“മൃത്യുവിന്റെ മുന്നറിയിപ്പുകാർ.”
.
.
ُ "أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ "
(فاطر -٣٧)
“പാഠമുൾക്കൊള്ളുന്നവർക്ക് ചിന്തിക്കാൻ മാത്രമുള്ള ആയുസ്സ് നിങ്ങൾക്ക് നാം നൽകിയില്ലേ, മുന്നറിയിപ്പുകാരൻ നിങ്ങൾക്ക് വരികയും ചെയ്തു."
(ഫാത്വിർ : 37)
.
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ പറഞ്ഞു:
“അല്ലാഹു തആല, അറുപത് വയസ്സ് വരെ അവൻ ആയുസ്സ് നൽകിയവരോടെല്ലാം (പാപം പൊറുപ്പിക്കാത്തതിന്റെ) കാരണം ബോധിപ്പിക്കാനാവശ്യപ്പെടും.”
(ബുഖാരി)
മേൽ ക്വുർആൻ സൂക്തത്തിൽ പറഞ്ഞ 'മുന്നറിയിപ്പുകാരൻ' ആരാണെന്ന് പ്രമാണങ്ങൾ പരതുമ്പോൾ പ്രസക്തമായ പല അഭിപ്രായങ്ങളും നമുക്ക് അറിയാൻ കഴിയുന്നതാണ്. അത് കൊണ്ടുള്ള വിവക്ഷ ക്വുർആൻ ആണെന്നും അമ്പിയാമുർസലുകളാണെന്നും പറഞ്ഞവരുണ്ട്. എന്നാൽ ഇബ്നു അബ്ബാസ് (റ) വിനെ പോലെയുള്ള പല പ്രമുഖരും പറയുന്നത്, അത് 'നര'യാണെന്നാണ്. അത് യൗവനം പിന്നിടുന്നതിന്റ സൂചനയായി നാം കാണണം. നാല്പത് എത്തുമ്പോഴാണ് സാധാരണയായി നര കണ്ടു തുടങ്ങന്നത്. സൂറതുൽ അഹ്ക്വാഫിലെ പതിനഞ്ചാം സൂക്തം അത് സൂചിപ്പിക്കുന്നുണ്ട്.
“... അങ്ങനെ അവൻ (സത്യവിശ്വാസി) പൂർണ്ണ ശക്തി പ്രാപിക്കുകയും, നാല്പത് വയസ്സ് എത്തുകയും ചെയ്താൽ, അവൻ പറയും : ‘നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീയെനിക്ക് പ്രചോദനമേകണേ’..."
★ ★ ★
തൗബ ചെയ്തു മടങ്ങാനും ത്യാഗപൂർണ്ണമായ ജീവിതമാരംഭിക്കാനും യോജ്യമായ പ്രായം നാല്പത് ആണെന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. 'വിവേകത്തിന്റെ പ്രായപൂർത്തി' എന്നു പോലും ചില മഹാൻമാർ നാല്പത് വയസ്സിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
''മരണത്തിന്റെ മുന്നറിയിപ്പുകാരൻ പനിയാണെ''ന്ന ഹദീഥ് ചിലർ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത ഹദീഥ് ദുർബലമാണ്, എന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം പേരും.
തന്റെ നാളിതുവരെയൂള്ള ജീവിതാനുഭവങ്ങൾ തന്നെയാണ് മുന്നറിയിപ്പുകാർ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കുന്നത്, ദാവൂദ് നബി (അ)മിന്റെ ചരിത്രമാണ്.
സർവ്വ സംരക്ഷണവലയവും തീർത്തു കൊണ്ട് ദാവൂദ് നബി (അ) ഒരു ദിവസം തന്റെ സ്വകാര്യമുറിയിൽ വിശ്രമിക്കവേ അങ്ങോട്ട് ഒരാൾ കടന്നു ചെന്നു. നബി (അ) ചോദിച്ചു:
"നീയാരാണ് ?"
ആഗതൻ പ്രതിവചിച്ചു:
“ഞാൻ ഒരു ഭരണാധികാരിയേയും ഭയക്കാത്തവൻ, ഒരു സുരക്ഷാസംവിധാനവും കൂസാത്തവൻ, ഒരു കൈക്കൂലിക്കും വഴങ്ങാത്തവൻ!”
“എങ്കിൽ, നീ... നീ, 'മരണത്തിന്റെ മലക് ' തന്നെ.?”
“അതേ,"
“ഇത്രയും നേരത്തെയോ..? ഞാൻ തയ്യാറാകുന്നതിനു മുമ്പോ..?”
“നിന്റെ സുഹൃത്തായ '.......' എവിടെ,? അയൽവാസി '.......' എവിടെ,? ”
“അവരെല്ലാം മരണപ്പെട്ടല്ലോ.”
“ഇതിൽ നിന്നൊന്നും പാഠമുൾക്കൊണ്ടില്ലേ, നീ മരണം പ്രതീക്ഷിക്കാൻ, അതിനായി തയ്യാറാകാൻ ഇതൊന്നും മതിയായില്ലേ..?”
★ ★ ★
അബ്ദുല്ലാഹ് ബ്നു അംറു ബ്നുൽ ആസ്വി (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) തങ്ങൾ അരുളിയതായി അദ്ദേഹം പറഞ്ഞു:
“നിങ്ങൾ നരച്ച രോമങ്ങൾ പറിച്ചു കളയരുത്. നിശ്ചയം, അത് മുസ് ലിമിന്റെ പ്രകാശമാകുന്നു. മുസ് ലിമായിരിക്കേ ഒരു രോമം നരച്ചാൽ, അതു കാരണം അവന്ന് ഒരു നന്മ എഴുതപ്പെടും, ഒരു പാപം പൊറുക്കപ്പെടും, ഒരു സ്ഥാനം ഉയർത്തപ്പെടുകയും ചെയ്യും.”
(അഹ് മദ്)
നരയെക്കുറിച്ച് ഇതു പോലെയുള്ള ധാരാളം ഹദീഥുകൾ വന്നിട്ടുണ്ട്. ഉമർ ബ്നുൽ ഖത്താബ് (റ) തന്റെ ഖിലാഫത് നാളുകളിൽ മരണത്തെ കുറിച്ച് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമായി ഒരാളെ നിയമിച്ചിരുന്നുവത്രെ. എന്നാൽ തന്റെ നര പ്രകടമായപ്പോൾ അയാളെ ഒഴിവാക്കി. കാരണം നരയെ മരണത്തിന്റെ മുന്നറിയിപ്പുകാരനായാണ് ഉമർ (റ) തങ്ങൾ കണ്ടത്.
അത് പോലെ, ഉഥ്മാൻ ബ്നു അഫ്ഫാൻ (റ) വിന്റെ ഒരു പുത്രൻ തന്റെ നര പ്രത്യക്ഷമായത് മുതൽ എല്ലാ ഐഹിക ബന്ധങ്ങളും ഉപേക്ഷിച്ച്, ത്യാഗിയായി മാറി.
ഇമാം ക്വുർത്വുബി ഉദ്ധരിച്ച ഒരു കഥയുണ്ട്. വളരെ സുഖലോലുപനായി കഴിഞ്ഞ ഒരാൾ പെട്ടെന്ന് ത്യാഗിയായി മാറി. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അയാൾ വിവരിച്ചു :
“...എനിക്ക് ഒരു പരിചാരിക (അടിമ സ്ത്രീ) ഉണ്ടായിരുന്നു. കാമകലയിൽ വിദഗ്ദയായ അവളോടൊത്ത് ഓരോ തവണ രമിക്കുമ്പോഴും എനിക്ക് അവളോടുള്ള താല്പര്യം കൂടി വരികയായിരുന്നു. അങ്ങനെയിരിക്കേ അവളുടെ രണ്ട് കേശനാരിഴകൾ വെളുത്തതായി ഞാൻ കണ്ടെത്തി. അവളോട് വിവരം പറഞ്ഞു.
“എവിടെ, കാണട്ടെ.” അവൾ തിരക്കി.ഞാനത് കാണിച്ചപ്പോൾ അവൾ പറഞ്ഞു:
"ظهر الحق وزهق الباطل "
“സത്യം തെളിഞ്ഞു, അസത്യം മറഞ്ഞു."
പിന്നെ എന്നെ ഉറ്റു നോക്കിക്കൊണ്ട് അവൾ തുടന്നു:
“താങ്കൾക്ക് അറിയുമോ, അങ്ങയെ അനുസരിക്കൽ അല്ലാഹു തആല എനിക്ക് നിർബന്ധമാക്കിയിട്ടില്ലെങ്കിൽ ഞാൻ താങ്കളുടെ കിടപ്പറയിലേക്ക് വരികയില്ലായിരുന്നു, അതു കൊണ്ട് രാത്രിയോ പകലോ എന്നെ വിട്ടേക്കുക, ഞാനെന്റെ പരലോകത്തിനായി കർമ്മങ്ങൾ ചെയ്യട്ടെ.”
ഞാൻ പറഞ്ഞു:
“ഇല്ല, നീയത്ര പുണ്യവതിയാകേണ്ട." പെട്ടെന്ന് കോപത്തോടെ അവൾ പറഞ്ഞു:
“എനിക്ക് ദർശനാനുമതി നൽകിയ അല്ലാഹുവിന്റെയും എന്റെയും ഇടയിൽ താങ്കൾ തടസ്സമാകുന്നുവോ ? അല്ലാഹുവേ, എന്നോട് ഇദ്ദേഹത്തിനുള്ള ഭ്രമം നീ വെറുപ്പ് ആക്കി മാറ്റണേ...”
അതിന് ശേഷം എനിക്ക് അവളോട് യാതൊരു താൽപര്യമില്ലാതായി. ഞാൻ അവളെ വിൽക്കാൻ തീരുമാനിച്ചു. ഞാൻ ആവശ്യപ്പെട്ടത് നൽകി അവളെ വാങ്ങാൻ തയ്യാറായി ഒരാൾ എത്തി. അവളെ കൈമാറാൻ മുതിർന്നപ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു. ഞാൻ ചോദിച്ചു:
“നീയല്ലേ, ഇതാഗ്രഹിച്ചത് ?"
അവൾ പറഞ്ഞു:
“പകരം ഇഹലോകത്ത് ഞാൻ യാതൊന്നും മോഹിച്ചിട്ടില്ല. എന്നെ വിറ്റാൽ കിട്ടുന്ന തുച്ഛമായ പണത്തേക്കാൾ ഉത്തമമായ യാതൊന്നും താങ്കൾക്കറിയില്ലേ?"
“അതെന്താണ് ?"
“അല്ലാഹുവിന്റെ തൃപ്തിക്കായി എന്നെ മോചിപ്പിക്കൂ, അവനാണ് അങ്ങയെ എന്റെ ഉടമയാക്കിയത്."
“ഞാൻ അങ്ങനെ ചെയ്തിരിക്കുന്നു!”
“താങ്കളുടെ കരാർ അല്ലാഹു നിലനിർത്തി തരട്ടെ, താങ്കളുടെ മോഹങ്ങളുടെ പതിൻമടങ്ങ് അല്ലാഹു നൽകട്ടെ.”
അതിന് ശേഷം ഇഹലോകത്തെ സുഖാഡംബരങ്ങളോട് എനിക്ക് വെറുപ്പ് വന്നു. ഞാൻ ത്യാഗിയായി."
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment