

       ¹ഇവിടെ ഇമാം തങ്ങൾ വിശദീകരിക്കുന്നു.  “ക്വുർആൻ ഓതൽ പ്രാർത്ഥനയുടെ അർത്ഥത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അതെല്ലാം നാം വിവരിച്ചതനുസരിച്ച് സന്താനം, സഹപ്രവർത്തകൻ, സുഹൃത്ത്, സത്യവിശ്വാസികൾ, എന്നിവരിൽ നിന്നുള്ള സ്വദക്വയാകുന്നു.”


മനുഷ്യന്റെ സ്വന്തം അധ്വാന ഫലമല്ലാതെ മറ്റൊന്നുമില്ലേ......?   

ഇമാം ക്വുർത്വുബി (رحمه الله) തങ്ങളുടെ വിവരണം പ്രതീക്ഷിക്കുക. 

ഇൻശാ അല്ലാഹ്


                       ★    ★    ★

                   

അവലംബം: അത്തദ്കിറഃ (التذكرة ) 
- ഇമാം ക്വുർത്വുബി (رحمه الله )

التذكرة ، للإمام القرطبي

.

.

സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി,  പരപ്പനങ്ങാടി.

.

.

(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)

                   

No comments:

Post a Comment

56 - ‘കിടങ്ങ്കാരുടെ’ ചരിത്രം !

                 സുഹൈബ് (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു:        “നിങ്ങളുടെ പൂർവ്വീകസമൂഹത്തിൽ ഒരു രാജാവ് ഉണ്ടായിരു...