“മലക്കുകളുടെ അഭിവാദ്യം”
.
.
" الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ "
(النحل : ٣٢ )
“അതായത്, സംശുദ്ധരായിരിക്കേ, മലക്കുകൾ ആരുടെ ആത്മാവിനെ കൊണ്ടു പോകുന്നുവോ, അവരോട് മലക്കുകൾ പറയും : 'നിങ്ങൾക്ക് സലാം ഭവിക്കട്ടെ,”¹
(അന്നഹ്ൽ : 32 )
" تحيتهم يوم يلقونه سلام ". (الأحزاب : ٤٤)
“അവർ അവനെ കണ്ടു മുട്ടുന്ന ദിവസം,അവരുടെ അഭിവാദ്യം സലാം ആയിരിക്കും.”²
( അൽ അഹ്സാബ് : 44 )
★ ★ ★
അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു:
“മരിക്കുന്നവന്റെ അടുക്കൽ മലക്കുകൾ സന്നിഹിതരാകും. ആ മനുഷ്യൻ സച്ചരിതനാണെങ്കിൽ അവർ പറയും: “വിശുദ്ധമായ ശരീരത്തിലെ സംശുദ്ധമായ ആത്മാവേ, പുറപ്പെട്ടാലും. നീ സദ്കീർത്തിയോടെ പുറപ്പെടുക. സ്വർഗ്ഗീയ സുരഭിലാന്തരീക്ഷത്തിലും വിശിഷ്ടഭോജ്യങ്ങളിലും രക്ഷിതാവിന്റെ വെറുപ്പില്ലാത്ത ഇഷ്ടത്തിലും സന്തോഷിക്കുക.”
ആത്മാവുമായി പുറപ്പെടും വരെ ഇങ്ങനെ അവർ പറഞ്ഞു കൊണ്ടേയിരിക്കും. പിന്നെയവർ (ആത്മാവുമായി) വാനലോകത്തെത്തും. വാന കവാടങ്ങൾ തുറക്കവേ ചോദിക്കപ്പെടും.
“ഇത് ആരാണ്?.” മലക്കുകൾ അയാളെക്കുറിച്ച് പറയും.
“വിശുദ്ധമായ ശരീരത്തിലെ സംശുദ്ധമായ ആത്മാവിന് സ്വാഗതം! സദ്കീർത്തിയോടെ കടന്നു വരൂ, സ്വർഗ്ഗീയ സുരഭിലാന്തരീക്ഷത്തിലും വിശിഷ്ടഭോജ്യങ്ങളിലും രക്ഷിതാവിന്റെ വെറുപ്പില്ലാത്ത ഇഷ്ടത്തിലും സന്തോഷിക്കുക.”
എന്ന് അപ്പോൾ പറയപ്പെടും. അവർ അല്ലാഹുവിന്റെ ആധിപത്യത്തിലെ ആകാശത്ത് (അർശിങ്കൽ) എത്തുവോളം അത് തുടർന്നു കൊണ്ടേയിരിക്കും.
ആ മനുഷ്യൻ ദുരാചാരിയെങ്കിൽ, വരുന്ന മലക്കുകൾ പറയും:
“ദുഷിച്ച ശരീരത്തിലെ ദുരാത്മാവേ, നീ നിന്ദ്യമായി പുറപ്പെടുക, ചുട്ടുതിളച്ചതും കൊടും തണുപ്പുള്ളതുമായ പാനീയങ്ങൾ കൊണ്ടും തത്തുല്യമായ ശിക്ഷാപദാർത്ഥങ്ങൾ കൊണ്ടും സന്തോഷിക്കുക.”
ആത്മാവ് പുറപ്പെടും വരെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. പിന്നീട് അവർ വാനലോകത്തെത്തും. വാനകവാടങ്ങൾ തുറക്കാതെ ചോദിക്കും:
“ഇത് ആരാണ് ?." ആരാണെന്ന് പറയപ്പെടുമ്പോൾ ‘ദുർദേഹത്തിലുണ്ടായിരുന്ന ദുരാത്മാവിന് പ്രവേശനമില്ല, നിനക്ക് വേണ്ടി വാനകവാടങ്ങൾ തുറക്കില്ല, നീ നിന്ദ്യതയോടെ മടങ്ങിപ്പോ..' എന്ന് മറുവാക്ക് കേൾക്കും. പിന്നീട് അതിനെ കബ്റിലേക്ക് എത്തിക്കപ്പെടും.”
(ഇബ്നുമാജഃ, ഹാകിം, ഇബ്നു അബീശൈബഃ)
------------------------------------------------------
¹ ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു മസ്ഊദ് (റ) പറയുന്നു:
“സത്യവിശ്വാസികളുടെ റൂഹ് സ്വീകരിക്കാൻ വരുന്ന അസ്റാഈൽ (അ) പറയും : ‘നിന്റെ റബ്ബ് നിനക്ക് സലാം പറഞ്ഞിട്ടുണ്ട് ' തുടർന്ന് സലാം പറയും.
² ബറാഅ് ബ്നു ആസിബ് (റ) പറയുന്നു : "സത്യവിശ്വാസികളോട് അസ്റാഈൽ (അ) സലാം ചൊല്ലാതെ റൂഹ് പിടിക്കില്ല."
★ ★ ★
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment