“മൃത്യു ദൂതനും മനുഷ്യരും.”
ഇബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം.
“മലകുൽ മൗത്, സത്യവിശ്വാസിയുടെ റൂഹ് പിടിച്ചാൽ, ആ വീട്ടുവാതിൽപ്പടിയിൽ അവരുടെ കരച്ചിൽ കേട്ടു നിൽക്കും. അപ്പോൾ അവരിൽ മുഖത്തടിച്ചും, തലമുടി അഴിച്ചുലച്ചും, ആത്മനാശം തേടിയും ദുഃഖം പ്രകടിപ്പിക്കുന്നവരുണ്ടാകും. അപ്പോൾ മലകുൽ മൗത് (عليه السلام) പറയും :
“എന്തിനാണീ വിഷമപ്രകടനം ?.. അല്ലാഹുവാണെ, ഞാൻ നിങ്ങളാരുടെയും ആയുസ്സ് ചുരുക്കിയിട്ടില്ല. ഒരാളുടെയും ഭക്ഷണവും കൊണ്ട് പോയിട്ടില്ല. ഒരാളോടും യാതൊരക്രമവും പ്രവർത്തിച്ചിട്ടില്ല. നിങ്ങളുടെ പരിഭവവും വിദ്വേഷവും എന്നോടാണെങ്കിൽ അല്ലാഹുവാണേ, ഞാൻ (അവന്റെ) കല്പനക്കധീനനാണ്. നിങ്ങളുടെ മയ്യിത്തിനോടാണെങ്കിൽ, ഇക്കാര്യത്തിൽ അവൻ നിർബന്ധിതനാണ്. അതല്ല, നിങ്ങളുടെ റബ്ബിനോടാണെങ്കിൽ നിങ്ങൾ അവനോട് നിഷേധികളായിത്തീരും. നിശ്ചയമായും, ഞാൻ നിങ്ങളുടെ അടുക്കലേക്ക് വീണ്ടും വീണ്ടും മടങ്ങി വരേണ്ടതുണ്ട്. അവരെങ്ങാനും അവന്റെ (മയ്യിത്തിന്റെ) അവസ്ഥ കാണുകയാണെങ്കിൽ അല്ലെങ്കിൽ അവന്റെ സംസാരം കേൾക്കുകയാണെങ്കിൽ അവരുടെ മയ്യിത്തിനെ വിസ്മരിച്ച് അവരുടെ സ്വന്തം കാര്യത്തിൽ കരയുമായിരുന്നു.”
(ഈ ഹദീഥ് അബൂ മുത്വീഅ് മക്ഹൂൽ ബ്നു ഫള്ൽ അന്നസഫീ തന്റെ കിതാബ് അൽലുഅ്ലുഇയ്യാത് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.)
.
നബിﷺ തങ്ങൾ പറഞ്ഞു :
“എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം. അവർ മയ്യിത്തിന്റെ സ്ഥാനം (അവസ്ഥ) കാണുകയാണെങ്കിൽ, സംസാരം കേൾക്കുകയാണെങ്കിൽ, അവർ മയ്യിത്തിന്റെ കാര്യം വിസ്മരിച്ച് അവരുടെ സ്വന്തം കാര്യത്തിൽ കരയുമായിരുന്നു. എത്രത്തോളം, ശരീരം മയ്യിത്ത് കട്ടിലിൽ ചുമന്ന് കൊണ്ട് പോകുമ്പോൾ അവന്റെ ആത്മാവ് ആ തട്ടിനു മുകളിൽ ചിറകടിക്കും (പറക്കും). അവൻ വിളിച്ചു പറയുന്നുണ്ടാകും.
“എന്റെ കുടുംബമേ, എന്റെ സന്താനങ്ങളേ, ദുൻയാവ് എന്നെ കളിപ്പിച്ച പോലെ നിങ്ങളെ കളിപ്പിക്കാതിരിക്കട്ടെ. ഞാൻ അനുവദനീയവും അല്ലാത്തതുമായ മാർഗ്ഗങ്ങളിൽ ധാരാളം ധനം സമ്പാദിച്ചു. പിന്നെ അത് മറ്റുള്ളവർക്കായി ഉപേക്ഷിച്ചു. അതിന്ന് വേണ്ടി അധ്വാനവും കഷ്ടപ്പാടും മാത്രം എനിക്കും. അതുകൊണ്ട് എനിക്കുണ്ടായ അവസ്ഥ നിങ്ങൾ സൂക്ഷിക്കുക.”
★ ★ ★
‘സുഹ്റി’യും ‘വഹബ് ബ്നു മുനബ്ബഹും ഉദ്ധരിക്കുന്നു. (മറ്റു പലരും ഈ സാരാംശത്തിലുള്ള ഹദീഥുകൾ വേറെയും ഉദ്ധരിച്ചിട്ടുണ്ട്.)
“അല്ലാഹു തആലാ, ജിബ്റീൽ (عليه السلام) നെ (മനുഷ്യനെ സൃഷ്ടിക്കാനുള്ള) മണ്ണ് ഭൂമിയിൽ നിന്ന് കൊണ്ടു വരാനായി പറഞ്ഞയച്ചു. അപ്പോൾ ഭൂമി, (മണ്ണ് എടുക്കുന്നതിൽ നിന്ന്) അല്ലാഹുവിന്റെ ഹക്വ് കൊണ്ട് കാവൽ തേടി. അതു കേട്ട ജിബ്റീൽ (عليه السلام)അഭയം നൽകി.(മണ്ണെടുക്കാതെ മടങ്ങി.) പിന്നെ അല്ലാഹു മീകാഈൽ (عليه السلام)നെ അയച്ചു. അപ്പോഴും ഭൂമി അഭയം തേടി. അങ്ങനെ മീകാഈൽ (عليه السلام)മും അഭയം നൽകി, മടങ്ങിപ്പോന്നു. പിന്നീട് അല്ലാഹു തആല അസ്റാഈൽ(عليه السلام)നെ അയച്ചു. അപ്പോഴും ഭൂമി അഭയം തേടി. എന്നാൽ അദ്ദേഹം അഭയം നൽകിയില്ല. മണ്ണെടുത്തു വന്നു. അപ്പോൾ റബ്ബ് തആല ചോദിച്ചു.
“ഭൂമി നിന്നോട്, എന്റെ ഹക്വ് കൊണ്ട് അഭയം തേടിയില്ലേ?,”
“അതെ, തേടി.”
“പിന്നെയെന്താ നീ, മറ്റു രണ്ടു പേരെ പോലെ കരുണ കാണിക്കാതിരുന്നത്.?”
“എന്റെ രക്ഷിതാവേ, നിന്നെ അനുസരിക്കലാണ് ഭൂമിയോട് കരുണ കാണിക്കുന്നതിനേക്കാൾ എനിക്ക് കടമയായത്.”
“നീ (സന്തോഷത്തോടെ) പൊയ്ക്കോളൂ, ഇനി നീ ‘മലകുൽ മൗത് ’ ആകുന്നു. അവരുടെ ആത്മാക്കളെ പിടിക്കാൻ നിന്നെയാണ് ഞാൻ ചുമതലപ്പെടുത്തുന്നത്.”
അപ്പോൾ അസ്റാഈൽ (عليه السلام) കരഞ്ഞു. ഉടൻ അല്ലാഹു ചോദിച്ചു :
“നിന്നെ കരയിച്ച കാര്യമെന്താണ്,?”
“എന്റെ രക്ഷിതാവേ, തീർച്ചയായും, നീ ഇവിടെ സൃഷ്ടിക്കുന്ന ഈ സൃഷ്ടികളിൽ (മനുഷ്യരിൽ) അമ്പിയാക്കളും, മുർസലീങ്ങളും, സംശുദ്ധഹൃദയരും ഉണ്ടാകും. നീ സൃഷ്ടിച്ചവയിൽ മരണത്തേക്കാൾ അവർ വെറുക്കുന്നതായി മറ്റൊന്നുമില്ല. അവർ എന്നെ അറിയുമ്പോൾ എന്നോട് കോപിക്കുകയും, എന്നെ ആക്ഷേപിക്കുകയും ചെയ്യും.”
“നിശ്ചയം ഞാൻ അതിന് ചില കാരണങ്ങളും രോഗങ്ങളും ഉണ്ടാക്കും. അവർ മരണത്തിന് അവയിലേക്ക് ഹേതു ചേർക്കും. അവയുടെ കൂടെ താങ്കളെ സ്മരിക്കില്ല.”
അങ്ങനെ അല്ലാഹു തആല വേദനകളും മറ്റ് അസുഖങ്ങളും സൃഷ്ടിച്ചു.
★ ★ ★
ഇതു പോലെയുള്ള ഹദീഥ് ഇബ്നു അബ്ബാസ് رضي الله عنه വിൽ നിന്നും ക്വുതൈബിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അതിൽ അധികമായി ചില കാര്യങ്ങൾ കൂടിയുണ്ട്. ഭൂമിയിൽ നിന്ന് മണ്ണ് എടുത്തതിനാൽ അത് അല്ലാഹുവിനോട് പരാതി പറയുന്നു.
“നീ ആകാശം സൃഷ്ടിച്ചുവല്ലോ. പക്ഷേ നീയതിൽ നിന്ന് യാതൊന്നും കുറച്ചില്ല. എന്നാൽ എന്റെ സൃഷ്ടിപ്പിൽ നീ കുറവ് വരുത്തിയിരിക്കുന്നു.”
“എന്റെ ആത്മാഭിമാനം തന്നെ സത്യം, അത്യുന്നതി തന്നെ സത്യം. അവരെയെല്ലാം - നല്ലവരെയും ദുഷിച്ചവരെയുമൊക്കെ - ഞാൻ നിന്നിലേക്ക് തന്നെ മടക്കും.”
“നിന്റെ ആത്മാഭിമാനം തന്നെ സത്യം, നിന്നെ ധിക്കരിച്ചവരെ ഞാൻ ശിക്ഷിക്കുക തന്നെ ചെയ്യും.”
പിന്നെ മനുഷ്യരൂപത്തിന്റെ സൃഷ്ടികർമ്മമായിരുന്നു. കളിമണ്ണിനാൽ രൂപനിർമ്മിതി പൂർത്തിയായി. റൂഹ് നിക്ഷേപിക്കപ്പെടും മുമ്പ് നാല്പത് വർഷം വരെ കഴിഞ്ഞതായി പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനിടയിൽ അതിലൂടെ കടന്നു പോകുന്ന മലക്കുകൾ ആ രൂപം നോക്കി അന്യോന്യം പറഞ്ഞിരുന്നു.
“അല്ലാഹു ഇതിനേക്കാൾ സുന്ദരമായ യാതൊന്നും ഇതിനു മുമ്പ് സൃഷ്ടിച്ചിട്ടില്ല. പ്രത്യേകമായ എന്തോ ഉദ്ദേശിച്ചാണ് അല്ലാഹു ഇത് സൃഷ്ടിക്കുന്നത്.”
ഇബ് ലീസ് വന്ന് കൈ കൊണ്ട് തട്ടി നോക്കി. മുഴങ്ങുന്ന ശബ്ദം കേട്ടു. അവൻ പറഞ്ഞു.
“ഇതിന് എന്നെക്കാളും ശ്രേഷ്ഠതയുണ്ടെങ്കിൽ ഞാൻ ഇവന് അനുസരിക്കില്ല. എനിക്കാണ് ശ്രേഷ്ഠത എങ്കിൽ ഞാനിവനെ നശിപ്പിക്കുക തന്നെ ചെയ്യും. ഇത് വെറും ചെളികൊണ്ടുള്ളത്, ഞാനാകട്ടെ അഗ്നിജാതനാണ്”
★ ★ ★
“മലകുൽ ഹയാത്തും, മലകുൽ മൗത്തും”
(മലകുൽ മൗത്, മലകുൽ ഹയാത് എന്നിങ്ങനെ രണ്ടു മലക്കുകൾ ഉണ്ടോയെന്ന ചർച്ച ഇമാം ക്വുർത്വുബി വിവരിക്കുന്നുണ്ട്. അവയെ സാധൂകരിക്കുന്ന ആയത്തും ഹദീഥും തുടർന്ന് ഇമാമീങ്ങളുടെ വ്യാഖ്യാനങ്ങളും ഇവിടെ വായിക്കാം)
“നിങ്ങളിലാരാണ് ഏറ്റവും നന്നായി കർമ്മം ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാണ് അവൻ..”
(മുൽക് : 2)
.
അബ്ദുല്ലാഹ് ബ്നു മസ് ഊദ് (رضي الله عنه) വിൽ നിന്ന് നിവേദനം. സത്യസന്ധരിൽ സത്യസന്ധനായ നബിﷺ തങ്ങൾ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
“നിശ്ചയം, നിങ്ങളിലൊരുവൻ തന്റെ മാതാവിന്റെ ഉദരത്തിൽ നാല്പത് ദിവസം കൊണ്ട് രൂപം കൂട്ടപ്പെടും. പിന്നെ തത്തുല്യമായ (ദിനങ്ങൾ) രക്തക്കട്ടയായി (ഭ്രൂണമായി) അവിടെയുണ്ടാകും. പിന്നെ മാംസപിണ്ഡമായി അത്രയും ദിനങ്ങൾ അവിടെയുണ്ടാകും. പിന്നെ അവൻ ഒരു മലകിനെ അയക്കും. മലക്ക് അതിൽ ആത്മാവിനെ സന്നിവേശിപ്പിക്കും.......”
(ബുഖാരി, മുസ് ലിം)
★ ★ ★
ഹുദയ്ഫത് ബ്നു ഉസയ്ദ് അൽ ഗിഫാരി (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :
“ഭ്രൂണം നാല്പത്തിരണ്ട് രാത്രികൾ കഴിഞ്ഞാൽ അല്ലാഹു തആല ഒരു മലകിനെ അങ്ങോട്ടയക്കും. അങ്ങനെ അതിന്ന് രൂപം നൽകും. കർണ്ണവും നേത്രവും ചർമ്മവും മാംസവും അസ്ഥിയും സൃഷ്ടിക്കും. പിന്നെ മലക് ചോദിക്കും.
“റബ്ബേ, ഇത് പുരുഷനോ അതോ സ്ത്രീയോ,” അപ്പോൾ നിന്റെ റബ്ബ് അവൻ ഉദ്ദേശിച്ചതു പോലെ വിധിക്കും. ആ മലക് അതെല്ലാം രേഖപ്പെടുത്തും...”
(മുസ് ലിം)
ഇവിടെ, ആദ്യ ഹദീഥിനെ രണ്ടാം ഹദീഥ് വിശദീകരിക്കുകയാണ്. അപ്പോൾ ആദ്യ ഹദീഥിലുള്ള രൂപം നൽകുന്നതിന്റെയും അവയവങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും വിശദരൂപം രണ്ടാം ഹദീഥിലൂടെ ലഭിക്കും. അത് മലകിലേക്ക് ചേർത്തു പറഞ്ഞത് ആലങ്കാരികമായി കാണണം. യഥാർത്ഥ സൃഷ്ടാവും, രൂപം നൽകുന്നവനും അല്ലാഹു ആകുന്നു. അതു പോലെ തന്നെ മരണവും റൂഹ് പിടിക്കലുമെല്ലാം അപ്രകാരം തന്നെ. ഇമാം മാലിക് (رضي الله عنه)വിനോട് പ്രാണികളുടെയും മറ്റും റൂഹ് പിടിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്, “ മരണസമയത്ത് ആത്മാവിനെ പിടികൂടുന്നവൻ അല്ലാഹുവാകുന്നു.” (അസ്സുമർ-42)_ എന്ന ആയത്ത് ഉദ്ധരിച്ചാണല്ലോ. അതു കൊണ്ട് തന്നെ ഇതൊക്കെ നാം മനസ്സിലാക്കുമ്പോഴും ഇതിന്റെ എല്ലാം പിന്നിലുള്ള യഥാർത്ഥ കർത്താവിനെ (الفاعل الحقيقي) നാം വിസ്മരിച്ചു കൂടാ.
(ഇമാം ഗസാലി എന്നറിയപ്പെടുന്ന) ഇമാം അബൂ ഹാമിദ് (رحمه الله) തന്റെ ‘ഇഹ് യാ’ ഇൽ ഒരു ഹദീഥ് ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ മലകുൽ മൗത്തും, മലകുൽ ഹയാത്തും തമ്മിൽ ഒരു തർക്കത്തിലേർപ്പെട്ടു. അങ്ങനെ മലകുൽ മൗത് പറഞ്ഞു.
“ഞാനാണ് ജീവനുള്ളവരെ മരിപ്പിക്കുന്നത്” അപ്പോൾ മലകുൽ ഹയാത് പറഞ്ഞു.
“ഞാനാണ് ജീവനില്ലാത്തവയ്ക്കു ജീവൻ നൽകുന്നത്.”
അപ്പോൾ അല്ലാഹു തആല അവരെ അറിയിച്ചു.
“നിങ്ങൾ നിങ്ങളുടെ അറിവനുസരിച്ചാണ് പറയുന്നത്. എന്നാൽ യാതൊരു പ്രവൃത്തിയും നിങ്ങൾ സ്വയം ചെയ്യുകയല്ല. ഞാനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. ഞാനല്ലാതെ മറ്റൊരു ജീവിപ്പിക്കുന്നവനോ (المحيي) മരിപ്പിക്കുന്നവനോ (المميت) ഇല്ല.”
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment