“വിശുദ്ധമണ്ണിൽ അന്ത്യവിശ്രമം”
.
ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ തങ്ങൾ പറയുന്നതായി ഞാൻ കേട്ടു :
“ആരെങ്കിലും എന്റെ ക്വബ്ർ സിയാറത് ചെയ്താൽ അല്ലെങ്കിൽ എന്നെ സന്ദർശിച്ചാൽ ഞാൻ അവന്ന് സാക്ഷിയോ ശിപാർശകനോ ആകുന്നതാണ്. ഒരാൾ ഇരു ഹറമുകളിൽ ഏതെങ്കിലും ഒന്നിൽ വെച്ച് മരണപ്പെട്ടാൽ, അന്ത്യനാളിൽ അല്ലാഹു തആല നിർഭയരുടെ കൂട്ടത്തിലായി അവനെ പുനരുദ്ധരിക്കുന്നതാണ്.”
(അബൂ ദാവൂദ് അത്ത്വയാലിസീ, ദാറു ക്വുത്വ് നി)
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. മൂസാ നബി (عليه السلام) ന്റെ അടുക്കലേക്ക് മലകുൽ മൗത്തിനെ നിയോഗിക്കപ്പെട്ടു. മലകുൽ മൗത് വന്നപ്പോൾ മൂസാ (عليه السلام) മുഖത്തടിച്ച് കണ്ണ് പൊട്ടിച്ചു. അപ്പോൾ മലകുൽ മൗത് റബ്ബിന്റെ അടുക്കലേക്ക് മടങ്ങിപ്പോയി. (മലകുൽ മൗത്) പറഞ്ഞു.
“നീയെന്നെ അയച്ചത് മരണമാഗ്രഹിക്കാത്ത അടിമയുടെ അടുത്തേക്കാണ്.”
അപ്പോൾ അല്ലാഹു തആല അവരുടെ കണ്ണ് (കാഴ്ച്ച) മടക്കി നൽകി. എന്നിട്ട് പറഞ്ഞു.
“നീ മൂസായുടെ (عليه السلام) അടുത്തേക്ക് തിരിച്ചു പോകൂ, എന്നിട്ട് അദ്ദേഹത്തോട്, ഒരു കാളയുടെ മുതുകിൽ കൈ വെക്കാൻ പറയുക. തന്റെ കയ്യിലൊതുങ്ങുന്ന ഓരോ രോമത്തിനും ഓരോ വർഷം വീതം (ആയുസ്സ്) ലഭിക്കുമെന്നും (അറിയിക്കുക).”
മൂസാ നബി (عليه السلام) ചോദിച്ചു.
“എന്റെ റബ്ബേ, അതു കഴിഞ്ഞാലോ? ”
“അതു കഴിഞ്ഞാൽ മരണം.”
“എങ്കിൽ ഇപ്പോൾ തന്നെയാവട്ടെ.”
അപ്പോൾ മൂസാ നബി (عليه السلام) (തന്റെ അന്ത്യവിശ്രമം) ‘വിശുദ്ധഭൂമിയോട് കല്ലെറിഞ്ഞാലെത്തുന്ന (വിധം) അടുത്തായിരിക്കണ’മെന്ന് അപേക്ഷിച്ചു.
അങ്ങനെ നബിﷺ തങ്ങൾ പറഞ്ഞു.
“നാം അവിടെയായിരുന്നു എങ്കിൽ വഴിയരികേ ചുവന്ന മണൽക്കുന്നിനു താഴെ അദ്ദേഹത്തിന്റെ ക്വബ്ർ നിങ്ങൾക്ക് ഞാൻ കാണിച്ചു തരുമായിരുന്നു.”
(ബുഖാരി, മുസ് ലിം)
ഈ ഹദീഥുകൾ, പുണ്യഭൂമികൾ അന്ത്യവിശ്രമത്തിനായി തെരെഞ്ഞെടുക്കുന്നത് ഉത്തമമാണെന്ന് കാണിക്കുന്നു. ഈ മൂന്ന് പുണ്യസ്ഥലങ്ങളിലും ദജ്ജാൽ അടുക്കുകയില്ല, എന്നുള്ള തിരുവചനവും ഇതിന്ന് അടിവരയിടുന്നു.
★ ★ ★
ഇബ്നു ഉമർ (رضي الله عنه) വിൽ നിന്ന് നിവേദനം. നിശ്ചയം, നബിﷺ തങ്ങൾ പറഞ്ഞു :
“മദീനഃയിൽ വെച്ച് മരണപ്പെടാൻ കഴിയുമെങ്കിൽ അവിടെത്തന്നെ മരണപ്പെടണം.നിശ്ചയം, അവിടെ മരണപ്പെട്ടവർക്ക് വേണ്ടി ഞാൻ ശിപാർശ ചെയ്യുന്നതാണ്.”
(തിർമുദി, നസാഈ, ഇബ്നു ഹിബ്ബാൻ)
ഉമർ ബ്നുൽ ഖത്ത്വാബ് (رضي الله عنه) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.
“അല്ലാഹുവേ, എനിക്ക് നിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷ്യം നൽകേണമേ, നിന്റെ പ്രവാചകന്റെ നാട്ടിലായ് അന്ത്യം നൽകേണമേ. ”
(ബുഖാരി, മുവത്വ)
സഅ്ദ് ബ്നു അബീവക്വാസ്, സഈദ് ബ്നു സൈദ് (رضي الله عنهما) തുടങ്ങിയവർ അവരുടെ തട്ടകമായ അക്വീക്വിൽ നിന്ന് മദീനഃയിലെ മക്വ് ബറഃയായ ബക്വീഇലേക്ക് കൊണ്ടു വന്ന് മറവ് ചെയ്യാൻ വസ്വിയ്യത് ചെയ്തിരുന്നു. അത് മദീനഃമണ്ണിന്റെ മഹത്വം അവർക്ക് അറിയാമായിരുന്നത് കൊണ്ടാണ്. അത് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന നബിﷺ തങ്ങളുടേയും സ്വഹാബികളുടേയും ശുഹദാക്കളുടെയും സ്വാലിഹുകളുടേയും മറ്റു സച്ചരിതരുടേയും സാമീപ്യം കൊണ്ട് മാത്രമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
നമ്മുടെ ചില പണ്ഡിതൻമാർ പറയുന്നു. അന്ത്യവിശ്രമസ്ഥലം ആരേയും മഹത്വരാക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യില്ല. ഒരാളെ മഹത്വപ്പെടുത്തുന്നത് സൽകർമ്മത്തോടൊപ്പമുള്ള ഹൃദയ വിശുദ്ധിയാകുന്നു.
എന്നാൽ ഇമാം ക്വുർത്വുബി (رحمه الله) അഭിപ്രായപ്പെടുന്നത്, ഇപ്രകാരം മഹത്വമുള്ള ഒരാൾ വിശുദ്ധഭൂമിയോട് ചേർന്നാൽ അയാളുടെ കർമ്മങ്ങൾ ഇരട്ടിക്കപ്പെട്ടേക്കാം. മാത്രമല്ല, തിൻമകൾ മായ്ക്കപ്പെടാനും നൻമ മുൻതൂക്കമാകാനും അത് കാണമായേക്കും. പക്ഷേ, അത് ഒരു നിർബന്ധമായ കാര്യമായിട്ടല്ല, മറിച്ച് അതിനെ തുടർന്ന് ഉണ്ടാകുന്ന അല്ലാഹുവിന്റെ ഔദാര്യം മാത്രമായി കാണുകയാണ് വേണ്ടത്. الله أعلم
“ നേത്ര ധ്വംസനം”
(മൂസാ നബി (عليه السلام) മലകുൽ മൗത്തിന്റെ കണ്ണ് അടിച്ച് പൊട്ടിക്കുകയോ....?
അതെങ്ങനെ സംഭവിക്കും ?
ഈ വിഷയത്തിലുള്ള പണ്ഡിതൻമാരുടെ വീക്ഷണങ്ങളും, അവയ്ക്ക് ഇമാം തങ്ങളുടെ വിശദീകരണങ്ങളും താഴെ ചേർക്കുന്നു.)
★ ചിലർ അഭിപ്രായപ്പെടുന്നത് അത് യഥാർത്ഥ നേത്രങ്ങൾ ആയിരിക്കില്ല, എന്നാണ്. അല്ലെങ്കിൽ നേത്രമെന്നത് ആലങ്കാരിക പ്രയോഗമാകാം.
ഇത് ബാത്വിൽ (തെറ്റ്) ആകുന്നു. കാരണം ഇത് ‘അമ്പിയാക്കൾ കാണുന്നത് യഥാർത്ഥമല്ല,’ എന്ന തെറ്റായ സന്ദേശം നൽകും. ആലങ്കാരികമാണ് എന്നതിന് സന്ദർഭലക്ഷണങ്ങളുമില്ല.
★ ആദ്യം മൂസാ നബി (عليه السلام) ന് ആളെയറിഞ്ഞില്ല. സമ്മതം കൂടാതെ തന്റെ വീട്ടിനുള്ളിൽ കയറിയ അപരിചിതനെ അദ്ദേഹം കഠിനമായി പ്രതിരോധിച്ചു. സർവ്വശക്തിയും പ്രയോഗിച്ചപ്പോൾ കണ്ണ് പൊട്ടിപ്പോയി.
ഇമാം അബൂബക്ർ ബ്നു ഖുസൈമഃ (رحمه الله) യുടെ ഈ അഭിപ്രായം കുറച്ചു കൂടി മെച്ചമാണ്. പക്ഷേ, അങ്ങനെയെങ്കിൽ ‘മരിക്കാനാഗ്രഹിക്കാത്ത അടിമ’ എന്ന് മലകുൽ മൗത്, മൂസാ (عليه السلام) നെ വിശേഷിപ്പിക്കില്ലായിരുന്നു.
★ ഇബ്നു അറബീ (رحمه الله) യുടെ വീക്ഷണത്തിൽ, മൂസാ (عليه السلام) മുൻകോപത്താൽ ആദ്യം അടിച്ചതാണ്.
ഇതും തെറ്റാകുന്നു. മഅ്സൂമുകളായ അമ്പിയാക്കളിൽ നിന്ന് ഇത്തരം ക്ഷിപ്രകോപം സ്വന്തം കാര്യത്തിൽ സംഭവിക്കില്ല.
★ ഇബ്നു മഹ്ദി (رحمه الله) യുടെ വീക്ഷണപ്രകാരം, വേഷപ്രച്ഛന്നനായ മരണദൂതന്റെ അയഥാർത്ഥമായ മിഴികളാണ് തകർത്തത്. അത് കൊണ്ടാണ് പിന്നീട് യഥാർത്ഥ നേത്രങ്ങളോടെ, മലകുൽ മൗത്തിനെ കണ്ടത്.
★ എന്നാൽ ഏറ്റവും പ്രസക്തമായ വീക്ഷണമിതാണ്. മൂസാ (عليه السلام) ന്, നമ്മുടെ നബിﷺക്ക് അറിയിക്കപ്പെട്ട പോലെ, ‘തന്റെ ഇഷ്ടമില്ലാതെ റൂഹ് പിടിക്കുകയില്ല’ എന്ന് അറിയിക്കപ്പെട്ടിരുന്നു.(ഇമാം ബുഖാരിയും മറ്റും ഉദ്ധരിച്ച സ്വഹീഹായ ഹദീഥുകൾ ഇതിനെ സാധൂകരിക്കുന്നുണ്ട്.) ഇതിനു വിരുദ്ധമായി മരണദൂതൻ വന്നപ്പോൾ മൂസാ നബി (عليه السلام) ഉടൻ തന്റെ ആത്മാഭിമാനവും ഇച്ഛാശക്തിയും കൊണ്ട് മലകുൽ മൗത്തിനെ മര്യാദ പഠിപ്പിച്ചു. അപ്പോൾ മലകുൽ മൗത്തിന് ഒരു പരീക്ഷണമെന്നോണം മിഴികൾ തകർന്നു. കാരണം, അപ്പോൾ മലക്, സ്വയം തെരെഞ്ഞെടുപ്പിന് അവസരം നൽകിയിരുന്നില്ല. രണ്ടാം തവണ വന്നപ്പോൾ ഇഷ്ടത്തിനുള്ള അവസരം നൽകിയത് ഇതിനെ സാധൂകരിക്കുന്നു. അപ്പോൾ മൂസാ (عليه السلام) മരണം തെരെഞ്ഞെടുക്കുകയും സ്വയം അതിന് കീഴ്പ്പെടുകയും ചെയ്തു. അല്ലാഹു തആല എല്ലാം അറിയുന്നവനും വിധിക്കുന്നവനുമാണല്ലോ.
(ഇമാം ഹകീം തിർമുദി തന്റെ ‘നവാദിറുൽ ഉസ്വൂൽ’ എന്ന ഗ്രന്ഥത്തിൽ ഇവിടെ പ്രസക്തമായ ഹദീഥ് ഉദ്ധരിക്കുന്നുണ്ട്.)
അബൂഹുറയ്റഃ (رضي الله عنه) വിൽ നിന്ന് നിവേദനം. നബിﷺ തങ്ങൾ പറഞ്ഞു :
“മലകുൽ മൗത്, മൂസാ (عليه السلام) ന്റെ അടുത്തെത്തും വരെ, ജനങ്ങളുടെ അടുത്തേക്ക് (റൂഹ് പിടിക്കാൻ) നേരിൽ ദൃശ്യനായാണ് വന്നിരുന്നത്. അപ്പോൾ മൂസാ (عليه السلام) അദ്ദേഹത്തിന്റെ മുഖത്തടിച്ചു, അങ്ങനെ നേത്രം തകർന്നു .................................. അതിനു ശേഷം ജനങ്ങളുടെ അടുത്തേക്ക് അദൃശ്യനായിട്ടാണ് വരാറുള്ളത്.”
(നവാദിറുൽ ഉസ്വൂൽ)
★ ★ ★
.
അവലംബം: അത്തദ്കിറഃ (التذكرة )
- ഇമാം ക്വുർത്വുബി (رحمه الله )
التذكرة ، للإمام القرطبي
.
.
സയ്യിദ് അബ്ദുൽഖാദിർ തങ്ങൾ കാമിൽ സഖാഫി, പരപ്പനങ്ങാടി.
.
.
(വേർഡ് പ്രസ്സിലെ ‘സഫല ചിന്തകൾ’ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.)
No comments:
Post a Comment